പാപ്പാ: വൃദ്ധജനം ഭാവിയുടെയും ആർദ്രതയുടെയും അനുഭവജ്ഞാനത്തിൻറെയും സന്ദേശവാഹകർ!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ സംഗ്രഹം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച (08/06/22), പതിവുപോലെ, പ്രതിവാര പൊതുദർശനം അനുവദിച്ചു. വേനൽക്കാല സൂര്യകിരണങ്ങൾ നിർല്ലോഭം ചൊരിയപ്പെട്ട ദിനമായിരുന്നെങ്കിലും, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണം തന്നെയായിരുന്നു വേദി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, അതിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെച്ചു. ഇടയക്കു വച്ച് പാപ്പാ, കഴിഞ്ഞ ആഴ്ചയും ചെയ്തതു പോലെ, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റുകയും അവരോടൊപ്പം മുന്നോട്ടുപോകുകയും ചെയ്തു. പാപ്പാ പ്രസംഗവേദിയിലെത്തുന്നതിനു മുമ്പ്, തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വാഹനത്തിൽ നിന്നിറക്കി. അതിനുശേഷം പാപ്പാ ആ വണ്ടിയിൽ തന്നെ പ്രസംഗവേദിക്കടുത്തേക്കു പോകുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയ്ക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. സുവിശേഷത്തിൽ കാണുന്ന വൃദ്ധനായ നിക്കൊദേമോസ് ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിന് പാത്രീഭൂതൻ. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണം:

യേശുവുമായി സംഭാഷണത്തിലേർപ്പെടുന്ന വൃദ്ധനായ നിക്കൊദേമോസ് 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

സുവിശേഷങ്ങളിലെ ഏറ്റവും പ്രമുഖരായ വയോധികരിൽ, യഹൂദ നേതാക്കാളിൽ ഒരാളായ,  നിക്കോദേമോസ് ഉൾപ്പെടുന്നു. യേശുവിനെ അടുത്തറിയാൻ ആഗ്രഹിച്ച അദ്ദേഹം ഒരു രാത്രിയിൽ രഹസ്യമായി അവിടത്തെ പക്കലേക്കു പോയി (യോഹന്നാൻ 3:1-21). നിക്കോദേമോസുമായുള്ള യേശുവിൻറെ സംഭാഷണത്തിൽ, അവിടത്തെ വെളിപാടിൻറെയും പരിത്രാണ ദൗത്യത്തിൻറെയും സത്ത തെളിഞ്ഞുനില്ക്കുന്നു: അതായത്, "മനുഷ്യപുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. "(യോഹന്നാൻ 3,6).

ദൈവരാജ്യ ദർശനത്തിന് "ഉന്നതത്തിൽ നിന്ന്" ജനിക്കണം

"ദൈവരാജ്യം കാണാൻ കഴിയുന്നതിന്" ഒരുവൻ "ഉന്നതത്തിൽ നിന്ന് ജനിക്കണം" (യോഹന്നാൻ 3, 3) എന്ന് യേശു നിക്കോദേമോസിനോട് പറയുന്നു.  അത്, പുതിയൊരു പുനർജന്മം മെച്ചപ്പെട്ട ജീവിതത്തിനുള്ള സാദ്ധ്യത നമുക്ക് വീണ്ടും തുറന്നു തരുമെന്ന പ്രതീക്ഷയിൽ, ജനന പ്രക്രിയ പുനരാരംഭിക്കലല്ല, ലോകത്തിലേക്കുള്ള നമ്മുടെ ആഗമനം ആവർത്തിക്കലല്ല. ഈ ആവർത്തനം അർത്ഥശൂന്യമാണ്. മാത്രവുമല്ല, ജീവിച്ച ജീവിതത്തെ, പരാജയപ്പെട്ട പരീക്ഷണം, കാലഹരണപ്പെട്ട മൂല്യം, നഷ്ടപ്പെടാനുള്ള ശൂന്യത എന്നിവ പോലെ കണക്കാക്കി മായിച്ചുകളഞ്ഞുകൊണ്ട് ജീവിതത്തിൻറെ എല്ലാവിധ അർത്ഥങ്ങളും അത് ഇല്ലാതാക്കും. ഇല്ല, അതല്ല. ഈ ജീവിതം ദൈവത്തിൻറെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്: അവിടന്ന് ആർദ്രതയോടെ സ്നേഹിക്കുന്ന സൃഷ്ടികളായി അത് നമ്മെ കാണുന്നു. ദൈവരാജ്യത്തിൽ "പ്രവേശിക്കാൻ" നമ്മെ അനുവദിക്കുന്ന " ഉന്നതത്തിൽ നിന്നുള്ള ജനനം", ആത്മാവിലുള്ള ഒരു ജനനമാണ്, ദൈവസ്നേഹവുമായി അനുരഞ്ജിതമായ ഒരു സൃഷ്ടിയുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള, ജലത്തിനിടയിലൂടെയുള്ള ഒരു കടക്കലാണ്.

ഉന്നതത്തിൽ നിന്നുള്ള ജനനത്തെക്കുറിച്ചുള്ള പ്രമാദ ചിന്ത  

നിക്കൊദേമോസ് ഈ ജനനത്തെ തെറ്റിദ്ധരിക്കുകയും അതിൻറെ അസാദ്ധ്യതയുടെ തെളിവായി വാർദ്ധക്യത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു: മനുഷ്യൻ അനിവാര്യമായും വാർദ്ധക്യം പ്രാപിക്കുന്നു, നിത്യ യൗവനം എന്ന സ്വപ്നം തീർത്തും അപ്രത്യക്ഷമാകുന്നു, പരിണതിയാണ് കാലത്തിലുള്ള ഏതൊരു ജനനത്തിൻറെയും ഭാഗധേയം. ജനനത്തിൻറെ രൂപമുള്ള ഒരു ഭാഗധേയം എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും?

വാർദ്ധക്യത്തിൻറെ ദൗത്യം ആവിഷ്കൃതമാക്കുന്ന യേശു വചസ്സുകൾ 

നിക്കൊദേമോസിൻറെ എതിർപ്പ് നമുക്ക് വളരെ പ്രബോധനാത്മകമാണ്. യേശുവിൻറെ വചനത്തിൻറെ വെളിച്ചത്തിൽ, വാർദ്ധക്യത്തിൻറെ തനതായ ഒരു ദൗത്യത്തിൻറെ കണ്ടെത്തലിൽ നമുക്ക് അതിനെ കീഴ്മേൽ മറിക്കാനാകും. വാസ്തവത്തിൽ, വൃദ്ധരായിരിക്കുന്നത്,  യേശു പറയുന്ന മുകളിൽ നിന്നുള്ള ജനനത്തിന് ഒരു തടസ്സമല്ലെന്ന് മാത്രമല്ല, നഷ്ട പ്രതീക്ഷയുടെ തെറ്റിദ്ധാരണയിൽ നിന്ന് മുക്തമാക്കിക്കൊണ്ട്, അതിനെ പ്രബുദ്ധമാക്കാനുള്ള അനുയോജ്യ സമയമായി മാറുകയും ചെയ്യുന്നു. ഒരു കുഞ്ഞിൻറെ ജനനത്തെ മനുഷ്യൻറെ ജൈവിക ഉൽപാദന പ്രക്രിയയുടെയും പുനരുൽപാദനത്തിൻറെയും സാധാരണ കാര്യമായി കണക്കാക്കുന്ന ആശങ്കാജനകമായ പ്രവണത കാണിക്കുന്ന നമ്മുടെ കാലഘട്ടവും നമ്മുടെ സംസ്കാരവും, നിത്യ യൗവനം എന്ന മിഥ്യയെ അക്ഷയ ജഢത്തിൻറെ അഭിനിവേശമായി - നിരാശാജനകമായി ഊട്ടിവളർത്തുന്നു. എന്തുകൊണ്ടാണ് വാർദ്ധക്യം - പല തരത്തിൽ - അവമതിക്കപ്പെടുന്നത്? കാരണം, അമ്മയുടെ ഗർഭപാത്രത്തിലേക്ക് നമ്മെ തിരികെയെത്തിക്കാൻ, ശാരീരികമായി എപ്പോഴും ചെറുപ്പമാക്കി തിരികെയെത്തിക്കാൻ ആഗ്രഹിക്കുന്ന ഈ മിഥ്യയെ നിരാകരിക്കുന്നതായ അനിഷേധ്യ തെളിവുകൾ അത് കൊണ്ടുവരുന്നു.

നിത്യ യൗവനത്തെക്കുറിച്ചുള്ള വ്യാമോഹം 

സാങ്കേതികവിദ്യ എല്ലാ വിധത്തിലും ഈ വ്യാമോഹത്താൽ ആകർഷിക്കപ്പെടാൻ നമ്മെ അനുവദിക്കുന്നു: മരണത്തെ തോൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഔഷധങ്ങളും സൗന്ദര്യസംവർദ്ധക വസ്തുക്കളും ഉപയോഗിച്ച് ശരീരത്തെ ജീവനോടെ നിലനിർത്താൻ കഴിയും,  അത്  വാർദ്ധക്യത്തിൻറെ വേഗത കുറയ്ക്കുകയും അതിനെ മറയ്ക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നു. തീർച്ചയായും, സുസ്ഥിതി ഒരു കാര്യവും, വ്യാമോഹത്തെ ഊട്ടിവളർത്തുന്നത് തികച്ചും മറ്റൊരു കാര്യവുമാണ്. എന്നിരുന്നാലും, രണ്ടു വശങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം നമ്മിൽ മാനസികമായി ഒരുതരം ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു എന്നത് നിഷേധിക്കാനാവില്ല. .... മഞ്ഞാനി എന്ന ജ്ഞാനിയായ ഒരു ഇറ്റാലിയൻ നടിയുടെ വാക്കുകൾ എൻറെ ഓർമ്മയിൽ വരുന്നു, അവളുടെ മുഖത്തിൻറെ ചുളിവുകൾ നീക്കം ചെയ്യണമെന്ന് ചിലർ പറഞ്ഞപ്പോൾ അവൾ പ്രത്യുത്തരിച്ചു: “ഇല്ല, അവയിൽ തൊടരുത്! എനിക്ക് അവ ലഭിക്കാൻ നിരവധി വർഷങ്ങൾ വേണ്ടി വന്നു: അവയെ തൊടരുത്!". ചുളിവുകൾ അനുഭവത്തിൻറെ പ്രതീകമാണ്, ജീവിതത്തിൻറെ പ്രതീകമാണ്, പക്വതയുടെ പ്രതീകമാണ്, ഒരു യാത്ര നടത്തിയതിൻറെ പ്രതീകമാണ്. ചെറുപ്പമാകാൻ, മുഖം ചെറുപ്പമാക്കാൻ, അവയെ തൊടരുത്: പ്രധാനം മുഴുവൻ വ്യക്തിത്വമാണ്, ഹൃദയമാണ്, ഹൃദയം നല്ല വീഞ്ഞെന്ന പോലെ യൗവനത്തിൽ നിലനിൽക്കുന്നു, വിഞ്ഞ് പഴകുന്തോറും മികച്ചതാകുന്നതുപോലെ.

അപൂർണ്ണതയുടെ സൗഷ്ഠവം

നശ്വരമായ മാംസത്തിലുള്ള ജീവിതം മനോഹരമായ “അപൂർണ്ണത”യാണ്: ചില കലാസൃഷ്ടികൾ പോലെ, അവയുടെ അപൂർണ്ണതയിൽ അതുല്യമായ ഒരു ചാരുതയുണ്ട്. കാരണം ഐഹിക ജീവിതം "ഉപക്രമം" ആണ്, പൂർത്തീകരണമല്ല: നമ്മൾ ലോകത്തിലേക്ക് വരുന്നത്, തീർത്തും, അങ്ങനെയാണ്, എന്നേക്കും യഥാർത്ഥ വ്യക്തികളായി, പ്രായത്തിൽ വളരുന്നവരായി, എപ്പോഴും യഥാർത്ഥ വ്യക്തികളാണ്. എന്നാൽ മർത്ത്യ മാംസത്തിലുള്ള ജീവിതം കേടുകൂടാതെ സൂക്ഷിക്കാനും ലോകത്തിൻറെ സമയത്തിൽ നമ്മുടെ അസ്തിത്വത്തിൻറെ ഏറ്റവും വിലയേറിയ ഭാഗം പൂർത്തിയാക്കാനും കഴിയാത്ത ഒരു ഇടവും സമയവുമാണ്. നമ്മുടെ ഭാഗധേയമായ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷ പ്രഘോഷണത്തെ സ്വാഗതം ചെയ്യുന്ന വിശ്വാസത്തിന് അസാധാരണമായ പ്രാഥമിക പ്രഭാവം ഉണ്ടെന്ന് യേശു പറയുന്നു. ദൈവരാജ്യം "കാണാൻ" അത് നമ്മെ അനുവദിക്കുന്നു. ദൈവത്തിൻറെ നിത്യതയെന്ന ഭാഗധേയത്തിൻറെ മുദ്ര പേറിയ നമ്മുടെ ജീവിതത്തിൽ നമ്മുടെ പ്രതീക്ഷയുടെ പൂർത്തീകരണത്തോട് അടുക്കുന്നതിൻറെ നിരവധി അടയാളങ്ങൾ യഥാർത്ഥത്തിൽ ദർശിക്കാൻ നാം പ്രാപ്തരാകുന്നു. യേശുവിനാൽ പലവിധത്തിൽ പ്രകാശിപ്പിക്കപ്പെട്ട സുവിശേഷസ്നേഹത്തിൻറെ അടയാളങ്ങളാണ് അവ. നമുക്ക് അവ "കാണാൻ" കഴിയുമെങ്കിൽ, പുനരുജ്ജീവിപ്പിക്കുന്ന ജലത്തിലൂടെ ആത്മാവിൻറെ കടക്കൽ വഴി നമുക്ക് ദൈവരാജ്യത്തിൽ “പ്രവേശിക്കാൻ" സാധിക്കും.

വാർദ്ധക്യം- അനിവാര്യ അവസ്ഥ

വാർദ്ധക്യം എന്നത് നമ്മിൽ പലർക്കും നൽകപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്, അതിൽ മുകളിൽ നിന്നുള്ള ഈ ജനനത്തിൻറെ അത്ഭുതം മാനവ സമൂഹത്തിന് ആത്മാർത്ഥമായി സ്വാംശീകരിക്കാനും വിശ്വസനീയമാക്കാനും കഴിയും: അത് കാലത്തിലുള്ള ജനനത്തോടുള്ള ഗൃഹാതുരതയല്ല, മറിച്ച് അന്തിമ ലക്ഷ്യത്തോടുള്ള സ്നേഹമാണ് പകരുന്നത്. ഈ വീക്ഷണത്തിൽ, വാർദ്ധക്യത്തിന് സവിശേഷമായ ഒരു സൗന്ദര്യമുണ്ട്: നാം നിത്യതയിലേക്ക് നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വീണ്ടും പ്രവേശിക്കാൻ ആർക്കും കഴിയില്ല, അല്ലെങ്കിൽ അതിനു പകരമായ സാങ്കേതികവും ഉപഭോക്തൃപരവുമായവയിൽ പോലും. ഇത് ജ്ഞാനം നൽകുന്നില്ല, കടന്ന പാത ഇത് കാണിക്കുന്നില്ല,  ഇത് കൃത്രിമമാണ്. വാർദ്ധക്യം ജീവശാസ്ത്രപരവും യന്ത്രവത്കൃതവുമായ അതിജീവനത്തിൻറെ സാങ്കേതിക മിഥ്യയിൽ നിന്ന് ഭാവിയെ അഴിച്ചുമാറ്റാനുള്ള ഒരു പ്രത്യേക സമയമാണ്. വയോധികരുടെ ആർദ്രത എന്ന വാക്ക് അടിവരയിട്ടു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു മുത്തച്ഛനൊ മുത്തശ്ശിയൊ പേരക്കുട്ടികളെപ്പോലെ എങ്ങനെ ലാളിക്കുന്നു എന്നു നോക്കൂ: മാനുഷികമായ എല്ലാ പരീക്ഷണങ്ങളിലും നിന്ന് മുക്തമായ ആ ആർദ്രത, മാനവ പരീക്ഷണങ്ങളെ അതിജീവിച്ച് സൗജന്യമായി സ്നേഹം നൽകാൻ പ്രാപ്തമാണ്, പരസ്പരമുള്ള സ്നേഹപൂർവ്വമായ സാമീപ്യം. വാർദ്ധക്യം സാങ്കേതികമായ വ്യാമോഹത്തിൽ നിന്ന് ഭാവിയെ അഴിച്ചുമാറ്റാനുള്ള സവിശേഷ സമയമാണെന്ന് ഞാൻ പറഞ്ഞു. അത് നമുക്കെല്ലാവർക്കും വേണ്ടി ഒരു വഴി തെളിക്കുന്ന, സഷ്ട്രായ ദൈവത്തിൻറെ ആർദ്രതയുടെ കാലമാണ്. ഉന്നതത്തിൽ നിന്നുള്ള ജനനവുമായി നമ്മെ അനുരഞ്ജിപ്പിക്കുന്ന വാർദ്ധക്യത്തിൻറെ ആത്മീയവും സാംസ്കാരികവുമായ ഈ ദൗത്യം വീണ്ടും തുറക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കട്ടെ. വാർദ്ധക്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ഇങ്ങനെ പറയും: വൃദ്ധജനം പ്രയോജനരരഹിതരായതിനാലാണോ ഈ വലിച്ചെറിയൽ സംസ്കാരം അവരെ  ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്?  പ്രയാധിക്യത്തിലെത്തിയവർ ഭാവിയുടെ സന്ദേശവാഹകരാണ്, പ്രായംചെന്നവർ ആർദ്രതയുടെ ദൂതരാണ്, വയോധികർ ജീവിച്ച ജീവിതത്തിൽ നിന്നാർജ്ജിച്ച അറിവിൻറെ സന്ദേശവാഹകരാണ്. നമുക്ക് മുന്നേറാം വൃദ്ധജനത്തെ നോക്കാം. നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ഈ വരുന്ന പന്ത്രണ്ടാം തീയതി ഞായറാഴ്‌ച (12/06/22) തിരുസഭ പരിശുദ്ധതമ ത്രിത്വത്തിൻറെ തിരുന്നാൾ ആചരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും എല്ലാവരും നമ്മുടെ ജീവതത്തിൽ മാമ്മോദീസാ വഴിയുള്ള ത്രിത്വത്തിൻറെ സാന്നിധ്യത്തെക്കുറിച്ച് അവബോധം പുലർത്താനും, ഏതൊരു സാഹചര്യത്തിലും കർത്താവിൻറെ ഹിതം നിറവേറ്റാനുള്ള ശക്തി അതിൽ കണ്ടെത്താനും ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2022, 12:49

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >