തിരയുക

സിനഡിനൊരുക്കമായ  യുവജന തീര്‍ത്ഥാടനം സിനഡിനൊരുക്കമായ യുവജന തീര്‍ത്ഥാടനം 

മെത്രാന്മാര്‍ കാല്‍നടയായി യുവജനങ്ങള്‍ക്കൊപ്പം

ഇറ്റലിയിലെ 120 മെത്രാന്മാര്‍ പ്രത്യാശയുടെ യുവസഞ്ചാരികള്‍ക്കൊപ്പം കാല്‍നടയായി റോമിലെത്തും. വിവിധ രൂപതകളില്‍നിന്നും പുറപ്പെടുന്നതാണ് റോമാനഗരത്തിലേയ്ക്കുള്ള പ്രത്യാശയുടെ ഈ തീര്‍ത്ഥാടനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇറ്റലിയില്‍ ആകെയുള്ള 226 രൂപതകളില്‍നിന്നും 195 രൂപതകളാണ് പ്രത്യാശയുടെ യാത്രയില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്‍റെ എല്ലാദിശകളില്‍നിന്നുമുള്ള പദയാത്രയില്‍ 120 മെത്രാന്മാര്‍ യുവജനങ്ങള്‍ക്കൊപ്പം പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ടി-ഷേര്‍ടും പാന്‍റ്സും ധരിച്ചു യുവജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മെത്രാന്മാരെ തിരിച്ചറിയുന്നത് പ്രായവ്യത്യാസം  കൊണ്ടുമാത്രമാണെന്ന് സംഘാടകരില്‍ ഒരാളായ പെറൂജിയയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആള്‍ത്തിയെരോ ബസ്സേത്തി പ്രസ്താവനയിലൂടെ വ്യക്തമാക്കി. മാര്‍ഗ്ഗമദ്ധ്യേയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും പ്രാര്‍ത്ഥിച്ചും വിശ്രമിച്ചുമാണ് ഈ ആത്മീയ പദയാത്ര റോമിലേയ്ക്ക് നീങ്ങുന്നത്. ആഗസ്റ്റ് 8, ബുധനാഴ്ചയുടെ പ്രഭാതം മുതലാണ് പ്രത്യാശയുടെ തീര്‍ത്ഥാടനത്തിന് തുടക്കമായത്.

റോമാ നഗരത്തില്‍ ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം എത്തിച്ചേരാനുള്ള സൗകര്യത്തിലാണ് യാത്രയുടെ ആരംഭം. യുവജനങ്ങള്‍ക്കിടയിലെ മെത്രാന്മാരുടെ സാന്നിദ്ധ്യം തലമുറകളുമായുള്ള സംവാദത്തിന്‍റെ മാര്‍ഗ്ഗമാണ്. അതിന് ക്രിയാത്മകമായ മൂല്യമുണ്ട്. യുവാക്കളെ കരുപ്പിടിപ്പിക്കുന്നത് ഭാവികാലത്തെയും സംസ്ക്കാരത്തെയും കരുപ്പിടിപ്പിക്കുന്ന പ്രക്രിയതന്നെയാണ്. സഭയും യുവജനങ്ങളും തമ്മില്‍ സ്വാഭാവികമായൊരു ബന്ധമുണ്ട്. കാരണം അവര്‍ മാനവികതയുടെ ചരിത്രത്തിലെ നവധാരയാണ്. കര്‍ദ്ദിനാള്‍ ബസേത്തി വ്യക്തമാക്കി.

ഒക്ടോബര്‍ 2018-ല്‍ വത്തിക്കാനില്‍ സംഗമിക്കുന്ന മെത്രാന്മാരുടെ ആഗോള സിനഡു സമ്മേളനത്തിന് ഒരുക്കമാണ് മെത്രാന്മാര്‍ യുവജനങ്ങള്‍ക്കൊപ്പം നടക്കുന്ന പ്രത്യാശയുടെ ഈ പദയാത്ര.

“യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും…” എന്ന വിഷയവുമായിട്ടാണ്  ഈ സിനഡുസമ്മേളനം. 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളിലാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിനഡു സമ്മേളനം നടക്കാന്‍ പോകുന്നത്. യുവജനങ്ങള്‍ കാലിക പ്രസക്തമായ ഈ സിനഡിന്‍റെ കേന്ദ്രവും കര്‍ത്താക്കളും യുവജനങ്ങളാണെന്ന് കര്‍ദ്ദിനാള്‍ ബസേത്തി കൂട്ടിച്ചേര്‍ത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 11:29