വെള്ളപ്പൊക്കത്തിന്റെ ദുരിതമേറ്റ് വാങ്ങിയ കുട്ടി വെള്ളപ്പൊക്കത്തിന്റെ ദുരിതമേറ്റ് വാങ്ങിയ കുട്ടി 

ബംഗ്ലാദേശിലെ വെള്ളപ്പൊക്കം: ഗുണഭോക്താക്കളുടെ സഹായം തേടി കാരിത്താസ്

നാടകീയമായ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന കാരിത്താസ് ഉൾപ്പെടെയുള്ള മാനുഷീക സംഘടനകൾ ദുരന്തത്തിലിരയായവരെ സഹായിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കനത്ത മഴയിൽ രാജ്യത്തെ 15 ഓളം ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ബംഗ്ലാദേശിൽ ദശലക്ഷക്കണക്കിനാളുകളാണ് ദുരിതത്തിലകപ്പെട്ടത്. പത്മ, യമുന തുടങ്ങിയ പ്രധാനപ്പെട്ട നദികളിൽ വെള്ളമുയർന്നതിനാൽ രാജ്യത്തിന്റെ മുന്നിൽ ഒരു ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലാകുമെന്ന് ഭയക്കുന്നതായും സർക്കാർ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി യൂക്കാ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇതിനായി ഗുണഭോക്താക്കളിൽ നിന്ന് ധനസഹായം തേടുകയാണ് കാരിത്താസ് എന്ന് ബംഗ്ലാദേശിന്റെ വടക്കൻ മേഖലകൾ ഉൾക്കൊള്ളുന്ന കാരിത്താസ് രാജ്ഷാഹി പ്രാദേശിക ഘടകത്തിന്റെ ഡയറക്ടർ സുഖ്ലീഷ് ജോർജ്ജ് കോസ്ത പറഞ്ഞു. സ്ഥിതിഗതികൾ ദേശീയ കാര്യാലയത്തേയും ദാതാക്കളുടെ ഏജൻസികളേയും അറിയിച്ചിട്ടുണ്ടന്നും ധനസഹായത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഭക്ഷ്യസാമഗ്രികൾക്കായി കാരിത്താസ് ഫണ്ടുപയോഗിക്കുമെന്നും ഗുണഭോക്താക്കളിൽ നിന്ന് സഹായം എത്തുന്നതോടെ ഇരകൾക്ക് കൂടുതൽ പിന്തുണ നൽകാനും പുനരധിവസിപ്പിക്കാനും കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരിത്താസിന്റെ തന്നെ മറ്റൊരു പ്രാദേശിക ഘടകമായ ദിനാജ്പൂറിലെ ഡയറക്ടർ റോൺ ജോൺ ജെ.പി. റൊസാരിയോ വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങൾ തങ്ങളുടെ സംഘം പരിശോധിക്കുകയാണെന്നും ഫലങ്ങൾ  ദേശീയ കാര്യാലയത്തെ അറിയിക്കുമെന്നും താമസിയാതെ തന്നെ ദുരിത ബാധിതർക്ക് സഹായം നൽകാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്തിലെ ഏറ്റം വലിയ ഡെൽറ്റാ സംവിധാനത്തിൽ സ്ഥിതി ചെയ്യുന്ന സമുദ്രനിരപ്പിൽ നിന്ന് ഏതാനും മീറ്റർ മാത്രം ഉയരെയുള്ള ബംഗ്ലാദേശിൽ ഓരോ വർഷവും കഠിനമായ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. ഭൂമി ശാസ്ത്രപരമായ സ്ഥാനം കാരണം കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഉൾപ്പെടെ വിവിധ പ്രകൃതിദുരന്തങ്ങൾക്ക് ബംഗ്ലാദേശ് വിധേയമാകുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2021, 15:23