അത്യുന്നതനായ ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള ജെറുസലേം നഗരം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവത്തിന്റെ അജയ്യ വാസസ്ഥലമായ ജെറുസലെമെന്ന വിശുദ്ധ നഗരത്തെയും ദൈവത്തിന്റെ ഔന്ന്യത്യത്തെയും പ്രകീർത്തിക്കുന്ന സീയോൻ ഗീതമാണ് കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ കീർത്തനം. ദൈവം വസിക്കുന്ന സീയോൻ നഗരിക്കെതിരെ ശത്രുക്കൾക്ക് വിജയിക്കാനാകില്ലെന്ന ഉറപ്പാണ് വിശ്വാസികൾക്ക് സങ്കീർത്തകൻ നൽകുന്നത്. പിടിച്ചടക്കപ്പെടാനാകാത്ത സീയോൻ, ശത്രുക്കളെ എല്ലാം പരാജയപ്പെടുത്തുന്ന ദൈവത്തിന്റെ പ്രതിരൂപമാണ്. സീയോൻ നഗരത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന സങ്കീർത്തകൻ, ശത്രുരാജാക്കളുടെമേൽ വിജയം നേടുന്ന ഉന്നതനായ രാജാവിനെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ ആദ്യപകുതിയിൽ പറയുന്നത്. സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയിൽ, സീയോന്റെ ദൈവമായ കർത്താവ് ലോകം മുഴുവന്റെയും മേൽ ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന സങ്കീർത്തകൻ, സീയോൻ നഗരം പോലെ, കർത്താവ് എന്നന്നേക്കും അജയ്യനാണെന്ന് എല്ലായിടങ്ങളിലും പ്രഘോഷിക്കുവാൻ തീർത്ഥാടകരോട് ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ നഗരമായ സീയോനെക്കുറിച്ചുള്ള ദൈവശാസ്ത്രചിന്തകളാണ് ഈ സങ്കീർത്തനത്തിന്റെ പ്രധാന ചിന്താവിഷയം.
ദൈവത്തിന്റെ വിശുദ്ധ നഗരം
"കർത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അത്യന്തം സ്തുത്യർഹനുമാണ്" (സങ്കീ. 48, 1) എന്ന ഒന്നാം വാക്യത്തിലൂടെ ദൈവത്തിന്റെ ഔന്ന്യത്തത്തെ പുകഴ്ത്തിക്കൊണ്ടാണ് സങ്കീർത്തകൻ തന്റെ ഗാനം ആരംഭിക്കുന്നത്. തുടർന്ന് ദൈവം വസിക്കുന്ന സീയോൻ നഗരത്തെ സങ്കീർത്തകൻ വർണ്ണിക്കുന്നു: "ഉയർന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്; അങ്ങ് വടക്കുള്ള സീയോൻ പർവതം ഉന്നതനായ രാജാവിന്റെ നഗരമാണ്" (സങ്കീ. 48, 2). സീയോൻ നഗരത്തിന്, ജെറുസലേമിന് പ്രാധാന്യം നൽകുന്നത് രാജാധിരാജനായ ദൈവത്തിന്റെ സാന്നിദ്ധ്യമാണ്. സമ്പത്തിലും പ്രകൃതിവിഭവങ്ങളിലും മെച്ചപ്പെട്ട നഗരങ്ങൾ ഉണ്ടായേക്കാം, എന്നാൽ ദൈവം തിരഞ്ഞെടുത്ത് തന്റെ ജനത്തിന് നൽകിയ, അവിടുന്ന് വസിക്കുന്ന മറ്റൊരു നഗരമില്ല എന്ന വസ്തുതയാണ് ജെറുസലേമിനെ ലോകത്തിലെ മറ്റു നഗരങ്ങളെക്കാൾ പ്രധാനപ്പെട്ട നഗരമാക്കുന്നത്. ഈ ദൈവസാന്നിദ്ധ്യത്താലാണ് കർത്താവിന്റെ വിശുദ്ധഗിരി ഭൂമി മുഴുവന്റെയും സന്തോഷമായി മാറുന്നതും. സീയോൻ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ പർവ്വതമൊന്നുമല്ല. എങ്കിലും മതാത്മകമായി ചിന്തിക്കുമ്പോൾ, അത്യുന്നതനായ ദൈവത്തിന്റെ സാന്നിദ്ധ്യം മൂലം ഇത് ലോകത്തിലെ മറ്റു പർവ്വതങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നു. അങ്ങ് വടക്കുള്ള സീയോൻ നഗരം എന്നത് സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. സ്വർഗ്ഗീയജെറുസലേമാകട്ടെ, സീയോൻ നഗരമാകട്ടെ, അതിന്റെ കോട്ടയ്ക്കുള്ളിൽ വിശ്വാസിക്ക് അഭയകേന്ദ്രമാകുന്നത് ദൈവമാണ്. അമൂല്യമായ ദൈവസാന്നിദ്ധ്യമാണ് സീയോനെ വിശുദ്ധനഗരമാക്കുന്നതും.
രാജാക്കന്മാരും രാജാക്കന്മാരുടെ രാജാവും
ദൈവം വസിക്കുന്ന, അവിടുത്തെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഇടവും, വിശ്വാസികളുടെ ശക്തമായ അഭയകേന്ദ്രവുമായ സീയോൻ നഗരത്തിനെതിരെ രാജാക്കന്മാർ യുദ്ധം നയിച്ചാലും ഫലമില്ലെന്നും, അവർ പരാജയവും തകർച്ചയുമായിരിക്കും നേരിടേണ്ടിവരികയെന്നും മൂന്ന് മുതൽ ഏഴുവരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ പറഞ്ഞുവയ്ക്കുന്നു: "അതിന്റെ കോട്ടയ്ക്കുള്ളിൽ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു. ഇതാ, രാജാക്കന്മാർ സമ്മേളിച്ചു; അവർ ഒത്തൊരുമിച്ചു മുന്നേറി. സീയോനെ കണ്ട് അവർ അമ്പരന്നു; പരിഭ്രാന്തരായ അവർ പലായനം ചെയ്തു. അവിടെവച്ച് അവർ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു. കിഴക്കൻ കാറ്റിൽപ്പെട്ട താർഷീഷ് കപ്പലുകളെപ്പോലെ അവർ തകരുന്നു" (സങ്കീ. 48, 3-7). ദൈവത്തിനെതിരെ, രാജാക്കന്മാരുടെ രാജാവിനെതിരെ സംഘടിക്കുന്ന ശത്രുരാജാക്കന്മാർക്ക് പരാജയമാണ് മുന്നിലുള്ളത്. ഭൗമികമായ ഒരു യുദ്ധത്തേക്കാൾ ഒരു വിശുദ്ധ യുദ്ധത്തെക്കുറിച്ചാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ അർത്ഥമാക്കുന്നത്. ദൈവത്തിന്റെ മഹത്വത്തിന് മുൻപിലാണ് ശത്രു ഭയന്നോടുന്നത്. പിടിച്ചടക്കാനായി വന്നവർ തോറ്റൊടുന്നതിന്റെ ചിത്രമാണ് സങ്കീർത്തകൻ വരച്ചുവയ്ക്കുക. താർഷീഷിലെ കപ്പലുകൾ തകരുന്നതുപോലെ എന്ന പ്രയോഗം ഏശയ്യാപ്രവാചകന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ വിവരിക്കുന്ന കർത്താവിന്റെ ദിനത്തെക്കുറിച്ചുള്ള പരാമർശത്തിലേക്ക് കൂടി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആ ദിനത്തെക്കുറിച്ച് "താർഷിഷിലെ കപ്പലുകൾക്കും മനോഹരമായ എല്ലാ ശിൽപങ്ങൾക്കും എതിരായ ദിനം" (ഏശയ്യാ 2, 16) എന്നാണ് ഏശയ്യാ പറയുക.
സീയോന്റെ ദൈവവും ലോകവും
സങ്കീർത്തനത്തിന്റെ എട്ടുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ സീയോന്റെ ദൈവമായ കർത്താവിന്റെ ഭരണത്തിന്റെ ഉന്നതിയും, ഭൂമി മുഴുവൻ വ്യാപിക്കുന്ന അവിടുത്തെ അധികാരവുമാണ് വർണ്ണിക്കുന്നത്: "നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കർത്താവിന്റെ നഗരത്തിൽ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തിൽത്തന്നെ. ദൈവമേ അങ്ങയുടെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു. ദൈവമേ അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു: അവിടുത്തെ വലംകൈ വിജയം കൊണ്ട് നിറഞ്ഞിരിക്കുന്നു. സീയോൻമല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികൾ മൂലം യൂദായുടെ പുത്രിമാർ ആഹ്ളാദിക്കട്ടെ!" (സങ്കീ. 48, 8-11). സീയോനിലെത്തുന്ന തീർത്ഥാടകരുടെ കണ്ണുകളിലൂടെയാണ് സങ്കീർത്തകൻ ഈ കാഴ്ചകൾ വർണ്ണിക്കുന്നത്. വിശുദ്ധനഗരത്തെക്കുറിച്ച് മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞത്, ജെറുസലേമിന്റെ സൗന്ദര്യവും മഹത്വവും ഇപ്പോൾ സ്വന്തം കണ്ണുകളിലൂടെ വിശ്വാസികൾ കാണുകയാണ്. ഈ കാഴ്ചകൾ ആനന്ദവും ആഹ്ളാദവുമാണ് സീയോനിലും, യൂദായുടെ, ജെറുസലേമിന്റെ പുതുതലമുറകളിലും നിറയ്ക്കുന്നത്. ജെറുസലേമിനെ കീഴടക്കാമെന്ന വ്യാമോഹത്തോടെയെത്തിയ രാജാക്കന്മാരെ വിശുദ്ധനഗരത്തിന്റെ മഹത്വം ഭയപ്പെടുത്തിയെങ്കിൽ (സങ്കീ. 48, 5), ദൈവസന്നിധിയിലേക്ക് വിശ്വാസത്തോടെയെത്തുന്നവർക്ക് അതേ കാഴ്ച ആനന്ദവും സന്തോഷവുമാണ് നൽകുന്നത്.
വിശ്വാസികൾ ദൈവമഹത്വം പ്രഘോഷിക്കണം
ദൈവം വസിക്കുന്ന വിശുദ്ധ നഗരത്തിന്റെ ദർശനം നൽകുന്ന ആനന്ദവും, അത് ഉള്ളിൽ നിറയ്ക്കുന്ന സ്ഥൈര്യവും വിശ്വാസപ്രഘോഷണത്തിന്റെ കാരണമായി മാറേണ്ടതുണ്ട് എന്ന് സങ്കീർത്തനം അതിന്റെ അവസാനവാക്യങ്ങളിൽ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധനഗരത്തിലേക്കുള്ള തീർത്ഥാടനം, അവിടുത്തെ മഹത്വം ധ്യാനിക്കാനും, അത് വരും തലമുറകളോട് പറയാനുമുള്ള ഉദ്ദേശത്തോടെയാകണമെന്ന് സങ്കീർത്തകൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു: "സീയോനു ചുറ്റും സഞ്ചരിക്കുവിൻ; അതിനു പ്രദക്ഷിണം വയ്ക്കുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ. അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും കോട്ടകൾ നടന്നു കാണുകയും ചെയ്യുവിൻ; ഇവിടെയാണു ദൈവം; ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരും തലമുറയോടു പറയാൻവേണ്ടിത്തന്നെ" (സങ്കീ. 48, 12-14). ഇസ്രയേലിന്റെ ദൈവവും, സീയോൻ നഗരവും അജയ്യരായും ശാശ്വതമായും നിലനിൽക്കുന്നുവെന്ന ബോധ്യത്തോടെ ആരാധനയുടെ മനോഭാവത്തോടെ വേണം വിശുദ്ധനഗരത്തെയും ദൈവമഹത്വത്തെയും നോക്കിക്കാണാൻ. ദൈവത്തിന്റെ മഹത്വം തിരിച്ചറിയുന്നവർ അത് ലോകത്തോട്, വരും തലമുറകളോട് വിളിച്ചോതാൻ കടപ്പെട്ടവരാണെന്ന ഒരു ചിന്തകൂടി സങ്കീർത്തനം നൽകുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
ദൈവം തിരഞ്ഞെടുത്ത ജനവും ദൈവം തിരഞ്ഞെടുത്ത നഗരവും അനുഭവിക്കുന്ന മഹത്വവും ഔന്നത്യവും വിവരിക്കുന്ന നാല്പത്തിയെട്ടാം സങ്കീർത്തനം രണ്ടു ചിന്തകളാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. ഒന്ന്, ദൈവത്തിനും ദൈവം തിരഞ്ഞെടുത്തവർക്കും എതിരെയുള്ള ശത്രുവിന്റെയും ലോകശക്തികളുടെയും അതിക്രമങ്ങൾ ഫലം കാണില്ല; രണ്ട്, ദൈവികമായ അനുഗ്രഹങ്ങൾ കണ്ട്, അനുഭവിച്ചറിഞ്ഞ അവന്റെ വിശുദ്ധസീയോനിൽ അഭയം കണ്ടെത്താനും, ദൈവമഹത്വം വരും തലമുറകളോട് വിളിച്ചുപറയാനും പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിന്റെ മഹത്വവും, കർത്താവിന്റെ ആനന്ദദായകമായ സാന്നിദ്ധ്യവും, വിജയമേകുന്ന അവിടുത്തെ വലതുകരവും, മഹോന്നതനായ ദൈവത്തിന്റെ ന്യായവിധികളും നമ്മുടെയും ഹൃദയങ്ങളിൽ ആനന്ദം നിറയ്ക്കട്ടെ. ദൈവത്തിന്റെ വിശുദ്ധമായ സാന്നിദ്ധ്യത്തിൽ വിശ്വാസത്തോടെ ആയിരിക്കാനും, നമ്മുടെ ജീവിതങ്ങൾ വഴിയും അവിടുത്തേക്ക് സാക്ഷ്യമേകാനും പരിശ്രമിക്കാം. ദൈവത്താൽ നയിക്കപ്പെടുന്ന, തിരഞ്ഞെടുക്കപ്പെട്ട ജനമായ നമുക്കും, കർത്താവിന്റെ സംരക്ഷണമുള്ള മഹത്വത്തിന്റെ സീയോൻ മലയിൽ അഭയം കണ്ടെത്താം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: