തിരയുക

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണയിൽ, വൈദികരും സമർപ്പിതരുമൊത്ത്, 18/05/24 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണയിൽ, വൈദികരും സമർപ്പിതരുമൊത്ത്, 18/05/24  (Vatican Media)

ലഭിച്ച വിളി സ്വീകരിക്കുകയും ദൗത്യം ധീരതയോടെ നിറവേറ്റുകയും ചെയ്യുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണയിൽ, വൈദികരും സമർപ്പിതരുമായി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം, മഹത്വം വെടിഞ്ഞ് എളിയ മനുഷ്യപ്രകൃതി സ്വീകരിച്ചതിനു മുന്നിൽ അനുഭവപ്പെടുന്ന വിസ്മയത്തിലേക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കുന്ന അപ്രതീക്ഷിതവും തീർത്തും സൗജന്യവും കൃപയുമായ ഒരു ദാനമാണ് ദൈവവിളിയെന്ന് മാർപ്പാപ്പാ.

“നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” സംബന്ധിക്കുന്നതിൻറെ ഭാഗമായി, വത്തിക്കാനിൽ നിന്ന് 500-ലേറെ കിലോമീറ്റർ കരദൂരം അകലെ വടക്കെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന വെറോണയിൽ മെയ് 18-ന് ശനിയാഴ്ച ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ  വിശുദ്ധ ത്സേനൊയുടെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് വൈദികരും സമർപ്പിതരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഇത് ഓർമ്മപ്പെടുത്തിയത്.

ഈ ദേവാലയത്തിൻറെ അതിമനോഹരമായ മേൽക്കൂരയുടെ ഉൾവശം നോക്കുമ്പോൾ ഒരു വള്ളത്തിൻറെ ഉള്ളിലാണെന്ന പ്രതീതിയുളവാകുന്നതിനെക്കുറിച്ചു പാപ്പാ പരാമാർശിച്ചു. അത് സഭയുടെ രഹസ്യത്തെക്കുറിച്ച്, സുവിശേഷാനന്ദത്തിലേക്ക് സകലരെയും സംവഹിക്കുന്നതിന് ചരിത്രസമുദ്രത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കർത്താവിൻറെ വള്ളത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമുക്കു ലഭിച്ച ദൈവവിളി എന്നും സ്വീകരിക്കേണ്ടതാണെന്നും ദൗത്യം ധീരതയോടെ നിറവേറ്റേണ്ടതാണെന്നും പാപ്പാ ഈ സുവിശേഷ സാദൃശ്യത്തിൻറെ വെളിച്ചത്തിൽ വിശദീകരിച്ചു. ദൈവം നമ്മെ അത്ഭുതത്തിലാഴ്ത്തുന്ന, ലഭിച്ച വിളി സ്വീകരിക്കുകയെന്നത് നമ്മുടെ സമർപ്പണത്തിൻറെയും ശുശ്രൂഷയുടെയും പ്രഥമ അടിസ്ഥാനമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്ഷമാശീലരായ മത്സ്യത്തൊഴിലാളികളെപ്പോലെ, നമ്മളും നമ്മുടെ കാലത്തെ സങ്കീർണ്ണമായ വെല്ലുവിളികൾക്കിടയിൽ, അപ്രതീക്ഷിത സംഭവങ്ങളെയും മാറ്റങ്ങളെയും അതുമായി ബന്ധപ്പെട്ട അപകടങ്ങളെയും നേരിടാനുള്ള കഴിവ്, കാത്തിരിപ്പ്, ക്ഷമ എന്നിവയുടെതായ ആന്തരിക മനോഭാവം വളർത്തിയെടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കർത്താവ് നമ്മെ ഒറ്റയ്ക്കാക്കില്ലെന്നും അനുദിനം നമ്മൾ അവിടത്തോടൊപ്പമായിരിക്കണമെന്നും പറഞ്ഞ പാപ്പാ ഈ അനുഭവത്തിൽ വേരുറപ്പിച്ചാൽ നമുക്ക് നാം നിറവേറ്റേണ്ടതായ ദൗത്യത്തിൽ ധീരതയുള്ളവരായിരിക്കാനാകുമെന്നും ധൈര്യം എന്നത് സഭയ്ക്ക് നന്നായി അറിയാവുന്ന ഒരു ദാനമാണെന്നും പ്രസ്താവിച്ചു.

വചനപ്രഘോഷണത്തെ ആവശ്യത്തിലിരിക്കുന്നവർക്കായുള്ള ഉദാരവും കാരുണാർദ്രവുമായ സേവനവും പരിശീലനകളരികൾ, ആശുപത്രികൾ, പരിപാലനകേന്ദ്രങ്ങൾ, അഭയകേന്ദ്രങ്ങൾ ആത്മീയ വേദികൾ എന്നിവയുടെ പിറവിക്ക് കാരണമായ "സാമൂഹ്യ സർഗ്ഗാത്മകത"യുമായി സമന്വയിപ്പിക്കാൻ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായ വിശ്വാസത്തിൻറെ സാക്ഷികൾക്ക് സാധിച്ചുവെന്ന് പാപ്പാ പറഞ്ഞു. സമകാലീനരായിരുന്ന വിശുദ്ധരായ ഈ സ്ത്രീപുരുഷന്മാരിൽ പലരും അവരുടെ കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ ചരിത്രത്തിൽ, പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ ഉപവിയിലൂടെ, ഒരുതരം "വിശുദ്ധ സാഹോദര്യം" സൃഷ്ടിക്കുകയും  അതുവഴി അവർ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ മുറിവുകൾ ചികിത്സിക്കുകയും ചെയ്തുവെന്ന് പാപ്പാ വിശദീകരിച്ചു. ദൗത്യനിർവ്വഹണ ധീരതിയിലേക്ക്  വിവർത്തനം ചെയ്യപ്പെട്ട ഒരു വിശ്വാസമാണ് അതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2024, 14:22