സങ്കീർത്തനചിന്തകൾ - 101 സങ്കീർത്തനചിന്തകൾ - 101 

ദാവീദ് രാജാവിന്റെ വാഗ്ദാനം

വചനവീഥി - നൂറ്റിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദാവീദ് രാജാവിന്റെ സങ്കീർത്തനം എന്ന പേരിലാണ് നൂറ്റിയൊന്നാം സങ്കീർത്തനം അറിയപ്പെടുന്നത്. ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട രാജാവാണ് താനെന്ന തിരിച്ചറിവുള്ള ദാവീദ്, ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ഒരു ഭരണാധികാരിയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു സങ്കീർത്തനമാണിത്. ഈയൊരർത്ഥത്തിൽ, ദൈവത്തോട് വിശ്വസ്തത പ്രഖ്യാപിക്കുകയാണ് ദാവീദ്. ദൈവഹിതമനുസരിച്ച് നടക്കുന്നവർ മാത്രമേ തന്റെ ഭവനത്തിൽ പ്രവേശിച്ച് സേവനമനുഷ്‌ഠിക്കൂ എന്ന് ദാവീദ് ദൈവത്തോട് പ്രതിജ്ഞചെയ്യുകയാണ്. ഇതിന് കാരണം, രാജാക്കന്മാർ വിധിയാളന്മാർ കൂടിയായിരുന്നു എന്നതാണ്. സങ്കീർത്തനം 72-ന്റെ 2-ആം വാക്യത്തിൽ, രാജാവിനെക്കുറിച്ച് "അവൻ അങ്ങയുടെ ജനത്തെ ധർമ്മനിഷ്‌ഠയോടും, അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ" എന്ന് നാം കാണുന്നുണ്ട്. ദാവീദ് തന്റെ വ്യക്തിജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളൂം ദൈവത്തിന്റേതെന്ന് അദ്ദേഹം കരുതുന്നതും, തന്റേതാക്കി മാറ്റാൻ ശ്രമിക്കുന്നതുമായ, നീതിബോധവും ആണ് ഈ സങ്കീർത്തനത്തിന്റെ ഉള്ളടക്കം.

സാമുവലിന്റെ ഒന്നാം പുസ്തകം പതിനാറാം ആദ്ധ്യായം 12-ആം വാക്യത്തിൽ, യുവാവായ ദാവീദിനെ സാമുവേൽ അഭിഷേകം ചെയ്യുന്നുണ്ട്. പിന്നീട് സാമുവലിന്റെ രണ്ടാം പുസ്തകം രണ്ടാമദ്ധ്യായം നാലാം വാക്യത്തിൽ യൂദായിലെ ജനങ്ങൾ തങ്ങളുടെ രാജാവായി അദ്ദേഹത്തെ അഭിഷേകം ചെയ്യുന്നുണ്ട്. വീണ്ടും മൂന്നാമതൊരുവട്ടം സാമുവലിന്റെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായം മൂന്നാം വാക്യത്തിൽ ഇസ്രായേലിന്റെ മുഴുവൻ രാജാവായി അദ്ദേഹം വീണ്ടും അഭിഷേകം ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ മൂന്നുവട്ടം അഭിഷേകം ചെയ്യപ്പെട്ട ദാവീദ് രാജാവിന് തന്റെ ഭരണവും നയങ്ങളും എപ്രകാരമായിരിക്കണമെന്ന് വ്യക്തമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുന്നുണ്ട്. ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ദൈവത്തിന്റെ ഇഷ്ടപ്രകാരമുള്ള ഒരു രാജാവാകുമെന്നുള്ള പ്രഖ്യാപനം നടത്തുന്നതിന്റെ കാരണവും ഇതിൽനിന്ന് വ്യക്തമാണല്ലോ.

ദാവീദിന്റെ നിഷ്കളങ്കതയും പരമാർത്ഥഹൃദയവും

ഒന്നും രണ്ടും വാക്യങ്ങളിൽ ദാവീദ് തന്റെ വ്യക്തിജീവിതത്തിലേക്ക് എടുക്കുന്ന ചില തീരുമാനങ്ങളാണ് നാം കാണുന്നത്. "ഞാൻ കരുണയെയും നീതിയെയുംകുറിച്ചു പാടും, കർത്താവെ ഞാൻ അങ്ങേക്ക് കീർത്തനമാലപിക്കും" എന്ന ഒന്നാം വാക്യത്തിൽ ദാവീദിലെ ദൈവവിശ്വാസിയുടെ മനസ്സാണ് സംസാരിക്കുന്നത്. ദൈവത്തോട് നന്ദിയുണ്ടാകുക എന്നതാണല്ലോ ദൈവം നൽകുന്ന സ്നേഹത്തിനുള്ള ആദ്യ പ്രത്യുത്തരം. കരുണയും നീതിയും ഒരുമിച്ച് പോകേണ്ടവയാണ്. നീതിയുള്ളിടത്തേ കരുണയുടെ വില തിരിച്ചറിയാനാകൂ. ദാവീദിന്റെ ജീവിതത്തിലുടനീളവും ഈ രണ്ടു കാര്യങ്ങൾക്കും, നീതിക്കും കരുണയ്ക്കും, ഏറെ പ്രാധാന്യമുണ്ടെന്ന് നാം കാണുന്നുണ്ട്. രണ്ടാം വാക്യത്തിലേക്ക് വരുമ്പോൾ ദൈവസാന്നിദ്ധ്യത്തിൽ നീതിപൂർവ്വമായ ഒരു ജീവിതമാണ് ദാവീദ് വാഗ്ദാനം ചെയ്യുന്നത്. "നിഷ്കളങ്കമാർഗത്തിൽ ചരിക്കാൻ ഞാൻ ശ്രദ്ധ വയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കൽ വരുക? ഞാൻ എന്റെ ഭവനത്തിൽ പരമാർത്ഥഹൃദയത്തോടെ വ്യാപാരിക്കും". തന്റെ ഭവനം ഇസ്രായേലിന് ഒരു മാതൃകാഭവനമാകണമെന്ന് ദാവീദ് ആഗ്രഹിക്കുന്നുണ്ട്. അധികാരത്തിന്റെ ലഭ്യതയിൽ കൂടുതൽ എളിമയിലേക്കും ഹൃദയപരാമർത്ഥതയിലേക്കും വളരാനാണ് ദാവീദ് തീരുമാനമെടുക്കുക. എന്നാൽ പിന്നീട് പലപ്പോഴും ഈ തീരുമാനങ്ങളിൽ അദ്ദേഹത്തിന് വീഴ്ചകൾ സംഭവിക്കുന്നതിനും വിശുദ്ധഗ്രന്ഥം സാക്ഷിയാണ്.

നീതിപൂർവ്വമായ ജീവിതം

സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ ദാവീദ്, അനീതിയോ തിന്മയോ നിറഞ്ഞവയൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു. നാം ഇങ്ങനെയാണ് വായിക്കുക "നീചമായ ഒന്നിലും ഞാൻ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; അതിന്റെ പിടിയിൽ ഞാൻ അകപ്പെടുകയില്ല. ഹൃദയവക്രത എന്നെ തീണ്ടുകയില്ല, ഒരു തിന്മയും ഞാൻ അറിയുകയില്ല" തന്റെ കണ്ണുകളെ നിയന്ത്രിക്കുമെന്ന തീരുമാനമാണ് ദാവീദ് ആദ്യമേ തന്നെ എടുക്കുന്നത്. തിന്മയിൽനിന്ന് മനസ്സിനെയും കണ്ണുകളെയും സൂക്ഷിക്കുക എന്നതാണ് നന്മയിലേക്കുള്ള ചവിട്ടുപടികളിൽ ഒന്ന്. എങ്കിലും പിന്നീട് പലപ്പോഴും ഈ തീരുമാനം പാലിക്കുവാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നുണ്ട്. നന്മയിൽ ജീവിക്കാനുള്ള തീരുമാനങ്ങളും, പ്രലോഭനങ്ങളുടെ മുന്നിലുള്ള വീഴ്ചകളും ദാവീദിനെ ഒരു സാധാരണ മനുഷ്യനാക്കുന്നുണ്ട്. പൂർണ്ണമായി പ്രവർത്തികമാക്കാനാകുന്നില്ലെങ്കിലും, വഴിപിഴച്ച മനുഷ്യരിൽനിന്ന് മാറിനടക്കാനും, ഹൃദയത്തിൽ തിന്മയുണ്ടാകാതിരിക്കാനും അദ്ദേഹം തീരുമാനമെടുക്കുന്നുണ്ട് എന്നത് ദൈവത്തിന് മുന്നിൽ പ്രാധാന്യമുള്ളതായി മാറുന്നുണ്ട്..

ആരെയാണ് കൂടെ നിറുത്തുക?

അഞ്ചുമുതൽ ഏഴുവരെ വാക്യങ്ങളിൽ ആരൊക്കെയായിരിക്കും തന്റെ സഹചാരികൾ എന്ന് ദാവീദ് വ്യക്തമാക്കുന്നുണ്ട്. അഞ്ചാം വാക്യത്തിൽ നാം ഇങ്ങെനെ വായിക്കുന്നു; "അയൽക്കാരനെതിരെ ഏഷണിപറയുന്നവനെ ഞാൻ നശിപ്പിക്കും; അഹങ്കാരിയേയും ഗർവ്വിഷ്‌ഠനെയും ഞാൻ പൊറുപ്പിക്കുകയില്ല". മറ്റുള്ളവരെക്കുറിച്ച് തിന്മയായത് പറയുക, അതും രഹസ്യമായി, ഏഷണിയുടെ രൂപത്തിൽ, പറയുക എന്നതാണ് ദൈവികമായ നീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാൾ ഏറ്റവും വെറുക്കുന്നത്. തങ്ങളെത്തന്നെ മെച്ചപ്പെട്ടവരായി കാണിക്കാനും, രഹസ്യമായി മറ്റുള്ളവരെ മോശക്കാരാക്കി അവതരിപ്പിക്കാനും, സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുമുള്ള ശ്രമങ്ങൾ ഒരു ജീവിതത്തിനും യോജിച്ചതല്ല. ദാവീദ് വെറുക്കുന്ന മറ്റ് രണ്ടു തിന്മകൾ അഹങ്കാരം നിറഞ്ഞ കണ്ണുകളും ഗർവ്വ് നിറഞ്ഞ ഹൃദയവുമാണ്. തങ്ങളെത്തന്നെ മറ്റുള്ളവരെക്കാൾ മെച്ചമായി കാണുന്നവരെക്കുറിച്ച് "അവരെ ഞാൻ പൊറുപ്പിക്കില്ല" എന്നാണ് ദാവീദിലെ നീതിമാനായ ന്യായാധിപൻ പറയുന്നത്.

ആറാം വാക്യത്തിൽ ദാവീദ് ദൈവികത നിറഞ്ഞ മനുഷ്യർ ആരെയാണ് തങ്ങളുടെ കൂടെ നിറുത്തുക എന്ന് വ്യക്തമാക്കുകയാണ്. "ദേശത്തുള്ള വിശ്വസ്തരെ ഞാൻ പ്രീതിയുടെ വീക്ഷിക്കും; അവർ എന്നോടൊത്തു വസിക്കും; നിഷ്കളങ്കമാർഗ്ഗത്തിൽ ചരിക്കുന്നവൻ എന്റെ സേവകനായിരിക്കും". തങ്ങളെ മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവരായി കാണുന്നവരെ തന്നിൽനിന്ന് മാറ്റി നിറുത്തുന്ന ദാവീദ്, തന്നോടൊപ്പം വസിക്കാൻ വിശ്വസ്തതയുള്ളവരെയാണ് തേടുന്നത്. പുതിയനിയമത്തിലേക്ക് കടന്നു വരുമ്പോൾ ക്രിസ്‌തുവും തന്നോട് വിശ്വസ്തരെന്ന് കരുതുന്നവരെയാണ് തന്റെ കൂടെ ചേർത്തുനിറുത്തുക. അഹങ്കാരികളേക്കാൾ നൈർമ്മല്യമുള്ള ജീവിതത്തിനുടമകളെയാണ് ദൈവത്തിന് ആവശ്യം.

ദൈവത്തിന്റെ നഗരിയിൽ വസിക്കുന്നവർ

"ദേശത്തെ ദുഷ്കർമ്മികളെ പ്രഭാതം തോറും ഞാൻ നിഗ്രഹിക്കും; കർത്താവിന്റെ നഗരത്തിൽനിന്ന് അധർമ്മികളെ ഞാൻ നിർമാർജ്ജനം ചെയ്യും" എന്ന എട്ടാം വാക്യത്തോടെ നൂറ്റിയൊന്നാം സങ്കീർത്തനം അവസാനിക്കുകയാണ്. ദൈവത്തിന്റെ സേവകൻ എന്ന നിലയിൽ, നീതി നടപ്പാക്കുന്നത് രാജാവിന്റെ കടമയാണ്. ദൈവികമായ ജീവിതം നയിക്കുന്ന, നന്മയിൽ ജീവിക്കുന്ന ആളുകളെയാണ് ദൈവികമായ നീതിയിൽ ജീവിക്കാൻ പരിശ്രമിക്കുന്ന ദാവീദ് തിരഞ്ഞെടുക്കുന്നത്. ദൈവരാജ്യത്തിൽ അധർമ്മികൾക്ക് സ്ഥാനമില്ലെന്നും ദാവീദിന്റെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

സങ്കീർത്തനവിചാരങ്ങൾ അവസാനിപ്പിക്കുമ്പോൾ, വിശ്വസ്തതയോടെ ദൈവത്തോട് ചേർന്ന് നിൽക്കാനും, ദൈവികമായ നീതിബോധത്തോടെ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ നോക്കിക്കാണാനും നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങൾക്കെതിരെ വാളെടുക്കാതെ, അധർമ്മത്തിന്റെ പാതയിൽനിന്നകന്ന്, ഹൃദയനൈർമ്മല്യത്തിന്റെ പാതകൾ നമുക്കും സ്വന്തമാക്കാം, ദൈവരാജ്യത്തിൽ സ്വീകാര്യരാകാം. ദാവീദിനെപ്പോലെ, വീഴ്ചകളുടെ നിഴലുകൾ ദൈവക്രോധത്തിന്റെ ഇരുട്ടിലേക്ക് നമ്മുടെ ജീവിതത്തെതള്ളിവിടുമ്പോൾ, നിരാശയിലാഴാതെ, ദൈവത്തിന്റെ അനന്തമായ കരുണയിൽ പ്രത്യാശവയ്ക്കാൻ, അവന്റെ രാജ്യത്തു വസിക്കാൻ നമുക്കും ദൈവാനുഗ്രഹങ്ങൾ യാചിക്കാം. സത്യത്തിന്റെയും നീതിയുടെയും പാതകൾ നമ്മുടേതുമാകട്ടെ. ഹൃദയരഹസ്യങ്ങൾ അറിയുന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയൊന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് ഫാദർ ജോജി വടകര.

തന്റെ പുത്രനായ ക്രിസ്തുവിന്റെ പാതയിൽ നമ്മെ നയിക്കുവാൻ പരിശുദ്ധ അമ്മയെപ്പോലെ ആരാണുള്ളത്? എല്ലാ കാര്യങ്ങളിലും ദൈവം നമുക്കായി ഒരുക്കുന്ന നന്മയുടെ പദ്ധതി കാണാനും, തിന്മയിൽനിന്നകന്ന്, ദൈവത്തോടുള്ള വിശ്വസ്ഥതയിൽ ഉറച്ചു നിൽക്കാനും ഹൃദയനൈർമ്മല്യത്തിൽ ജീവിക്കാനും അമ്മയെപ്പോലെ നമുക്കും പരിശ്രമിക്കാം. ദൈവത്തിന് പ്രിയപ്പെട്ടവരായി, അവന്റെ രാജ്യത്തിന് അവകാശികളായി, മാറാൻ ദൈവം നമ്മിൽ കനിവാകട്ടെ. ഫാദർ ബിനോജ് മുളവരിക്കൽ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം നമുക്ക് ഇപ്പോൾ ശ്രവിക്കാം. ആലാപനം കെസ്റ്റർ.

കന്യകാമേരിയമ്മേ, കാവൽ മാലാഖമാരെ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2021, 13:10