തിരയുക

ഇറ്റാലിയൻ വൊക്കേഷണൽ ട്രെയിനിംഗ് കോൺഫെഡറേഷന്റെ (CONFAP) അംഗങ്ങളുമായി പാപ്പാ. ഇറ്റാലിയൻ വൊക്കേഷണൽ ട്രെയിനിംഗ് കോൺഫെഡറേഷന്റെ (CONFAP) അംഗങ്ങളുമായി പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: യുവജനങ്ങൾക്ക് ജോലിയിൽ തുല്യാവസരങ്ങൾ നൽകപ്പെടണം

ഇറ്റാലിയൻ വൊക്കേഷണൽ ട്രെയിനിംഗ് കോൺഫെഡറേഷന്റെ (CONFAP) അംഗങ്ങളുമായി മെയ് മൂന്നാം തിയതി നടന്ന കൂടികാഴ്ച്ചയിൽ, എല്ലാ യുവജനങ്ങൾക്കും, പ്രത്യേകിച്ച് പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് തുല്യമായ തൊഴിൽ അവസരങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

കോൺഫെഡറേഷന്റെ അൻപതാം വാർഷികം അനുസ്മരിക്കുന്ന അവസരത്തിലാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 6,000-ത്തിലധികം പേരെ പാപ്പാ അഭിസംബോധന ചെയ്തത്.

ഇറ്റാലിയൻ മെത്രാ൯ സമിതിയുടെ (CEI) ആഭിമുഖ്യത്തിൽ 1974-ൽ സ്ഥാപിതമായ CONFAP വിവിധ വിശ്വാസാധിഷ്‌ഠിത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന സംഘടനകളെ ഏകോപിപ്പിക്കുന്നു. 36 ഓർഗനൈസേഷനുകളിലും അസോസിയേഷനുകളിലും, 285 പ്രൊഫഷണൽ പരിശീലന കേന്ദ്രങ്ങളിലുമായി, പ്രതിവർഷം 70,000 വിദ്യാർത്ഥികൾ പരിശീലനം നേടുന്നതിനാൽ, സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ CONFAP നിർണ്ണായക പങ്ക് വഹിക്കുന്നു.

അവരുടെ സഭയുടെ സാമൂഹിക സിദ്ധാന്തത്തോടുള്ള പ്രതിബദ്ധതയെ ഫ്രാൻസിസ് പാപ്പാ അഭിനന്ദിച്ചു. പിന്നാക്കം നിൽക്കുന്നതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്  ഇന്നത്തെ തൊഴിൽ വിപണിയിൽ യുവാക്കൾ നേരിടുന്ന പരാധീനതയെക്കുറിച്ച് പാപ്പാ സംസാരിച്ചു. പലരും തൊഴിലില്ലായ്മയും അപകടകരമായ തൊഴിൽ സാഹചര്യങ്ങളും നേരിടുന്നു. അതിനാൽ തൊഴിൽ നിയമങ്ങൾ പരിഷ്‌കാരിക്കാനും തൊഴിലിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾക്ക് രൂപീകരണത്തിൻ്റെയും പിന്തുണയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

സാങ്കേതിക വിദ്യയുടെയും, കൃത്രിമബുദ്ധിയുടെയും പുരോഗതിയിൽ ജോലിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ, ടെക്നോഫോബിയയ്ക്കും സാങ്കേതികതയ്ക്കും എതിരെ മുന്നറിയിപ്പ് നൽകി. വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായതും ക്രിയാത്മകവും നവീകരിച്ചതുമായ പരിശീലനത്തിനായി പാപ്പാ വാദിച്ചു. കൂടാതെ, തൊഴിൽ പരിശീലന ഏജൻസികൾ, കുടുംബങ്ങൾ, തൊഴിലുടമകൾ എന്നിവർ തമ്മിലുള്ള സഹവർത്തിത്വം വളർത്തിയെടുക്കുന്നതിനും ശാരീരിക അധ്വാനത്തിന്റെ മാന്യത പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രാധാന്യം പാപ്പാ അടിവരയിട്ടു.

വിദ്യാഭ്യാസം നേടുന്നതിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിലും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിലും തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ പങ്ക് ഊന്നിപ്പറഞ്ഞ ഫ്രാൻസിസ് പാപ്പാ, സാങ്കേതിക വൈദഗ്ധ്യത്തെ മാനുഷിക നന്മകളുമായി സംയോജിപ്പിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു. വ്യക്തികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും അന്തസ്സിനും സംഭാവന നൽകുന്ന പരിശീലന പരിപാടികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

CONFAP-നെ അതിന്റെ മൂല്യവത്തായ സേവനം തുടരാൻ ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിച്ചു. വ്യക്തിപരമായ വിളിയും തൊഴിലുമായി ഒരുമിച്ചു പോവുക സാധ്യമാണെന്ന് അവരുടെ സേവനം വ്യക്തമാക്കുന്നു എന്നു പറഞ്ഞ പപ്പാ  സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുന്നതിനൊപ്പം അവരുടെ പ്രവർത്തനങ്ങളിൽ അർത്ഥം കണ്ടെത്തുന്നതിന് വ്യക്തികളെ പ്രാപ്തരാക്കുന്ന സംഘടനയുടെ ശ്രമങ്ങളെ പാപ്പാ പ്രശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2024, 16:14