തിരയുക

അന്യോന്യം സ്നേഹിക്കുവിൻ - യേശുവും ശിഷ്യന്മാരും അന്യോന്യം സ്നേഹിക്കുവിൻ - യേശുവും ശിഷ്യന്മാരും 

ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുക

ലത്തീൻ ആരാധനാക്രമപ്രകാരം ഉയിർപ്പുകാലം ആറാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - യോഹന്നാൻ 15, 9-17
ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുക - ശബ്ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

മനുഷ്യജീവിതത്തിന്റെ മഹത്വമെന്നത് അതിൽ കുടികൊള്ളുന്ന ദൈവസദൃശ്യമാണ്. ദൈവം തന്റെ ഛായയിലും, സദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച്, ആ മഹത്വമാണ് അവന് സമ്മാനിച്ചത്. അവനിൽ കുടികൊള്ളുന്ന ആ ദൈവമഹത്വം തന്നെയാണ് അവന്റെ വിളിയും.

ഭംഗിയുള്ള ഒരു വിളിയുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനം. ക്രിസ്തുവിന്റെ അന്ത്യഅത്താഴമേശ, അതിൽ അവന്റെ പന്ത്രണ്ട് ശിഷ്യന്മാരും. അവരോടാണ് സ്നേഹത്തിന്റെ കല്പനയെക്കുറിച്ചു ക്രിസ്തു സംസാരിക്കുന്നത്.

ഈ വചനഭാഗത്തിന് മൂന്നു തലങ്ങളാണ് ഉള്ളത്. ഒന്ന് ക്രിസ്തുവും ദൈവപിതാവും തമ്മിലുള്ള ബന്ധം, രണ്ടാമത് ക്രിസ്തുവും ശിഷ്യരും തമ്മിലുള്ള ബന്ധം, മൂന്നാമതായി ശിഷ്യർക്കിടയിൽ രൂപപ്പെടേണ്ട ബന്ധം.

ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ് ഏറ്റവും മനോഹരമായ ബന്ധം ഒപ്പം നമ്മുടെ മാതൃകയും. പിതാവിന്റെ സ്നേഹവും, പുത്രന്റെ രക്ഷയും ഒന്നുചേർന്ന അഴമുള്ള ആ സ്നേഹമാണ് സത്യത്തിൽ പരിശുദ്ധത്മാവ്. ഏതൊരു മനുഷ്യബന്ധത്തിന്റെയും മാതൃക ഈ ദൈവസ്നേഹമാണ്.

അവരുടെ അഴകിൽ നിന്നും രൂപപ്പെടുന്ന ഐക്യം, അതാണ് അവരുടെ സ്നേഹവും. ആ സ്നേഹവുമായാണ് ക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചതും. ആ ക്രിസ്തുവാണ് തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയതും, മാതൃക നൽകിയതും. അതുകൊണ്ട് തന്നെ ഇനി ശിഷ്യരുടെ സ്നേഹത്തിന്റെ പാഠപുസ്തകം ക്രിസ്തുവാണ്.

"പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു" രണ്ടും ഭൂതകാലക്രിയകളാണ്. ക്രിസ്തുവിന്റെ ബോധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതും. പിതാവിന്റെ തന്നോടുള്ള സ്നേഹത്തിന്റെ പരിപൂർണബോധ്യം ക്രിസ്തുവിലുണ്ട്. എന്താണ് ആ സ്നേഹം? തന്നെ കൈവിടില്ല എന്നുള്ള ഉറപ്പാണത്. മരണത്തിന്റെ മണിക്കൂറിലും ഒരിക്കലും തന്നെ കൈവിടില്ല എന്ന ബോധ്യം, തന്റെ വഴികളിൽ പിതാവ് ഉണ്ടെന്ന ബോധ്യം, താൻ എന്ത് ചോദിച്ചാലും അത് പിതാവ് തരുമെന്ന ബോധ്യം. ഈ ഒരു ഉറപ്പാണ് ദൈവസ്നേഹം.

ക്രിസ്തുവിന്റെ ഉയിർപ്പ് പോലും ദൈവം ക്രിസ്തുവിന് നൽകിയ അനുസരണത്തിന്റെ സമ്മാനമാണ്. അങ്ങനെയൊരു ആഴമേറിയ ബന്ധത്തിൽ സ്നേഹം കൃത്യമായി നിർവചിക്കപെടുന്നു.

പിതാവിൽ നിന്നും പുത്രൻ പഠിച്ച സ്നേഹമാണ്, ക്രിസ്തു ശിഷ്യർക്ക് നൽകിയതും. പുത്രന്റെ സ്നേഹം അയാളുടെ ബലിയാണ്, സ്വയം സമർപ്പിച്ച സ്നേഹം, ഇല്ലാതായി തീർന്ന സ്നേഹം, കാൽവരിയിൽ അവസാനതുളി രക്തംവരെ ചിന്തിയ സ്നേഹം. ഒടുവിലായി ഉയിർത്ത സ്നേഹം.

ക്രിസ്തുവിനെ ഒന്ന് നിരീക്ഷിക്കുക, ആ വാക്കിൽ തന്നെ സ്നേഹം നിറയുന്നില്ലേ? അയാളുടെ ഒരോ മൊഴിയും സ്നേഹത്തിന്റെ ജ്വാലകൾ ആയിരുന്നില്ലേ? അയാളുടെ ഓരോ അത്ഭുതങ്ങളും സ്നേഹത്തിന്റെ പ്രവർത്തികൾ ആയിരുന്നില്ലേ? അയാൾ സ്നേഹമായിരുന്നു. ഒന്നും തനിക്കായി മാറ്റിവയ്ക്കാതെ എല്ലാം മനുഷ്യർക്കായി നൽകിയ ദൈവം. കരുണയിൽ, എളിമയിൽ സ്വയം ശൂന്യനായ ഒരാൾ. അയാൾ സാവധാനം സ്നേഹത്തിന്റെ പര്യായായമായി മാറുന്നു.

ഈ ഒരു സ്നേഹത്തിന്റെ പാഠപുസ്തകമാണ് നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. "നിങ്ങൾ പരസ്പ്പരം സ്നേഹിക്കുവിൻ" എന്നത് ഒരു കല്പന മാത്രമല്ല മറിച്ചു ഒരു വിളി കൂടിയാണ്. ഇനിമുതൽ ക്രിസ്തു ശിഷ്യൻ എന്നത് സ്നേഹത്തിന്റെ ഒരാൾരൂപം കൂടിയാണ്.

ഇനി അയാളിൽ വിരിയേണ്ടത് ക്രിസ്തുസ്നേഹമാണ്. "എന്റെ സ്നേഹത്തിൽ നിലനിൽക്കുക" എന്നൊരു പാഠം ക്രിസ്തു നൽകുമ്പോൾ, അതൊരാളുടെ ജീവിതയാത്രയുമായി ബന്ധപ്പെട്ട സൂചനയാണ്. ഒരാൾ സ്നേഹത്തിന്റെ ഗൃഹപാഠങ്ങൾ ചെയ്തുതുടങ്ങണം, സ്നേഹത്തിന്റെ യാത്രകൾ നടത്തണം.

സ്നേഹമാണ് ഇനിമുതൽ ഒരാളുടെ സുവിശേഷം. ആ സുവിശേഷം ഹൃദയത്തിലും കരങ്ങളിലും പേറിയാണ് ഒരാൾ നടക്കേണ്ടത്. ആദിമസഭ നടന്നത് ഈ സ്നേഹത്തിന്റെ സുവിശേഷവുമായിട്ടാണ്. പരസ്പ്പരം സ്നേഹിച്ചും, ക്ഷമിച്ചും, പൊറുത്തും അവർ മുന്നോട്ട്‌ നടന്നു.

ഈ സ്നേഹത്തിനു ഒരു സവിശേഷതയുണ്ട് കാരണം ഈ സ്നേഹത്തിനു ഒരാളെ ദാസനിൽ നിന്ന് സ്നേഹിതനാകാൻ കഴിയും. എന്ത് ഭംഗിയായിട്ടാണ് ക്രിസ്തു പറയുന്നത്, "ഇനിമുതൽ ഞാൻ നിങ്ങളെ ദാസർ എന്ന് വിളിക്കില്ല പകരം നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്".

ദാസൻ ആരാണ് എന്ന ചോദ്യത്തിന് അടിമ എന്നുകൂടി അർത്ഥമുണ്ട്. ഉള്ളിൽ സ്നേഹമില്ലാത്തവനാണ് ദാസൻ, ജോലി ചെയുന്നവൻ. അയാൾ എന്തിന്റെയോക്കെയോ, ആരുടെയൊക്കെയോ അടിമയായിരിക്കും.

സ്വയം ബലമില്ലാതെ, സമർദ്ദങ്ങൾക്കും, അധികാരങ്ങൾക്കും നടുവിൽ കുഴങ്ങിപോകുന്ന ഒരാൾ. അങ്ങനെയൊരാൾ ആകരുത് ക്രിസ്തു ശിഷ്യൻ.

അയാൾ ഒരു സ്നേഹിതനാവണം. ഉള്ളിൽ മഴവില്ലിന്റെ വർണങ്ങൾ സൂക്ഷിക്കുന്ന, പുഞ്ചിരി നഷ്ടപെടാത്ത ഒരാൾ. ക്രിസ്തുവും അതഗ്രഹിക്കുന്നുണ്ട് നമ്മളിൽ നിന്നും. ഹൃദയത്തിൽ നന്മയുള്ള ഒരാളാണ് സ്നേഹിതൻ. ആ നന്മ ചുറ്റുമുള്ളവർക്ക് നൽകാൻ കഴിയുന്ന ഒരാൾ. അങ്ങനെ ഒരാൾക്കെ ക്രിസ്തു സുഗന്ധം കൊടുക്കാൻ കഴിയൂ.

തന്റെ ശിഷ്യർ മാത്രമുള്ള ഒരിടത്തിലാണ് ക്രിസ്തു ഈ പാഠങ്ങൾ നൽകുന്നത് എന്നും അറിയണം, അതിനർത്ഥം ഇത് ക്രിസ്തു ശിഷ്യർക്കുള്ള പാഠമാണ്. നാലൊരു സ്നേഹിതനാവാനും ഒപ്പം ദാസൻ ആകുന്ന പ്രലോഭനം ഒഴിവാക്കാനുമാണ് ഒരാൾ ശ്രമിക്കേണ്ടത്. അഴകുള്ള ഒരു സന്ധ്യയിൽ ഇതൊരു സ്നേഹത്തിന്റെ അധ്യായമാണ്. ഒരാൾ പഠിക്കേണ്ട പാഠം.

ക്രിസ്തു എന്നും നല്ലൊരു സ്നേഹിതനായിരുന്നു. അയാളുടെ അത്ഭുതങ്ങളും പ്രാഘോഷണവും എന്നും സ്നേഹത്തിന്റെ അടയാളങ്ങൾ ആയിരുന്നു. ആ നിറവാണ് തമ്പുരാൻ നമ്മളിൽ നിന്നും ആഹ്രഹിക്കുന്നതും. സ്നേഹത്തിൽ കരുണയിൽ നടക്കാൻ പഠിക്കുക, സൗമ്യതയുടെ നിറവിൽ വ്യാപരിക്കാൻ പഠിക്കുക ഒപ്പം അവന്റെ സുവിശേഷം പ്രാഘോഷിക്കാനും.

നമ്മുടെ ഇടങ്ങൾ സ്നേഹപൂരിതമാകട്ടെ, ആ വഴികളിൽ ക്രിസ്തു സുഗന്ധം പരക്കട്ടെ, ഒടുവിലായി നമ്മളും ക്രിസ്തുവായി മാറട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2024, 17:29