ഫ്രാന്‍സിസ് പാപ്പാ പാവപ്പെട്ടവരുമായുള്ള ഭക്ഷണത്തില്‍... ഫ്രാന്‍സിസ് പാപ്പാ പാവപ്പെട്ടവരുമായുള്ള ഭക്ഷണത്തില്‍... 

പാവങ്ങളുടെ അസ്തമിക്കാത്ത പ്രത്യാശ

നവ‍ംബര്‍ 17ആം തിയതി ഞായറാഴ്ച്ച ത്രികാല പ്രാര്‍ത്ഥന സന്ദേശത്തിന് ശേഷം പാവങ്ങളുടെ പരിചരണത്തിന് ഒരു കുറവും വരുത്താതെ സാക്ഷ്യം നല്‍കണമെന്ന്പാപ്പാ ആഹ്വാനം ചെയ്തു.

 

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാവങ്ങളെ പരിചരിക്കണം

പാവങ്ങളുടെ ആഗോളദിനത്തിന്‍റെ പ്രമേയം "പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല" (സങ്കീ.9:18). എന്നതായിരുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് ഉറപ്പുള്ള പ്രത്യാശ  നൽകാൻ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കാനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച പാപ്പാ ലോകത്തിലെ എല്ലാ രൂപതകൾക്കും ഇടവകകൾക്കും നന്ദി അർപ്പിച്ചു. ‌

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തപ്പെട്ട പാവങ്ങൾക്കായുള്ള വൈദ്യപരിശോധന പരിപാടിക്ക് നേതൃത്വം നല്‍കുകയും ശുശ്രൂഷിക്കുകയും ചെയ്ത എല്ലാ ഡോക്ടേഴ്സിനും, നേഴ്‌സ്മാർക്കും ദുരിതമനുഭവിക്കുന്നവർക്കും ആവശ്യക്കാർക്കും അനുകൂലമായി പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അർപ്പിച്ച പാപ്പാ അവർക്കു നൽകുന്ന പരിചരണത്തിന് ഒരു കുറവും വരുത്താതെ സാക്ഷ്യം നല്‍കണമെന്നും ആഹ്വാനം ചെയ്തു. കുറച്ചു നിമിഷങ്ങൾക്കു മുമ്പ് ദരിദ്രരുടെ നിലവിലെ സ്ഥിതി വിവര  കണക്കുകൾ കാണാനിടയായെന്ന് പറഞ്ഞ പാപ്പാ സമൂഹം ദരിദ്രരോടു കാണിക്കുന്ന നിസ്സംഗതയെയും സൂചിപ്പിച്ചു. തുടർന്ന് മൗനമായി പാവങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിച്ചു.

വാഴ്ത്തപ്പെട്ട ഫാ.എമിലിയോ മോസ്‌കോസോ

1897ൽ കത്തോലിക്കാ സഭയ്ക്ക് നേരെ നടന്ന പീഡനങ്ങളിൽ വധിക്കപ്പെട്ട ഈശോ സഭാംഗവും രക്തസാക്ഷിയുമായ ഫാ.എമിലിയോ മോസ്‌കോസോ നവംബർ പതിനാറാം തിയതി ഇക്ക്വഡോറിലെ റിയോബാംമ്പായിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടതിനെ അനുസ്മരിച്ച പാപ്പാ എളിമയുള്ള സന്യാസി, പ്രാർത്ഥനയുടെയും, ഇക്ക്വഡോറിലെ യുവജനങ്ങളുടെയും അപ്പോസ്തലൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഫാ. എമിലിയോ നമ്മുടെ വിശ്വാസയാത്രയിൽ ക്രൈസ്തവ സാക്ഷ്യം നൽകി ജീവിക്കാൻ നമ്മെ സഹായിക്കട്ടെ എന്നാശംസിക്കുകയും വാഴ്ത്തപ്പെട്ട ഫാ.എമിലിയോയെ പ്രതി അവിടെ സമ്മേളിച്ചിരുന്നവരോടു കരഘോഷമുയർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോസ്തോലിക സന്ദര്‍ശനം

റോമാക്കാർക്കും, ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മരിയന്‍ തീർത്ഥാടകർക്കും, വിവിധ കൂട്ടായ്മകള്‍ക്കും  തന്‍റെ അഭിവാദനം അര്‍പ്പിച്ച പാപ്പാ, നവംബര്‍ 19ആം തിയിതി ജപ്പാന്‍, തായ് ലാന്‍റിലേക്കുള്ള തന്‍റെ അപ്പോസ്തോലിക സന്ദര്‍ശനത്തെ പ്രാര്‍ത്ഥനയില്‍ സ്മരിക്കണമെന്നും ആവശ്യപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2019, 16:07