കാലാവസ്ഥാമാറ്റത്തിന്റെ ഭാരം പേറുന്നവർ കാലാവസ്ഥാമാറ്റത്തിന്റെ ഭാരം പേറുന്നവർ 

പരിസ്ഥിതിക ഭീഷണികളും കുട്ടികളും: യുണിസെഫ്

ലോകത്തെ കുട്ടികളിൽ 99 ശതമാനവും ഏതെങ്കിലും രീതിയിലുള്ള പാരിസ്ഥിതിക ഭീഷണികൾ നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ടസഭയുടെ ശിശുക്ഷേമനിധി അംഗം ഗൗതം നരസിംഹൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്താകമാനമുള്ള 220 കോടിയോളം കുട്ടികളിൽ ഏതാണ്ട് എല്ലാവരും പാരിസ്ഥിതിക ഭീഷണികൾ നേരിടുന്നുണ്ടെന്ന് ഗ്ലാസ്‌ഗോവിൽ നടക്കുന്ന COP26 എന്ന ആഗോളസമ്മേളനത്തിൽ കാലാവസ്ഥ, ഊർജ്ജം, പരിസ്ഥിതി, കുട്ടികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൽ എന്നിവയ്ക്കുവേണ്ടിയുള്ള യൂണിസെഫ് പ്രതിനിധി ഗൗതം നരസിംഹൻ അഭിപ്രായപ്പെട്ടു.

"കുട്ടികൾക്കുവേണ്ടിയും കുട്ടികളോടൊപ്പവും കാലാവസ്ഥ, പരിസ്ഥിതി എന്നിവയെ സംബന്ധിച്ച നയങ്ങൾ ഉണ്ടാക്കുക" എന്ന പേരിൽ യുണിസെഫ് നടത്തിയ വിശകലനമനുസരിച്ച്, ഏതാണ്ട് മൂന്നിൽ രണ്ട് രാജ്യങ്ങളിലെയും കാലാവസ്ഥാപദ്ധതികളിൽ കുട്ടികളുടെ ആവശ്യങ്ങളും മുൻഗണനകളും പരിഗണിക്കുന്നില്ല.

2021 നാളിതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ചൂടുള്ള ഒരു വർഷമായിരിക്കുമെന്നും ലോക കാലാവസ്ഥാസംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ലോകനേതാക്കളുടെ പല പ്രസ്താവനകളും "കുട്ടികൾ", "യുവജനങ്ങൾ" എന്നീ വാക്കുകൾ പലതവണ പരാമർശിക്കപ്പെടുന്നുന്നു മാത്രമല്ല, കുട്ടികളിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതത്തെക്കുറിച്ച് അവർ പലവട്ടം സംസാരിക്കുന്നുമുണ്ട്. എന്നാൽ തങ്ങളുടെ വാക്കുകൾ പ്രവർത്തിപഥത്തിലെത്തിക്കാൻ ശ്രമിക്കുന്നവർ വളരെ വിരളമാണെന്നും യുണിസെഫ് പ്രതിനിധി നരസിംഹൻ അഭിപ്രായപ്പെട്ടു. ഏതാണ്ട് മൂന്നിൽ രണ്ട് ശതമാനം കാലാവസ്ഥാപദ്ധതികളും കുട്ടികൾക്ക് പ്രാധാന്യം നൽകുകയോ അവരുടെ ആവശ്യങ്ങളെ നേരിടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം നിന്നുള്ള 103 കാലാവസ്ഥാപദ്ധതികൾ പരിശോധിച്ചതിൽ, വെറും മുപ്പത്തിയേഴ്, അതായത് മൂന്നിലൊന്ന് പദ്ധതികൾ മാത്രമേ കുട്ടികളെക്കുറിച്ച് ശ്രദ്ധിക്കുന്നുള്ളു. അഞ്ചിലൊന്ന് പദ്ധതികൾ മാത്രമാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. 103 കാലാവസ്ഥാപദ്ധതികളിൽ വെറും പന്ത്രണ്ട് ശതമാനം മാത്രമാണ് കുട്ടികളുടെ പങ്കാളിത്തത്തോടെ തങ്ങളുടെ പദ്ധതികൾ തയ്യാറാക്കിയത്.

ഇപ്പോഴത്തെ കാലാവസ്ഥാപ്രതിസന്ധികൾക്ക് പരിഹാരമായി യുണിസെഫ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്. കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും പ്രതിരോധശേഷിക്കുമായി നിക്ഷേപം വർദ്ധിപ്പിക്കുക, പ്രകൃതിക്ക് ദോഷഫലങ്ങൾ ഉണ്ടാക്കുന്ന കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുക, എല്ലാ കാലാവസ്ഥാ ചർച്ചകളിലും തീരുമാനങ്ങളിലും യുവാക്കളെ ഉൾപ്പെടുത്തുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 16:32