തിരയുക

ആർച്ചുബിഷപ്പ് ബാലെസ്‌ട്രെറോ ആർച്ചുബിഷപ്പ് ബാലെസ്‌ട്രെറോ 

ബൗദ്ധികസ്വത്തെന്നത് പൊതുനന്മ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമാണ്: ആർച്ചുബിഷപ്പ് ബാലെസ്‌ട്രെറോ

ജനിതക വിഭവങ്ങളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്ത്, ജനിതക സമ്പത്തുകൾ, പരമ്പരാഗത വിജ്ഞാനം എന്നിവയെ സംബന്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധിയായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്‌ട്രെറോ പ്രസ്താവന നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജനിതക വിഭവങ്ങളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്ത്, ജനിതക സമ്പത്തുകൾ, പരമ്പരാഗത വിജ്ഞാനം എന്നിവയെ സംബന്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ  നയതന്ത്ര സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധിയായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്‌ട്രെറോ പ്രസ്താവന നടത്തി. ഇത്തരത്തിൽ കാര്യഗൗരവമായ ഒരു വിഷയത്തിന്മേൽ സമ്മേളനം നടത്തിയതിൽ പരിശുദ്ധസിംഹാസനത്തിന്റെ പ്രത്യേകമായ നന്ദി ആർച്ചുബിഷപ്പ്  അറിയിച്ചു.

ജൈവവൈവിധ്യ സംരക്ഷണത്തിന് സംഭാവന നൽകുന്നതിനും, നിരവധി വികസ്വര രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും ഈ സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സഹായകരമാകുമെന്ന് ആർച്ച്ബിഷപ് അടിവരയിട്ടു പറഞ്ഞു. "ബൗദ്ധിക സ്വത്തവകാശം പൊതുനന്മയുടെ ഉന്നമനത്തിലേക്കാണ് പ്രധാനമായും നയിക്കുന്നത്. അനീതിയുടെയും,  അനാവശ്യമായ ചൂഷണത്തിൻ്റെയും സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഇവയെ ധാർമ്മിക ആവശ്യകതകളിൽ നിന്ന് വേർപെടുത്താൻ കഴിയില്ല" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൗദ്ധികസ്വത്തെന്നത് തദ്ദേശവാസികളുടെയും, പ്രാദേശിക സമൂഹങ്ങളുടെയും സംസ്കാരവുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ സ്വത്വത്തിൻ്റെയും സാമൂഹിക ഐക്യത്തിൻ്റെയും അവിഭാജ്യ ഘടകമായി മാറുകയും ചെയ്യുന്നതിനാൽ ഇവയുടെ സംരക്ഷണത്തിനായി ഒരു മനുഷ്യാവകാശ ചട്ടക്കൂട് നിർമ്മാണത്തിന്റെ ആവശ്യകതയും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയിലെ വിടവുകൾ നികത്താനുള്ള ശ്രമങ്ങളെ പരിശുദ്ധ സിംഹാസനം പിന്തുണയ്ക്കുന്നതായും, അന്താരാഷ്ട്ര തലത്തിൽ സാംസ്കാരികമായിട്ടുള്ള  ഉചിതമായ നിയമങ്ങളുടെ ആവശ്യകത ഊന്നിപ്പറയുന്നതായും ആർച്ചുബിഷപ്പ് അംഗങ്ങളെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2024, 12:43