സങ്കീർത്തനചിന്തകൾ - 106 സങ്കീർത്തനചിന്തകൾ - 106 

കാരുണ്യവും അനുതാപവും ദൈവസ്‌തുതിയും

വചനവീഥി - നൂറ്റിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയാറാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിയാറാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

നൂറ്റിയഞ്ചാം സങ്കീർത്തനം പോലെ ചരിത്രപരമായ വസ്തുതകളും അതോടനുബന്ധിച്ചുള്ള വിചിന്തനവും വിലയിരുത്തലുകളും ഉൾപ്പെടുന്ന ഒരു സങ്കീർത്തനമാണ് നൂറ്റിയാറാം സങ്കീർത്തനം. സ്‌തുതിയും, പ്രാർത്ഥനയും, വിലാപവും ഒക്കെയുൾക്കൊള്ളുന്ന ഈ വരികൾക്കിടയിൽ ചരിത്രത്തിന്റെ ഓർമ്മകളെ ഉണർത്തി ജനങ്ങൾക്ക് പ്രബോധനം നൽകുക എന്നൊരു കടമയും സങ്കീർത്തകൻ നിർവ്വഹിക്കുന്നുണ്ട്. ദൈവത്തെ സ്തുതിക്കുകയും, അവന്റെ കാരുണ്യത്തെ വാഴ്ത്തുകയും ചെയ്യുന്ന ഈ അദ്ധ്യായം ജനത്തിന് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള ഒരു പശ്ചാത്താപവായനകൂടിയാകുന്നുണ്ട്. ദൈവത്തിന് തന്റെ ജനത്തോടുള്ള ശക്തമായ സ്നേഹവും കരുതലും, തങ്ങൾക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു മുന്നിൽ നന്ദിയില്ലാത്ത ഒരു ജനത്തിന്റെ പ്രവൃത്തികളും, എന്നാൽ അതിലൊക്കെ ഉപരിയായി മനുഷ്യരുടെ എല്ലാ തെറ്റുകൾക്കും അതീതമായി നിൽക്കുന്ന ദൈവത്തിന്റെ കരുണയുമാണ് ആണ് നൂറ്റിയാറാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നത്.. പാപവും അകൃത്യങ്ങളും നിമിത്തം അകന്നുപോയ ദൈവമനുഷ്യസ്നേഹത്തിന്റെ കണ്ണികളെ വീണ്ടും വിളക്കിച്ചേർക്കണമെന്ന ഒരു പ്രാർത്ഥനയും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ തങ്ങളെ വീണ്ടും ഒരുമിച്ചുചേർക്കണമേ എന്ന ഒരു പ്രാർത്ഥനയുമായി ഈ സങ്കീർത്തനം മാറുന്നുണ്ട്.

സ്‌തുതിക്ക് കാരണമാകേണ്ട ദൈവികകാരുണ്യം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്നുവരെയുള്ള വാക്യങ്ങളിൽ മറ്റു പല സങ്കീർത്തനങ്ങളിലുമെന്നതുപോലെ ദൈവത്തെ സ്‌തുതിക്കുവാൻ ഇസ്രായേൽ ജനത്തെ സങ്കീർത്തകൻ ആഹ്വാനം ചെയുന്നു. "കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിനു നന്ദി പറയുവിൻ! അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു" എന്ന ഒന്നാം വാക്യം തന്നെ സങ്കീർത്തനത്തിന്റെ ഇതിവൃത്തമാണെന്നു പറയാം. ദൈവത്തിന്റെ നന്മയും, അവിടുത്തെ അനന്തമായ കാരുണ്യവുമാണ് ഇസ്രയേലിന്റെ ചരിത്രം മുഴുവനും പറയുക. ദൈവത്തെ ഒരല്പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള ഓരോ വ്യക്തികൾക്കും, ജീവിതത്തിൽ തങ്ങളുടെ തിന്മകളേക്കാൾ വലുതായി നിൽക്കുന്നത് ദൈവത്തിന്റെ കാരുണ്യമാണെന്ന് കാണാം.

ജനത്തിന്റെ അനുഗ്രഹത്തിൽ പങ്കുചേരൽ

നാലും അഞ്ചും വാക്യങ്ങളിൽ ദൈവം കാരുണ്യമേകുന്ന ഒരു   ജനത്തിന്റെ ഭാഗമായി തന്നെത്തന്നെ കാണുകയാണ് സങ്കീർത്തകൻ. അദ്ദേഹം പ്രാർത്ഥിക്കുക ഇങ്ങനെയാണ് "കർത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ! അവിടുന്ന് അവരെ മോചിപ്പിക്കുമ്പോൾ എന്നെ സഹായിക്കണമേ. അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഐശ്വര്യം കാണാൻ എനിക്ക് ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ ഞാൻ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാൻ അഭിമാനം കൊള്ളട്ടെ!" ഏതൊരു വിശ്വസിക്കും സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയാണിത്. ദൈവം തന്റെ ജനത്തെ ഓർമ്മിക്കുന്നത് കരുണയോടെയാണെന്നും, തന്റെ ജനത്തെ അവൻ സന്ദർശിക്കുന്നത് അവരുടെ രക്ഷ ഉറപ്പുവരുത്തുവാനാണെന്നും അറിയുന്ന സങ്കീർത്തകൻ, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ അനുഗ്രഹത്തിൽ പങ്കുകാരനാകാൻ ആഗ്രഹിക്കുന്നു.

പാപാവബോധവും അനുതാപവും

പാപാവബോധം മനുഷ്യരെ തിന്മയിൽനിന്ന് പശ്ചാത്താപത്തിലേക്കും, അവിടെനിന്ന് തിരികെ നന്മയാകുന്ന ദൈവത്തിലേക്കും നയിക്കണം. സങ്കീർത്തനത്തിന്റെ ആറാം വാക്യത്തിൽ ഈയൊരു തിരിച്ചറിവാണ് നാം കാണുന്നത്. "ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു. ഞങ്ങൾ അനീതി പ്രവർത്തിച്ചു. ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി". നമ്മുടെ കുറവുകളെയും തിന്മകളെയും തിരിച്ചറിയുകയും, നമ്മുടെ പ്രവർത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുക എന്നത് ആധ്യാത്മികജീവിതത്തിലെ ഒരു പ്രധാന കാൽവയ്പ്പാണ്. സ്വന്തം തെറ്റുകൾ ഏറ്റുപറയാൻ സാധിക്കാത്ത മനുഷ്യർക്കെങ്ങനെയാണ് ദൈവത്തിന്റെ കരുണയനുഭവിക്കാനാനോ അതിനെ വർണ്ണിക്കാനോ ആകുക? വീഴ്ചകളിൽ തങ്ങളെ താങ്ങിയെടുക്കുന്ന ദൈവകരങ്ങളെ അറിയാത്ത മനുഷ്യരെങ്ങനെയാണ് കരുണയുള്ളവരാകുക? പാപാവസ്ഥയെത്തിക്കുന്ന അഹങ്കാരത്തിന്റെ ഗർവ്വിൽ തലയുയർത്തി നിൽക്കുന്ന അജ്ഞരായ മനുഷ്യരായി പലപ്പോഴും നാമും മാറിയിട്ടില്ലെ?

ഇസ്രയേലിന്റെ പാപയിടങ്ങൾ

ആറുമുതലുള്ള വാക്യങ്ങളിൽ, ഇസ്രായേലിന് ദൈവസ്നേഹവും ദൈവാശ്രയബോധവും കൈമോശം വന്നുപോയ പാപത്തിന്റെ ദേശങ്ങളും നിമിഷങ്ങളും, ദൈവത്തിന്റെ വിധിയും, എന്നാൽ അവയേക്കാളെല്ലാം ഉയർന്നുനിൽക്കുന്ന കാരുണ്യത്തിന്റെ അനുഭവങ്ങളും സങ്കീർത്തകൻ എണ്ണിയെണ്ണി പറയുകയാണ്.

ആറുമുതൽ പന്ത്രണ്ടുവരേയുള്ള വാക്യങ്ങളിൽ, ഈജിപ്തിൽനിന്ന് തങ്ങളെ മോചിപ്പിച്ചുകൊണ്ടുവരുന്ന ദൈവത്തിനെതിരെ ചെങ്കടൽത്തീരത്തുവച്ച് മത്സരിക്കുന്ന ഒരു ജനത്തെക്കുറിച്ചാണ് സങ്കീർത്തകൻ പറയുക. എട്ടാം വാക്യം ദൈവത്തിന്റെ കാരുണ്യത്തെ ഇങ്ങനെയാണ് വർണ്ണിക്കുക "എന്നിട്ടും അവിടുന്ന് തന്റെ മഹാശക്തി വെളിപ്പെടുത്താൻവേണ്ടി തന്റെ നാമത്തെ പ്രതി അവരെ രക്ഷിച്ചു". ദൈവത്തെ തള്ളിപ്പറയുക എന്ന, ഈജിപ്തിലെ ചെങ്കടലിനു തുല്യം ആഴമേറിയ പാപം ചെയ്തിട്ടും, ദൈവം തന്റെ പ്രിയപ്പെട്ട ജനത്തോടു കരുണ കാണിക്കുകയും അവരെ കടലിനക്കരെയിലേക്ക് നടത്തുകയും ചെയ്തു.

പതിമൂന്നുമുതൽ പതിനഞ്ചുവരെയുള്ള വാക്യങ്ങളിൽ, തങ്ങളെ രക്ഷിച്ച ദൈവത്തോട് ഒരു നിമിഷം നന്ദി കാട്ടിയ ദൈവജനം അടുത്ത നിമിഷത്തിൽ, മരുഭൂമിയേക്കാൾ വരണ്ട മനസ്സാക്ഷിയോടെ ചെങ്കടലിനപ്പുറം മരുഭൂമിയിൽവച്ച് മാംസത്തിനായി ആസക്തിയോടെ ദൈവത്തോട് മറുതലിക്കുന്നതാണ് നാം കാണുന്നത്. പതിമൂന്നാം വാക്യം എന്നത്തേയും മനുഷ്യരുടെ ഒരു പ്രത്യേകതയാണ് പറയുക "അവർ അവിടുത്തെ പ്രവൃത്തികൾ, അതായത് ദൈവത്തിന്റെ, പ്രവൃത്തികൾ വേഗം മറന്നുകളഞ്ഞു". നന്ദിയില്ലാത്ത ജനത്തിനിടയിലേക്ക് മാരകരോഗമയച്ചാണ് ദൈവം അവരെ ശിക്ഷിക്കുന്നത്.

ദൈവം അധികാരം നൽകിയ മോശയുടെയും, കർത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ, പാളയത്തിൽ വച്ച്, അസൂയാലുക്കളാകുന്ന ജനത്തെയാണ് പതിനാറുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങളിൽ നാം തുടർന്ന് കാണുന്നത്. "ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങിയതും, അബീറാമിന്റെ സംഘത്തെ മൂടിക്കളഞ്ഞതും, അഗ്നിബാധയുണ്ടായി ദുഷ്ടരെ ദഹിപ്പിച്ചതുമായിരുന്നു" ഇവിടെ ദൈവത്തിന്റെ പ്രതികാരം.

പത്തൊൻപത് മുതൽ ഇരുപത്തിമൂന്നു വരെയുള്ള വാക്യങ്ങളിൽ ഹോറെബിൽ വച്ച് തങ്ങൾതന്നെ വാർത്തുണ്ടാക്കിയ കാളക്കുട്ടിയെ ആരാധിക്കുന്ന ജനത്തെ നാം കണ്ടുമുട്ടുന്നു. ഇരുപതാം വാക്യം ഇങ്ങനെ പറയുന്നു; "അങ്ങനെ അവർ ദൈവത്തിന് നൽകേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിന് നൽകി". ദൈവജനം പലവുരു എതിർത്ത മോശയുടെ മാദ്ധ്യസ്ഥ്യമില്ലായിരുന്നെങ്കിൽ, അവൻ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നില്ലായിരുന്നെങ്കിൽ, ദൈവക്രോധം അവരെ നശിപ്പിക്കുമായിരുന്നു എന്ന് ഇരുപത്തിമൂന്നാം വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇരുപത്തിനാലുമുതൽ ഇരുപത്തിയേഴുവരെയുള്ള വാക്യങ്ങളിൽ ദൈവം ആവശ്യപ്പെട്ടതനുസരിച്ച് കാനാൻ ദേശം ഒറ്റുനോക്കാൻ പോയ ഇസ്രായേൽ ഗോത്രത്തിലെ നേതാക്കൾ ആ നാട്ടിൽ പ്രവേശനം അസാദ്ധ്യമാണെന്ന് ജനത്തോട് കള്ളം പറയുന്ന, ദൈവനിർദ്ദേശം നിരാകരിക്കുന്ന, ഇത്രയും അത്ഭുതങ്ങൾ കണ്ടിട്ടും, ദൈവത്തിൽ വിശ്വസിക്കാത്ത അനുഭവത്തെയും, തങ്ങളുടെ കൂടാരങ്ങളിലിരുന്ന് ദൈവത്തിനെതിരെ പിറുപിറുക്കുന്ന ഒരു ജനത്തെയുമാണ് സങ്കീർത്തകൻ നമുക്ക് കാണിച്ചുതരുന്നത്.

ഇരുപത്തിയെട്ടുമുതൽ മുപ്പത്തിയൊന്നുവരെയുള്ള വാക്യങ്ങളിൽ തങ്ങളെ സ്നേഹിച്ച ദൈവത്തെ മറന്ന്, പെയോറിലെ ബാലെന്ന നിർജ്ജീവദൈവത്തിന് ബലിയർപ്പിക്കുന്ന നന്ദിയില്ലാത്ത ഒരു ജനത്തെ സങ്കീർത്തകൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. തങ്ങളുടെ പാപപ്രവൃത്തികൾകൊണ്ട് കർത്താവിന്റെ കോപം ജ്വലിപ്പിച്ച ജനത്തിനിടയിൽ മഹാമാരി പടർന്നുപിടിച്ചു എന്ന് ഇരുപത്തിയൊൻപതാം വാക്യം പറയുന്നു. അഹറോന്റെ പുത്രനായ ഏലിയാസറിന്റെ പുത്രൻ ഫിനെഹാസിന്റെ ഇടപെടലാണ് ഇവിടെ ജനത്തെ രക്ഷപെടുത്തുന്നത്.

മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും വാക്യങ്ങളിൽ മേരീബാജലാശയത്തിനടുത്തുവച്ച് ദൈവത്തെ പ്രകോപിപ്പിച്ച ജനത്തോട് മോശയ്ക്കും ദേഷ്യമുണ്ടായതായും, അവൻ വിവേകരഹിതനായി സംസാരിച്ചതായും നാം കാണുന്നു. അവിവേകത്തോടെ പ്രവർത്തിച്ച മോശയ്‌ക്കെതിരെ ദൈവകോപം തിരിയുന്നത് സംഖ്യയുടെ പുസ്തകം ഇരുപതാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട്.

മുപ്പത്തിനാലുമുതൽ നാല്പത്തിയേഴുവരെയുള്ള വാക്യങ്ങളിൽ, ഇസ്രായേൽ ജനം, കാനാൻ ദേശത്തുവച്ച്, മറ്റുജനങ്ങളോട് ഇടകലർന്ന്, അവരുടെ ആചാരങ്ങൾ ശീലിക്കുന്നതും, അവരുടെ വിഗ്രഹങ്ങളെ സേവിക്കുന്നതും നാം കാണുന്നുണ്ട്. സങ്കീർത്തനത്തിന്റെ ഈ വലിയൊരു ഭാഗം മുഴുവൻ, ദൈവത്തോടുണ്ടാകേണ്ട സ്നേഹം മറ്റു ദൈവങ്ങൾക്കു നൽകുകയും, ദൈവത്തോടുള്ള അവിശ്വസ്തതമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കുകയും ചെയ്യുന്ന ജനത്തെയുമാണ് നാം കാണുന്നത്. നാല്പത്തിമൂന്നും നാല്പത്തിനാലും വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: "പലപ്രാവശ്യം അവിടുന്ന് അവരെ മോചിപ്പിച്ചു. എങ്കിലും, അവർ മനഃപൂർവ്വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യം നിമിത്തം അവർ അധഃപതിച്ചു. എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു".

പാപവും അനുതാപവും, ദൈവകാരുണ്യവും ദൈവസ്‌തുതിയും

നൂറ്റിയാറാം സങ്കീർത്തനത്തിന്റെ അവസാന വരികളിൽ, തങ്ങളുടെ അകൃത്യങ്ങൾ ക്ഷമിച്ച ദൈവത്തെ സ്തുതിക്കുവാൻ ജനങ്ങളെ ആഹ്വനം ചെയ്യുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. ഒന്നുമല്ലാതിരുന്ന ഒരു ജനത്തെ തിരഞ്ഞെടുക്കപ്പെട്ട ജനമാക്കി മാറ്റിയത് ദൈവമാണ്. അവിടെ തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുകയും, അവയ്ക്ക് ദൈവത്തോട് പൊറുതിയപേക്ഷിക്കുകയും ചെയ്ത ജനത്തോട് ദൈവം അനന്തമായ കരുണയാണ് എന്നും കാണിച്ചിട്ടുള്ളത്. പാപബോധവും അനുരഞ്ജനവും ദൈവചിന്തയിലേക്ക് നമ്മെ നയിക്കണം, അവന്റെ കാരുണ്യം നമ്മെ ദൈവസ്തുതിയിലേക്ക് നയിക്കണം.

പാപത്തിന്റെ ഇസ്രയേലും നാമും

സങ്കീർത്തനവിചാരങ്ങൾ ഇവിടെ അവസാനിപ്പിക്കുമ്പോൾ നമുക്ക് മുന്നിൽ ഒരു ചോദ്യമാണുള്ളത്: നിന്റെ ഒറ്റപ്പെടലുകളിൽ നിന്റെ കരംപിടിച്ച ദൈവത്തെ മറന്ന്, ഇരുളിന്റെ വഴികളിൽ നീ ഒറ്റയ്ക്കാകാതിരിക്കകാൻ നിനക്കൊപ്പം സഞ്ചരിച്ച ദൈവത്തെ ഉപേക്ഷിച്ച്, നിനക്ക് എങ്ങോട്ടാണ് പോകാനുള്ളത്? ദൈവത്തെ മറന്നുള്ള സന്തോഷങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ച്, അവിശ്വസ്തതയുടെ ജനങ്ങളോട് ഇടകലരാതെ, ദൈവം നിനക്കായി ഒരുക്കിവച്ചിരിക്കുന്ന കാനാൻ ദേശത്തേക്ക് തിരികെ വരിക. അവൻ കരുണയുള്ളവനാണ്. "ഇസ്രയേലിന്റെ ദൈവമായ കർത്താവ് എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ! ജനം മുഴുവൻ ആമേൻ എന്ന് പറയട്ടെ! കർത്താവിനെ സ്തുതിക്കുവിൻ".

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയാറാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

നമ്മുടെ പാപങ്ങൾ എണ്ണമറ്റവയാണെങ്കിലും, അനുതാപത്തിലൂടെ തിരികെയെത്തിയാൽ, പ്രിയ മകനായി, പ്രിയ മകളായി നമ്മെ കണ്ട് നമ്മിൽ കരുണവർഷിക്കാൻ, ദൈവസ്നേഹത്തിന്റെ തിരിനാളം നമ്മിൽ ഇനിയും തെളിക്കാൻ കാത്തിരിക്കുന്ന ദൈവത്തിലേക്ക് നമുക്ക് തിരികെ വരാം. കെസ്റ്റർ ആലപിച്ച ഒരു മനോഹരമായ ഗാനമാണ് അടുത്തത്. ഫാദർ ജോൺ കാണിച്ചേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്കബ് കൊരട്ടിയാണ്.

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം......

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2021, 14:30