Vatican News

ത്രികാലജപ സന്ദേശം 27-06-2021

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വേനൽ കടുത്തു വരികയാണ് റോമില്‍. എന്നിരുന്നാലും ഈ ഞായറാഴ്ചയും (27/06/21 മദ്ധ്യാഹ്നത്തിൽ, ഫ്രാൻസീസ് പാപ്പാ,  നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ് പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (27/06/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 5,21-43 വരെയുള്ള  വാക്യങ്ങൾ, അതായത്, യേശു രക്തസ്രാവക്കാരിയെ സൗഖ്യമാക്കുന്നതും സിനഗോഗധികാരിയുടെ മരിച്ച പെൺകുട്ടിയ്ക്ക് പുനഃജീവനേകുന്നതുമായ സംഭവങ്ങൾ, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

രോഗവും മരണവും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് സുവിശേഷത്തിൽ (മർക്കോസ് 5: 21-43) യേശു, നമ്മുടെ ഏറ്റവും നാടകീയമായ രണ്ട് സാഹചര്യങ്ങളായ മരണത്തെയും രോഗത്തെയുമാണ് കൈകാര്യം ചെയ്യുന്നത്. അവയിൽ നിന്ന് രണ്ടു പേരെ അവിടന്ന് മോചിപ്പിക്കുന്നു: ഒരാൾ ഒരു കൊച്ചു പെൺകുട്ടിയാണ്, അവളുടെ പിതാവ് യേശുവിനോട് സഹായം ചോദിക്കാൻ പോയ സമയത്താണ് അവൾ മരിക്കുന്നത്; ഇതര വ്യക്തി, വർഷങ്ങളായി രക്തസ്രാവമുള്ള ഒരു സ്ത്രീയാണ്. നമ്മുടെ വേദനയും മരണവും തന്നെ സ്പർശിക്കാൻ യേശു അനുവദിക്കുന്നു, വേദനയോ മരണമോ അവസാനവാക്കല്ലെന്ന് പറയുന്നതിനായി അവിടന്ന് സൗഖ്യദാനത്തിൻറെ രണ്ട് അടയാളങ്ങൾ പ്രവർത്തിക്കുന്നു. മരണം അവസാനമല്ലെന്ന് അവിടന്ന് നമ്മോട് പറയുന്നു. ഈ ശത്രുവിനെ അവിടന്ന് ജയിക്കുന്നു, ഈ ശത്രുവിൽ നിന്ന് രക്ഷ നേടാൻ നമുക്ക് തനിച്ച് സാധിക്കില്ല.

സമൂഹം ഹൃദയത്തിനേല്പിക്കുന്ന മുറിവ് 

ഇപ്പോഴും, നമ്മുടെ ദൈനംദിന വാർത്തകളുടെ കേന്ദ്രസ്ഥാനത്ത് രോഗം ഇടം പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, നമുക്ക് സ്ത്രീയുടെ രോഗശാന്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ആരോഗ്യത്തേക്കാൾ, അവളുടെ മാനസികാവസ്ഥകളാണ് സന്ധിചെയ്യപ്പെടുന്നത്. അത് എന്തുകൊണ്ടാണ്? അവൾക്ക് രക്തസ്രാവം ഉണ്ടായിരുന്നു, അതിനാൽ അക്കാലത്തെ മനോഭാവമനുസരിച്ച് അവളെ അശുദ്ധയായി കണക്കാക്കി. അതിനാൽ അവൾ പാർശ്വവത്കരിക്കപ്പെട്ട സ്ത്രീയായിരുന്നു, അവൾക്ക് മറ്റുള്ളവരുമായി സുദൃഢ ബന്ധങ്ങൾ പുലർത്താൻ കഴിയുമായിരുന്നില്ല, അവൾക്ക് ഒരു ജീവിത പങ്കാളിയുണ്ടാകുക സാധ്യമായിരുന്നില്ല, അവൾക്ക് ഒരു കുടുംബമുണ്ടാക്കാനാവില്ല. അവൾ അശുദ്ധയായിരുന്നതിനാൽ അവൾക്ക് സാധാരണ സാമൂഹിക ബന്ധങ്ങൾ ഉണ്ടാകാനും കഴിയില്ല, ഒരു രോഗം അവളെ "അശുദ്ധയാക്കി". മുറിവേറ്റ ഹൃദയവുമായി അവൾ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ രോഗം, ഏതാണ്? അർബുദം? ക്ഷയം? മഹാമാരി? അതൊന്നുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ രോഗം സ്നേഹത്തിൻറെ അഭാവമാണ്, സ്നേഹിക്കാൻ കഴിയുന്നില്ല എന്നതാണ്. ഈ പാവം സ്ത്രീ രക്തസ്രാവം മൂലം രോഗിയായി, തന്മൂലം, സ്നേഹത്തിൻറെ അഭാവമുണ്ടായി, കാരണം അവൾക്ക് മറ്റുള്ളവരുമായി സാമൂഹികമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാനസിക സൗഖ്യമാണ് ഇവിടെ ഏറ്റവും പ്രധാനം. എന്നാൽ അത് എങ്ങനെ കണ്ടെത്താം? നമുക്ക് നമ്മുടെ വൈകാരികാവസ്ഥകളെക്കുറിച്ച് ചിന്തിക്കാം: അവ രോഗഗ്രസ്തമാണോ അതോ അവ ആരോഗ്യാവസ്ഥയിലാണോ? അവ രോഗഗ്രസ്തങ്ങളെങ്കിൽ അവയെ സുഖപ്പെടുത്താൻ യേശുവിനു കഴിയും.

പേരില്ലാത്തവളും യേശുവുമായുള്ള ഉറ്റ ബന്ധവും 

പേരില്ലാത്ത ഈ സ്ത്രീയുടെ കഥ - നമുക്ക് അവളെ "നാമരഹിത സ്ത്രീ" എന്ന് സംബോധന ചെയ്യാം- അവളിൽ നമുക്കെല്ലാവർക്കും നമ്മെത്തന്നെ കാണാൻ സാധിക്കും, അവൾ മാതൃകയാണ്. അവൾ വളരെയേറെ ചികിത്സകൾ ചെയ്യുകയും  “തൻറെ സ്വത്തെല്ലാം വിഫലമായി ചെലവഴിക്കുകയും, അവളുടെ രോഗാവസ്ഥ കൂടുതൽ മോശമാവുകയും ചെയ്തു” (വാക്യം 26) എന്നാണ് വേദപുസ്തകം പറയുന്നത്. നമ്മുടെ സ്നേഹത്തിൻറെ അഭാവം നികത്താൻ നമ്മളും എത്ര തവണ തെറ്റായ പ്രതിവിധികൾ തേടിപ്പോകുന്നു? നേട്ടവും പണവും നമുക്ക് സന്തോഷം പ്രദാനം ചെയ്യുമെന്ന് നാം  കരുതുന്നു, എന്നാൽ സ്നേഹം വിലയ്ക്കു വാങ്ങാൻ കഴിയില്ല, അത് സൗജന്യമാണ്. നാംം‌ അമൂർത്തമായതിൽ അഭയം പ്രാപിക്കുന്നു, പക്ഷേ സ്നേഹം സമൂർത്തമാണ്. നാം ആയിരിക്കുന്നരീതിയിൽ നാം സ്വയം സ്വീകരിക്കുന്നില്ല, ബാഹ്യതയുടെ തന്ത്രങ്ങൾക്ക് പിന്നിൽ നാം ഒളിക്കുന്നു, പക്ഷേ സ്നേഹം ഒരു പുറം രൂപമല്ല. നാം മാന്ത്രവാദികളിലും ദിവ്യന്മാരിലും നിന്ന് പരിഹാരങ്ങൾ തേടുന്നു, ആ സ്ത്രീയെപ്പോലെ,  പണവും സമാധാനവും ഇല്ലാത്ത അവസ്ഥയിലാകുകയും ചെയ്യുന്നു. അവസാനം, അവൾ യേശുവിലേക്കു തിരിയുകയും അവിടത്തെ മേലങ്കിയിൽ തൊടുന്നതിന് ജനക്കൂട്ടത്തിനിടയിലേക്കു കയറുകയും  ചെയ്യുന്നു. ആ സ്ത്രീ, യേശുവുമായി നേരിട്ടുള്ള സമ്പർക്കത്തിന്, അതായത്,  ശാരീരികമായ ഒരു സ്പർശത്തിനായി ശ്രമിക്കുന്നു. സമ്പർക്കം, ബന്ധങ്ങൾ എത്ര മാത്രം പ്രധാനമാണെന്ന്, സർവ്വോപരി ഈ കാലഘട്ടത്തിൽ നാം മനസ്സിലാക്കുന്നു. യേശുവുമായുള്ള കാര്യത്തിലും ഇപ്രകാരം തന്നെയാണ്: ചില പ്രമാണങ്ങൾ പാലിക്കുന്നതിലും പ്രാർത്ഥന –പലപ്പോഴും തത്തകളെപ്പോലെ-  ആവർത്തിക്കുന്നതിലും നാം ചിലപ്പോൾ തൃപ്തിയടയുന്നു, എന്നാൽ കർത്താവ് നാം അവിടന്നുമായി  കൂടിക്കാഴ്ച നടത്തുന്നതിനും, നമ്മുടെ ഹൃദയം നാം അവിടത്തേക്കായി തുറക്കുന്നതിനും, ആ സ്ത്രീയെപ്പോലെ അവിടത്തെ മേലങ്കി തൊടുന്നതിനും കാത്തിരിക്കുന്നു.  കാരണം, യേശുവുമായുള്ള ഉറ്റ ബന്ധത്തിലാകുന്നതിലൂടെ, നമ്മുടെ മാനസികാവസ്ഥകൾ സൗഖ്യമാക്കപ്പെടുന്നു.

വിശ്വാസഭരിത വദനവും ചിത്തവും തേടുന്ന യേശു 

ഇതാണ് യേശുവിന് വേണ്ടത്. ആൾത്തിരക്കിനിടയിലും യേശു, തന്നെ സ്പർശിച്ചത് ആരാണെന്ന് അറിയാൻ ചുറ്റും നോക്കുന്നതായി നാം വായിക്കുന്നു. എന്നാൽ ശിഷ്യന്മാർ അവിടത്തോടു ചോദിക്കുന്നു: “ജനക്കൂട്ടം നിനക്കു ചുറ്റും തിങ്ങിക്കൂടുന്നത് കാണുന്നില്ലേ…”: "ആരാണ് എന്നെ തൊട്ടത്?". അത് യേശുവിൻറെ നോട്ടമാണ്: ആളുകൾ ധാരാളം ഉണ്ട്, എന്നാൽ അവിടന്ന് വിശ്വാസഭരിതമായ ഒരു വദനവും ചിത്തവും തേടുന്നു. യേശു നമ്മെപ്പോലെ മൊത്തത്തിലല്ല നോക്കുന്നത്, അവിടന്ന് ഒരാളെ തേടുന്നു. ഭൂതകാലത്തിലെ മുറിവുകൾക്കും തെറ്റുകൾക്കും മുന്നിൽ അതിന് വിരാമമാകുന്നില്ല, മറിച്ച് പാപങ്ങളെയും മുൻവിധികളെയും  അത് ഉല്ലംഘിക്കുന്നു. നമുക്കെല്ലാവർക്കും ഒരു ചരിത്രമുണ്ട്, ഓരോരുത്തർക്കും, അതിൻറെ രഹസ്യത്തിൽ, സ്വന്തം ചരിത്രത്തിലെ മോശവും നല്ലതുമായ കാര്യങ്ങൾ നന്നായി അറിയാം. എന്നാൽ, യേശുവാകട്ടെ, അവയെ സുഖപ്പെടുത്താൻ ശ്രമിക്കുന്നു. മറിച്ച് നാമാകട്ടെ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ മോശം കാര്യങ്ങൾ നോക്കാനാണ്. നമ്മൾ സംസാരിക്കുമ്പോൾ, എത്ര തവണ,  നാം വ്യർത്ഥഭാഷണത്തിൽ വീണുപോകുന്നു, അത് മറ്റുള്ളവരെക്കുറിച്ച് അപവാദം പറച്ചിലാണ്, മറ്റുള്ളവരെ "തൊലിയുരിക്കൽ" ആണ്. എന്നാൽ നോക്കൂ: ഇത് ജീവിതത്തിൻറെ ഏത് ചക്രവാളമാണ്? നമ്മെ രക്ഷിക്കാനുള്ള വഴി എപ്പോഴും നോക്കുന്ന, നമ്മുടെ മോശം ചരിത്രത്തിലേക്കല്ല, നമ്മുടെ സന്മനസ്സിലേക്കു നോക്കുന്ന യേശുവിനെപ്പോലെയല്ല, നാം ഇന്ന്, നോക്കുന്നത്. യേശു പാപങ്ങളെ ഉല്ലംഘിക്കുന്നു. യേശു മുൻവിധികൾക്കപ്പുറത്തേക്ക് പോകുന്നു. അവിടന്ന് ബാഹ്യമാത്രമായവയ്ക്ക് മുന്നിൽ നിന്നുപോകുന്നില്ല, യേശു ഹൃദയത്തിലേക്കു കടക്കുന്നു. സകലരും അശുദ്ധയായി കണക്കാക്കി പുറന്തള്ളിയ സ്ത്രീയെ അവിടന്ന് സുഖപ്പെടുത്തുന്നു. ആർദ്രതയോടെ അവിടന്ന് അവളെ "മകളേ" എന്ന് വിളിക്കുന്നു (വാക്യം 34) – സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവയായിരുന്നു യേശുവിൻറെ ശൈലി: "മകളേ ..." - അവളുടെ വിശ്വാസത്തെ അവിടന്ന്  പ്രശംസിക്കുകയും അവളുടെ ആത്മവിശ്വാസം വിണ്ടെടുത്തു നല്കുകയും ചെയ്യുന്നു.

വിധിക്കരുത്, സ്വാഗതം ചെയ്യുക

സഹോദരീ, സഹോദരാ, നീ ഇവിടെയുണ്ട്, നിൻറെ ഹൃദയത്തെ നോക്കി സുഖപ്പെടുത്താൻ നീ യേശുവിനെ അനുവദിക്കുക. ഞാനും ഇത് ചെയ്യണം: യേശു എൻറെ ഹൃദയത്തെ നോക്കി സുഖപ്പെടുത്താൻ ഞാൻ അനുവദിക്കണം. നിങ്ങൾ ഇതിനകം അവിടത്തെ ആർദ്രമായ നോട്ടം അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അവിടത്തെ അനുകരിക്കുക, അവിടന്നു ചെയ്യുന്നതുപോലെ ചെയ്യുക. നിനക്കു ചുറ്റും നോക്കുക: നിൻറെ ചാരെ ജീവിക്കുന്ന അനേകർ മുറിവേറ്റവരായും ഒറ്റപ്പെടൽ അനുഭവിക്കുന്നവരായും നിനക്കു കാണാനാകും, തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടാകേണ്ടതുണ്ട്: അതിനായി നീ ഒരു ചുവടുവെക്കുക. പുറംഭാഗത്ത് നിന്നുപോകാതെ ഹൃദയത്തിലേക്ക് കടക്കുന്ന ഒരു നോട്ടമാണ് യേശു നിന്നോട്  ആവശ്യപ്പെടുന്നത്; വിധി നടത്തുന്ന ഒരു നോട്ടമല്ല യേശു നമ്മോട് ആവശ്യപ്പെടുന്നത് – മറ്റുള്ളവരെ വിധിക്കുന്നതിൽ നാം ചെന്നെത്താറുണ്ട് – വിധിനടത്താത്തതും എന്നാൽ സ്വാഗതം ചെയ്യുന്നതുമായ ഒരു നോട്ടം യേശു നമ്മോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരെ സ്വീകരിക്കാൻ നമ്മുടെ ഹൃദയം തുറന്നിടാം. കാരണം സ്നേഹം മാത്രമാണ് ജീവിതത്തിന് പുനഃസൗഖ്യം നല്കുന്നത്. നമ്മുടെ യാത്രയിൽ കണ്ടുമുട്ടുന്ന വ്രണിതഹൃദയർക്ക് സാന്ത്വനമേകാൻ ദുഃഖിതരുടെ ആശ്വാസമായ നാഥ നമ്മെ സഹായിക്കട്ടെ. വിധിക്കരുത്, മറ്റുള്ളവരുടെ വ്യക്തിപരവും സാമൂഹികവുമായ യാഥാർത്ഥ്യത്തെ വിധിക്കരുത്. ദൈവം സകലരെയും സ്നേഹിക്കുന്നു! വിധിക്കരുത്, മറ്റുള്ളവർ ജീവിക്കട്ടെ, സ്നേഹത്തോടെ അവരുടെ ചാരത്തായിരിക്കാൻ ശ്രമിക്കുക.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ, ജൂൺ 29-ന് വിശുദ്ധ പത്രോസിൻറെയും വിശുദ്ധ പൗലോസിൻറെയും തിരുന്നാൾ തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ചു.

പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കുക 

വിശുദ്ധ പത്രോസിൻറെയും വിശുദ്ധ പൗലോസിൻറെയും ഈ തിരുന്നാളിനോടനുബന്ധിച്ച് പാപ്പാ തനിക്കുവേണ്ടി പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിച്ചു. മാർപ്പാപ്പയ്ക്ക് എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണെന്നു പറഞ്ഞ പാപ്പാ എല്ലാവരും പ്രാത്ഥിക്കുമെന്ന തൻറെ ബോധ്യം വെളിപ്പെടുത്തുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

കിഴക്കിൻറെ ജനതയ്ക്ക് ദൈവം സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യട്ടെ 

പൗരസ്ത്യ ദേശത്തെ സമാധാനാത്തിനായുള്ള പ്രാർത്ഥനാദിനം ഈ ഞായറാഴ്‌ച (27/06/21) ആയിരുന്നത് അനുസ്മരിച്ച പാപ്പാ ആ പ്രദേശത്തിന് ദൈവികകാരുണ്യവും സമാധാനവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

ക്രിസ്തീയ വിശ്വാസം ജന്മംകൊള്ളുകയും, ആ വിശ്വാസം ക്ലേശങ്ങളെ അതിജീവിച്ച് സജീവമായി നിലകൊള്ളുകയും ചെയ്യുന്ന മദ്ധ്യപൂർവ്വദേശത്ത് സംഭാഷണത്തിനും സാഹോദര്യസഹജീവനത്തിനും വേണ്ടിയുള്ള സകലരുടെയും പ്രവർത്തനങ്ങളെ കർത്താവ് തുണയ്ക്കട്ടെയെന്നും ആ പ്രദേശത്തെ പ്രിയപ്പെട്ട ജനങ്ങൾക്ക് ദൈവം എപ്പോഴും ശക്തിയും സ്ഥൈര്യവും ധൈര്യവും നൽകട്ടെയെന്നും പാപ്പാ ആശംസിച്ചു.

ചെക് റിപ്പബ്ലിക്കിലെ ചുഴിലിക്കാറ്റു ദുരന്തം

ശക്തമായ ചുഴലിക്കാറ്റ് ബാധിതമായ ചെക്ക് റിപ്പബ്ലിക്കിന്റെ തെക്ക്-കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പുനൽകി. മരിച്ചവർക്കും പരിക്കേറ്റവർക്കും വീടുകൾ വിട്ടുപോകേണ്ടിവന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, റോം ഉള്‍പ്പടെ ഇറ്റലിയിലെ വിവിധ നഗരങ്ങളിലും മറ്റ് നാടുകളിലും നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്യുകയും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

29 June 2021, 06:38

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >