തിരയുക

viaggio in myanmar arrivo yangon viaggio in myanmar arrivo yangon 

മ്യാന്മറിലെ കര്‍ദ്ദിനാള്‍ മവൂങ് ബോ ഏഷ്യന്‍ സഭയെ നയിക്കും

ഏഷിയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ (President of the Federation of Asian Bishops’ Conferences) പുതിയ പ്രസിഡന്‍റ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മ്യാന്മാറിലെ യങ്കൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍, ചാള്‍സ് മവൂങ് ബോ ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ (Federation of Asian Bishops’ Conferences) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് നന്ദി!
മുംബൈ അതിരൂപതാദ്ധ്യക്ഷനും ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നുമാണ് സലീഷ്യന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 16-ന് സംഗമിച്ച ഏഷിയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ കേന്ദ്രകമ്മിറ്റി യോഗമാണ് കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോയെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.

2019 ജനുവരി 1-ന് സ്ഥാനമേല്ക്കും
ഏഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് എന്ന നിലയില്‍ രണ്ടു തവണ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് നിര്‍വ്വഹിച്ച സ്തുത്യര്‍ഹമായ സേവനം 2018 ഡിസംബര്‍ 31-ന് സമാപിക്കുമ്പോള്‍, 2019 ജനുവരി 1-മുതല്‍ കര്‍ദ്ദിനാള്‍ മവൂങ് ബോ ഏഷ്യയിലെ കത്തോലിക്കാ സഭയുടെ സാരഥ്യം ഏറ്റെടുക്കും.

കര്‍ദ്ദിനാള്‍ ബോയുടെ അജപാലന സേവനരംഗങ്ങള്‍
1976-ല്‍ സലീഷ്യന്‍ സഭയില്‍ വൈദികനായി.
1986-ല്‍ ബര്‍മ്മയിലെ ലാഷ്യോ രൂപതയുടെ മെത്രാനായി.
1996-ല്‍ പതേന്‍ രൂപതയിലേയ്ക്ക് സ്ഥാനമാറ്റം കിട്ടി.
2003-ല്‍ ബര്‍മ്മയിലെ യങ്കൂണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
2015-ല്‍ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി.
സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, വത്തിക്കാന്‍റെ മാധ്യമ വകുപ്പ് എന്നിങ്ങനെ സഭയുടെ പ്രധാനപ്പെട്ട വകുപ്പുകളുടെ ഉപദേശകസമിതി അംഗം കൂടിയാണ് നിലവില്‍ കര്‍ദ്ദിനാള്‍ മവൂങ്-ബോ.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2018, 19:01