ഗ്ലാസ്ഗോയിൽ നടക്കുന്ന Cop 26 സമ്മേളനത്തിന്റെ ചിത്രം. ഗ്ലാസ്ഗോയിൽ നടക്കുന്ന Cop 26 സമ്മേളനത്തിന്റെ ചിത്രം. 

ആഗോള താപനം പരിമിതപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത നവീകരിച്ച് G20 നേതാക്കൾ

ലോകത്തിലെ 20 സമ്പന്നരാഷ്ട്ര തലവന്മാർ ഒരുമിച്ചുകൂടിയ റോമിലെ G 20 ഉച്ചകോടി സമ്മേളനത്തിൽ ആഗോള താപനം 1. 5 ഡിഗ്രി കുറക്കാനുള്ള ലക്ഷ്യം നിലനിർത്താൻ തീരുമാനമായി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

രണ്ടു ദിവസം നീണ്ട ഉച്ചകോടിയിൽ എങ്ങനെ കാർബൺ പുറം തള്ളുന്നതിനെ  നിയന്ത്രിക്കാനാവുമെന്ന രീതികളെക്കുറിച്ചുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങൾ ഗ്ലാസ്ഗോയിൽ നടക്കുന്ന Cop 26 സമ്മേളനത്തിനു മുമ്പു പരിഹരിക്കാനും പരിശ്രമിച്ചു. ഉച്ചകോടിക്കു ശേഷം ഇറക്കിയ പ്രസ്താവനയിൽ G 20 രാഷ്ട്രങ്ങൾ 1. 5 ഡിഗ്രി സെൽഷ്യസ് ആയി ആഗോളതാപനം ചുരുക്കാൻ വേണ്ട നടപടി എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. കൂടുതൽ വിനാശകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവാതിരിക്കാൻ ശാസ്ത്രജ്ഞർ നിർദ്ദേശിച്ച അളവാണത്. എന്നാൽ പ്രായോഗികമായ വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ഈ പ്രസ്താവനയിൽ ഉള്ളതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.

അഭിപ്രായ ഭിന്നതകൾ മറികടക്കൽ

കോവിഡ് 19 മഹാമാരി കാരണം ഒരുമിച്ചുവന്നുള്ള സമ്മേളനങ്ങൾ മാറ്റിവച്ച ശേഷം ഒരുമിച്ച് വന്ന ആദ്യ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ല , അന്തർദേശീയ സാമ്പത്തിക വീണ്ടെടുപ്പും, കോവിഡ് 19 വാക്സിനുകളും, ഊർജ്ജ വിലക്കയറ്റവും വിഷയമായി. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ രാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും ഒറ്റക്ക് നീങ്ങുക എന്നത് ഒരു ഉപാധിയല്ല എന്ന മുന്നറിയിപ്പും ഉച്ചകോടിയുടെ ഉൽഘാടന പ്രസംഗത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി മുന്നറിയിപ്പു നൽകിയിരുന്നു.

G 20 എന്നത് 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ്. ലോകത്തിലെ 80 % കാർബൺ, ഹരിതവാതക ബഹിർഗമനത്തിന് ഉത്തരവാദിത്വം G 20 രാഷ്ട്രങ്ങൾക്കാണ്.

വികസ്വര രാഷ്ട്രങ്ങൾക്ക് വാക്സിനുകൾ

ദരിദ്ര രാഷ്ട്രങ്ങൾക്ക് കൂടുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ചർച്ചാവിഷയമായ ഒന്നാം ദിവസം, 2022 ഓടെ ലോക ജനസംഖ്യയുടെ 70% പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ  നേതാക്കൾ പ്രതിജ്ഞയെടുത്തു. ഉച്ചകോടിക്കു മുന്നേ തന്നെ ആഗോളപരമായി പ്രതിരോധ കുത്തിവയ്പ്പ് അസമത്വമവസാനിപ്പിക്കാൻ G 20 രാഷ്ട്രങ്ങളോടു ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. ദരിദ്ര രാജ്യങ്ങളിൽ ജനസംഖ്യയുടെ 10% ത്തിൽ താഴെ മാത്രമാണ് വാക്സിൻ നൽകപ്പെട്ടിട്ടുള്ളത്. സമ്പന്ന രാഷ്ട്രങ്ങൾ വാക്സിൻ പൂഴ്ത്തിവയ്ക്കുന്നത് നിർത്തി, ദരിദ്രരാഷ്ട്രങ്ങളിലെ ജനസംഖ്യയുടെ 40% പേർക്ക് ഈ വർഷാവസാനത്തോടെ വാക്സിൻ നൽകുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം നേടിയെടുക്കാൻ സഹായിക്കാനും ആവശ്യപ്പെട്ടു.

ഏകീകൃത നികുതി

നികുതി കുറവുള്ള നാടുകളിൽ ലാഭം മറച്ചുവയ്ക്കുന്നതിൽ നിന്ന് വമ്പൻ വ്യവസായങ്ങളെ തടയാൻ ലക്ഷ്മിട്ടു കൊണ്ട് 15% ആഗോള മിനിമം നികുതിശതമാനം സംബന്ധിച്ച കരാറിനും ഉച്ചകോടിയിൽ തീരുമാനമായി.

ഐക്യരാഷ്ട്രസഭ വിളിച്ചു കൂട്ടിയിട്ടുള്ള വളരെ നിർണ്ണായകമായ കാലാവസ്ഥാ വ്യതിയാന സമ്മേളനം COP 26, സ്കോട്ട്ലൻറിൽ ആരംഭിക്കുന്നതിന് മുമ്പു നടന്ന G 20 ഉച്ചകോടി വളരെ പ്രാധാന്യമർഹിക്കുന്നു. ആഗോള താപനം 1. 5 സെൽഷ്യസ് ആയി നിലനിറുത്താനുള്ള ഉടമ്പടിക്കുള്ള അവസാന അവസരമായാണ് COP 26 സമ്മേളനത്തെ പല ശാസ്ത്രജ്ഞരും കാണുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2021, 15:58