ഫ്രാൻസിസ് പാപ്പാ ബഹ്‌റി൯ സന്ദർശിച്ചപ്പോൾ. ഫ്രാൻസിസ് പാപ്പാ ബഹ്‌റി൯ സന്ദർശിച്ചപ്പോൾ.  (ANSA)

“ക്രിസ്തു ജീവിക്കുന്നു” : തലമുറകൾ തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരുന്ന തന്ത്രിയാണ് പരിശുദ്ധാത്മാവ്

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 192ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം."

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന ''വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

സ്വപ്നങ്ങളും ദർശനങ്ങളും

192. ജോയലിന്റെ പ്രവചനത്തിൽ ഈ വസ്തുത നന്നായി പ്രകടിപ്പിക്കുന്ന ഒരു വാക്യമുണ്ട്. “എല്ലാവരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നം കാണും. യുവാക്കൾക്ക് ദർശനമുണ്ടാകും.”(ജോയേൽ2: 28; അപ്പോ 2:17). ചെറുപ്പക്കാരും മുതിർന്നവരും ഒന്നുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ തയ്യാറാകുമ്പോൾ അവർ വിസ്മയനീയമായ ഒരു കൂട്ട്കെട്ടായിത്തീരുന്നു. മുതിർന്നവർ സ്വപ്നങ്ങൾ കാണുന്നു; യുവാക്കൾ ദർശനങ്ങൾ കാണുന്നു. ഇവ രണ്ടും എങ്ങനെ പരസ്പരം പൂരിപ്പിക്കും? (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

മാനത്തെ കൊമ്പനാനപ്പുറത്ത് കുമ്പിട്ടിരിക്കുന്ന ഒരു അമ്പിളിമാമനെക്കുറിച്ച് സ്വപ്നം കണ്ട ഒരു തലമുറയിൽ നിന്ന് ചന്ദ്രനിൽ കാലുകുത്തിയ തലമുറ സാധിച്ചെടുത്ത സ്വപ്നസാക്ഷാത്ക്കാരം തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ പറയാതെ വെളിവാകുന്ന ഒരു സത്യമാണ്. ഈ സത്യത്തിനു മുന്നിൽ നിന്നു കൊണ്ടാണ് ഫ്രാൻസിസ് പാപ്പായെഴുതുന്ന അടുത്ത ഖണ്ഡികകൾ നാം വായിക്കേണ്ടത്.

തലമുറകൾ തമ്മിലുള്ള ബന്ധം നിലനിൽക്കുമ്പോൾ സമൂഹത്തിൽ ഓർമ്മകളുടെ ശേഖരം ഉണ്ടാകുമെന്നും ഓരോ തലമുറയും ആ ശേഖരത്തിലൂടെ കടന്നുപോകുമ്പോൾ വിജ്ഞാനത്തിന്റെ ഒരു പൈതൃകമാണ് വരുന്ന തലമുറകൾക്ക് ഒസ്യത്തായി മുൻ തലമുറകൾ കൈമാറുന്നതെന്നും കഴിഞ്ഞ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ നമ്മോടു വിശദീകരിച്ചിരുന്നു. യുവജനത്തിന് വിജ്ഞാനവും വൃദ്ധജനത്തിന് ശക്തിയുമുണ്ടായിരുന്നെങ്കിൽ അവർക്ക് ചെയ്യാൻ കഴിയാത്തതൊന്നുമുണ്ടാവുമായിരുന്നില്ല എന്നെഴുതിയ ആ ഖണ്ഡികയുടെ അവസാന വരിയിലെ പഴഞ്ചൊല്ലിന്റെ ചുവടുപിടിച്ച് മുന്നോട്ടു നീങ്ങുകയാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഭാഗം.

സ്വപ്നങ്ങളെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചുമാണ് ഇവിടെ പാപ്പാ പരാമർശിക്കുന്നത്. ജോയേൽ പ്രവാചകന്റെ പ്രവചനത്തിന്റെ സാക്ഷാത്ക്കാരം അപ്പസ്തോല പ്രവർത്തനങ്ങളിൽ നിറവേറുന്നത് ഏറ്റെടുത്തു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡിക ആരംഭിക്കുന്നത്. 'നിന്റെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്ക് ദർശനങ്ങൾ ഉണ്ടാകും, നിങ്ങളുടെ വൃദ്ധജനം സ്വപ്നങ്ങൾ കാണും." ഇപ്രകാരം പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ രണ്ടു കാര്യങ്ങളാണ് ഇവിടെ പറഞ്ഞു വരുന്നത്.

അത്ഭുതം വിടർത്തുന്ന കൂട്ടുകെട്ട്

യുവജനവും വൃദ്ധജനവും തമ്മിലുള്ള ഒരു കൂട്ടുകെട്ട് സൃഷ്ടിക്കുന്ന പുരോഗതി വിവരിക്കാനാവില്ല എന്ന് അത്ഭുതപ്പെടുകയാണ് ഫ്രാൻസിസ് പാപ്പാ. അവിടെ ദീർഘകാല ജീവിതാനുഭവങ്ങളുടെ ഭണ്ഡാരത്തിലെ വിജ്ഞാനത്തിന്റെ അമൂല്യ രത്നശേഖരങ്ങളെ ഭാവി തലമുറയ്ക്ക്  പൈതൃകമായി നൽകുന്ന മുതിർന്ന തലമുറയും, ആധുനിക കണ്ടുപിടുത്തങ്ങളുടെ ചിറകിൽ അതിവേഗ സഞ്ചാരികളും സർഗ്ഗാത്മകതയിലും കായബലത്തിലും ആവേശഭരിതരായി നീങ്ങുന്ന അതിശക്തരായ യുവതലമുറയും തമ്മിലുള്ള കൂട്ടുകെട്ട് മനുഷ്യരാശിയുടെ തന്നെ വിജയക്കുതിപ്പാകുമെന്നതിൽ എന്താണ് സംശയം?

എന്നാൽ സമകാലിക സംഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്ന ദുരന്തങ്ങൾ ഒന്നിരുന്നു പഠിച്ചാൽ നമ്മോടു വിളിച്ചു പറയുന്ന യാഥാർത്ഥ്യമെന്താണ്? നാം മറന്നുകളയുന്ന, അല്ലെങ്കിൽ പരിഗണനയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് പോലും കടക്കാനനുവദിക്കാതെ പഴഞ്ചൻ എന്നു കരുതി നാം പുറംതള്ളുന്ന മുൻ തലമുറകളുടെ അനുഭവ പാഠങ്ങളെ വേണ്ടത്ര വിലയോടെ കാണുന്നില്ല എന്നതല്ലേ? നമ്മുടെ പൊതുഭവനമായ ഭൂമിയും അതിന്റെ അന്തരീക്ഷവും പ്രകൃതിദുരന്തങ്ങളാൽ ഇന്ന് നമ്മെ വേട്ടയാടുന്നുണ്ടെങ്കിൽ മനുഷ്യൻ വരുത്തിവച്ച വിനകളല്ലേ അതിനു കാരണം. അതിവേഗം ലാഭമുണ്ടാക്കാനും അത് ഏറ്റവും എളുപ്പത്തിലാക്കാനും ആവശ്യത്തിലധികം സമ്പാദിച്ചു കുന്നുകൂട്ടാനുള്ള ആർത്തിയും മൂലം ആരെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിക്കാത്ത സ്വാർത്ഥതയുടെ മറുപുറമല്ലേ നാം കാണുന്നതെല്ലാം.  ഒരു വട്ടം ഒന്ന് പിന്തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ പുരോഗമനത്തിന്റെ പേരിലുള്ള പരാക്രമങ്ങൾ ബലികഴിച്ച മുൻതലമുറകളുടെ ഭൗമാന്തരീക്ഷ പരിപാലനതത്വങ്ങൾ ഇനിയും  വൈകിക്കാൻ നമ്മൾ പരിശ്രമിക്കുമോ? കോപ്പ് 26 (COP 26) സമ്മേളനം വെറും കടലാസിലെ മനോഹര വാക്യങ്ങളിൽ സംസ്കരിക്കപ്പെടുമോ? തലമുറകളിൽ നിന്ന് തലമുറകൾ പഠിക്കാത്ത പാഠങ്ങൾ ഇനി എത്രയെത്ര ദുരന്തങ്ങൾക്ക് വഴിയൊരുക്കും!

രണ്ടു മഹായുദ്ധങ്ങളും അവയുടെ വൻനശീകരണ സ്വഭാവവും കണ്ട തലമുറയിൽ നിന്ന് ഇന്നത്തെ തലമുറയിലെത്തുമ്പോൾ ലോകത്തിന്റെ  ഏതു കോണിലാണ് സമാധാനമായി കിടന്നുറങ്ങാൻ കഴിയുക? ആയുധ മൽസരങ്ങൾ ഭൂമിയും കടന്ന് ശൂന്യാകാശത്തിന്റെ നിശബ്ദതയും തകർക്കുന്ന തലത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ശാന്തിഗീതം പാടുന്ന ഭാരതീയ സംസ്കാരം പോലും ഇന്ന് ആയുധ നിർമ്മാണവും അതിന്റെ വിൽപ്പനയും സമ്പാദ്യമാർഗ്ഗമാക്കുന്ന സാമ്പത്തിക കുതിപ്പ് സ്വപ്നം കണ്ട് വഴിമാറി തുടങ്ങുന്നു. ആയുധങ്ങൾ കൊണ്ടാണോ ഭൂമിയിൽ സമാധാനം നിലനിറുത്തേണ്ടത്? എന്നെങ്കിലും ആയുധങ്ങൾ കൊണ്ട് സമാധാനം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോ? സമാധാനം ഒരിക്കലും ആയുധം കൊണ്ട് നേടാനാവില്ലെന്നു ഫ്രാൻസിസ് പാപ്പയുടെ ജപ്പാൻ സന്ദർശന വേളയിലെ പ്രഭാഷണങ്ങളും സകല വിശുദ്ധരുടെ തിരുനാളിലെ മധ്യാഹ്ന പ്രാർത്ഥനയിലെ പ്രഭാഷണവും എത്ര ശക്തമായാണ് മുന്നോട്ടു വയ്ക്കുന്നത്. തലമുറകളിൽ നിന്ന് തലമുറകൾക്ക് പഠിക്കാൻ വേണ്ടി തുറക്കാത്ത അനുഭവ പാഠങ്ങൾ ഇനിയും എത്ര !   

കോവിഡ് കാലം നമ്മെ മുറികളിൽ അടച്ചു പൂട്ടിയപ്പോൾ നമ്മുടെ മുന്നിൽ തുറന്നു തന്ന ഒരു വിജ്ഞാന വിഹായസ്സുണ്ട്: മനുഷ്യന് മനുഷ്യനെ നേരിട്ടു കാണാനോ പരസ്പരം ഒന്നു പുണരാനോ കഴിയാതിരുന്ന നേരത്ത് പ്രകൃതി -മനുഷ്യ - പ്രപഞ്ചത്തിലെ പരമാണു മുതൽ ഇങ്ങേയറ്റം മനുഷ്യനും ദൈവവും വരെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ചങ്ങലകണ്ണികളാണെന്ന സത്യം! “ഒരേ തോണിയിലെ സഞ്ചാരികളാണ് നാമെല്ലാവരുമെന്നും ആർക്കും തനിച്ച് രക്ഷപെടാനാവില്ല” എന്നും അനുഭവിച്ചറിഞ്ഞ സത്യം. കോടിക്കണക്കിനാളുകളെ ബലി കൊടുത്തിട്ടും സ്വാർത്ഥതയുടെ കൊടുമുടിയിൽ നിന്നിറങ്ങി സകലരേയും ഉൾക്കൊള്ളുന്ന ഒരു സംസ്കാരം രൂപപ്പെടുത്താൻ മടിക്കുന്നതെന്തെ? മനുഷ്യന്റെ വേദന വിലപേശി വിൽക്കുന്ന കച്ചവട സംസ്കാരം മനുഷ്യക്കടത്തിലും, അവയവക്കടത്തലിലും ഒക്കെ കൊള്ളയടിച്ചു നേടുന്നതെന്താണ് ? ഇനിയും തലമുറകളുടെ അനുഭവങ്ങളും അവയിൽ നിന്നു നേടിയ വിജ്ഞാനവും പുരോഗമിച്ചു എന്നഹങ്കരിക്കുന്ന മനുഷ്യകുലത്തിന് അപ്രാപ്യമാണോ ? അതോ മരവിച്ച മനുഷ്യ മനസ്സിന്റെ നിസ്സംഗതയുടെ ആഗോളവൽക്കരണമോ?

പരിശുദ്ധാത്മാവിനോടുള്ള തുറവ്

തലമുറകൾ തമ്മിലുള്ള ബന്ധം ഒരു മനോഹരമായ കൂട്ടുകെട്ടാകുവാനും ഒരു മുതൽക്കൂട്ടാക്കുവാനും പരിശുദ്ധ പിതാവ് മുന്നോട്ട് വയ്ക്കുന്ന ഒരേ ഒരു കാര്യം പരിശുദ്ധാത്മാവിനോടുള്ള തുറവാണ്. കാരണം ഉൽപ്പത്തി മുതൽ ഇന്നോളം എല്ലാ സൃഷ്ടിപരമായ നീക്കങ്ങളുടെ പിന്നിലും പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണെന്ന സംശയലേശമന്യേമുള്ള ബോധ്യവും വിശ്വാസവുമാണത്. ഇസ്രായേൽ ജനവും പുതിയ ഇസ്രായേലും ആ സാന്നിധ്യം അനുഭവിച്ചറിഞ്ഞവരാണ്. പ്രതിസന്ധികളുടെ നടുവിൽ ധൈര്യം പകരുന്ന സാന്നിധ്യമായി എന്നും പരിശുദ്ധാത്മാവ് കൂടെ നടന്ന അപ്പോസ്തല കാലഘട്ടം മാത്രമല്ല, സഭയുടെ നവീകരണ പ്രക്രിയകളിലെല്ലാം ആ സാന്നിധ്യം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ പരിശുദ്ധ പിതാവ് മുതിർന്നവരോടും യുവാക്കളോടും ഒരു പോലെ ആവശ്യപ്പെടുകയാണ് പരിശുദ്ധാത്മാവിനോടു തുറവുള്ളവരായിരിക്കാൻ. അപ്പോഴാണ് മുതിർന്നവരുടെ അനുഭവസമ്പത്തിനെയും വിജ്ഞാനത്തേയും ശരിയായ രീതിയിൽ മനസ്സിലാക്കാൻ യുവാക്കൾക്ക് കഴിയുക. അതേപോലെ, യുവാക്കളുടെ കഴിവുകളേയും ശക്തിയേയും, നവീന ആശയങ്ങളെയും അഭിപ്രായങ്ങളേയും അംഗീകരിക്കുവാൻ മുതിർന്നവർക്കും കഴിയുകയുള്ളു.

സത്യത്തിൽ തലമുറകൾ തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരുന്ന തന്ത്രിയാണ് പരിശുദ്ധാത്മാവ്. തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ പാലം തീർക്കുന്ന ശക്തിയാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പരിശുദ്ധാത്മാവിനോടുള്ള തുറവും. ഈ തുറവാണ്  പഴയ തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പുതിയ തലമുറയേയും പുതിയതലമുറയുടെ ദർശനങ്ങൾക്ക് പിന്തുണയേകാൻ മുതിർന്ന തലമുറയേയും പ്രാപ്തമാക്കുക. ഈയൊരു മനോഹര കൂട്ടായ്മയാണ് ഈ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ കാണുന്ന സ്വപ്നവും!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2023, 10:46