തിരയുക

Vatican News
Council of Cardinals for the Church Reform Council of Cardinals for the Church Reform  (Vatican Media)

സഭാനവീകരണ ചര്‍ച്ചകള്‍ ഡിസംബര്‍ റിപ്പോര്‍ട്ട്

പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ (C9) കൗണ്‍സിലിന്‍റെ 27-Ɔമത് യോഗം ഡിസംബര്‍ 10-മുതല്‍ 12-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിച്ചു. സഭാനവീകരണ ചര്‍ച്ചകളുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ മുടങ്ങാത്ത സാന്നിദ്ധ്യം
പതിവുപോലെ ബുധനാഴ്ച രാവിലെ പൊതുകൂടിക്കാഴ്ച ദിനത്തിലുള്ള ചര്‍ച്ചകള്‍ ഒഴികെ മറ്റെല്ലാദിവസങ്ങളിലും പാപ്പാ ഫ്രാന്‍സിസ് യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഡിസംബര്‍ 13-‍Ɔο തിയതി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പുറത്തുവിട്ട പ്രസ്താവനയാണ് യോഗത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. മൊറോക്കൊയിലെ മറാക്കേഷില്‍ സംഗമിച്ച കോപ്24 (COP24) കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പോകേണ്ടിവന്നതിനാല്‍ യോഗത്തില്‍ അദ്ദേഹം സന്നിഹിതനായിരുന്നില്ല.

സി9 സംഘത്തില്‍നിന്നും വിരമിക്കുന്നവര്‍
സാമ്പത്തിക കാര്യാലയത്തിന്‍റെ സെക്രട്ടറി, ഓസ്ട്രേലിയക്കാരന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍, ചിലിയിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് എറാസൂരിസ്, ആഫ്രിക്കന്‍ കോംങ്കോയിലെ കര്‍ദ്ദിനാള്‍ ലൗറെന്‍റ് മൊസേങ്കോ എന്നീ മൂന്നുപേര്‍ വിവിധ കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇനി മുതല്‍ മേല്‍പ്പറഞ്ഞ മൂന്നു കര്‍ദ്ദിനാളന്മാര്‍ സഭാനവീകരണത്തിനുള്ള C9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗങ്ങളില്‍ പങ്കെടുക്കുന്നതല്ലെന്നും, അവര്‍ക്കു പകരം ആരെയും  പാപ്പാ ഫ്രാന്‍സിസ് തല്ക്കാലം നിയോഗിച്ചിട്ടില്ലെന്നും ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂ‌ടെ അറിയിച്ചു.

സാമ്പത്തിക കാര്യങ്ങള്‍
മൂന്നു ദിവസത്തെ നവീകരണപദ്ധതിയുടെ 27-Ɔമത് യോഗം വിവിധ ഘട്ടങ്ങളിലായി ചര്‍ച്ചചെയ്ത കാര്യങ്ങളില്‍ ആദ്യത്തേത് (Budget) ബജറ്റിനെക്കുറിച്ചായിരുന്നു. വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വകുപ്പുകളില്‍  ദീര്‍ഘാകലം (Long term budget), ഹ്രസ്വകാലം (short term budget) എന്നിങ്ങനെ രണ്ടുതരത്തില്‍  ബജറ്റുകള്‍ തയ്യാറാക്കപ്പെടുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകളെയും ചിലപ്പോള്‍ ആവശ്യകതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാക്സ് നേതൃത്വംനല്കി.

തൊഴില്‍ വിവരണവും ജോലിക്കാരും
വത്തിക്കാനില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളുടെ കൃത്യമായ വിവരണം (Job description) സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. കാര്യക്ഷമതയ്ക്കുവേണ്ടി നിലവിലുള്ള ജോലികള്‍ വത്തിക്കാനില്‍ത്തന്നെ മാറ്റംചെയ്യുന്നതിനുള്ള സാദ്ധ്യത, കാലപരിധിക്കുമുന്നേ തൊഴിലില്‍നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയ്ക്കു വിഷയീഭവിക്കപ്പെട്ടു. വത്തിക്കാന്‍റെ ചിലവുകളില്‍ ഏറ്റവും വര്‍ദ്ധിച്ചത് വിവിധ വകുപ്പുകളിലെ ജോലിക്കാര്‍ക്ക് ഉള്ളതാണെങ്കിലും, ആരെയും പിരിച്ചുവിടാന്‍ ഉദ്ദേശമില്ലെന്ന വസ്തുതയും ചര്‍ച്ചകളില്‍ വ്യക്തമാക്കി.

മാധ്യമ വകുപ്പിനെക്കുറിച്ച്
പാവുളോ റുഫീനി ഇപ്പോഴത്തെ നവീകരണ നീക്കങ്ങള്‍ വിവിധ മാധ്യമ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തന രീതിക്ക് ഊന്നല്‍നല്കുന്നതാണെന്ന് മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട് നിരീക്ഷിച്ചു. ആശയ വിനിമയ മേഖലയില്‍ ഏകീകൃതമായ പ്രവര്‍ത്തന തന്ത്രം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ കര്‍ദ്ദിനാള്‍ സംഘത്തെ പാവുളോ റുഫീനി ധരിപ്പിച്ചു. ആഗോളതലത്തില്‍ ശൃംഖലകളുള്ള റേഡിയോ, ടെലിവിഷന്‍, വെബ്, സാമൂഹ്യശൃംഖലകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാങ്കേതികതയുള്ള മാധ്യമ സൗകര്യങ്ങള്‍ വത്തിക്കാന്‍റെ മാധ്യമ വകുപ്പിനുള്ളത് അന്യൂനമായ സംവേദനശക്തിയായി യോഗത്തില്‍ റുഫീനി ചൂണ്ടിക്കാണിച്ചു.

കര്‍ദ്ദിനാള്‍ (C9) സംഘത്തിലെ പ്രവര്‍ത്തകര്‍
സഭാനവീകരണത്തിനായുള്ള സി9 കര്‍ദ്ദിനാള്‍ സംഘത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍... :
1. ഹോണ്ടൂരാസിലെ തെഗൂചികാല്‍പാ അതിരൂപതാദ്ധ്യക്ഷന്‍, സലീഷ്യന്‍ കര്‍ദ്ദിനാള്‍ ഓസ്കര്‍ മരദിയാഗാ (കോര്‍ഡിനേറ്റര്‍),
2. വത്തിക്കാന്‍ സംസ്ഥാനത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജുസേപ്പേ ബര്‍ത്തേലോ,
3. മുബൈ അതിരൂപതാദ്ധ്യക്ഷനും, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്,
4. ജര്‍മ്മനിയിലെ മ്യൂനിക്-ഫ്രെയിസ്ങ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാക്സ്,
5. അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി കപൂച്ചിന്‍,
6. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ എന്നിവരാണ്.

18 December 2018, 11:58