തിരയുക

Vatican News
ഉചിതമായ വേതനം-അമേരിക്കയിലെ തൊഴില്‍ ദിനാചരണം 03-09-18 ഉചിതമായ വേതനം-അമേരിക്കയിലെ തൊഴില്‍ ദിനാചരണം 03-09-18 

തൊഴിലാളി ഉചിതമായ വേതനത്തിനര്‍ഹന്‍

വേതനം നല്കുന്നതില്‍ വര്‍ഗ്ഗ ലിംഗ പരങ്ങളായ വിവേചനങ്ങള്‍ അരുത്, അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ മെത്രാന്മാര്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അമേരിക്കന്‍ ഐക്യനാടുകളില്‍ തൊഴില്‍ സാമ്പത്തികമേഖലകളില്‍ അസമത്വം അത്യധികമെന്ന് പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍.

അമേരിക്കന്‍ ഐക്യനാടുകളില്‍ അനുവര്‍ഷം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച, ഇക്കൊല്ലം സെപ്റ്റംബര്‍ 3-ന്, ആചരിക്കപ്പെടുന്ന തൊഴില്‍ ദിനത്തോടനുബന്ധിച്ച് അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ നീതി,മാനവവികസന സമിതിയുടെ അദ്ധ്യക്ഷന്‍, ഫ്ലാറിഡ സംസ്ഥാനത്തിലെ വെനീസ് രൂപതയുടെ ബിഷപ്പ്, ഫ്രാങ്ക് ജോസഫ് ഡിവ്വെന്‍ ഒപ്പിട്ട് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു കാണുന്നത്.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക മേഖലയില്‍ സാരമായ പുരോഗതി പ്രകടമാണെങ്കിലും അതിന്‍റെ ഗുണം എല്ലാവര്‍ക്കും  ലഭിച്ചിട്ടില്ലെന്നും ബഹിഷ്കൃതരും പാര്‍ശ്വവത്കൃതരും രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും, മാസാവസാനം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരും നിരവധിയാണെന്നും അദ്ദേഹം പറയുന്നു.

തൊഴില്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കുചേരലിന്‍റെ ഒരു രൂപമാണെന്ന് ഉദ്ബോധിപ്പിക്കുന്ന ബിഷപ്പ് ഫ്രാങ്ക് ഡിവ്വെന്‍, തൊഴിലാളിയുടെ ഔന്നത്യം സംരക്ഷിക്കപ്പെടുകയും തൊഴിലാളിയുടെ മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യേണ്ടതിന്‍റെ അനവാര്യത എടുത്തുകാട്ടുകയും  തൊഴിലാളി ഉചിതമായ വേതനത്തിനര്‍ഹനാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

വേതനം നല്കുന്നതില്‍ വര്‍ഗ്ഗലിംഗപരങ്ങളായ വിവേചനങ്ങള്‍ അരുതെന്നും അദ്ദേഹം പറയുന്നു.

03 September 2018, 11:04