ദൈനംദിന ജീവിതത്തിൽ യേശു സാന്നിദ്ധ്യം തിരിച്ചറിയുക!

പാപ്പായുടെ ത്രികാലജപ സന്ദേശം- മുൻവിധികളിൽ നിന്നു മുക്തമായ നയനങ്ങളും ഹൃദയവും ആശ്ചര്യത്തോടു തുറവുള്ള കണ്ണുകളും നമുക്കുണ്ടാകുന്നതിനായി പരിശുദ്ധ കന്യകാമറിയത്തിൻറെ സഹായം തേടുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ റോമിലെ ജെമെല്ലി പോളിക്ലിനിക് മെഡിക്കൽ കോളേജാശുപത്രിയിൽ വൻകുടൽ ശസ്ത്രക്രിയാനന്തര വിശ്രമത്തിലാണ്. മുൻകൂട്ടി നിശ്ചയിച്ചിരുന്നതനുസരിച്ച് ഞായാറാഴ്ച (04/07/21) ഉച്ചയ്ക്കു ശേഷമാണ് മാർപ്പാപ്പാ ആശുപത്രിയിൽ പ്രവേശിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയനായതും. ഞായറാഴ്ച ആശുപത്രിയിലേക്കു പോകുന്നതിനു മുമ്പ് മദ്ധ്യാഹ്നത്തിൽ പാപ്പാ, ഞായറാഴ്ചകളിലെ പതിവനുസരിച്ച്, വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാത്ഥന നയിച്ചു. റോമിൽ സൂര്യതാപം ശക്തിയാർജ്ജിച്ചിരിക്കയാണെങ്കിലും ഈ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ്, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (27/06/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 6,1-6 വരെയുള്ള  വാക്യങ്ങൾ, അതായത്, ഒരു സാബത്തു ദിനത്തിൽ സ്വദേശത്ത് സിനഗോഗിൽ പഠിപ്പിക്കാൻ ആരംഭിക്കുന്ന യേശുവിനെ ജനം അവമതിക്കുന്ന സംഭവ വിവരണം, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

തച്ചൻറെയും മറിയത്തിൻറെയും മകനായ യേശു

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ഞായറാഴ്ചത്തെ ആരാധനാക്രമത്തിൽ നാം വായിക്കുന്ന സുവിശേഷ ഭാഗം (മർക്കോ 6:1-6) യേശുവിൻറെ നാട്ടുകാരുടെ അവിശ്വാസത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഗലീലിയിലെ മറ്റ് ഗ്രാമങ്ങളിൽ പ്രസംഗിച്ചശേഷം അവിടന്ന്, താൻ, മറിയത്തോടും യൗസേപ്പിനോടും കൂടെ വളർന്ന, നസറത്തിലേക്ക് മടങ്ങുന്നു; ഒരു സാബത്തു ദിവസം യേശു, അവിടെ, സിനഗോഗിൽ പഠിപ്പിക്കാൻ തുടങ്ങുന്നു. അവനെ ശ്രവിച്ച അനേകർ ഇങ്ങനെ ചോദിക്കുന്നു: “ഈ ജ്ഞാനമെല്ലാം അവന് എവിടെ നിന്ന് ലഭിക്കുന്നു? അവൻ തച്ചൻറെയും മറിയത്തിൻറെയും മകനല്ലേ, അതായത്‌ നമുക്ക് നല്ല പരിചയമുള്ള നമ്മുടെ അയൽവാസികളുടെ മകനല്ലേ? (മർക്കോസ് 1-3). ഈ പ്രതികരണത്തിന് മുന്നിൽ യേശു സാമാന്യ അറിവിൻറെ ഭാഗമായ ഒരു സത്യം സ്ഥിരീകരിക്കുന്നു: “ഒരു പ്രവാചകൻ സ്വദേശത്തും ബന്ധുജനത്തിനിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല” (മർക്കോസ് 6,4). നാം ഇത് പലവുരു പറയാറുണ്ട്.

അറിയുക - അംഗീകരിക്കുക

നമുക്ക് യേശുവിൻറെ നാട്ടുകാരുടെ മനോഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അവർക്ക് യേശുവിനെ അറിയാമെന്ന് നമുക്ക് പറയാമെങ്കിലും, അവർ അവനെ തിരിച്ചറിയുന്നില്ല. അറിയുക എന്നതും അംഗീകരിക്കുക എന്നതും തമ്മിൽ വ്യത്യാസമുണ്ട്. വാസ്തവത്തിൽ, ഈ വ്യത്യാസം നമുക്കു മനസ്സിലാക്കിത്തിരുന്നത്, ഒരു വ്യക്തിയെക്കുറിച്ച് നമുക്ക് പലതും അറിയാൻ കഴിയുമെന്നും, ഒരു ഏകദേശ രൂപം നമുക്കു ലഭിക്കുമെന്നും അതെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിനെ ആശ്രയിക്കാമെന്നും ചിലപ്പോൾ അവിടെ വച്ച് അയാളെ കണ്ടുമുട്ടാമെന്നും എന്നാൽ ഇതൊന്നും പോരാ എന്നുമാണ്. ഇത് ആ വ്യക്തിയുടെ അനന്യത തിരിച്ചറിയാത്ത ഒരു സാധാരണ, ഉപരിപ്ലവമായ അറിവാണ്. നമുക്കെല്ലാവർക്കുമുള്ള ഒരു അപകടസാധ്യതയാണിത്: ഒരു വ്യക്തിയെക്കുറിച്ച് ഏറെക്കാര്യങ്ങൾ അറിയാമെന്ന് നാം കരുതുന്നു, ഇതിൽ, ഏറ്റവും മോശമായ കാര്യം നാം അവരെ മുദ്രകുത്തുകയും മുൻവിധികളിൽ തളച്ചിടുകയും ചെയ്യുന്നു എന്നതാണ്. ഇതുപോലെ, യേശുവിൻറെ നാട്ടുകാർക്ക് മുപ്പതു വർഷത്തോളമായി യേശുവിനെ അറിയാം, അവനെക്കുറിച്ച് എല്ലാം അറിയാമെന്ന് അവർ കരുതുന്നു! “മരപ്പണിക്കാരൻറെയും മറിയത്തിൻറെയും മകനായി വളരുന്നത് നാം കണ്ട ബലനല്ലെ ഇവൻ? എന്നാൽ ഈ അറിവ് അവന് എവിടെ നിന്ന് ലഭിക്കുന്നു? ”. ഇവിടെ തെളിയുന്നത് അവിശ്വാസമാണ്. വാസ്തവത്തിൽ, യേശു യഥാർത്ഥത്തിൽ ആരാണെന്ന് അവർ ഒരിക്കലും തിരിച്ചറിഞ്ഞില്ല. അവർ ബാഹ്യരൂപത്തിൽ ഒതുങ്ങി നില്ക്കുകയും യേശുവിൻറെ പുതുമയെ നിരസിക്കുകയും ചെയ്യുന്നു.

മാറ്റത്തെ ചെറുക്കുന്ന പതിവു ശൈലികൾ 

ഇവിടെ നാം പ്രശ്നത്തിൻറെ കാതലായ ഭാഗത്തേക്കു കടക്കുകയാണ്: പതിവു രീതികളുടെ സൗകര്യവും മുൻവിധികളാലുള്ള സ്വേച്ഛാധിപത്യവും പ്രബലപ്പെടുന്നിടത്ത് പുതുമയിലേക്കു തുറവുണ്ടാകുകയും വിസ്മയത്തിന് സ്വയം തുറന്നിടുകയും ചെയ്യുക ബുദ്ധിമുട്ടാണ്. പതിവുരീതികളും മുൻവിധികളും നാം പരിശോധനാ മാനദണ്ഡങ്ങളാക്കുന്നു. ജീവിതത്തിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്, ആളുകളിൽ നിന്നു പോലും നമ്മുടെ ആശയങ്ങളുടെയും പദ്ധതികളുടെയും സ്ഥിരീകരണം മാത്രം പലപ്പോഴും തേടുന്നു, മാറ്റത്തിനായി ഒരിക്കലും പരിശ്രമിക്കുന്നില്ല. യേശുവിനെ നമുക്കറിയാമെന്നും അവിടത്തെക്കുറിച്ച് നമുക്ക് ഇതിനകം തന്നെ വളരെയധികം അറിയാമെന്നും എല്ലായ്പോഴും ചെയ്യുന്ന കാര്യങ്ങൾ ആവർത്തിച്ചാൽ മതിയെന്നും കരുതുന്ന വിശ്വാസികളായ നമുക്കു തന്നെയും  ദൈവത്തോടുള്ള കാര്യത്തിൽ ഇത് സംഭവിക്കാം. ദൈവവുമായി ഇതു പോരാ. എന്നാൽ പുതുമയോട് തുറവില്ലാതെ, എല്ലാറ്റിനുമുപരിയായി – നിങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുക – ദൈവത്തിൻറെ ആശ്ചര്യങ്ങളോട്, വിസ്മയങ്ങളോട് തുറവില്ലെങ്കിൽ വിശ്വാസം സാവധാനം അണഞ്ഞുപോകുന്ന ബലഹീനമായ ഒരു ലുത്തീനിയയായി മാറുകയും, ഒരു ശീലം, സാമൂഹിക ശീലം ആയിത്തീരുകയും  ചെയ്യുന്നു. ഞാൻ ഒരു വാക്ക് പറഞ്ഞു: ആശ്ചര്യം. എന്താണ് ആശ്ചര്യം? ദൈവവുമായുള്ള കൂടിക്കാഴ്ച നടക്കുമ്പോൾ സംഭവിക്കുന്നതാണ്: "ഞാൻ കർത്താവിനെ കണ്ടുമുട്ടി". നാം സുവിശേഷത്തിൽ വായിക്കുന്നു: യേശുവിനെ കണ്ടുമുട്ടുകയും അവനെ തിരിച്ചറിയുകയും ചെയ്യുന്ന ആളുകൾക്ക് പലതവണ ആശ്ചര്യം തോന്നുന്നു. നമ്മളും, ദൈവവുമായുള്ള കണ്ടുമുട്ടലിനൊപ്പം ഈ പാതയിലൂടെ പോകണം: ആശ്ചര്യം അനുഭവിക്കുക. ആ കൂടിക്കാഴ്ച സത്യമാണ്, അത് പതിവ് പരിപാടിയല്ല എന്നുറപ്പു നല്കുന്ന സാക്ഷിപത്രം പോലെയാണത്.

യേശുവിനെ തിരിച്ചറിയുന്നതിനുള്ള പ്രതിബന്ധം 

അവസാനം, യേശുവിൻറെ നാട്ടുകാർ അവിടത്തെ തിരിച്ചറിയുകയും അവിടന്നിൽ വിശ്വസിക്കുകയും ചെയ്യാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണിത്? എന്താണ് കാരണം? ചുരുക്കിപ്പറഞ്ഞാൽ,  മനുഷ്യാവതാരത്തിൻറെ  അപവാദം അവർ അംഗീകരിക്കുന്നില്ലെന്ന് നമുക്ക് പറയാൻ കഴിയും. മനുഷ്യാവതാരത്തിൻറെ ഈ രഹസ്യം അവർക്കറിയില്ല, അവർ ആ രഹസ്യം അംഗീകരിക്കുന്നില്ല. അവർക്കതറിയില്ല, പക്ഷേ കാരണത്തെക്കുറിച്ച് അവർക്കവബോധമില്ല. ദൈവത്തിൻറെ അപാരത നമ്മുടെ ജഡത്തിൻറെ ചെറുമയിൽ വെളിപ്പെടുന്നുവെന്നും, ദൈവപുത്രൻ തച്ചൻറെ മകനാണെന്നും, ദൈവത്വം മാനുഷികതയിൽ മറഞ്ഞിരിക്കുന്നുവെന്നും ഒരു സാധാരണ മനുഷ്യൻറെ വദനത്തിലും വചനത്തിലും പ്രവർത്തികളിലും കുടിയിരിക്കുന്നുവെന്നുമുള്ളത് അപമാനകരമായി അവർ കരുതുന്നു. ഇതാണ് ഉതപ്പ്: ദൈവത്തിൻറെ മനുഷ്യാവതാരം, അവിടത്തെ മൂർത്തരൂപം, അവിടത്തെ "ദൈനംദിന ജീവിതം". നസ്റായനായ യേശുവിൽ ദൈവം തന്നെത്തന്നെ മൂർത്തമാക്കി, സഹയാത്രികനായി, നമ്മിൽ ഒരുവനായി: “നീ ഞങ്ങളിൽ ഒരുവനാണ്” എന്ന് യേശുവിനോട് പറയുന്നത് മനോഹരമായ ഒരു പ്രാർത്ഥനയാണ്! അവിടന്ന് നമ്മിൽ ഒരാളായതിനാൽ നമ്മെ മനസ്സിലാക്കുന്നു, നമ്മോടൊപ്പമുണ്ട്, നമ്മോടു ക്ഷമിക്കുന്നു, നമ്മെ വളരെയധികം സ്നേഹിക്കുന്നു. വാസ്തവത്തിൽ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാത്തവനും ജീവിതത്തിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നു നില്ക്കുന്ന ഒരു വിശ്വാസം സ്വീകരിക്കുന്നവനുമായ അമൂർത്തനും വിദൂരസ്ഥനുമായ ഒരു ദൈവം ആണ് കൂടുതൽ സൗകര്യപ്രദം. അല്ലെങ്കിൽ അസാധാരണമായ കാര്യങ്ങൾ മാത്രം ചെയ്യുകയും എല്ലായ്പ്പോഴും മഹത്തായ വികാരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്ന "സവിശേഷ കർമ്മങ്ങളുടെ" ഒരു ദൈവത്തിൽ വിശ്വസിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ മറിച്ച്, പ്രിയ സഹോദരീസഹോദരന്മാരേ, ദൈവം മനുഷ്യാവതാരം ചെയ്തു: ദൈവം താഴ്മയുള്ളവനാണ്, ദൈവം ആർദ്രനാണ്, ദൈവം മറഞ്ഞിരിക്കുന്നു, നമ്മുടെ ദൈനംദിന ജീവിതത്തിൻറെ സാധാരണ അവസ്ഥയിൽ ആയിരുന്നുകൊണ്ട് അവിടന്ന് നമുക്ക് സമീപസ്ഥനാകുന്നു. അപ്പോൾ യേശുവിൻറെ നാട്ടുകാർക്ക് സംഭവിച്ചതുപോലെ നമുക്കും സംഭവിക്കുന്നു, അതായത് അവിടന്ന് കടന്നുപോകുമ്പോൾ നാം അവിടത്തെ  തിരിച്ചറിയില്ല എന്ന അപകടം ഉണ്ടാകുന്നു. വിശുദ്ധ അഗസ്റ്റിൻറെ ആ മനോഹരമായ വാക്കുകൾ ഞാൻ ആവർത്തിക്കുകയാണ്: "കർത്താവായ ദൈവം കടന്നുപോകുമ്പോൾ ഞാൻ അവിടത്തെ ഭയപ്പെടുന്നു". പക്ഷേ, അഗസ്റ്റിൻ, നീ എന്തിനാണ് ഭയപ്പെടുന്നത്? “അവിടത്തെ തിരിച്ചറിയുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. കർത്താവ് കടന്നുപോകുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു. “തിമേയൊ ദോമിനൂം ത്രാൻസെവൂന്തെം”(Timeo Dominum transeuntem”). നാം അവിടത്തെ തിരിച്ചറിയുന്നില്ല, അവിടന്നിനാൽ അപമാനിതരാകുന്നു. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് നാം ചിന്തിക്കുന്നത് നമ്മുടെ ഹൃദയംകൊണ്ടാണ്.

പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യം തേടുക

മുൻവിധികളിൽ നിന്നു വിമുക്തമായ നയനങ്ങളും ഹൃദയവും, ആശ്ചര്യത്തോടു തുറവുള്ള കണ്ണുകളും നമുക്കുണ്ടാകുന്നതിന് നമുക്കിപ്പോൾ നസ്രത്തിലെ അനുദിന ജീവിതത്തിൽ ദൈവത്തിൻറെ രഹസ്യത്തെ സ്വീകരിച്ച മറിയത്തോട്, പ്രാർത്ഥനയിൽ, യാചിക്കാം: "കർത്താവേ നീയുമായി  കണ്ടുമുട്ടാൻ ഞങ്ങൾക്കു സാധിക്കട്ടെ!". നാം കർത്താവിനെ കണ്ടുമുട്ടുമ്പോൾ ഈ ആശ്ചര്യമുണ്ട്. നാം അവനെ സാധാരണാവസ്ഥയിൽ കണ്ടുമുട്ടുന്നു: ദൈവത്തിൻറെ ആശ്ചര്യങ്ങളിലേക്കും ദൈനംദിന ജീവിതത്തിൽ അവിടത്തെ എളിയതും മറഞ്ഞിരിക്കുന്നതുമായ സാന്നിദ്ധ്യത്തിലേക്കും തുറന്ന കണ്ണുളോടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആഫ്രിക്കൻ നാടായ ഏസ്വത്തീനയ്ക്ക് വേണ്ടി പാപ്പായുടെ അഭ്യർത്ഥന 

ആശീര്‍വ്വാദാനന്തരം പാപ്പാ, ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, രാജഭരണം നിലവിലുള്ള രാജ്യമായ  ഏസ്വത്തീനിയിൽ (eSwatini- സ്വാസിലാൻറ്) നിന്ന് സംഘഷത്തിൻറെയും അക്രമത്തിൻറെയും വാർത്തകൾ വരുന്നതിനെക്കുറിച്ച് ആശങ്കയോടെ അനുസ്മരിച്ചു.

സംഭാഷണത്തിനും അനുരഞ്ജനത്തിനും വിവിധ നിലപാടുകളുടെ സമാധാനപരമായ ഏകോപനത്തിനും വേണ്ടി പൊതുവായി പരിശ്രമിക്കാൻ ഉത്തരവാദിത്വമുള്ളവരെയും നാടിൻറെ നല്ലൊരു ഭാവി ആഗ്രഹിക്കുന്നവരെയും പാപ്പാ ക്ഷണിച്ചു.

പാപ്പായുടെ സ്ലൊവാക്യ സന്ദശനം സെപ്റ്റംബർ 12-15

ദൈവം തിരുമനസ്സാകുമെങ്കിൽ, അടുത്ത സെപ്റ്റംബർ 12 മുതൽ 15 വരെ, താൻ സ്ലൊവാക്യയിൽ ഇടയസന്ദർശനം നടത്തുമെന്ന് പാപ്പാ വെളിപ്പെടുത്തി. 

സെപറ്റംബർ 12-നു രാവിലെ, താൻ, ഹങ്കറിയിലെ ബുഡാപെസ്റ്റിൽ, അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന സമൂഹദിവ്യബലി അർപ്പിക്കുമെന്നും പാപ്പാ പറഞ്ഞു. 

തൻറെ ഈ യാത്രയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്ന എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, റോം ഉള്‍പ്പടെ ഇറ്റലിയിലെ വിവിധ നഗരങ്ങളിലും മറ്റ് നാടുകളിലും നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്യുകയും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2021, 12:33

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >