തിരയുക

Vatican News
വത്തിക്കാനിലെ  വിശുദ്ധ പത്രോസിന്‍റെ ചത്വരം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം  (Vatican Media)

ബിഷപ്പ് ഫ്രാങ്കോയുടെ അഭ്യര്‍ത്ഥന വത്തിക്കാന്‍ സ്വീകരിച്ചു

ബിഷപ്പ് ഫ്രാ‍ങ്കോ മുളയ്ക്കല്‍ ജലന്തര്‍ രൂപതയുടെ അജപാലനശുശ്രൂഷയില്‍നിന്നും തല്ക്കാലം മാറിനില്ക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

തനിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രൂപതാഭരണത്തില്‍നിന്നും താല്ക്കാലികമായി വിടുവിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സെപ്തംബര്‍ 12-ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാപ്പാ ഫ്രാന്‍സിസിന് കത്ത് അയച്ചിരുന്നു.

സ്ഥിതിഗതികള്‍ മനസ്സിലാക്കിയതിന്‍റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ജലന്തര്‍രൂപതയുടെ ഭരണകാര്യങ്ങളില്‍നിന്നും താല്ക്കാലികമായി വിട്ടുനില്ക്കാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാപ്പാ ഫ്രാന്‍സിസ് അനുവദിച്ചത്. തല്‍സ്ഥാനത്ത് രൂപതാഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മുംബൈ അതിരൂപതയുടെ വിശ്രമജീവിതം നയിക്കുന്ന മുന്‍സഹായമെത്രാന്‍, ബിഷപ്പ് ആഗ്നേലോ റുഫീനോ ഗ്രാസിയാസിനെ ജലന്തര്‍ രൂപതയുടെ ഭരണകാര്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ഏല്പിക്കുകയുണ്ടായി.

ജലന്തര്‍ രൂപതാഭരണം താലാക്കാലികമായി ഏറ്റെടുക്കുന്ന ബിഷപ്പ് ആഗ്നേലോ ഗ്രാസിയാസിന് കത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന നേര്‍ന്നു.

ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവനും മുംബൈ  അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വഴിയാണ് ജലന്തര്‍ രൂപതാദ്ധ്യന്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ അഭ്യര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് സ്വീകരിക്കുന്ന കത്ത് സെപ്തംബര്‍ 20-Ɔο തിയതി വ്യാഴാഴ്ച  വത്തിക്കാന്‍ അയച്ചത്. 

20 September 2018, 19:50