നിരാശയിൽനിന്ന് പ്രത്യാശയിലേക്കും ദുഃഖത്തിൽനിന്ന് ആനന്ദത്തിലേക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
ദേവാലയത്തിലേക്ക്, ദൈവസാന്നിദ്ധ്യത്തിലേക്ക് നയിക്കപ്പെടാനും അവിടെ ആയിരിക്കുന്നതിലെ ആനന്ദമനുഭവിക്കാനുമുള്ള ഒരു ആത്മാവിന്റെ ആഴമേറിയ ആഗ്രഹം വെളിവാക്കുന്ന ഒരു വൈയക്തികാവിലാപഗാനമാണ് നാൽപ്പത്തിമൂന്നാം സങ്കീർത്തനം. നാൽപ്പത്തിരണ്ടും നാൽപ്പത്തിമൂന്നും സങ്കീർത്തനങ്ങളെ ഒരു സങ്കീർത്തനമായി കാണുവാനും വ്യാഖ്യാനിക്കുവാനും തക്കവിധം ഒരേ ആശയങ്ങളാണ് ഇരുസങ്കീർത്തനങ്ങളിലും പങ്കുവയ്ക്കപ്പെടുന്നത്. രണ്ടു സങ്കീർത്തനങ്ങളിലും ആവർത്തിക്കപ്പെടുന്ന വാക്യങ്ങളും ഇവയെ ഒരുമിച്ച് കാണുവാൻ കാരണമാകുന്നുണ്ട് (സങ്കീ. 42, 5, 11; 43, 5). ദേവാലയത്തിൽനിന്ന് അകന്ന്, ശത്രുക്കളുടെയും വഞ്ചകരും നീതിരഹിതരുമായ മനുഷ്യരുടെയും ഇടയിൽ വസിക്കേണ്ടിവരുന്ന സങ്കീർത്തകൻ, ദൈവത്തിന്റെ പ്രകാശത്താലും സത്യത്താലും നയിക്കപ്പെട്ട് തനിക്ക് വീണ്ടും ദൈവത്തിന്റെ വിശുദ്ധനഗരിയിലേക്കും ദൈവഭവനത്തിലേക്കും എത്തിച്ചേരുവാനും, അവിടെ അദ്ധ്യാത്മികമായി താൻ അനുഭവിക്കുന്ന നിരാശ കൈവെടിഞ്ഞ്, വീണ്ടും ദൈവത്തെ സ്തുതിക്കുവാൻ തനിക്ക് സാധിക്കട്ടെയെന്നും ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈയൊരു പ്രാർത്ഥനയുടെ കൂടി വെളിച്ചത്തിൽ, നിരാശയിൽനിന്നും വിഷാദാത്മകഭാവത്തിൽനിന്നും അകന്ന് പ്രാർത്ഥനയുടെ ശക്തിയാലും, ദൈവസാന്നിദ്ധ്യത്തിന്റെ പുനരനുഭവത്താലും ആനന്ദത്തിലേക്കും ദൈവസ്തുതിയിലേക്കും വീണ്ടും കടന്നുവരാനുള്ള ഒരു വിശ്വാസിയുടെ ഹൃദയാഭിലാഷമായി അഞ്ചു വാക്യങ്ങൾ മാത്രമുള്ള ഈ ചെറിയ ഈ സങ്കീർത്തനത്തെ നമുക്ക് കാണാം. പ്രവാസകാലത്തിന് മുൻപ് എഴുതപ്പെട്ടതാകാം ഈ സങ്കീർത്തണമെന്നാണ് കരുതപ്പെടുന്നത്. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചവനും, അതിലെങ്ങും നിറഞ്ഞുനിൽക്കുന്നവനുമാണ് ദൈവമെങ്കിലും, ജെറുസലേം നഗരത്തിനും, ദൈവസാന്നിധ്യമുള്ള അവിടുത്തെ ദേവാലയത്തിനും പ്രാധാന്യം നൽകുന്ന ഒരു ദൈവശാസ്ത്രചിന്തയാണ് ഇവിടെയുള്ളത്. ദൈവസാന്നിദ്ധ്യത്തിൽനിന്ന് അകന്നിരിക്കുന്ന ഒരു ആത്മാവിന്റെ വേദനയും, അവിടേക്ക് തിരികെയെത്താനാകുമെന്ന പ്രതീക്ഷയുമാണ് ഈ സങ്കീർത്തനവരികളിൽ നമുക്ക് വായിക്കാനാകുക.
ദുരിതാവസ്ഥയിൽ ദൈവത്തോടുള്ള വിലാപപ്രാർത്ഥന
ദൈവസാന്നിദ്ധ്യത്തിൽനിന്ന് അകന്ന് നിൽക്കേണ്ടിവന്ന ഒരു വിശ്വാസി, താൻ അനുഭവിക്കേണ്ടിവരുന്ന വേദനകളുടെയും ദുരിതങ്ങളുടെയും പീഡനങ്ങളുടെയും അനുഭവത്തിൽ സഹായത്തിനായി ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ നാം കാണുക. പല സങ്കീർത്തനങ്ങളിലും നാം കാണുന്ന ഒരു ചിന്തയോടെയാണ് നാൽപ്പത്തിമൂന്നാം സങ്കീർത്തനവും ആരംഭിക്കുന്നത്: "ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധർമ്മികൾക്കെതിരെ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ" (സങ്കീ. 43, 1). നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനം നൂറ്റിയൻപത്തിനാലാം വാക്യത്തിലും നീതിക്കായുള്ള ഇതേ പ്രാർത്ഥന നാം കാണുന്നുണ്ട്. അന്യായവും അനീതിപരവുമായ പ്രവർത്തികളുടെ മുന്നിൽ ഒരു വിശ്വാസി സ്വീകരിക്കേണ്ട യഥാർത്ഥ മനോഭാവം കൂടിയാണ് ഇവിടെ നമുക്ക് മനസ്സിലാക്കാനാകുക. ന്യായവിധി നടത്തേണ്ടവൻ ദൈവമാണ്. സ്വയം നീതി കണ്ടെത്താൻ പരിശ്രമിക്കുന്നതിലെ ഫലശൂന്യത, പ്രത്യേകിച്ച് വഞ്ചകരും നീതിരഹിതരുമായ മനുഷ്യരുടെ മുന്നിൽ വിജയത്തിനായി പരിശ്രമിക്കുന്നതിലെ ബുദ്ധിമുട്ട് സങ്കീർത്തനകർത്താവ് മനസ്സിലാക്കുന്നുണ്ട്. അവർ അനീതി പ്രവർത്തിക്കുക മാത്രമല്ല, അവയെ മറച്ചുവയ്ക്കുകയും നീതിമാനെതിരെ വഞ്ചനാപരമായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്.
താൻ അഭയം തേടിയ ദൈവം തന്നെ ഉപേക്ഷിച്ചുവോ എന്ന ഒരു ഭയം സങ്കീർത്തകനിൽ ഉണർത്താൻ ശത്രു അവനിലേൽപ്പിക്കുന്ന പീഡനങ്ങൾക്കാകുന്നുണ്ട്. ഈയൊരു ചിന്തയാലാണ് "ദൈവമേ, ഞാൻ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനം മൂലം എനിക്ക് വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്?" (സങ്കീ. 43, 2) എന്ന് സങ്കീർത്തകൻ ദൈവത്തോട് ചോദിക്കുന്നത്. സ്വന്തം ബുദ്ധിശക്തിയിലോ കരബലത്തിലോ എന്നതിനേക്കാൾ ദൈവത്തിലാണ് താൻ അഭയം തേടിയതെങ്കിലും ദൈവത്താൽ പുറന്തള്ളപ്പെട്ടതിനാലാകാം താൻ വിഷമസ്ഥിതിയിൽ ആയതെന്നും ജീവിതത്തിൽ പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നതെന്നും അവൻ ഭയക്കുന്നു.
ദൈവത്താൽ തിരസ്കരിക്കപ്പെട്ടുവെന്നും, താൻ അവനിൽനിന്നും അകലെയാണെന്നും ഭയക്കുന്ന സങ്കീർത്തകൻ ദൈവത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു. എന്നാൽ ദൈവത്തിലേക്ക് തിരികെയെത്താനും, അവന്റെ സാന്നിദ്ധ്യത്തിൽ ആയിരിക്കാനും സ്വന്തം കഴിവുകൾ പോരെന്നും, ദൈവത്തിന്റെ അനുഗ്രഹവും തുണയും ആവശ്യമുണ്ടെന്നും മനസ്സിലാക്കുന്ന അവൻ ദൈവസഹായത്തിനായി അപേക്ഷിക്കുന്നു: "അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ" (സങ്കീ. 43, 3). ജീവിതത്തിൽ ദൈവത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കാൻ ദൈവികമായ പ്രകാശവും സത്യവും ആവശ്യമാണെന്ന തിരിച്ചറിവും, അവ നൽകുന്നത് ദൈവം തന്നെയാണെന്ന ബോധ്യവുമാണ് ഇങ്ങനെ പ്രാർത്ഥിക്കാൻ സങ്കീർത്തകനെ പ്രേരിപ്പിക്കുന്നത്. ദൈവത്താൽ ദൈവത്തിലേക്ക് നയിക്കപ്പെടാൻ സ്വയം സമർപ്പിക്കുന്ന ഒരു വിശ്വാസിയുടെ എളിമകൂടിയാണ് ഈ വാക്യത്തിൽ നാം കാണുക. ഒരുവൻ ദൈവത്താലാണ് നയിക്കപ്പെടുന്നതെങ്കിൽ അവന്റെ പാതകൾ നാശത്തിലേക്കല്ല, പ്രകാശവും ആനന്ദവും നിറഞ്ഞ ദൈവത്തിന്റെ വിശുദ്ധഗിരിയിലേക്കായിരിക്കും എന്ന ഒരു അർത്ഥം കൂടി ഇവിടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.
ആനന്ദത്തിന്റെ ദൈവസന്നിധിയിൽ സ്തോത്രഗീതമാലപിക്കുക
നിരാശയിലായിരുന്ന സങ്കീർത്തകൻ, തന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെട്ട്, തിരികെ ദൈവസാന്നിദ്ധ്യത്തിന്റെ ആനന്ദാനുഭവത്തിലേക്ക് കടന്നുവരാൻ തനിക്ക് സാധിക്കുമെന്ന വിശ്വാസത്തോടെ, പ്രത്യാശയിലേക്ക് കടന്നുവരുന്നതാണ്, സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം പകുതിയിൽ നമുക്ക് കാണാനാവുക. ദൈവത്തിന്റെ പ്രകാശത്താലും അവന്റെ സത്യത്താലും നയിക്കപ്പെടുമെങ്കിൽ തനിക്ക് ദൈവത്തിലേക്കെത്തിച്ചേരാൻ സാധിക്കുമെന്ന ചിന്തയാണ് നാലാം വാക്യത്തിൽ സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്: "അപ്പോൾ ഞാൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് അങ്ങയെ ഞാൻ സ്തുതിക്കും" (സങ്കീ. 43, 4). സങ്കീർത്തകന്റെ വിശ്വാസത്തിന്റെ ആഴം കൂടിയാണ് ഈ വാക്യത്തിൽ നാം കാണുക. നീതിയിൽ ചരിക്കുന്ന ഒരുവന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്ന ഒരു ചിന്തയിൽ, നന്ദിയുടെ ബലിയർപ്പിക്കാനാണ് അവൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്ക് ചെല്ലുക. ബലിപീഠത്തിങ്കൽ കിന്നരത്തിന്റെ അകമ്പടിയോടെ തന്റെ പരമാനന്ദമായ ദൈവത്തിന് സ്തോത്രഗീതമാലപിക്കാൻ സങ്കീർത്തകൻ ആഗ്രഹിക്കുന്നു.
നാൽപ്പത്തിരണ്ടാം സങ്കീർത്തനത്തിൽ രണ്ടുവട്ടം ആവർത്തിക്കപ്പെടുന്ന "എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും" (സങ്കീ. 42, 5, 11; 43, 5) എന്ന വാക്കുകളോടെയാണ് നാൽപ്പത്തിമൂന്നാം സങ്കീർത്തനം അവസാനിക്കുന്നത്. നിരാശയുടെയും തകർച്ചയുടെയും അനുഭവങ്ങളുടെ മുന്നിലും വഞ്ചകരും നീതിരഹിതരുമായ മനുഷ്യരുടെ ദുഷ്പ്രവർത്തികളാൽ ദുരിതമനുഭവിക്കുമ്പോഴും, ദൈവത്തോടുള്ള തന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്നും, വീണ്ടും തനിക്ക് സഹായമായി ദൈവം കൂടെയുണ്ടാകുമെന്നുമുള്ള ബോധ്യത്തിലേക്ക് തിരികെ വരുന്ന സങ്കീർത്തകനെയാണ് നാം ഇവിടെ കാണുക. തന്റെ ജീവിതാനുഭവങ്ങളോ താനായിരിക്കുന്ന അവസ്ഥയോ മാറാത്തപ്പോഴും, ധൈര്യപൂർവ്വം മുന്നോട്ട് പോകാനും, ദൈവത്തിലേക്ക് തന്നെ തിരികെ നയിക്കുന്ന ദൈവികമായ പ്രകാശവും സത്യവും വിശ്വാസത്തിന്റെ കണ്ണുകളോടെ കാണാനും, ഇനിയുമൊരിക്കൽ ദൈവത്തിന്റെ അൾത്താരയ്ക്കരികിലെത്തി അവനെ പുകഴ്ത്തുവാൻ തനിക്ക് സാധിക്കുമെന്ന ബോധ്യത്തിലേക്ക് വളരാനും ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും ശരണവും അവനെ സഹായിക്കുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
നാൽപ്പത്തിരണ്ടാം സങ്കീർത്തനത്തോട് ചേർന്ന് പോകുന്ന നാൽപ്പത്തിമൂന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ആഴമേറിയ വിശ്വാസത്തിലേക്ക് വളരാനും, ഏതൊരു പ്രതികൂലസാഹചര്യങ്ങളിലും അവസാനവാക്ക് ദൈവത്തിന്റേതാണെന്ന ബോധ്യത്തിൽ ആഴപ്പെടാനും, നമ്മുടെ അഭയശിലയായ ദൈവത്തിൽ ജീവിതമർപ്പിച്ച് മുന്നോട്ടുപോകാനും സങ്കീർത്തനവാക്യങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നു. "ദൈവത്തിൽ പ്രത്യാശ വയ്ക്കുക" (സങ്കീ. 43, 5) എന്ന സങ്കീർത്തകന്റെ വാക്കുകൾ ഓരോ വിശ്വാസികളോടുമുള്ള ആഹ്വാനമാണ്. പ്രതികാരവും, നീതിവിധികളും ദൈവത്തിന് വിട്ടുകൊടുക്കുവാനും, ജീവിതത്തിന്റെ അന്ധകാരവഴികളിൽ ദൈവത്തിന്റെ പ്രകാശത്താൽ നയിക്കപ്പെടാനും, അജ്ഞതയുടെയും അപമാനത്തിന്റെയും നിമിഷങ്ങളിൽ അവന്റെ സത്യത്തെ മുറുക്കപ്പെടിക്കാനും, ദൈവത്തിലേക്ക് തിരികെ വരാനും നമുക്കാകട്ടെ. നമ്മുടെ ആത്മാവിന്റെയും ജീവിതത്തിന്റെയും പരമാനന്ദമായ ദൈവത്തിലേക്ക് നമ്മുടെ ചുവടുകൾ വയ്ക്കാം. അവന്റെ അൾത്താരയിൽ കൃതജ്ഞതയോടെ ബലിയർപ്പിക്കുവാനും, നമ്മുടെ അഭയശിലയായ ദൈവത്തിന് കിന്നരത്തിന്റെ അകമ്പടിയോടെ സ്നേഹ,സ്തോത്രഗീതങ്ങളാലപിക്കുവാനും സംരക്ഷകനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: