സങ്കീർത്തനചിന്തകൾ - 39 സങ്കീർത്തനചിന്തകൾ - 39 

നിഴൽ പോലെ നീങ്ങുന്ന ജീവിതങ്ങൾക്ക് പ്രത്യാശയേകുന്ന ദൈവം

വചനവീഥി: മുപ്പത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജീവിതാവസാനത്തോടടുത്ത ഒരുവൻ, തന്റെ മാനസികവും ശാരീരികവുമായ വേദനകളുടെയും ദുര്യോഗങ്ങളുടെയും മുന്നിൽ ദൈവത്തിന് മുൻപിലുയർത്തുന്ന വിലാപമാണ് ജ്ഞാനപ്രബോധനരൂപത്തിലുള്ള മുപ്പത്തിയൊൻപതാം സങ്കീർത്തനം. ദാവീദ് ഗായകസംഘനേതാവായ യദുഥൂന് എഴുതിയ സങ്കീർത്തനം എന്ന തലക്കെട്ടോടെ എഴുതപ്പെട്ട ഈ സങ്കീർത്തനം കഠിനമായ വേദനയിലും രോഗത്തിലും കൂടി കടന്നുപോകുന്ന വയോധികനായ ഒരു വ്യക്തിയുടെ പ്രാർത്ഥനയാണ്. തിന്മകളുടെ മുന്നിൽ എല്ലാം നിശബ്ദമായി സഹിച്ച അവന്റെ വേദനകൾ ഇപ്പോൾ ജീവിതത്തിന്റെ ക്ഷണികതയെയും നിസ്സാരതയെയും കുറിച്ചുള്ള പരാതികളായി ഉയരുന്നു. സഹനത്തിലെങ്കിലും അവൻ പ്രത്യാശയും പ്രതീക്ഷയും കൈവെടിയുന്നില്ല. തന്റെ ആരോഗ്യവും രോഗവും, ജീവിതവും മരണവും ദൈവഹിതത്തിനുമപ്പുറത്തല്ലെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ഇനിയും സന്തോഷത്തിന്റെ ദിനങ്ങൾക്കായി സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. മുപ്പത്തിയെട്ടാം സങ്കീർത്തനത്തിൽ, തന്റെ വീഴ്ചകളുടെയും രോഗങ്ങളുടെയും കാരണം തന്റെ പാപങ്ങളാണെന്ന ബോധ്യത്തിൽ ദാവീദ് സ്വയം പ്രതോരോധിക്കാൻ മുതിരുന്നില്ല. എന്നാൽ ഇവിടെയാകട്ടെ, താനും ദുഷ്ടരെയും മറ്റു പാപികളെയും പോലെ ആയിത്തീരാതിരിക്കാൻവേണ്ടി മറ്റുള്ളവരെ വിധിക്കാതെ, നിശബ്ദതയിൽ ആയിരിക്കാനാണ് അവൻ ആഗ്രഹിച്ചത്.

തിന്മകളും നിശബ്‌ദതയും

സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങളിൽ കാണുന്ന, തിന്മയുടെ മുന്നിൽ നിശ്ശബ്ദനായിരിക്കുവാൻ പരിശ്രമിച്ച സങ്കീർത്തകൻ ആധ്യാത്മികതജീവിതത്തെക്കുറിച്ചുള്ള ഒരു ഉദ്ബോധനമാണ് നൽകുന്നത്. മറ്റുള്ളവർ, പ്രത്യേകിച്ച് ദുഷ്ടരും ശത്രുക്കളും, തിന്മയിൽ ജീവിക്കുമ്പോഴും അവരെക്കുറിച്ച് പരാതികളും വിധികളും ഉയർത്താതെ, നിശബ്ദതയിൽ തുടരുന്ന ഒരു ജീവിതശൈലിയാണ് സങ്കീർത്തനകർത്താവ് സ്വീകരിച്ചിരുന്നത്. എന്നാൽ സഹനത്തിന്റെ ആധിക്യത്തിൽ ഹൃദയത്തിന് താങ്ങാനാവുന്നതിലും അപ്പുറത്തേയ്ക്ക് ദാവീദിന്റെ ജീവിതം പതിക്കുന്നുണ്ട്. "എന്റെ സങ്കടം വർദ്ധിച്ചുകൊണ്ടേയിരുന്നു; എന്റെ ഉള്ളിൽ ഹൃദയം തപിച്ചു" (സങ്കീ. 39, 2b) എന്ന് രണ്ടാം വാക്യത്തിൽ ദാവീദ് എഴുതുന്നു. വേദനകളും സങ്കടങ്ങളും തന്റെ പരിധിക്കുമപ്പുറമാകുമ്പോഴും താൻ വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്ന ദൈവത്തിന് മുൻപിലാണ് സങ്കീർത്തകൻ വിലാപസ്വരത്തിൽ മനസ്സ് തുറക്കുന്നത്. പാപിക്ക് മുൻപിൽ സ്വന്തം നാവിനെ നിയന്ത്രിക്കാനുള്ള വിവേകം ജ്ഞാനത്തിന്റെ ഭാഗമാണ്. എന്നാൽ വേദനയുടെ ആധിക്യം അവന്റെ ചിന്തകളെയും വാക്കുകളെയും അവന്റെ തീരുമാനങ്ങൾക്കും നിശ്ശബ്ദതയ്ക്കുമപ്പുറത്തേക്ക് പരാതികളുയർത്താൻ അവനെ നിർബന്ധിക്കുന്നു. മറ്റുള്ളവെക്കുറിച്ച് എന്നതിനേക്കാൾ, അവനവനെക്കുറിച്ച് വിമർശിക്കുന്നതും, ഹൃദയം ദൈവത്തിന് മുൻപിൽ തുറക്കുന്നതും വിവേകപൂർണ്ണമായ പ്രവൃത്തിയാണ്.

ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും

വേദനകൾ നിറഞ്ഞ ഒരു ജീവിതത്തിന് മുൻപിൽ തന്റെ നിയന്ത്രണങ്ങൾ കൈവിട്ടുപോയേക്കാമെന്ന ഒരവസ്ഥയിൽ, നിശബ്ദത കൈവെടിഞ്ഞ്, കർത്താവിന് മുൻപിൽ ഹൃദയം തുറന്ന് സംസാരിക്കുന്ന ദാവീദിനെയാണ് നാലു മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. മനുഷ്യജീവിതം ക്ഷണികവും നിസ്സാരവുമാണെന്ന ബോധ്യത്തിലേക്കാണ് അവൻ എത്തിച്ചേരുന്നത്. ഒരു നിശ്വാസം മാത്രമായ തന്റെ ആയുസ്സിന്റെ ദൈർഘ്യവും അതിന്റെ അവസാനവും എന്തെന്ന് അറിയാൻ അവൻ ആഗ്രഹിക്കുന്നു. ജീവിതം ക്ഷണികമാണെന്ന തിരിച്ചറിവിലാണ്, സ്വയം പ്രതിരോധിക്കാനോ, മറ്റുളളവരെക്കുറിച്ച് വിധികൾ നടത്താനോ മുതിരുന്നതിന് പകരം, ശരണത്തോടെ ദൈവത്തിന് മുൻപിൽ പ്രാർത്ഥനയോടെ അവൻ നിൽക്കുന്നത്. ഈയൊരു ബോധ്യത്തിൽനിന്നുകൊണ്ടുതന്നെയാണ്, "മനുഷ്യൻ നിഴൽ മാത്രമാണ്, അവന്റെ ബദ്ധപ്പാട് വെറുതെയാണ്, മനുഷ്യൻ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവനറിയുന്നില്ല" (സങ്കീ. 39, 6) എന്ന് ദാവീദ് എഴുതുക. ചിന്തിക്കാതെയും, അദ്ധ്വാനിക്കാതെയും ജീവിക്കുക എന്ന ബുദ്ധിശൂന്യതയിലേക്കോ, മറ്റുള്ളവരെക്കുറിച്ച് അന്യായമായി സംസാരിക്കുകയും, ജീവിതത്തിന്റെ ക്ഷണികതയ്ക്ക് മുന്നിലും അവിവേകമായി വാരിക്കൂട്ടുകയും ചെയ്യുക എന്ന അൽപത്വത്തിലേക്കോ പോകാതെ, വിവേകപൂർവ്വം ചിന്തിക്കാനും, അദ്ധ്വാനിക്കാനും നീതിപൂർവ്വം സമ്പാദിക്കാനും കഴിയുക എന്നതിലേക്ക് വളരുക എന്നതാണ് നമുക്ക് മുൻപിലുള്ള വിളി.

പ്രതീക്ഷയോടെയുള്ള ജീവിതം

സങ്കീർത്തനത്തിന്റെ ഏഴുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ, തന്റെ ദുരിതങ്ങളുടെ മുന്നിലും പ്രത്യാശയും പ്രതീക്ഷകളും കൈവിടാത്ത, ദൈവത്തിൽ ശരണപ്പെട്ട് ജീവിക്കാൻ പരിശ്രമിക്കുന്ന ദാവീദിനെയാണ് നാം കാണുക: "കർത്താവേ, ഞാൻ എന്താണ് കാത്തിരിക്കേണ്ടത്, എന്റെ പ്രത്യാശ അങ്ങയിലാണല്ലോ" (സങ്കീ. 39, 7) എന്ന സങ്കീർത്തകന്റെ വാക്കുകളിൽ ഇത് വ്യക്തമാണ്. തന്റെ പാപങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും വയോധികനായ ദാവീദ് ബോധ്യവനാണ്. അതുകൊണ്ടുതന്നെ "എന്റെ എല്ലാ അതിക്രമംങ്ങളിലും നിന്ന് എന്നെ മോചിപ്പിക്കണമേ" (സങ്കീ. 39, 8) എന്ന് പ്രാർത്ഥിക്കാനുള്ള വിവേകം അവൻ കാണിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകളുടെ മുന്നിലും നിശബ്ദനായിരുന്ന തന്റെ ജീവിതത്തിൽ ദൈവം അനുവദിക്കാത്ത വേദനകൾ ഉണ്ടാകില്ലെന്ന ബോധ്യവും (സങ്കീ. 39, 9) സങ്കീർത്തകൻ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ദൈവികതീരുമാനങ്ങൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്ന ഒരു വിശ്വാസിയെക്കൂടി ദാവീദിന്റെ ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകും.

പ്രാർത്ഥനയും ദൈവഹിതവും

സങ്കീർത്തനത്തിന്റെ പത്ത് മുതലുള്ള വാക്യങ്ങളിൽ താൻ ആയിരിക്കുന്ന അവസ്ഥയെ ദൈവത്തിന് മുൻപിൽ ഏറ്റുപറയുകയും, എന്നാൽ അതേസമയം ആനന്ദത്തിന്റെയും സൗഖ്യത്തിന്റെയും നാളുകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദാവീദിനെയാണ് നാം കാണുന്നത്. ദൈവത്തിന് മുൻപിൽ പ്രാർത്ഥിക്കാൻ മാത്രമല്ലാതെ, അവകാശവാദങ്ങൾ ഉന്നയിക്കാൻ മനുഷ്യന് സാധ്യമല്ലെന്ന ബോധ്യമാണ് സങ്കീർത്തകൻ പങ്കുവയ്ക്കുക. എന്നാൽ മറ്റു സങ്കീർത്തനങ്ങളിലെന്നപോലെ, പാപം നിമിത്തമാണ് മനുഷ്യൻ ശിക്ഷിക്കപ്പെടുക എന്ന ഒരു ചിന്തയും ദാവീദ് ഈ സങ്കീർത്തനത്തിൽ ആവർത്തിക്കുന്നുണ്ട് (സങ്കീ. 39, 11). ഈ ഭൂമിയിലും, ദൈവത്തിന് മുൻപിലും അല്പനേരത്തേക്ക് മാത്രമുള്ള ഒരു അതിഥിയാണ് മനുഷ്യനെന്നും, അവന്റെ ക്ഷണികതയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ നൽകുന്നത് ദൈവമാണെന്നുമുള്ള ബോധ്യവും  സങ്കീർത്തനവരികളിൽ നാം കാണുന്നുണ്ട് (സങ്കീ. 39, 12-13). പാപം മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുന്നുവെന്നും, ദൈവത്തിരുമുൻപിൽ പാപം ദുഃഖത്തിനും വേദനയ്ക്കും കാരണമാകുന്നുവെന്നുമുള്ള ബോധ്യത്തിൽ നിന്നുകൊണ്ടേയിരിക്കണം ദാവീദ് ഈ വരികൾ എഴുതുക. ദൈവത്തിന്റെ കാരുണ്യമല്ലെങ്കിൽ, അവൻ പാപങ്ങൾ പൊറുക്കുന്നില്ലെങ്കിൽ, ദൈവം അനുവദിച്ചില്ലെങ്കിൽ എന്ത് നന്മയും സന്തോഷവുമാണ് നിസ്സാരനും ദുർബലനായ മനുഷ്യന് തനിയെ നേടാനാവുക?

സങ്കീർത്തനം ജീവിതത്തിൽ

ജീവിതത്തിന്റെ നിസ്സാരതയും ക്ഷണികതയും തിരിച്ചറിഞ്ഞ്, ബോധ്യങ്ങളോടെ ജീവിക്കുന്ന വയോധികനായ ദാവീദിന്റെ ജ്ഞാനവചസുകൾ ഉൾക്കൊള്ളുന്ന മുപ്പത്തിയൊൻപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ജീവിതത്തിൽ കൂടുതൽ തിരിച്ചറിവുകളോടും, ദൈവാശ്രയബോധത്തിലും വളരാൻ സങ്കീർത്തനവാക്യങ്ങൾ നമ്മെ ക്ഷണിക്കുന്നുണ്ട്. ഒരു നിശ്വാസം മാത്രമാണ് നാമെന്ന ബോധ്യം നിരാശയിലേക്കോ, ദുഃഖത്തിലേക്കോ അല്ല, ദൈവാശ്രയബോധത്തിലേക്കും ഉത്തരവാദിത്വപരമായ ജീവിതത്തിലേക്കും നമ്മെ നയിക്കണം. ദൈവത്തോട് ചേർന്നും, അവന്റെ ഹിതമനുസരിച്ചുമല്ലെങ്കിൽ മനുഷ്യന്റെ പദ്ധതികളും പ്രവൃത്തികളും വ്യർത്ഥമാണെന്നും, ദൈവത്തിലാണ് നമ്മുടെ ശരണവും സന്തോഷവും കണ്ടെത്തേണ്ടതെന്നുമുള്ള ബോധ്യത്തിൽ വളരാൻ നമുക്ക് പരിശ്രമിക്കാം. മറ്റുള്ളവരെ വിധിക്കാതെ, എന്നാൽ സ്വന്തം ജീവിതത്തിന്റെ ദിനങ്ങളെ വിവേകപൂർവ്വം ജീവിച്ച് ദൈവമനുവദിക്കുന്ന ആനന്ദമനുഭവിക്കുവാനും, ജീവിതത്തെ അർത്ഥപൂർണ്ണമാക്കുവാനും നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2023, 16:42