തിരയുക

Vatican News
Venue of the Opening  Holy Mass : Cinta Costera of Our Lady of Antigua Venue of the Opening Holy Mass : Cinta Costera of Our Lady of Antigua  

യുവജനങ്ങളില്‍ പ്രത്യാശിക്കുന്ന സഭയും ലോകവും

പനാമ യുവജനോത്സവത്തിന്‍റെ ഉദ്ഘാടന സമൂഹബലിയര്‍പ്പണത്തിലെ വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്തത് :

ജനുവരി 22-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം പനാമ നഗരത്തില്‍ സിന്താ കോസ്തേര, “അന്തീഗ്വാ” കന്യകാനാഥയുടെ നാമത്തിലുള്ള താല്ക്കാലിക വേദിയില്‍ അര്‍പ്പിച്ച യുവജനോത്സവത്തിന്‍റെ ഉദ്ഘാടന സമൂഹദിവ്യബലിയര്‍പ്പണത്തില്‍ യുവജനങ്ങളുമായി ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ  ഉളോവ പങ്കുവച്ച വചനചിന്തകള്‍.

യുവജനങ്ങളില്‍ പ്രത്യാശിക്കുന്ന സഭയും ലോകവും
സമൂഹം യുവജനങ്ങളില്‍ വിശ്വസിക്കുകയും പ്രത്യാശ അര്‍പ്പിക്കുകയും ചെയ്യുന്നെന്ന്, ലോക യുവജനോത്സത്തിന്‍റെ സംഘാടക സമിതിയുടെ പ്രസിഡന്‍റും പനാമ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഹൊസ്സെ ദൊമീങ്കോ ഉളോവ ഉദ്ബോധിപ്പിച്ചു. ഇന്ന് ലോകവും സഭയും ആഗ്രഹിക്കുന്ന നന്മയ്ക്കായുള്ള പരിവര്‍ത്തനങ്ങള്‍ യുവജനങ്ങളുടെ കൈകളിലാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. യുവജങ്ങള്‍ മറ്റുള്ളവരെ, പ്രത്യേകിച്ച് മുതിര്‍ന്നവരെ കേള്‍ക്കാന്‍ സന്നദ്ധരല്ലെന്ന ചിന്താഗതി തെറ്റാണെന്ന് ആര്‍ച്ചുബിഷപ്പ് ഉളോവ സമര്‍ത്ഥിച്ചു. മുതിര്‍ന്നവരെ യുവജനങ്ങള്‍ ശ്രവിക്കുകയും, മറുവശത്ത് യുവജനങ്ങളെ മുതിര്‍ന്നവരും കേള്‍ക്കാന്‍ സന്നദ്ധരാവുകയും വേണം. അങ്ങനെ യുവജനങ്ങളും മുതിര്‍ന്നവരും പരസ്പരം ആശയം കൈമാറേണ്ടത് സമൂഹ്യവളര്‍ച്ചയ്ക്കും യുവജനങ്ങളുടെ നന്മയിലുള്ള പുരോഗതിക്കും അനിവാര്യാണെന്ന് ആര്‍ച്ചുബിഷപ്പ് ഉളോവ പ്രസ്താവിച്ചു.

ജീവിതസാക്ഷ്യമാണ് യുവജനങ്ങള്‍ക്കാവശ്യം
യുവജനങ്ങള്‍ക്കാവശ്യം ധാരാളം ഉപദേശങ്ങളല്ല, ജീവിതസാക്ഷ്യമാണ്. ആര്‍ച്ചുബിഷപ്പ് ഉളോവ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ജീവിതത്തില്‍ മാതൃകയും പ്രചോദനവുമായി ജീവിക്കുന്ന വ്യക്തികളെയാണ് യുവജനങ്ങള്‍ അന്വേഷിക്കുന്നത്. ദൈവത്തെക്കുറിച്ച് പ്രസംഗം പറയുകയും, ദൈവികചിന്തകള്‍ പങ്കുവയ്ക്കുന്നവരും നല്ലതാണ്, എന്നാല്‍ തങ്ങളുടെ ജീവിതംകൊണ്ട് മനുഷ്യരെ ദൈവത്തിങ്കലേയ്ക്ക് ആനയിക്കുന്നവരെയാണ് യുവജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും ആര്‍‍ച്ചുബിഷപ്പ് ഉളോവ വ്യക്തമാക്കി.

വിശുദ്ധിയുള്ള ജീവിതങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം
നന്മയും വിശുദ്ധിയുമുള്ള ജീവിതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒഴുക്കിന് എതിരെ നീന്താനാണ് പാപ്പാ ഫ്രാന്‍സിസ് ഇന്ന് യുവജനങ്ങളെ ക്ഷണിക്കുന്നത്. രൂപാന്തരപ്പെട്ട് വിശുദ്ധിയുള്ള അല്ലെങ്കില്‍ നന്മയുള്ള ജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെങ്കില്‍ യുവജനങ്ങള്‍ ഇന്നിന്‍റെ സാമൂഹിക പ്രതിസന്ധികള്‍ക്ക് എതിരെ പോരാടണം. വിശുദ്ധിയുള്ള ജീവിതം എല്ലാവരുടെ ഭാഗധേയമാകണം. ഉദാഹണത്തിന്, കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍, നീതിക്കുവേണ്ടി പോരാടാന്‍, സമൂഹത്തെ സ്നേഹിക്കാന്‍, സന്തോഷവും നര്‍മ്മരസവും ഉള്‍ക്കൊണ്ടു ജീവിക്കാന്‍, മന്ദതയില്‍നിന്ന് ഉണര്‍ന്ന് തീക്ഷ്ണതയോടെ മുന്നേറാന്‍, പ്രതിസന്ധികള്‍ക്കെതിരെ പോരാടാന്‍, ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടാന്‍, സഹോദരങ്ങളുമായി ഉള്ളതു പങ്കുവയ്ക്കാന്‍ എന്നിങ്ങനെ യുവജങ്ങള്‍ക്ക് സാധിതമാകുന്ന നന്മകള്‍ ആര്‍ച്ചുബിഷപ്പ് ഉളോവ അടിവരയിട്ടു പ്രസ്താവിച്ചു.

യുവജനങ്ങള്‍ക്കു പാപ്പാ ഫ്രാന്‍സിസിന്‍റെ സമ്മാനം
സഭയുടെ സാമൂഹിക പ്രബോധനങ്ങളെ യുവജനങ്ങളുടെ രീതിയില്‍ അവതരിപ്പിക്കുന്ന ഡു-ക്യാറ്റ് (Docat) എന്ന ഗ്രന്ഥം പാപ്പാ ഫ്രാന്‍സിസ് പനാമയില്‍ എത്തുന്ന യുവജനങ്ങള്‍ക്കു നല്കുന്ന സമ്മാനമാണെന്ന കാര്യം ആര്‍ച്ചുബിഷപ്പ് ഉളോവ വചനചിന്തയുടെ അന്ത്യത്തില്‍ പ്രസ്താവിച്ചു. ജീവിതപ്രതിസന്ധികള്‍ക്കെതിരെ നീങ്ങാനുള്ള സൂചകങ്ങളുള്ള ഗ്രന്ഥമാണിതെന്നും, അത് സമൂഹിക ജീവിതത്തില്‍ യുവജനങ്ങള്‍ക്ക് ജീവല്‍പ്രകാശമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതിലെ പ്രതിപാദ്യവിഷയം സഭയുടെ സമൂഹിക നിലപാടുകളാണ്. അവ ക്രിസ്തുസ്നേഹത്തിന്‍റെയും നീതിയുടെയും മൗലികമായ വിപ്ലവമാണെന്നും ആര്‍ച്ചുബിഷപ്പ് ഉളോവ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

24 January 2019, 19:06