സങ്കീർത്തനചിന്തകൾ - 93 സങ്കീർത്തനചിന്തകൾ - 93 

രാജാവായി വാഴുന്ന ദൈവം

വചനവീഥി - സങ്കീർത്തനം 93 - ധ്യാനാത്മകമായ ഒരു വായന.
തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഞ്ചു വാക്യങ്ങൾ മാത്രമുള്ള ചെറിയൊരു സങ്കീർത്തനമാണ് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം. എങ്കിലും പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച, എന്നെന്നേക്കും നിലനിൽക്കുന്ന ദൈവത്തിന്റെ രാജത്വം ആഘോഷിക്കുന്ന ഒരു സങ്കീർത്തനമാണിത്. മാത്രവുമല്ല, ദൈവത്തിന്റെ സ്തുതികൾ പാടുന്ന, അവന്റെ അധികാരത്തെ ഏറ്റുപറയുന്ന ഒരു സങ്കീർത്തനപരമ്പരയിലെ ആദ്യസങ്കീർത്തനവുമാണ് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം.

“കർത്താവ് വാഴുന്നു; അവിടുന്ന് മഹിമയണിഞ്ഞിരിക്കുന്നു” എന്ന് തുടങ്ങുന്ന സങ്കീർത്തനത്തിന്റെ ആദ്യ വരിയിൽ നിന്നുതന്നെ ദൈവത്തിന്റെ പരമാധികാരം വ്യക്തമാണ്. ദൈവത്തെ, ഭൗമിക രാജാക്കന്മാരുമായി താരതമ്യപ്പെടുത്തിയാണ് സങ്കീർത്തകൻ ദൈവത്തിന്റെ രാജത്വത്തെക്കുറിച്ച് പറയുന്നത്. ദൈവത്തിന്റെ വീര്യത്വം, ശക്തി, വിശുദ്ധി എന്നിവയുടെ ഹ്രസ്വവും, എന്നാൽ ധീരവുമായ പ്രഖ്യാപനമാണ് ഈ സങ്കീർത്തനത്തിന്റെ വരികളിൽ നാം കാണുന്നത്. ലോകം മുഴുവൻ ദൈവത്തെ രാജാവായി, നാഥനായി അംഗീകരിക്കുന്ന ഒരു നാളെയെക്കുറിച്ചും തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം സൂചിപ്പിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.

ദൈവത്തിന്റെ മഹിമ

തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം “കർത്താവ് വാഴുന്നു” എന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്നു. ദൈവത്തിന്റെ ഭരണത്തെക്കുറിച്ചുള്ള ഈ പ്രഖ്യാപനം, മറ്റെല്ലാ അധികാരങ്ങൾക്കും മേലെ യഹോവയെന്ന തങ്ങളുടെ ദൈവത്തിന്റെ അധികാരത്തെക്കുറിച്ചാണ് സൂചിപ്പിക്കുക.

ദൈവവിശ്വാസിയെ, പ്രത്യേകിച്ച് ഇസ്രയേലിനെ സംബന്ധിച്ച്, അധികാരത്തിൽ വാഴുന്ന ഒരു രാജാവിനെപ്പോലെ ദൈവത്തെ കാണുന്നതിലും വർണ്ണിക്കുന്നതിലും അപ്പുറം സന്തോഷവും അഭിമാനവുമില്ല.. ഇസ്രയേലിന്റെ ചരിത്രത്തിൽ പലയിടങ്ങളിലും മറ്റു രാജാക്കന്മാരെപ്പോലെ തങ്ങളുടെ നായകനായ ദൈവത്തെയും ഒരു രാജകീയ പരിവേഷം അണിയിക്കാൻ ശ്രമിക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. ഒരുപക്ഷെ ഇസ്രായേൽ ജനത്തെ, ദൈവം വിടുതലിന്റെ, സ്വാതന്ത്ര്യത്തിന്റെ അനുഭവത്തിലൂടെ കടത്തിക്കൊണ്ടുപോയതിന്റെ ഓർമ്മയായാകാം ഈ സങ്കീർത്തനം എഴുതപ്പെട്ടത്. ഇസ്രയേലിന്റെ പ്രവാസകാലത്തിന് ശേഷമായിരിക്കണം ഈ സങ്കീർത്തനം എഴുതപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്.

ഒന്നാം വാക്യത്തിലെ, “അവിടുന്ന് മഹിമയാണിഞ്ഞിരിക്കുന്നു; അവിടുന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു" എന്ന രണ്ടാം ഭാഗവും ദൈവത്തെ അധികാരമുള്ള ഒരു മനുഷ്യനെപ്പോലെ, ഒരു രാജാവിന് ചേർന്നവിധം, ശക്തിയും മഹിമയും എന്ന വസ്ത്രങ്ങൾ ധരിപ്പിച്ച് അലങ്കരിച്ചിരിക്കുന്നു. ഒരുവന്റെ വസ്ത്രങ്ങളാണ് അവന്റെ ജീവിതത്തെയും, സ്ഥാനമാനങ്ങളെയും സമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നത് എന്ന് ചിന്തിക്കുന്ന ചില മനസുകൾക്ക് മുന്നിൽ, തങ്ങളുടെ രക്ഷകനായ ദൈവത്തെ ഏറ്റവും മനോഹരവസ്ത്രങ്ങൾ അണിയിച്ച് രാജകീയമായ ഒരു മുഖം നൽകുക എന്ന സങ്കീർത്തകന്റെ ആഗ്രഹം ലക്‌ഷ്യം കണ്ടു എന്ന് വേണം പറയാൻ..

"ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല" എന്ന മൂന്നാം ഭാഗത്തിന് വലിയ അർത്ഥങ്ങൾ കണ്ടെത്താനാകും. ദൈവത്തിന്റെ ശക്തിയും പ്രതാപവും മാത്രമല്ല, അവന്റെ പ്രവൃത്തികളും ആണ് സങ്കീർത്തകൻ ഏറ്റുപറയുന്നത്. ഉറപ്പുള്ള, സുസ്ഥാപിതമായ ഈ ലോകം പോലും ദൈവത്തിന്റെ കരവേലയാണല്ലോ. ഉൽപ്പത്തിപുസ്തകത്തിലെ പ്രപഞ്ചസൃഷ്ടമാവായ ഒരു ദൈവത്തിന്റെ നിഴൽചിത്രം ഈ വരികൾക്കുപിന്നിൽ നമുക്ക് കാണാം.

ദൈവത്തിന്റെ സിംഹാസനവും അവിടുത്തെ മഹത്വവും

"അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്" എന്ന രണ്ടാം വാക്യത്തിന് ഇളക്കം തട്ടാത്ത ഒരു ലോകം സ്ഥാപിച്ചവന്റെ സിംഹാസനവും സുസ്ഥാപിതമാണ് എന്നാണർത്ഥം. അവൻ അനാദിമുതലേ, ആദ്യം മുതലേ ഉള്ളവനാണ്. സർവ്വവും സൃഷ്ടിച്ചതും, നിലനിർത്തുന്നതും അവനാണ്.

ഭൗമികമായ സിംഹാസനങ്ങളും, അധികാരങ്ങളും താത്കാലികമാണ്, അവ സ്ഥിരമായി നിലനിൽക്കുന്നവയല്ല. ഭൂമിയിലെ എല്ലാ അധികാരികളും, അധികാരങ്ങളും ഒരിക്കൽ ഇല്ലാതാകും. അതിനാൽത്തന്നെ അവയിൽ വിശ്വാസമർപ്പിക്കുന്നതു തന്നെ ബുദ്ധിപരമല്ല. പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടത് ദൈവത്തിന്റെ രാജ്യവും അവിടുത്തെ സിംഹാസനവുമാണ്. അനാദിമുതലേ ഉള്ളവൻ ദൈവമാണ്. ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് നമ്മുടെ ചിന്തയും ഈയൊരു സങ്കീർത്തനത്തിന്റെ ചിന്തകളിൽനിന്ന് വ്യത്യസ്തമല്ല. അനാദിമുതലേ ഉള്ളതും, ഇന്നും നിലനിൽക്കുന്നതുമായ രാജ്യവും രാജത്വവും ദൈവത്തിന്റേത് മാത്രമാണ്.

“അങ്ങ് അനാദിമുതലേ ഉള്ളവനാണ്”. ദൈവത്തിന്റെ അധികാരവും അവന്റെ ജീവിതവും എന്നന്നേക്കും നിലനിൽക്കുന്നതാണ്. ദൈവമെന്ന ചിന്തപോലും ഈ അനന്തമായ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്നും, മറ്റാരും ശാശ്വതമല്ലാത്ത ഈ ലോകത്ത്, എന്നും നിലനിൽക്കുന്നത് അവൻ മാത്രമാണ്. തുടക്കവും അവസാനവും ഇല്ലാത്തവൻ ദൈവമാണ്. ഭൂമിയിലെ സർവ്വരാജത്വങ്ങൾക്കും, അധികാരങ്ങൾക്കും, സൃഷ്ടികൾക്കും ഉപരിയായി ദൈവം നിൽക്കുന്നതും, അവൻ ശാശ്വതനായതിനാൽക്കൂടിയാണ്.

ദൈവത്തിന്റെ ശക്തി.

"കർത്താവേ പ്രവാഹങ്ങൾ ഉയരുന്നു; പ്രവാഹങ്ങൾ ശബ്‍ദം ഉയർത്തുന്നു; പ്രവാഹങ്ങൾ ആർത്തിരമ്പുന്നു" എന്ന മൂന്നാം വാക്യം ദൈവത്തെ എതിർക്കുന്ന ശക്തികളെയാണ് ഉദ്ദേശിക്കുന്നത്. മനുഷ്യന് അവ തന്റെ കണ്മുന്നിൽ കാണാനും കാതുകളിൽ അവയുടെ സ്വരം കേൾക്കാനുമാകുന്നുണ്ട്. ഉയരത്തിലേക്കുയരുന്ന തിരമാലകൾ പോലെയാണ് ദൈവത്തിനെതിരെ തിരിയുന്ന ശക്തികൾ. അവയുടെ ശബ്ദം ഉച്ചത്തിലുള്ളതാകാം, ഭയപ്പെടുത്തുന്നതാകാം, പ്രവാഹങ്ങൾ പോലെ ആർത്തിരമ്പുന്നതാകാം, പക്ഷെ അവയ്‌ക്കൊന്നിനും ദൈവത്തിനുമുന്നിൽ നിത്യമായ വിജയമില്ല.

നാലാം വാക്യത്തിൽ നാം ഇങ്ങനെയാണ് തുടർന്ന് വായിക്കുക, "സമുദ്രങ്ങളുടെ ഗർജനങ്ങളെയും, ഉയരുന്ന തിരമാലകളെയുംകാൾ കർത്താവ് ശക്തനാണ്". വിശ്വാസിയായ മനുഷ്യന്, ദൈവമാണ് എല്ലാത്തിലും ഉയർന്നുനിൽക്കുന്നവൻ, എല്ലാത്തിനേക്കാളും ശക്തനായവൻ ദൈവമാണ്. സങ്കീർത്തകനകർത്താവിന് ഏതാണ്ട് രണ്ടര സഹസ്രാബ്ദങ്ങൾക്കിപ്പുറം ജീവിക്കുന്ന നമ്മിലെ വിശ്വാസിമനസ്സുകൾക്ക്, സമുദ്രങ്ങളേക്കാളും തിരമാലകളെക്കാളും ശക്തനായ ദൈവമെന്ന ഒരാശയം എളുപ്പത്തിൽ മനസ്സിലാകുമല്ലോ! തിന്മയുടെ ശക്തിയെന്ന് ചിലയിടങ്ങളിലെങ്കിലും വിശേഷിപ്പിക്കപ്പെടുന്ന കടലിൽനിന്ന് കരയെ വേർതിരിച്ച, വലിയ പ്രളയത്തിൽനിന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സംരക്ഷിച്ച, കടലിനെ രണ്ടാക്കി, സ്വാതന്ത്ര്യത്തിലേക്ക് ഇസ്രയേലിനെ നയിച്ച, കൊടുങ്കാറ്റിനെ ശാസിച്ച്, കടലിനെ ശാന്തമാക്കിയ, കടലിനു മീതെ നടന്ന, അങ്ങനെ, എല്ലാ ശക്തികളേക്കാളും വലിയ, എല്ലാ കാലങ്ങളെയും അതിജീവിച്ച, സർവ്വത്തിന്റെയും നാഥനായ ഒരു ദൈവത്തെക്കുറിച്ചുള്ള അറിവ്, സങ്കീർത്തനത്തിന്റെ വരികളെ, എളുപ്പത്തിൽ മനസ്സിലാക്കാൻ ഇന്ന് നമ്മെ സഹായിക്കുന്നുണ്ട്.

ദൈവത്തിന്റെ വിശുദ്ധിയുടെ ശക്തി

സങ്കീർത്തനത്തിന്റെ അവസാനവാക്യമായ അഞ്ചാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "അങ്ങയുടെ കല്പന വിശ്വസ്യവും അലംഘനീയവുമാണ്". ദൈവത്തിന്റെ കല്പനകൾ വിശ്വാസ്യമാണ്. ഇവിടെ ദൈവത്തിന്റെ ഓരോ വാക്കുകളെയുമാണ് വിശ്വസനീയം എന്ന് പറയുക. നന്മതന്നെയായ ദൈവം, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ നന്മക്കായാണ് എല്ലാം ചെയ്യുന്നതെന്ന ഒരു ചിന്തയുമായി ഇത് ചേർന്നുപോകുന്നതാണ്. ദൈവത്തിന്റെ വാക്കുകൾക്കോ പ്രവൃത്തികൾക്കോ എതിരായി, എന്നന്നേക്കുമായി ഒന്നും നിലനിൽക്കുന്നില്ല എന്നത് ഇന്നുവരെയുള്ള വിശ്വാസചരിത്രത്തിൽ നമുക്ക് കാണാം.

അഞ്ചാം വാക്യം ഇങ്ങനെയാണ് തുടരുക, "കർത്താവേ പരിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്". സാധാരണയായി എല്ലാ സംസ്കാരങ്ങളിലും, ദൈവം എന്ന ഒരു ചിന്തയും വിശുദ്ധിയും ചേർന്ന് പോകുന്നതാണ്. പഴയനിയമജനതയുടെ മുന്നിലും ഇത് വ്യത്യസ്തമല്ല. ദൈവത്തിന്റെ ഭൗമികഭാവനമായ ദേവാലയവും അവന്റെ നിത്യഭവനമായ സ്വർഗ്ഗവും ദൈവികമായ വിശുദ്ധിയിൽ നിറഞ്ഞിരിക്കുന്നു.  ദൈവത്തിന്റെ ജനമെങ്കിൽ, അവന്റെ ഭവനത്തിലെ അംഗങ്ങളെങ്കിൽ, വിശുദ്ധി എല്ലാവർക്കും ചേർന്നതാണെന്ന് ഒരു വ്യംഗ്യാർത്ഥവും സങ്കീർത്തനത്തിൽ വ്യക്തമായി അടങ്ങിയിരിപ്പുണ്ട്.

ദൈവവും ദൈവത്തിന്റെ അധികാരവും, വിശുദ്ധിയും എന്നും നിലനിൽക്കുന്നു, എന്ന ഒരു ചിന്ത വീണ്ടും ഉണർത്തി സങ്കീർത്തനം അവസാനിക്കുകയാണ്. അതോടൊപ്പം, ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജനത്തിന്റെ ജീവിതവും പ്രവൃത്തികളും, ദൈവികഭവനത്തിന് ചേർന്നവയായിരിക്കണം എന്നും, ദൈവത്താൽ സംരക്ഷിക്കപ്പെടുന്ന ജനമാണ് തങ്ങളെന്ന ഉറച്ച ബോധ്യം എന്നും മനസ്സിൽ ഉണ്ടാകണമെന്നും തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രലോഭനങ്ങളുടെയും, തിന്മകളുടെ ശക്തികളുടെയും ശക്തമായ തിരമാലകൾക്കുമുന്നിൽ പതറാതെ മുന്നേറാൻ ഒരു കൈത്താങ്ങായി സങ്കീർത്തകന്റെ വാക്കുകൾ നമുക്ക് മുൻപിലുണ്ടാകട്ടെ. അനാദിയായ, അന്ത്യമില്ലാത്ത, ദൈവത്തിൽ ശരണം വച്ച് മുന്നേറാൻ, അവന്റെ സുസ്ഥിരമായ സിംഹാസനത്തിനരികെ നിത്യതയോളം, അവനൊത്ത വിശുദ്ധിയിലും അവന്റെ സംരക്ഷണത്തിലും കഴിയാൻ ദൈവം നമ്മിൽ കനിവാകട്ടെ. ദൈവം എന്നും വാഴട്ടെ.അഞ്ചു വാക്യങ്ങൾ മാത്രമുള്ള ചെറിയൊരു സങ്കീർത്തനമാണ് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം. എങ്കിലും പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച, എന്നെന്നേക്കും നിലനിൽക്കുന്ന ദൈവത്തിന്റെ രാജത്വം ആഘോഷിക്കുന്ന ഒരു സങ്കീർത്തനമാണിത്. മാത്രവുമല്ല, ദൈവത്തിന്റെ സ്തുതികൾ പാടുന്ന, അവന്റെ അധികാരത്തെ ഏറ്റുപറയുന്ന ഒരു സങ്കീർത്തനപരമ്പരയിലെ ആദ്യസങ്കീർത്തനവുമാണ് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം.

“കർത്താവ് വാഴുന്നു; അവിടുന്ന് മഹിമയണിഞ്ഞിരിക്കുന്നു” എന്ന് തുടങ്ങുന്ന സങ്കീർത്തനത്തിന്റെ ആദ്യ വരിയിൽ നിന്നുതന്നെ ദൈവത്തിന്റെ പരമാധികാരം വ്യക്തമാണ്. ദൈവത്തെ, ഭൗമിക രാജാക്കന്മാരുമായി താരതമ്യപ്പെടുത്തിയാണ് സങ്കീർത്തകൻ ദൈവത്തിന്റെ രാജത്വത്തെക്കുറിച്ച് പറയുന്നത്. ദൈവത്തിന്റെ വീര്യത്വം, ശക്തി, വിശുദ്ധി എന്നിവയുടെ ഹ്രസ്വവും, എന്നാൽ ധീരവുമായ പ്രഖ്യാപനമാണ് ഈ സങ്കീർത്തനത്തിന്റെ വരികളിൽ നാം കാണുന്നത്. ലോകം മുഴുവൻ ദൈവത്തെ രാജാവായി, നാഥനായി അംഗീകരിക്കുന്ന ഒരു നാളെയെക്കുറിച്ചും തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം സൂചിപ്പിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.

ദൈവത്തിന്റെ മഹിമ

തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം “കർത്താവ് വാഴുന്നു” എന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്നു. ദൈവത്തിന്റെ ഭരണത്തെക്കുറിച്ചുള്ള ഈ പ്രഖ്യാപനം, മറ്റെല്ലാ അധികാരങ്ങൾക്കും മേലെ യഹോവയെന്ന തങ്ങളുടെ ദൈവത്തിന്റെ അധികാരത്തെക്കുറിച്ചാണ് സൂചിപ്പിക്കുക.

ദൈവവിശ്വാസിയെ, പ്രത്യേകിച്ച് ഇസ്രയേലിനെ സംബന്ധിച്ച്, അധികാരത്തിൽ വാഴുന്ന ഒരു രാജാവിനെപ്പോലെ ദൈവത്തെ കാണുന്നതിലും വർണ്ണിക്കുന്നതിലും അപ്പുറം സന്തോഷവും അഭിമാനവുമില്ല.. ഇസ്രയേലിന്റെ ചരിത്രത്തിൽ പലയിടങ്ങളിലും മറ്റു രാജാക്കന്മാരെപ്പോലെ തങ്ങളുടെ നായകനായ ദൈവത്തെയും ഒരു രാജകീയ പരിവേഷം അണിയിക്കാൻ ശ്രമിക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. ഒരുപക്ഷെ ഇസ്രായേൽ ജനത്തെ, ദൈവം വിടുതലിന്റെ, സ്വാതന്ത്ര്യത്തിന്റെ അനുഭവത്തിലൂടെ കടത്തിക്കൊണ്ടുപോയതിന്റെ ഓർമ്മയായാകാം ഈ സങ്കീർത്തനം എഴുതപ്പെട്ടത്. ഇസ്രയേലിന്റെ പ്രവാസകാലത്തിന് ശേഷമായിരിക്കണം ഈ സങ്കീർത്തനം എഴുതപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്.

ഒന്നാം വാക്യത്തിലെ, “അവിടുന്ന് മഹിമയാണിഞ്ഞിരിക്കുന്നു; അവിടുന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു" എന്ന രണ്ടാം ഭാഗവും ദൈവത്തെ അധികാരമുള്ള ഒരു മനുഷ്യനെപ്പോലെ, ഒരു രാജാവിന് ചേർന്നവിധം, ശക്തിയും മഹിമയും എന്ന വസ്ത്രങ്ങൾ ധരിപ്പിച്ച് അലങ്കരിച്ചിരിക്കുന്നു. ഒരുവന്റെ വസ്ത്രങ്ങളാണ് അവന്റെ ജീവിതത്തെയും, സ്ഥാനമാനങ്ങളെയും സമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നത് എന്ന് ചിന്തിക്കുന്ന ചില മനസുകൾക്ക് മുന്നിൽ, തങ്ങളുടെ രക്ഷകനായ ദൈവത്തെ ഏറ്റവും മനോഹരവസ്ത്രങ്ങൾ അണിയിച്ച് രാജകീയമായ ഒരു മുഖം നൽകുക എന്ന സങ്കീർത്തകന്റെ ആഗ്രഹം ലക്‌ഷ്യം കണ്ടു എന്ന് വേണം പറയാൻ..

"ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല" എന്ന മൂന്നാം ഭാഗത്തിന് വലിയ അർത്ഥങ്ങൾ കണ്ടെത്താനാകും. ദൈവത്തിന്റെ ശക്തിയും പ്രതാപവും മാത്രമല്ല, അവന്റെ പ്രവൃത്തികളും ആണ് സങ്കീർത്തകൻ ഏറ്റുപറയുന്നത്. ഉറപ്പുള്ള, സുസ്ഥാപിതമായ ഈ ലോകം പോലും ദൈവത്തിന്റെ കരവേലയാണല്ലോ. ഉൽപ്പത്തിപുസ്തകത്തിലെ പ്രപഞ്ചസൃഷ്ടമാവായ ഒരു ദൈവത്തിന്റെ നിഴൽചിത്രം ഈ വരികൾക്കുപിന്നിൽ നമുക്ക് കാണാം.

ദൈവത്തിന്റെ സിംഹാസനവും അവിടുത്തെ മഹത്വവും

"അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്" എന്ന രണ്ടാം വാക്യത്തിന് ഇളക്കം തട്ടാത്ത ഒരു ലോകം സ്ഥാപിച്ചവന്റെ സിംഹാസനവും സുസ്ഥാപിതമാണ് എന്നാണർത്ഥം. അവൻ അനാദിമുതലേ, ആദ്യം മുതലേ ഉള്ളവനാണ്. സർവ്വവും സൃഷ്ടിച്ചതും, നിലനിർത്തുന്നതും അവനാണ്.

ഭൗമികമായ സിംഹാസനങ്ങളും, അധികാരങ്ങളും താത്കാലികമാണ്, അവ സ്ഥിരമായി നിലനിൽക്കുന്നവയല്ല. ഭൂമിയിലെ എല്ലാ അധികാരികളും, അധികാരങ്ങളും ഒരിക്കൽ ഇല്ലാതാകും. അതിനാൽത്തന്നെ അവയിൽ വിശ്വാസമർപ്പിക്കുന്നതു തന്നെ ബുദ്ധിപരമല്ല. പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടത് ദൈവത്തിന്റെ രാജ്യവും അവിടുത്തെ സിംഹാസനവുമാണ്. അനാദിമുതലേ ഉള്ളവൻ ദൈവമാണ്. ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് നമ്മുടെ ചിന്തയും ഈയൊരു സങ്കീർത്തനത്തിന്റെ ചിന്തകളിൽനിന്ന് വ്യത്യസ്തമല്ല. അനാദിമുതലേ ഉള്ളതും, ഇന്നും നിലനിൽക്കുന്നതുമായ രാജ്യവും രാജത്വവും ദൈവത്തിന്റേത് മാത്രമാണ്.

“അങ്ങ് അനാദിമുതലേ ഉള്ളവനാണ്”. ദൈവത്തിന്റെ അധികാരവും അവന്റെ ജീവിതവും എന്നന്നേക്കും നിലനിൽക്കുന്നതാണ്. ദൈവമെന്ന ചിന്തപോലും ഈ അനന്തമായ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്നും, മറ്റാരും ശാശ്വതമല്ലാത്ത ഈ ലോകത്ത്, എന്നും നിലനിൽക്കുന്നത് അവൻ മാത്രമാണ്. തുടക്കവും അവസാനവും ഇല്ലാത്തവൻ ദൈവമാണ്. ഭൂമിയിലെ സർവ്വരാജത്വങ്ങൾക്കും, അധികാരങ്ങൾക്കും, സൃഷ്ടികൾക്കും ഉപരിയായി ദൈവം നിൽക്കുന്നതും, അവൻ ശാശ്വതനായതിനാൽക്കൂടിയാണ്.

ദൈവത്തിന്റെ ശക്തി.

"കർത്താവേ പ്രവാഹങ്ങൾ ഉയരുന്നു; പ്രവാഹങ്ങൾ ശബ്‍ദം ഉയർത്തുന്നു; പ്രവാഹങ്ങൾ ആർത്തിരമ്പുന്നു" എന്ന മൂന്നാം വാക്യം ദൈവത്തെ എതിർക്കുന്ന ശക്തികളെയാണ് ഉദ്ദേശിക്കുന്നത്. മനുഷ്യന് അവ തന്റെ കണ്മുന്നിൽ കാണാനും കാതുകളിൽ അവയുടെ സ്വരം കേൾക്കാനുമാകുന്നുണ്ട്. ഉയരത്തിലേക്കുയരുന്ന തിരമാലകൾ പോലെയാണ് ദൈവത്തിനെതിരെ തിരിയുന്ന ശക്തികൾ. അവയുടെ ശബ്ദം ഉച്ചത്തിലുള്ളതാകാം, ഭയപ്പെടുത്തുന്നതാകാം, പ്രവാഹങ്ങൾ പോലെ ആർത്തിരമ്പുന്നതാകാം, പക്ഷെ അവയ്‌ക്കൊന്നിനും ദൈവത്തിനുമുന്നിൽ നിത്യമായ വിജയമില്ല.

നാലാം വാക്യത്തിൽ നാം ഇങ്ങനെയാണ് തുടർന്ന് വായിക്കുക, "സമുദ്രങ്ങളുടെ ഗർജനങ്ങളെയും, ഉയരുന്ന തിരമാലകളെയുംകാൾ കർത്താവ് ശക്തനാണ്". വിശ്വാസിയായ മനുഷ്യന്, ദൈവമാണ് എല്ലാത്തിലും ഉയർന്നുനിൽക്കുന്നവൻ, എല്ലാത്തിനേക്കാളും ശക്തനായവൻ ദൈവമാണ്. സങ്കീർത്തകനകർത്താവിന് ഏതാണ്ട് രണ്ടര സഹസ്രാബ്ദങ്ങൾക്കിപ്പുറം ജീവിക്കുന്ന നമ്മിലെ വിശ്വാസിമനസ്സുകൾക്ക്, സമുദ്രങ്ങളേക്കാളും തിരമാലകളെക്കാളും ശക്തനായ ദൈവമെന്ന ഒരാശയം എളുപ്പത്തിൽ മനസ്സിലാകുമല്ലോ! തിന്മയുടെ ശക്തിയെന്ന് ചിലയിടങ്ങളിലെങ്കിലും വിശേഷിപ്പിക്കപ്പെടുന്ന കടലിൽനിന്ന് കരയെ വേർതിരിച്ച, വലിയ പ്രളയത്തിൽനിന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സംരക്ഷിച്ച, കടലിനെ രണ്ടാക്കി, സ്വാതന്ത്ര്യത്തിലേക്ക് ഇസ്രയേലിനെ നയിച്ച, കൊടുങ്കാറ്റിനെ ശാസിച്ച്, കടലിനെ ശാന്തമാക്കിയ, കടലിനു മീതെ നടന്ന, അങ്ങനെ, എല്ലാ ശക്തികളേക്കാളും വലിയ, എല്ലാ കാലങ്ങളെയും അതിജീവിച്ച, സർവ്വത്തിന്റെയും നാഥനായ ഒരു ദൈവത്തെക്കുറിച്ചുള്ള അറിവ്, സങ്കീർത്തനത്തിന്റെ വരികളെ, എളുപ്പത്തിൽ മനസ്സിലാക്കാൻ ഇന്ന് നമ്മെ സഹായിക്കുന്നുണ്ട്.

ദൈവത്തിന്റെ വിശുദ്ധിയുടെ ശക്തി

സങ്കീർത്തനത്തിന്റെ അവസാനവാക്യമായ അഞ്ചാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "അങ്ങയുടെ കല്പന വിശ്വസ്യവും അലംഘനീയവുമാണ്". ദൈവത്തിന്റെ കല്പനകൾ വിശ്വാസ്യമാണ്. ഇവിടെ ദൈവത്തിന്റെ ഓരോ വാക്കുകളെയുമാണ് വിശ്വസനീയം എന്ന് പറയുക. നന്മതന്നെയായ ദൈവം, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ നന്മക്കായാണ് എല്ലാം ചെയ്യുന്നതെന്ന ഒരു ചിന്തയുമായി ഇത് ചേർന്നുപോകുന്നതാണ്. ദൈവത്തിന്റെ വാക്കുകൾക്കോ പ്രവൃത്തികൾക്കോ എതിരായി, എന്നന്നേക്കുമായി ഒന്നും നിലനിൽക്കുന്നില്ല എന്നത് ഇന്നുവരെയുള്ള വിശ്വാസചരിത്രത്തിൽ നമുക്ക് കാണാം.

അഞ്ചാം വാക്യം ഇങ്ങനെയാണ് തുടരുക, "കർത്താവേ പരിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്". സാധാരണയായി എല്ലാ സംസ്കാരങ്ങളിലും, ദൈവം എന്ന ഒരു ചിന്തയും വിശുദ്ധിയും ചേർന്ന് പോകുന്നതാണ്. പഴയനിയമജനതയുടെ മുന്നിലും ഇത് വ്യത്യസ്തമല്ല. ദൈവത്തിന്റെ ഭൗമികഭാവനമായ ദേവാലയവും അവന്റെ നിത്യഭവനമായ സ്വർഗ്ഗവും ദൈവികമായ വിശുദ്ധിയിൽ നിറഞ്ഞിരിക്കുന്നു.  ദൈവത്തിന്റെ ജനമെങ്കിൽ, അവന്റെ ഭവനത്തിലെ അംഗങ്ങളെങ്കിൽ, വിശുദ്ധി എല്ലാവർക്കും ചേർന്നതാണെന്ന് ഒരു വ്യംഗ്യാർത്ഥവും സങ്കീർത്തനത്തിൽ വ്യക്തമായി അടങ്ങിയിരിപ്പുണ്ട്.

ദൈവവും ദൈവത്തിന്റെ അധികാരവും, വിശുദ്ധിയും എന്നും നിലനിൽക്കുന്നു, എന്ന ഒരു ചിന്ത വീണ്ടും ഉണർത്തി സങ്കീർത്തനം അവസാനിക്കുകയാണ്. അതോടൊപ്പം, ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജനത്തിന്റെ ജീവിതവും പ്രവൃത്തികളും, ദൈവികഭവനത്തിന് ചേർന്നവയായിരിക്കണം എന്നും, ദൈവത്താൽ സംരക്ഷിക്കപ്പെടുന്ന ജനമാണ് തങ്ങളെന്ന ഉറച്ച ബോധ്യം എന്നും മനസ്സിൽ ഉണ്ടാകണമെന്നും തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രലോഭനങ്ങളുടെയും, തിന്മകളുടെ ശക്തികളുടെയും ശക്തമായ തിരമാലകൾക്കുമുന്നിൽ പതറാതെ മുന്നേറാൻ ഒരു കൈത്താങ്ങായി സങ്കീർത്തകന്റെ വാക്കുകൾ നമുക്ക് മുൻപിലുണ്ടാകട്ടെ. അനാദിയായ, അന്ത്യമില്ലാത്ത, ദൈവത്തിൽ ശരണം വച്ച് മുന്നേറാൻ, അവന്റെ സുസ്ഥിരമായ സിംഹാസനത്തിനരികെ നിത്യതയോളം, അവനൊത്ത വിശുദ്ധിയിലും അവന്റെ സംരക്ഷണത്തിലും കഴിയാൻ ദൈവം നമ്മിൽ കനിവാകട്ടെ. ദൈവം എന്നും വാഴട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2021, 13:27