അഗാധത്തിൽനിന്നും രക്ഷിക്കുന്ന ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പാപത്തിന്റെയും മരണത്തിന്റെയും അഗാധത്തിൽനിന്നും രക്ഷിക്കാൻ കഴിവുള്ള ഇസ്രയേലിന്റെ ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തെ വിളിച്ചോതുന്ന നൂറ്റിമുപ്പതാം സങ്കീർത്തനം ഏവർക്കും ഏറെ പരിചിതമാണ്. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള, ആരോഹണഗീതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന പതിനഞ്ച് സങ്കീർത്തനങ്ങളിൽപ്പെടുന്ന ഇത് ഒരേ സമയം വിലാപഗീതവും അനുതാപഗീതവുമാണ്. മൃതസംസ്കാരച്ചടങ്ങുകളിലെ പ്രാർത്ഥനയുടെ ഭാഗവുമാണ്, ഈ സങ്കീർത്തനം. തന്റെ ജീവിതത്തിന്റെ കുറവുകളെക്കുറിച്ച് ബോധ്യമുള്ള വിശ്വാസിയായ ഒരു മനുഷ്യൻ, തന്നെ രക്ഷിക്കാൻ കഴിവുള്ള ദൈവത്തോട് നടത്തുന്ന ഈ പ്രാർത്ഥന, നിരാശയിലായിരിക്കുന്ന ഓരോ വിശ്വസിക്കും തന്റേതാക്കി മാറ്റാൻ സാധിക്കും. തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവനും, അനുതപിക്കുന്ന പാപിയോട് പൊറുക്കുന്നവനുമാണ് ഇസ്രയേലിന്റെ ദൈവമെന്ന ചിന്തയാണ്, ദൈവത്തെ കൂടുതൽ സ്നേഹിക്കാനും ആശ്രയിക്കാനും ഓരോ വിശ്വാസിക്കും പ്രചോദനവും ധൈര്യവുമേകുന്നത്. പാപാവബോധത്തിന്റെ ആഴത്തിൽനിന്ന് വിശ്വാസത്തോടെ ദൈവത്തിൽ ശരണമർപ്പിക്കുന്ന സങ്കീർത്തകൻ, രക്ഷനൽകുന്ന ദൈവത്തിൽ പ്രത്യാശയർപ്പിക്കാൻ മറ്റുള്ളവർക്ക് ബോധ്യം പകർന്നുകൊടുക്കാൻതക്ക, വിശ്വാസത്തിന്റെ ഉയർന്ന ഒരു തലത്തിലേക്ക് വളരുന്നതിനും ഈ സങ്കീർത്തനം സാക്ഷ്യം നൽകുന്നുണ്ട്.
ആഴമേറിയ അനുതാപം
സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ, പാപത്തിന്റെ ആഴത്തിൽ നിപതിച്ച ഒരു വിശ്വാസിയുടെ തിരിച്ചറിവും, രക്ഷയിലേക്ക് തിരികെ വരാനുള്ള അവന്റെ ആഗ്രഹവും, അതിന് കാരണമാകുന്ന ദൈവത്തിലുള്ള ശരണവുമാണ് പ്രതിപാദിക്കുന്നത്. "കർത്താവേ, അഗാധത്തിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ! ചെവി ചായ്ച്ച് എന്റെ യാചനയുടെ സ്വരം ശ്രവിക്കേണമേ" (വാ. 1-2).
പാപം മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുന്നതിനും, അവന്റെ ആത്മാവിനെ എത്രമാത്രം അധഃപതനത്തിലേക്ക് കൊണ്ടുപോകുമെന്നതിനും ധാരാളം ഉദാഹരണങ്ങൾ വിശുദ്ധഗ്രന്ഥം നൽകുന്നുണ്ട്. അതേസമയം, ദൈവത്തിന്റെ കാരുണ്യം മനുഷ്യപാപത്തെക്കാൾ ആഴമേറിയതാണെന്നും ദൈവവചനം നമുക്ക് പറഞ്ഞുതരുന്നുണ്ട്.. അനുതപിക്കുന്ന പാപിയുടെ നിലവിളി കേൾക്കുന്ന, അവന്റെ യാചനയ്ക്ക് ഉത്തരം നല്കുന്നവനാണ് ഉടമ്പടിയുടെ ദൈവമെന്ന തിരിച്ചറിവാണ്, വീഴ്ചകളിൽ നിരാശയുടെ ആഴങ്ങളിൽ എല്ലാം അവസാനിപ്പിക്കാതെ, ദൈവകാരുണ്യത്തിന്റെ സീയോൻ മലയിലേക്ക് ഓരോ മനുഷ്യനെയും തിരികെ കൂട്ടിക്കൊണ്ടു പോകുന്നത്. കൊടിയ പാപിയിൽപ്പോലും, അനുതാപത്തിലൂടെ ജീവനിലേക്കും രക്ഷയിലേക്കും തിരികെ വരാൻ സാധ്യതയുള്ള ഒരു മകനെയും മകളെയുമാണ് ദൈവം കാണുന്നത്.
കാരുണ്യത്തിനായുള്ള അപേക്ഷ
തന്റെ പാപത്തിന്റെ ആഴവും തീവ്രതയും തിരിച്ചറിയുന്ന മനുഷ്യൻ, തന്റെ കരബലത്തിനേക്കാൾ, രക്ഷിക്കുവാൻ കഴിവുള്ള ദൈവകരങ്ങളിൽ വിശ്വാസമർപ്പിക്കുന്നതും, അവനോട് കാരുണ്യത്തിനായി അപേക്ഷിക്കുന്നതുമാണ് സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ നാം കാണുന്നത്. "കർത്താവെ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്ക് നിലനിൽക്കാനാവും? എന്നാൽ അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടുതന്നെ ഞങ്ങൾ അങ്ങയുടെ മുൻപിൽ ഭയഭക്തികളോടെ നിൽക്കുന്നു".
സ്വജീവിതത്തിലെ പാപാവസ്ഥയെ തിരിച്ചറിയാതിരിക്കുന്നതാണ് സാധാരണ മനുഷ്യരായ നമ്മുടെ കുറവ്. ദൈവവുമായുള്ള ബന്ധത്തിൽ താനെവിടെയാണെന്ന തിരിച്ചറിവുള്ള മനുഷ്യൻ ദൈവത്തിന്റെ കാരുണ്യത്തിനായി അപേക്ഷിക്കുന്നു. തന്റെ തിന്മപ്രവർത്തികളുടെ ഫലമായാണ് താൻ ദൈവത്തിൽനിന്ന് അകലെയായിരിക്കുന്നത് എന്ന് തിരിച്ചറിയുന്ന സങ്കീർത്തകന്റെ തൊട്ടടുത്തുള്ള വാക്കുകൾ ഏറെ മനോഹരമാണ്. തന്റെ പാപങ്ങളെക്കാൾ ദൈവത്തിന്റെ കാരുണ്യം വലുതാണ്. തങ്ങളുടെ ചരിത്രത്തിൽനിന്ന് ഇസ്രായേൽ മനസ്സിലാക്കിയ ഒരു സത്യവുമാണിത്. ക്ഷമിക്കുന്ന, സ്നേഹിക്കുന്ന ദൈവത്തെ വീണ്ടും വിട്ടകലാതിരിക്കാനുള്ള ബോധ്യത്തിലേക്കും ഈ വരികൾ നമ്മെ നയിക്കുന്നുണ്ട്. തിരിച്ചു വരാനായി തയ്യാറാകുന്ന മനുഷ്യന്റെ കണ്മുൻപിൽ ക്ഷമിക്കുന്ന, കാത്തിരിക്കുന്ന ഒരു ദൈവമുണ്ട്.
സങ്കീർത്തകന് ദൈവത്തിലുള്ള ആശ്രയം
പാപത്തിന്റെ ആഴത്തിൽ വീണുപോയെങ്കിലും, അനുതാപത്തോടെ തിരികെവന്നാൽ, കാരുണ്യം യാചിച്ചാൽ ദൈവം ക്ഷമയോടെ പൊറുക്കുമെന്ന പ്രത്യാശയാണ് സങ്കീർത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങളെ നയിക്കുന്ന ചിന്ത. സങ്കീർത്തനവാക്യങ്ങൾ ഇങ്ങനെയാണ്: "ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവൽക്കാരേക്കാൾ ആകാംഷയോടെ ഞാൻ കർത്താവിനെ കാത്തിരിക്കുന്നു" (വാ. 5-6).
താൻ തിരഞ്ഞെടുത്ത ജനത്തോട് കരുണ കാണിക്കുന്ന ഒരു ദൈവത്തെയാണ് വിശുദ്ധ ഗ്രന്ഥം എപ്പോഴും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അനുതപിക്കുന്ന തന്റെ ഭക്തരുടെ പാപക്കറകൾ എത്രയേറെ കഠിനമാണെങ്കിലും, അതിനെ തുടച്ചുനീക്കാൻ, നിർമ്മലമായ ഒരു ജീവിതത്തിലേക്ക് അവരെ സ്വാതന്ത്രരാക്കാൻ ദൈവം തയ്യാറാണ്. പ്രഭാതമെത്തുമെന്നതിനെപ്പറ്റി കാവൽക്കാരനെന്നതുപോലെ, ദൈവത്തിന്റെ സഹായത്തെപ്പറ്റി സങ്കീർത്തകനും സംശയമൊന്നുമില്ല. പ്രഭാതത്തിനായി കാത്തിരിക്കുന്ന രാത്രികാവൽക്കാരൻ എപ്രകാരം കാത്തിരിക്കുന്നുവോ, അതിലും വലിയ പ്രതീക്ഷയോടെയും അവബോധത്തോടെയുമാണ്, തന്റെ ആത്മാവിനെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ദൈവത്തിന് തന്റെ ജീവിതത്തിന്റെ ഭാരമേല്പിക്കാൻ സങ്കീർത്തകൻ കാത്തിരിക്കുന്നത്. പൂർണ്ണമായും ദൈവകരങ്ങളിലർപ്പിച്ച ഒരു ജീവിതത്തിൽ പാപത്തിന്റെ കറയുണ്ടാകില്ല. അവന്റെ ചിത്തം ദൈവത്തിൽനിന്ന് അകന്നുപോവുകയുമില്ല.
മാതൃകയാകുന്ന വിശ്വാസം
പാപത്തിന്റെ ആഴത്തിൽ അകപ്പെട്ടുപോയ മനുഷ്യൻ ദൈവത്തിലാശ്രയിച്ച് അവന്റെ കാരുണ്യത്താൽ വീണ്ടും രക്ഷയുടെ ഉയരങ്ങളിലേക്ക് എത്തുവാൻ നടത്തുന്ന പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ ഇതുവരെയുള്ള വരികളിൽ നാം കണ്ടത്. സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളാകട്ടെ, ദൈവത്തിലേക്ക് തിരികെ നടന്ന്, അവിടുത്തെ അനന്തമായ കരുണയെ തിരിച്ചറിഞ്ഞ ഒരു വിശ്വാസി സ്വന്തം വിശ്വാസജീവിതം മറ്റുള്ളവർക്കും മാതൃകയായി കാണിച്ചുകൊടുക്കുകയും, അവരെയും ദൈവത്തിലേക്ക് തിരികെ വരാൻ ക്ഷണിക്കുന്നതുമാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്: "പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവൽക്കാരേക്കാൾ ആകാംക്ഷയോടെ ഇസ്രായേൽ കർത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാൽ, കർത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു. ഇസ്രയേലിനെ അവന്റെ അകൃത്യങ്ങളിൽനിന്ന് അവിടുന്ന് മോചിപ്പിക്കുന്നു" (വാ. 7-8).
സ്വന്തം ജീവിതത്തിൽ ദൈവത്തിൽനിന്ന് സ്വീകരിച്ച കാരുണ്യത്തെക്കുറിച്ചുള്ള ബോധ്യത്താലാണ്, അതെ കാരുണ്യം ഇസ്രായേലിനുവേണ്ടിയും സങ്കീർത്തകൻ ആഗ്രഹിക്കുന്നത്. ദൈവത്തെ അനുഭവിച്ചറിഞ്ഞ മനുഷ്യർക്കേ, മറ്റുള്ളവർക്കും അവന്റെ കാരുണ്യത്തിന്റെയും, അവൻ നൽകുന്ന രക്ഷയുടെയും അനുഭവത്തെ വിവരിക്കാനും അതിലേക്ക് അവരെ ആനയിക്കാനുമാകൂ. ക്ഷമിക്കപ്പെട്ടതിന്റെ അനുഭവങ്ങളെ മനസ്സിൽ സൂക്ഷിക്കുന്നവർക്കേ, ക്ഷമ നൽകുന്ന സ്വാതന്ത്ര്യവും സന്തോഷവും മറ്റുള്ളവർക്ക് പകരാനാകൂ. സ്വജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടെങ്കിലേ ദൈവാശ്രയബോധത്തിൽ വളരാനാകൂ. അപരനിൽ ദൈവകാരുണ്യം അർഹിക്കുന്ന സഹോദരനെയും സഹോദരിയെയും കാണാനുള്ള കഴിവും ഹൃദയവിശാലതയുമുണ്ടെങ്കിലേ അവരെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് നയിക്കാൻ ഒരുവനാകൂ.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിമുപ്പതാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽനിന്നുയരുന്ന, അനുരഞ്ജനത്തിലൂടെ നേടാൻ കഴിയുന്ന, രക്ഷയുടെ അമൂല്യമായ അനുഭവമാണ് സങ്കീർത്തകനിലൂടെ ദൈവം നമുക്ക് മുന്നിൽ വയ്ക്കുന്നത്. സ്വന്തം ജീവിതത്തെ തിരിച്ചറിയുന്ന, പാപിയായ സങ്കീർത്തനകർത്താവിന്റെ ശക്തമായ സാക്ഷ്യം നമ്മുടെ ജീവിതത്തിലും മാതൃകയാക്കാം. നാമായിരിക്കുന്ന പാപാവസ്ഥയിലേക്ക് സങ്കീർത്തനം വിരൽചൂണ്ടുന്നുണ്ട്; ഒപ്പം ദൈവത്തിലാശ്രയിച്ചാൽ നേടാനാകുന്ന അനുഗ്രഹത്തിന്റെ ഉന്നതിയിലേക്കും. കാരുണ്യവും ക്ഷമയും സ്വീകരിക്കാൻ മാത്രമല്ല, പങ്കിടാനുള്ളതുകൂടിയാണെന്ന ഒരോർമ്മപ്പെടുത്തൽകൂടിയാണ് ഈ സങ്കീർത്തനം. ദൈവം നൽകുന്ന രക്ഷയിലേക്ക് കടന്നുവരാനും, ദൈവം സ്നേഹിക്കുന്ന, അവന്റെ ജനത്തെ രക്ഷയുടെ അനുഭവത്തിലേക്ക് നയിക്കാനും നമുക്കാകണം; അതോടൊപ്പം, നാമേറ്റുവാങ്ങിയ കാരുണ്യവും ക്ഷമയും, വിമോചനത്തിന്റെ അനുഭവവും മറ്റുള്ളവർക്കും നൽകുന്ന, കൂടുതൽ കരുണയുള്ള, ക്ഷമിക്കുന്ന, സ്നേഹിക്കുന്ന മനുഷ്യരായി നാമും മാറണം.
പാപവും, വീഴ്ചകളും, കുറവുകളും, നിരാശയുടെ ദുഃഖത്തിലേക്കും, മരണത്തിന്റെ അഗാധതയിലേക്കുമല്ല, അളവുകളില്ലാതെ പൊറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, നമുക്കായി കാത്തിരിക്കുന്ന, ദൈവം വസിക്കുന്ന സ്വർഗ്ഗത്തിന്റെ ഔന്ന്യത്യത്തിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ നയിക്കേണ്ടത്. പാപമോചനത്തിന്റെയും, ദൈവകാരുണ്യത്തിന്റെയും ദിവ്യമായ അനുഭവത്തിനായി, നമ്മുടെ പാപങ്ങളുടെയും കുറവുകളുടെയും അഗാധങ്ങളിൽനിന്ന് തീവ്രമായ അനുതാപത്താൽ മനസ്സ് തിരിഞ്ഞ്, പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവൽക്കാരേക്കാൾ ആകാംഷയോടെ, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ, സ്നേഹം തന്നെയായ കർത്താവിനായി കാത്തിരിക്കാൻ നൂറ്റിമുപ്പതാം സങ്കീർത്തനം നമുക്ക് പ്രചോദനമാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: