സൊമാലിയയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം സൊമാലിയയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം  (2020 Stanley Dullea)

വെള്ളപ്പൊക്കം: സൊമാലിയയിൽ നാലു ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു

കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് നാലുലക്ഷത്തോളം ആളുകളെ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ മാറ്റിപ്പാർപ്പിക്കേണ്ടിവന്നതായി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സൊമാലിയയിലെ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് നാലുലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സൊമാലിയയും, ആ പ്രദേശങ്ങളിലുള്ള മറ്റു പല രാജ്യങ്ങളും വലിയൊരു വിപത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി. മെയ് 31 ബുധനാഴ്ച പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലൂടെയാണ് സോമാലിയയിലെ യൂണിസെഫ് പ്രതിനിധി വാഫാ സയീദ് ഈ വിവരങ്ങൾ അറിയിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൊമാലിയയിൽ നിലനിന്നിരുന്ന കടുത്ത വരൾച്ച കുട്ടികളിലും കുടുംബങ്ങളിലും ഉണ്ടാക്കിയേക്കാവുന്ന കടുത്ത ആഘാതത്തെക്കുറിച്ച് യൂണിസെഫ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായ അഞ്ച് സീസണുകളിൽ സൊമാലിയയിൽ ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. കടുത്ത വരൾച്ചയാണ് രാജ്യം നേരിട്ടിരുന്നത്. ഇവിടങ്ങളിലെ കുട്ടികൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.

ജലദൗർലഭ്യത്തിലൂടെ കടന്നുപോയിരുന്ന ഈ വടക്കേഅഫ്രിക്കൻ രാജ്യത്ത് അപ്രതീക്ഷിതമായി വന്ന കനത്ത മഴ കുട്ടികളുടെയും കുടുംബങ്ങളുടെയും സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി. ഈ വർഷം നാലുലക്ഷം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്. ഇപ്പോഴത്തെ നിലയിൽ മഴ തുടരുകയാണെങ്കിൽ, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കം പതിനേഴ് ലക്ഷം ആളുകളെ ബാധിച്ചേക്കുമെന്ന് രാജ്യത്ത് മാനവികസേവനം നടത്തിവരുന്ന സംഘടനകൾ അഭിപ്രായപ്പെട്ടതായി യൂണിസെഫ് അറിയിച്ചു.

രാജ്യത്ത്, ഹിറാൻ മേഖല പോലെയുള്ള പ്രദേശങ്ങളിൽ 90% നിവാസികളെയും മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്. പലയിടങ്ങളിലും ആളുകൾക്ക്, ഭക്ഷണം, ശുദ്ധജലം, പാർപ്പിടസൗകര്യങ്ങൾ തുടങ്ങിയവ പരിമിതമായ നിലയിലെ ലഭ്യമാകുന്നുള്ളൂ. പലയിടങ്ങളിലും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും അടച്ചുപൂട്ടി.

സോമാലിയ പോലെ, പ്രകൃതിദുരന്തങ്ങളും അവ മനുഷ്യജീവനുയർത്തുന്ന ഭീഷണികളും കണക്കിലെടുത്ത്, ഈ പ്രദേശത്തുള്ള ആളുകൾക്ക് അന്താരാഷ്ട്രസമൂഹം നൽകിവരുന്ന പിന്തുണ വർദ്ധിപ്പിക്കാനുള്ള സമയമാണിതെന്ന് യൂണിസെഫ് പ്രതിനിധി വിശദീകരിച്ചു. നിലവിലെ പ്രകൃതിക്ഷോഭങ്ങൾ കുട്ടികളുടെ ജീവനും ഭാവിയും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് സംഘടന കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:28