തിരയുക

Vatican News
Indian youth in panama Indian youth in panama  

പനാമയിലെ ഇന്ത്യന്‍ യുവജന സാന്നിദ്ധ്യം

ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നും 100 യുവതീയുവാക്കള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

രൂപതകളുടെയും സംഘടനകളുടെയും യുവപ്രതിനിധികള്‍
ഇന്ത്യയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (Catholic Bishops’ Conference of India –CBCI) വിവിധ രൂപതകളുടെയും സംഘടനകളുടെയും പ്രതിനിധികളായി അയച്ചത് 56 യുവതീ യുവാക്കളെയാണെന്ന് മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു. ബാക്കി 44-പേര്‍ ഇന്ത്യയിലെ ആല്‍മായ സംഘടനയായ ജീസസ് യൂത്തിന്‍റെ (Pontifical Lay Association Jesus Youth) പ്രതിനിധികളാണ്.

ജീസസ് യൂത്തിന്‍റെ സജീവസാന്നിദ്ധ്യം
ജീസസ് യൂത്തിന്‍റെ പ്രതിനിധികളായി 11 രാജ്യങ്ങളില്‍നിന്നുമായി ആകെ 165-പേരാണ് പനാമയിലെ സംഗമത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഈ 44 പേരും ഉള്‍പ്പെടുമെന്ന്  ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ രാജ്യാന്തരതലത്തിലുള്ള രൂപീകരണത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മനോജ് സണ്ണി ജനുവരി 23-ന് പനാമയില്‍നിന്നും അയച്ച പ്രസ്താവനയിലൂടെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു. എന്നാല്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാരായ യുവതീയുവാക്കള്‍ ധാരാളം പേര്‍ അവര്‍ ആയിരിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളായും പനാമ യുവജനോത്സവത്തില്‍ എത്തിയിട്ടുണ്ടെന്ന് മനോജ് സണ്ണി നിരീക്ഷിച്ചു.

യുഎഇ-യില്‍നിന്നും ഇന്ത്യയില്‍നിന്നും സംഗീതപ്രതിഭകള്‍
ഇവരെക്കൂടാതെ, യൂഎഇ-യില്‍നിന്നും ജീസസ് യൂത്ത് പ്രസ്ഥാനത്തിലെ അംഗങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍, ഇന്‍സൈഡ് ഔട്ട് (MasterPlan, InsideOut)  എന്നീ രണ്ടു ബാന്‍ഡുകള്‍ പനാമയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുമുള്ള 56 പേരില്‍ Acts of the Apostles, Vox Christi എന്നീ രണ്ടു ബാന്‍ഡുകളിലെ കലാകാരന്മാരും കലാകാരികളും ഉള്‍പ്പെടുന്നുണ്ട്. യുവജനോത്സവത്തിന്‍റെ
ഭാഷാ അടിസ്ഥാനത്തിലുള്ള വിവിധ ശുശ്രൂഷകളില്‍ ഈ ബാന്‍ഡുകള്‍ സഹായിക്കും. കൂടാതെ, സമ്മേളനത്തിനുശേഷം ലഭിക്കുന്ന ഏതാനും ദിവസങ്ങള്‍ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, ഇടവകകളുടെയും ക്ഷണപ്രകാരം പനാമയില്‍ സംഗീത പരിപാടികള്‍ നടത്താനും പദ്ധതിയുണ്ടെന്ന് യുവജനോത്സവത്തിന്‍റെ സംഘാടക സമിതി അംഗവും പ്രസ്ഥാനത്തിന്‍റെ ആരംഭകാലം മുതല്‍ സജീവപ്രവര്‍ത്തകനുമായ മനോജ് സണ്ണി അറിയിച്ചു. 

23 January 2019, 17:54