Cerca

Vatican News
പനാമ യുവജനോത്സവത്തിലേയ്ക്ക് പനാമ യുവജനോത്സവത്തിലേയ്ക്ക്  (COPYRIGHT (c) THE BRIDGEMAN ART LIBRARY)

സാഹസിക യാത്രചെയ്ത് പനാമയിലെ യുവജനോത്സവത്തിന്

ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു ആത്മീയ സാഹസികയാത്ര. ഫ്രാന്‍സില്‍നിന്നും അറ്റ്ലാന്‍റിക് കടന്ന് പനാമയിലേയ്ക്ക് 105 ദിവസം നീളുന്ന യാത്ര!

- ഫാദര്‍ വില്യം നെല്ലിക്കല്‍

1. യുവജനോത്സവത്തിലേയ്ക്കൊരു സാഹസികയാത്ര
ഫ്രാന്‍സില്‍നിന്നും 17 യുവാക്കളാണ് 2019 ജനുവരിയില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ അരങ്ങേറാന്‍ പോകുന്ന ലോകയുവജനോത്സവത്തില്‍ പങ്കെടുക്കാനാണ് ചെറിയ ബോട്ടില്‍ (Sail Boat) പുറപ്പെടുന്നത്. ഫ്രാന്‍സിലെ ബ്രെസ്റ്റില്‍നിന്നും പുറപ്പെടുന്നവര്‍ വിവിധ രാജ്യക്കാരാണ്. 2019 ജനുവരി 22-മുതല്‍ 27-വരെയാണ് 34-Ɔമത് ലോകയുവജനോത്സവം പനാമയില്‍ അരങ്ങേറുന്നത്. ആഗസ്റ്റ് 31-ന് തുടങ്ങുന്ന ലോക യുവജനമേളയ്ക്കായി  സമുദ്രമാര്‍ഗ്ഗേണ അറ്റാലാന്‍റിക് കടന്നുള്ള യാത്രയ്ക്ക് 105 ദിവസങ്ങള്‍ എടുക്കുമെന്നാണ് യുവജനങ്ങളുടെ സാഹസിക യാത്രാസംഘത്തിന്‍റെ പ്രസ്താവന വെളിപ്പെടുത്തുന്നത്.

കാലാവസ്ഥ ഇണങ്ങിയാല്‍ ആഗസ്റ്റ് 31-ന് ഫ്രാന്‍സിലെ ബ്രസ്റ്റ് പ്രവിശ്യയുടെ മെത്രാന്‍റെ ആശീര്‍വ്വാദത്തോടെ യാത്ര ആരംഭിക്കും. ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സാന്തിയാഗോ കൊമ്പസ്തേലാ, ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു വിശ്രമിക്കും. വീണ്ടും മൊറോക്കോ തീരത്തെത്തുമ്പോള്‍ ചാള്‍സ് ദി ഫൂക്കോയുടെ സന്നിധാനത്തില്‍ താമസിക്കും. പിന്നെ സെനിഗാള്‍, മിന്തേലോയിലൂടെ കാപോവെര്‍ദേ ദ്വീപു ചുറ്റി അറ്റ്ലാന്‍റിക്ക് കടക്കുന്ന സുദീര്‍ഘമായ യാത്രയാണിത്. 2018-ലെ ക്രിസ്തുമസ്നാളില്‍ ആന്‍റീലസില്‍ എത്തും. പിന്നെ 2019 ജനുവരി 22-ന് ആരംഭിക്കുന്ന ലോകയുവജനോത്സവത്തിനു മുന്നേ പനാമയില്‍ എത്തിച്ചേരും. യാത്രാമദ്ധ്യേ ഓരോ തീരത്തും എടുക്കുന്ന വിശ്രമദിനങ്ങള്‍ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉപയോഗപ്പെടുത്തുമെന്ന് സംഘത്തിലെ എഞ്ചിനീയറായ കാനഡക്കാരന്‍, ആന്നേ ലോറന്‍സിന്‍റെ പ്രസ്താവന വ്യക്തമാക്കി.

2. ആത്മീയയാത്ര
കടലിലായിരിക്കുമ്പോള്‍ എകാന്തതയില്‍ ദൈവവുമായി ഐക്യപ്പെട്ട്, അവിടുത്തെ ശ്രവിച്ചും, മനസ്സിലാക്കിയും സ്നേഹിച്ചും ജപിച്ചും സഞ്ചരിക്കുന്നതിനാല്‍ ഇത് ആത്മീയയാത്രയാണ്.
ചെല്ലുന്നിടങ്ങളിലെ യുവജനങ്ങളും കുട്ടികളും കുടുംബങ്ങളുമായി ബന്ധപ്പെട്ടും ഇടപഴകിയും പങ്കുവച്ചും സഞ്ചിരിക്കുന്നതിനാല്‍ യാത്രയ്ക്കൊരു മാനവിക പ്രേഷിതസ്വഭാവവുമുണ്ട്.

3. മാനവ സൗഹൃദയാത്ര
ഇന്‍റെര്‍നെറ്റ് ബന്ധം ഒഴികെ, ഇതിനു മുന്നേ പരസ്പരം പരചയമില്ലാത്തവര്‍, ഒരുമിച്ചു ജീവിച്ചും പഠിച്ചും, രാജ്യാന്ത സമുദ്രയാത്രയുടെ നിയമങ്ങള്‍ മനസ്സിലാക്കിയും ഒത്തുചേരുന്നതിനാല്‍ യാത്രയ്ക്ക് ഏറെ മാനുഷികവും സാഹികവുമായ മാനവും ലഭിക്കുന്നു.

4. പാരിസ്ഥിതികയാത്ര
കരയും കടലും താണ്ടയുള്ള 5 മാസങ്ങള്‍ യാത്രയിലെ വലിയ പാരിസ്ഥിതിക അനുഭവങ്ങളിലേയ്ക്കും സംഘത്തെ നയിക്കും.

ലോക യുവതയുടെ കൂട്ടായ്മയില്‍ പങ്കുചേരുന്ന അനുഭവ ലക്ഷ്യത്തിനുമപ്പുറം പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ കാണുക യുവജനങ്ങളുടെ പ്രധാന ലക്ഷ്യം തന്നെയാണ്. പാപ്പാ ലോകത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മഹത്തരമാണെന്നു മനസ്സിലാക്കുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിച്ചുകൊണ്ടുമായിരിക്കും ഈ കടല്‍ സാഹസികയാത്രയെന്നും യുവജനങ്ങള്‍ പ്രസ്താവനയില്‍ പങ്കുവച്ചു.

വത്തിക്കാന്‍റെ മലയാള വാര്‍ത്താവിഭാഗം  പ്രാര്‍ത്ഥനയോടെ ശുഭയാത്ര  നേരുന്നു!

10 August 2018, 10:19