പ്രാർത്ഥനാ  കരങ്ങളോടെ... പ്രാർത്ഥനാ കരങ്ങളോടെ... 

വിശുദ്ധിയിലേക്കുളള വിളി:മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ദൈവാരാധനയും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 154-155 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരൂപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

മദ്ധ്യസ്ഥപ്രാർത്ഥനയ്ക്ക് മൂല്യമുണ്ട്

154. ദൈവത്തിൽ ആശ്രയിക്കുകയും തനിക്ക് തന്നെയായി യാതൊന്നും ചെയ്യാനാവില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കുകയും ചെയ്യുന്ന ഒരു ഹൃദയത്തിന്‍റെ പ്രകടനമാണ് യാചനാപ്രാർത്ഥന. ദൈവത്തിന്‍റെ വിശ്വസ്ഥ ജനത്തിന്‍റെ വിശ്വാസനിർഭരമായ സ്നേഹത്തിലും വലിയ ആശ്രയ ബോധത്തിൽ നിന്ന് ഉത്ഭവിക്കുന്ന നിരന്തര യാചനയാൽ മുദ്രിതമാണത്. യാചനാപ്രാർത്ഥനയെ നമ്മൾ വിലകുറച്ച് കാണരുത്. അതു നമ്മുടെ ഹൃദയ ദാഹത്തെ ശമിപ്പിക്കുകയും, പ്രതീക്ഷയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

മദ്ധ്യസ്ഥപ്രാർത്ഥനയ്ക്ക് ഒരു പ്രത്യേക മൂല്യമുണ്ട്. എന്തെന്നാൽ അത് ദൈവത്തിലുള്ള പ്രത്യാശയുടെ പ്രകടനമാണ് അതേസമയം തന്നെ നമ്മുടെ അയൽക്കാരോടുള്ള സ്നേഹത്തിന്‍റെ പ്രകാശനവുമാണ്. ഒരു ഏകപക്ഷീയ ആത്മീയതയിൽ അധിഷ്ഠിതമായി പ്രാർത്ഥന എല്ലാ ശ്രദ്ധ ശൈഥില്യങ്ങളിൽ നിന്നും വിമുക്തമായ കറതീർന്ന ദൈവധ്യാന ദർശനമാണെന്ന് കരുതുന്നവരുണ്ട്. മറ്റുള്ളവരുടെ പേരുകളും മുഖങ്ങളും എങ്ങനെയും ഒഴിവാക്കപ്പെടേണ്ടതായ ഒരു ശല്യമാണ്. എന്നാൽ വാസ്തവത്തിൽ മദ്ധ്യസ്ഥപ്രാർത്ഥന വഴി ഈശോ നമുക്ക് നൽകിയ രണ്ട് കല്‍പനകളുടെ അഭ്യസനത്തിന് പരിശ്രമിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന സർവ്വോപരി ദൈവത്തിനു പ്രസാദകരമാകുന്നതും വിശുദ്ധിയിലുള്ള വളർച്ച ഏറെ ഫലപ്രദമാകുന്നതും. മദ്ധ്യസ്ഥപ്രാർത്ഥന നമുക്ക് മറ്റുള്ളവരോടുള്ള സഹോദരതുല്യമായ ശ്രദ്ധയുടെ പ്രകടനമാണ്; എന്തെന്നാൽ അതിലൂടെ അവരുടെ ജീവിതങ്ങളെയും അവരുടെ വളരെ ആഴത്തിലുള്ള പ്രശ്നങ്ങളെയും അവരുടെ ഉദാത്തമായ സ്വപ്നങ്ങളെയും ആശ്ലേഷിക്കാൻ സാധിക്കുന്നു. മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കായി ഔദാര്യപൂര്‍വ്വം തങ്ങളെ തന്നെ സമര്‍പ്പിക്കുന്നവരെ കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അന്വർത്ഥമാണ്. “സഹോദരരെ സ്നേഹിക്കുകയും ജനത്തിനു വേണ്ടി ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നയാളാണത്”(2മക്ക15:14).

എന്താണ് മദ്ധ്യസ്ഥപ്രാർത്ഥനയെന്നും, എങ്ങനെയായിരിക്കണം നമ്മുടെ മദ്ധ്യസ്ഥപ്രാർത്ഥനയെന്നും പാപ്പാ വ്യക്തമാക്കി തരുന്നു. ദൈവത്തിനല്ലാതെ തനിക്കു ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന് സ്വയം അംഗീകരിക്കുന്ന ഒരു ആത്മാവിന്‍റെ, ഹൃദയത്തിന്‍റെ പ്രകടനമാണ് മദ്ധ്യസ്ഥപ്രാർത്ഥന എന്നും അത് ദൈവത്തോടുള്ള വിശ്വാസനിർഭരമായ വലിയ ആശ്രയബോധത്തിലും, സ്നേഹത്തിലും നിന്ന് ഉത്ഭവിക്കുന്നതായിരിക്കണമെന്നും പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്തിനു വേണ്ടിയാണ് നാം മദ്ധ്യസ്ഥപ്രാർത്ഥന അർപ്പിക്കുന്നത്? പലപ്പോഴും മറ്റുള്ളവരിൽ നിന്നും പ്രാർത്ഥന യാചിക്കുന്നവരാണ് നാം. നമ്മുടെ വേദനകളുടെയും ദുരിതങ്ങളുടെയും നേരത്താണ് നാം കൂടുതൽ  പ്രാർത്ഥന സഹായം അപേക്ഷിക്കുന്നത്. അത്പോലെ തന്നെ മറ്റുള്ളവരും നമ്മോടു അവരുടെ നൊമ്പരങ്ങളുടെ സമയത്തിൽ പ്രാർത്ഥന ആവശ്യപ്പെടാറുണ്ട്.

മദ്ധ്യസ്ഥ പ്രാർത്ഥന മറ്റുള്ളവരോടുള്ള  നമ്മുടെ സഹോദര തുല്യമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. നമുക്ക് ചുറ്റും എത്ര മനുഷ്യരാണ് വേദനകളുടെ ഇരുണ്ട രാത്രികളിലൂടെ കടന്നു പോകുന്നത്. വീടില്ലാതെ, വസ്ത്രമില്ലതെ, ഭക്ഷണമില്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന എത്ര മനുഷ്യരെ നാം കാണുന്നു. നമ്മിൽ പലരും നമ്മുടെതായ വിധത്തിൽ പല രീതിയിൽ അവരെ കാണുന്നു, അവരോടു പെരുമാറുന്നു. സ്വന്തം വാഹനത്തിൽ നിന്നിറങ്ങി അവരുടെ അടുത്ത് ചെന്ന് അവർക്കു ആവശ്യമുള്ള ഒരു നേരത്തെ ഭക്ഷണത്തെ നൽകി കടന്നു പോകുന്ന ചിലരും, അവരെ സ്വന്തം കാറിലിരുന്ന് ആക്ഷേപിക്കുന്ന മറ്റു ചിലരും, അവർക്കു ശാശ്വതമായ പരിഹാരം കണ്ടെത്താൻ പ്രയത്നിക്കുന്ന വേറെ ചിലരുമുണ്ടാകാം. ഇവരിൽ നിന്നും വ്യത്യസ്ഥമായി തന്‍റെ മുന്നിൽ കൈ നീട്ടുന്ന, കൊടും തണുപ്പിൽ വിറയ്ക്കുന്ന, ഒട്ടിയ വയറുമായി നിൽക്കുന്ന കുഞ്ഞിന്‍റെ മുന്നിൽ  എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിട്ടും സ്വന്തം ജീവിത കഷ്ടപ്പാട് മൂലം ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിലേക്കു മടങ്ങുന്ന ചില മനുഷ്യർ വീട്ടിൽ ചെന്ന്, തിരുഹൃദയത്തിന്‍റെ മുന്നിൽ കരം കൂപ്പി, കണ്ണുനീരോടെ പാവപ്പെട്ട അഗതികളുടെ മേല്‍ കരുണയായിരിക്കണെമെ എന്ന് പ്രാർത്ഥിക്കുന്ന എത്രയെത്ര മനുഷ്യർ നാമറിയാതെ നമ്മെ അറിയിക്കാതെ ഈ ഭൂവിൽ ജീവിക്കുന്നു. അവർ ഉയർത്തുന്ന പ്രാർത്ഥനകൾക്ക് സ്വര്‍ഗ്ഗത്തിന് ഉത്തരം നല്‍കാതിരിക്കാനാവില്ല.

അത് കൊണ്ടാണ് പാപ്പാ യഥാർത്ഥ മദ്ധ്യസ്ഥ പ്രാർത്ഥന സ്നേഹത്തിൽ നിന്നും രൂപമെടുക്കുന്നതായിരിക്കണമെന്നു പറയുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ ആഴപ്പെടുത്തുന്നു. ഈ ലോകത്തിൽ  ജീവിച്ചു കടന്നു പോയ വിശുദ്ധരുടെ ജീവിതങ്ങളെ നോക്കുമ്പോൾ നമുക്ക് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്ന യാഥാർത്ഥ്യമാണ് അവർ തങ്ങൾക്കു വേണ്ടി എന്നതിനേക്കാൾ മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചിരുന്നു.  കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ, വിശുദ്ധ ഡാമിയൻ, വിശുദ്ധ അന്തോണി, വിശുദ്ധ ഫ്രാൻസിസ് അസീസി,  വധശിക്ഷയ്ക്കു വേണ്ടി വിധിക്കപ്പെട്ട ഒരു കുറ്റവാളിയെ പത്രത്തിൽ വായിച്ചറിഞ്ഞ അന്ന് മുതൽ അയാളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിച്ച വിശുദ്ധ കൊച്ചു ത്രേസ്യ എന്നിങ്ങനെ നിരവധി വിശുദ്ധരെ നമുക്ക് കാണാൻ കഴിയും. വിശുദ്ധ ഗ്രന്ഥത്തില്‍ മോശ തുടങ്ങി ജനത്തിനു വേണ്ടി ദൈവത്തോടു മാദ്ധ്യസ്ഥം വഹിച്ച പ്രവാചകന്മാരും, രാജാക്കന്മാരും, ന്യായാധിപന്മാരും നിസ്വാർത്ഥമായ പ്രാർത്ഥനയിലൂടെ ദൈവത്തിൽ നിന്നും ജനങ്ങൾക്ക്‌ അനുഗ്രഹങ്ങൾ സമ്മാനിച്ചവരാണ്‌. അത് കൊണ്ട് മദ്ധ്യസ്ഥ പ്രാർത്ഥന ഏറ്റവും വിലയുള്ളതാണെന്ന് നാം മനസ്സിലാക്കണം.

ദൈവസ്നേഹത്തിന്‍റെ അനുഭവമാണ് ആരാധന

155. ദൈവമുണ്ടെന്ന് നമുക്ക് ബോധ്യപ്പെടുന്നെങ്കിൽ അവിടുത്തെ നമുക്ക് ആരാധിക്കാതിരിക്കാനാവില്ല. ചിലപ്പോൾ ശാന്തമായി അത്ഭുതം കൊണ്ടും, സാഘോഷം ഗാനാലാപനം നടത്തി സ്തുതിച്ചുകൊണ്ടും, ശാന്തമായി അത്ഭുതപ്പെടലിലും, ആഹ്ലാദ സ്തുതിഗാനങ്ങളാലുള്ള സ്തുതിപ്പിലും നാം ആരാധിക്കും. അങ്ങനെ നമ്മൾ വാഴ്ത്തപ്പെട്ട ചാൾസ് ദെ ഫുക്കോല്‍ഡയുടെ അനുഭവത്തിൽ പങ്കുചേരുന്നു. അദ്ദേഹം പ്രസ്താവിച്ചു: “ഒരു ദൈവമുണ്ടെന്ന് ഞാൻ വിശ്വസിച്ച നിമിഷം  മുതൽ” അവിടുത്തേക്ക് വേണ്ടി ജീവിക്കാനല്ലാതെ വേറൊന്നും ചെയ്യാനാവില്ല എന്ന് ഞാൻ മനസ്സിലാക്കി. ദൈവത്തിന്‍റെ തീർത്ഥാടക ജനത്തിന്‍റെ ജീവിതത്തിൽ പവിത്രമായ ആരാധനയുടെ ധാരാളം സരളമായ കാര്യങ്ങൾ ഉണ്ടാകാം: ഒരു തീർത്ഥാടകന്‍റെ നോട്ടം ദൈവത്തിന്‍റെ വാത്സല്യത്തിന്‍റെയും, സാമീപത്യത്തിന്‍റെതുമായ ഒരു പ്രതിബിംബത്തിലേ ക്കെന്നപോലെ. “സ്നേഹം ശാന്തമായി വിരാമമിടുന്നു; രഹസ്യമായി ധ്യാനിക്കുന്നു; നിശബ്ദതയിൽ അതിനെ ആസ്വദിക്കുന്നു.

ദൈവമുണ്ടെന്ന് നമുക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവത്തെ ആരാധിക്കാതിരിക്കാൻ നമുക്ക് കഴിയുകയില്ലെന്നു പാപ്പാ പഠിപ്പിക്കുന്നു. പാപം ചെയ്ത്, ദൈവത്തിൽ നിന്നും അകന്നു പോകാൻ ഒരാൾ ദേവാലയത്തിൽ വന്നു നില്‍ക്കുന്നു.  ദേവാലയത്തിന്‍റെ ഹൃദയ ഭാഗത്തിരിക്കുന്ന ക്രിസ്തുവിന്‍റെ രൂപം അയാളുടെ കണ്ണുകളെ ഒന്നുടക്കി. കരുണ നിറഞ്ഞ കണ്ണുകളും, മുറിവുണങ്ങാത്ത കൈകളും അയാളെ മുറുകെ പിടിക്കുന്നത് പോലെ തോന്നിയപ്പോൾ അയാൾ പാടി "പോകാൻ അനുവദിക്കാത്ത സ്നേഹമേ" എന്ന്. യഥാർത്ഥ ആരാധന ഇതാണ്. ദൈവസ്നേഹത്തിന്‍റെ അനുഭവമാണ് ആരാധനയിൽ നാം വെളിപ്പെടുത്തേണ്ടത്. യഥാർത്ഥ ആരാധനാ എങ്ങനെ ആയിരിക്കണമെന്ന് ക്രിസ്തു തന്നെ പഠിപ്പിക്കുന്നു. “യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും, സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും”(യോഹ.4:23). എന്ന് യേശു സമരിയാക്കാരിയായ സ്ത്രീയോടു പറയുന്നു.

ആരാധനാ ആത്മാവിലും സത്യത്തിലും നിന്നുള്ളതായിരിക്കണം. നമ്മുടെ ആരാധനയും സ്തുതിപ്പും എങ്ങനെയാണെന്ന് വിചിന്തനം ചെയ്യാം. നിശ്ചിത സമയത്തിൽ, സജ്ജമാക്കപ്പെട്ട സ്ഥലത്തിൽ, മനുഷ്യർ രൂപപ്പെടുത്തിയ ചില ക്രമങ്ങളിൽ നിന്ന് ആരാധിച്ചാൽ മാത്രമേ നമ്മുടെ ആരാധനകൾ സ്വീകാര്യമാക്കപ്പെടുമെന്നു നാം വിശ്വസിക്കുന്നു. അതിനു പാരമ്പര്യത്തെ കൂട്ടുപിടിക്കുന്നു. യഥാർത്ഥ ക്രൈസ്തവന്‍ ക്രിസ്തുവിന്‍റെ പാരമ്പര്യത്തെയാണ് അനുഗമിക്കേണ്ടത്. ക്രിസ്തുവിന്‍റെ പാരമ്പര്യം എന്തായിരുന്നു?  വിലപിടിപ്പുള്ള കല്ലുകൾ കൊണ്ട് നിർമ്മിതമായ, പ്രാർത്ഥനയ്ക്കായി സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം തന്‍റെ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നവനല്ല നമ്മുടെ ദൈവം. അവിടുന്ന് ഹൃദയ പരമാര്‍ത്ഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാ ഹൃദയങ്ങളിലും നിന്നുയരുന്ന ആരാധനകളിൽ സംപ്രീതനാകുന്നു.  ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ദൈവത്തെ ആരാധിക്കാൻ ഇടങ്ങൾ തേടി പോകേണ്ട ആവശ്യമില്ല. നമ്മുടെ ആത്മാവിൽ കുടികൊള്ളാൻ ആഗ്രഹിക്കുന്ന ദൈവത്തെ ആത്മാവിൽ ആരാധിക്കാൻ നാം പഠിക്കണം.  

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2020, 09:54