തിരയുക

Vatican News
20171204_BAV_Ott.lat.2919_0160_fa_0076v_MAGNIFICAT.jpg 20171204_BAV_Ott.lat.2919_0160_fa_0076v_MAGNIFICAT.jpg  (© Biblioteca Apostolica Vaticana)

മറിയത്തിന്‍റെ സ്തോത്രഗീതം : ഒരു അമല്‍ദേവ്-മുളവന സൃഷ്ടി

ഫാദര്‍ മാത്യു മുളവനയുടെ രചനയും അമല്‍ദേവിന്‍റെ ഈണവും...! ആലാപനം എലിസബത്ത് രാജു

- ഫാദര്‍ വില്യം നെല്ലിക്കല്‍

magnificat

വാഴ്ത്തുന്നിതായെന്നീശാ, മമദേഹീയാത്മഭാവം
മനവീണമീട്ടിടുന്നു പുതുമോദമാര്‍ന്നു നാഥാ
എളിയോരു ദാസിയിവളേ, സമ്പൂതനാമന്‍ പാര്‍ത്തു
ധന്യാഭിവാദ്യമേകും കാലാതികാല ലോകം.
ഈ ദാസി തന്നിലീശന്‍ അത്യത്ഭുതങ്ങള്‍ ചെയ്തു
പ്രഭു നിന്‍ മഹാര്‍ഹനാമം പുണ്യാഭിധാനമെന്നും
പുരുഷാന്തരങ്ങളോളം വരമേകിടുന്ന സഖ്യം
ചരണാശ്രിതര്‍ക്കു പാരില്‍ കാരുണ്യവാനധീശന്‍
ലോകോന്മുഖം യശസ്സിന്‍ അഹങ്കാരമാകെ താഴ്ത്തീ
അയച്ചു ധനേശരേത്താന്‍ കൃപകാട്ടിടാതെ തെല്ലും
എളിയോര്‍ക്കുത്ഥാനതമേകി സൗഭാഗ്യപൂര്‍ണ്ണരാക്കി
പശിയാര്‍ന്ന ഭാഗഗണത്തെ പരിതൃപ്തരാക്കി നാഥന്‍
ആശ്വാസമേകി സാക്ഷാല്‍ വാഗ്ദാനമോര്‍ത്തു നാഥന്‍
കരുണാഭിലാഷമാര്‍ന്നു അബ്രാഹമിന്‍റെ മക്കള്‍.

50 വര്‍ഷത്തെ പഴക്കം
കന്യകാനാഥയുടെ ഈ സ്തോത്രഗീതത്തിന്‍റെ മലയാളരൂപത്തിന് 50 വര്‍ഷത്തെ പഴക്കുമുണ്ട്.
1963-ല്‍ പൂനെ പേപ്പല്‍ സെമിനാരിയില്‍വച്ച് ഫാദര്‍ മാത്യു മുളവന രചിച്ച ഗീതം ജെറി അമല്‍ദേവാണ് ഈണംപകര്‍ന്നത്. ഗാനം നഷ്ടപ്പെടാതിരുന്നതിനു കാരണം അന്നുതന്നെ പശ്ചാത്യ സംഗീതലിപികളില്‍ അമല്‍ദേവിന്‍റെ 10 സങ്കീര്‍ത്തനങ്ങള്‍ മുളന്തുരുത്തിയിലെ എസ്.വി.ഡി. (Societas Verbi Divini) സെമിനരിയുടെ മേല്‍വിലാസത്തില്‍ പ്രസിദ്ധപ്പെടുത്തfയ സങ്കീര്‍ത്തന ശേഖരത്തില്‍ ഈ സ്തോത്രഗീതവും രേഖീകരിക്കപ്പെട്ടിരുന്നു.

ഈണവും വരിയും ഇണങ്ങിയപ്പോള്‍...
വിശുദ്ധ ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന (ലൂക്ക1, 46-55) മറിയത്തിന്‍റെ സ്തോത്രഗീതം വിഷയത്തിന്‍റെ ഗാംഭീര്യവും പഴമയും സ്ഫുരിപ്പിക്കുമാറ് സംസ്കൃതം കലര്‍ത്തി മളിപ്രവാള ശൈലിയിലാണ് മുളവനയച്ചന്‍ രചിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പാടാവുന്ന പ്രസന്നതയും ലാളിത്യവും വരികളിലും, അമല്‍ദേവിന്‍റെ ഈണത്തിലും തെളിഞ്ഞുനില്ക്കുന്നു. താന്‍ ആവശ്യപ്പെട്ട അളവില്‍ പണമിട മാറ്റമില്ലാതെ ആദിതാളം (123 123 12) നട വ്യത്യാസപ്പെടുത്തി മുളവനയച്ചന്‍ എഴുതിത്തന്നുവെന്നും നൂറു ശതമാനവും വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗത്തോട് വിശ്വസ്തത പുര്‍ത്തുന്നതാണ് രചനയെന്നും അമല്‍ദേവ് സാക്ഷ്യപ്പെടുത്തുന്നു.

ഈ സുവിശേഷഗീതത്തിന്‍റെ തനിമ
സുവിശേഷത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഈ മരിയഗീതത്തിന്‍റെ (“മാഞ്ഞിഫിക്കാത്തി“ന്‍റെ) സൃഷ്ടിയില്‍ അമല്‍ദേവും മുളവനയച്ചനും ഒരു സിനിമാപ്പാട്ടിന്‍റെ പല്ലവി, അനുപല്ലവി ചരണം ഘടന അവലംബിച്ചില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. മറിയത്തിന്‍റെ സ്തുതിപ്പിനും ചരിത്രപൂര്‍ണ്ണതയുള്ള ഒരു പ്രാര്‍ത്ഥയുടെ തനിമയ്ക്കും മുന്‍തൂക്കം കൊടുക്കുന്നതാണ് ഈ രചനയും അതിന്‍റെ ഘടനയെന്നും മനസ്സിലാക്കേണ്ടതാണ്. രചനാപാടവവും സംഗീതശൈലിയും സവിശേഷമായ അതിന്‍റെ നടയും ഈ ഗാനത്തെ അനശ്വരമാക്കും. അനാവശ്യമായ ആവര്‍ത്തനത്തിനോ ആവര്‍ത്തന വിരസതയ്ക്കോ ഇവിടെ ഇടമില്ല. മറിയത്തോടു ചേര്‍ന്ന് ആ പ്രാര്‍ത്ഥന നാം ഉരുവിടുന്ന പ്രതീതിയാണ് ജനിപ്പിച്ചിരിക്കുന്നത്.

പുനര്‍സൃഷ്ടിയും ശബ്ദരേഖീകരണവും
2002-ല്‍ സി.എ.സി.യും (Cochin Arts & Communications) നിര്‍ഝരിയും കൂട്ടുചേര്‍ന്ന് അവ അമല്‍ദേവിന്‍റെ സാന്നിദ്ധ്യത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു. മനോരമ മ്യൂസിക്സ് അത് വിപണിയില്‍ എത്തിക്കുകയും ചെയ്തു. “സങ്കീര്‍ത്തനങ്ങള്‍” എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന അമല്‍ദേവ്-മുളവന ടീമിന്‍റെ സൃഷ്ടിയായ ഗാനശേഖരത്തിലാണ് എലിസബത്ത് രാജു പാടിയിട്ടുള്ള മറിയത്തിന്‍റെ സ്തോത്രഗീതമുള്ളത്.

മേല്‍ക്കുറിച്ച കാര്യങ്ങള്‍ക്ക് സാക്ഷികളായി ജെറി അമല്‍ദേവ് എറണാകുളത്തും മുളവനയച്ചന്‍ ചത്തീസ്ഗറിലെ റെയ്പ്പൂരിലും പ്രവര്‍ത്തനനിരതരാണ്. നന്ദി! നമസ്ക്കാരം!! ഗാനനിര്‍മ്മിതിയില്‍ സഹകരിച്ച ഗായിക എലിസബത്തിനെയും മറ്റു കലാകാരന്മാരെയും കൃതഞ്ജതയോടെ ഓര്‍ക്കുന്നു... എന്‍ജിനീയര്‍ റോബിന്‍ ഫെര്‍ണാണ്ടസിനെയും!

15 July 2018, 19:08