തിരയുക

Vatican News
ഒക്ടോബര്‍ 24-ന്‍റെ വാര്‍ത്താസമ്മേളനം ഒക്ടോബര്‍ 24-ന്‍റെ വാര്‍ത്താസമ്മേളനം 

പള്ളിതിങ്ങുന്ന വിശ്വാസികളും ജീവിതത്തില്‍ മങ്ങിയ വിശ്വാസവും

യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 24-Ɔο തിയതി ബുധനാഴ്ച നല്കിയ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തമായ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

-  ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഫ്രിക്കയിലെ ക്യാമറൂണ്‍ രൂപതാ മെത്രാന്‍, ബിഷപ്പ് ആന്‍ഡ്രൂ നിക്കെയ, പോളണ്ടിലെ ‌ആര്‍ച്ചുബിഷപ്പ് ഗ്രിഗോര്‍സ് റൈയ്സ്, ജര്‍മ്മനിയിലെ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാക്സ് എന്നിവരായിരുന്നു ഒക്ടോബര്‍ 24-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിനഡു പിതാക്കാന്മാര്‍.  

ക്യാമറൂണിലെ മെത്രാന്‍ ആന്‍ഡ്രൂ നിക്കെയായുടെ അഭിപ്രായങ്ങള്‍
ഇടവകപ്പള്ളികള്‍ നിറച്ച് വിശ്വാസികള്‍ വരുന്നുണ്ടെങ്കിലും പുറത്തേയ്ക്കിറങ്ങുന്നവര്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ദൈവത്തെ മറന്നു ജീവിക്കുന്നെന്ന് ക്യാമറൂണിലെ മെത്രാന്‍ ആന്‍ഡ്രൂ നിക്കെയ ഫുവാനി ആഫ്രിക്കായുടെ സാമൂഹിക പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കി. അഭ്യന്തരകലാപം, യുദ്ധം, തൊഴിലില്ലായ്മ, വലിയ ദാരിദ്ര്യാവസ്ഥ, രോഗങ്ങള്‍ എന്നിവയുടെ മദ്ധ്യത്തില്‍ വിങ്ങി ജീവിക്കുന്ന യുവജനങ്ങള്‍ക്ക് ദിവ്യബലിയര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അനുഭവങ്ങള്‍ ഏതാനും മണിക്കൂറുകളില്‍ മങ്ങിമറയുന്നതുപോലെയാണ്. ബിഷപ്പ് നിക്കെയ പങ്കുവച്ചു.

ആഫ്രിക്കയുടെ കൂട്ടായ്മയുടെ സംസ്കൃതി
ഇങ്ങനെയുള്ള ജീവിത പ്രതിസന്ധികളിലും ആഫ്രിക്കയിലെ സഭ തകരാതിരിക്കുന്നതിനു കാരണം കറുത്ത ഭൂഖണ്ഡത്തിലെ ജനതയുടെ കൂട്ടായ്മയുടെയും ഗോത്രസംവിധാനങ്ങളുടെയും രീതികളാണ്. കുടുംബഭദ്രത ആഫ്രിക്കയുടെ ശക്തമാണ്. അവിടത്തെ പരമ്പരാഗത മൂല്യങ്ങള്‍ സഭയുടെ പ്രബോധനങ്ങളോട് എളുപ്പത്തില്‍ ചേര്‍ന്നുനില്ക്കുന്നതാണ്. ബിഷ്പ്പ് നിക്കെയ വ്യക്തമാക്കി. ഇന്ന് പടര്‍ന്നുപിടിക്കുന്ന വ്യക്തിമാഹാത്മ്യവാദം സ്വാര്‍ത്ഥതയുടെ വലിയ മതില്‍ക്കെട്ടുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് അഫ്രിക്കന്‍ ജനത എതിര്‍ക്കുന്നതാണ്. വന്‍മതിലുകള്‍ കെട്ടി എല്ലാം ഭദ്രമാക്കിയെന്നു കരുതി, അതില്‍ കൊട്ടാരം കെട്ടി ജീവിക്കുന്നവര്‍ ജനങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെടുന്ന കാഴ്ച സ്വാഭാവികമാണ്. അദ്ദേഹം വിശദീകരിച്ചു.

പോളണ്ടുകാരന്‍ ‌ആര്‍ച്ചുബിഷപ്പ് ഗ്രിഗോര്‍സ് റൈയ്സ് പങ്കുവച്ച കാര്യങ്ങള്‍  
50 ശതമാനം യുവജനങ്ങള്‍ ദേവാലയത്തില്‍ വരികയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പള്ളികള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് പറയാനാവില്ല. യുവജനങ്ങള്‍ ഇടവകപള്ളിയില്‍വന്ന് ഏകദേശം 12 വര്‍ഷത്തോളം മതബോധന ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തി എത്തിയാലും പലര്‍ക്കും ദൈവം ഒരു അമൂര്‍ത്തഭാവവും അയാഥാര്‍ത്ഥ്യവുമാണെന്ന് പോളണ്ടിലെ ലോഡ്സ് അതിരൂപതാദ്ധ്യക്ഷന്‍ തുറന്നു പ്രസ്താവിച്ചു. കുടുംബം ഒരു മൂല്യമാണെന്നു പറയുമെങ്കിലും, വിശ്വാസം ഒരു മൂല്യമായി പ്രകടമാകുന്നില്ല. ഉദാഹരണത്തിന് ക്രിസ്തീയതയുടെ കാതലായ ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നീവ സാമൂഹിക ആഘോഷമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു മൂല്യമായിട്ടോ വിശ്വാസരഹസ്യത്തിന്‍റെ ആഘോഷമായിട്ടോ അവയെ ഇന്നും യുവതലമുറ ഉള്‍ക്കൊള്ളുന്നില്ല. ഈ നിരീക്ഷണം കണക്കിലെടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ്. ആര്‍ച്ചുബിഷപ്പ് ഗ്രിഗോര്‍സ് താക്കീതു നല്കി.

ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ മാക്സിന്‍റെ അഭിപ്രായപ്രകടനം
കര്‍ദ്ദിനാള്‍ മാക്സ് മ്യൂനിക്-ഫ്രെയ്സിങ് രൂപതയുടെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റുമാണ്.
15-നും 28-നും ഇടയ്ക്കു പ്രായംവരുന്ന യുവത്വം അസ്തിത്വപരമായ തിരഞ്ഞെടുപ്പുകളുടേതാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ അവരുടെകൂടെ നടക്കുന്നവരും അവരെ പിന്‍തുണയ്ക്കുന്നവരും... പ്രത്യേകിച്ച് അതിനായി ഇറങ്ങിത്തിരിച്ചിട്ടുള്ള അജപാലകരും വൈദികരും അവരെ സഹായിക്കാന്‍ വേണ്ടുവോളം ആത്മാര്‍ത്ഥതയും കരുത്തും കഴിവും, രൂപീകരണവും ഉള്ളവരായിരിക്കണം. അതിനാല്‍ ശ്രദ്ധയോടും കരുതലോടും നാം യുവജനങ്ങളെ നയിച്ചില്ലെങ്കില്‍ സുവിശേഷവത്ക്കരണം അവരുടെമദ്ധ്യേ ഒരു മിഥ്യയായിരിക്കും. കര്‍ദ്ദിനാള്‍ മാക്സ് ആശങ്കപ്രകടിപ്പിച്ചു.

സ്ത്രീകളെക്കുറിച്ച്
മാറ്റങ്ങളില്ലാതെ ഒരിക്കലും പുരോഗതിയോ വികസനമോ സാദ്ധ്യമല്ല. സഭയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സഭയുടെ തീര്‍പ്പുകളിലും തീരുമാനമെടുപ്പുകളിലും സ്ത്രീകള്‍ക്കും പങ്കുണ്ടാകണം, അവര്‍ക്ക് പങ്കാളിത്തം നല്കണം. ചിലയിടങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്.
30 വര്‍ഷങ്ങള്‍ക്കു മുന്‍പ് പലരും എതിര്‍ത്തൊരു ആശയമാണിത്. ഇന്നു കൂടുതല്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. അതിന് യുവജനങ്ങള്‍ തന്നെ കടന്നുവരാന്‍ നാം വഴിതുറക്കണം.

ആശയപരമായ കാര്യങ്ങളില്‍ ലൈംഗികത ചൂഷണം ചെയ്യപ്പെടരുത്!
ലൈംഗികതയെക്കുറിച്ചുള്ള സിനഡ് അല്ല ഇത്. ലൈംഗികത വ്യക്തിയുടെ ഒരു ഭാഗം മാത്രമാണ്. ലൈംഗികത മുഴുവന്‍ വ്യക്തിയുമല്ല. ലൈംഗികതയെക്കുറിച്ച് സിനഡില്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. കൂടെനടക്കുന്ന ശുശ്രൂഷയുടെ സാഹചര്യത്തിലാണ് അത് ചര്‍ച്ചചെയ്യപ്പെട്ടത്. ആശയപരമായ കാര്യങ്ങള്‍ക്കായി ലൈംഗികത ചൂഷണം (Ideological Colonization) ചെയ്യപ്പെടരുത്. വികസനത്തിനായി ജനകീയ പദ്ധതികള്‍ക്ക് രാജ്യാന്തര ഏജന്‍സികളില്‍നിന്നും സഹായം തേടുമ്പോള്‍ ആശയപരമായി സമൂഹങ്ങളെ “കോളനിവത്ക്കരിക്കാ”നുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഉദാഹരണത്തിന്, വികസനത്തിനുള്ള സഹായധനം തരാം, എന്നാല്‍ ഗര്‍ഭച്ഛിദ്രം ഒരു നയമായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയും സഹായധനത്തിന്‍റെകൂടെ കണ്ണിചേര്‍ത്തിരിക്കും. ഇതുപോലെ നവമായ കോളനിവത്ക്കരണ പദ്ധതികള്‍ ലൈംഗികതയുടെ മറ്റു മേഖലകളില്‍ ഇന്ന് മുന്നോട്ടുവരുന്നുണ്ട്.

മനോഭാവത്തിന്‍റെ മാറ്റമാണ് ആവശ്യം
ഇന്നത്തെ ലൈംഗിക വികൃതങ്ങളുടെ... LGBTI പോലുള്ള acronym അല്ലെങ്കില്‍ സംക്ഷേപരൂപങ്ങള്‍ സഭാ പ്രബോധനങ്ങളില്‍ ഉണ്ടാകരുതെന്ന് കര്‍ദ്ദിനാള്‍ മാക്സിന് അഭിപ്രായമുണ്ട്.  ലൈംഗിക പീഡനങ്ങള്‍ മനുഷ്യന്‍റെ ഭാഗമായ ലൈംഗികതയുടെ യാഥാര്‍ത്ഥ്യമാണ്. അത് വ്യക്തിത്വത്തിന്‍റെ എല്ലാമാണെന്നു ചിന്തിക്കരുത്. ലൈംഗിക ദുരുപയോഗം അധികാരത്തിന്‍റെ ദുര്‍വിനയോഗമാണ്. അത് അടിസ്ഥാനപരമായ മനോഭാവത്തിലെ മാറ്റമാണ് ആവശ്യപ്പെടുന്നത്. പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ള ഈ ആശയം കര്‍ദ്ദിനാള്‍ മാക്സ് വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധരിച്ചു.

26 October 2018, 12:39