സങ്കീർത്തനചിന്തകൾ - 91 സങ്കീർത്തനചിന്തകൾ - 91 

ദൈവികസംരക്ഷണത്തിന്റെ ശക്തമായ കോട്ട

വചനവീഥി - സങ്കീർത്തനം 91 - ധ്യാനാത്മകമായ ഒരു വായന.
തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് നൽകപ്പെടുന്ന അനുഗ്രഹങ്ങളുടെ ഉറപ്പിനെക്കുറിച്ചാണ് തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം എഴുതപ്പെട്ടിരിക്കുന്നത്. ഈ സങ്കീർത്തനകർത്താവിനെക്കുറിച്ച് ബൈബിൾ പണ്ഡിതന്മാരുടെക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. തൊണ്ണൂറാം സങ്കീർത്തനത്തിന്റെ ചില ചിന്തകളോട് ചേർന്ന് പോകുന്നതിനാൽ മോശയാകാം ഇതെഴുതിയതെന്നും എന്നാൽ ഇരുപത്തിയേഴും മുപ്പത്തിയൊന്നും സങ്കീർത്തനങ്ങളുമായി അടുപ്പം തോന്നിക്കുന്ന വരികൾ ഉള്ളതിനാൽ ദാവീദാകാം ഇതെഴുതിയത് എന്നും കരുതുന്നരുമുണ്ട്. എഴുതിയത് ആരാണെങ്കിലും, സമയത്തിന് അതീതമായ ചിന്തകൾ, പ്രത്യേകിച്ച് ദൈവികസംരക്ഷണമെന്ന വലിയൊരു ചിന്ത മനുഷ്യമനസ്സിൽ ഉറപ്പുള്ള കോട്ടയായി വരച്ചുകാട്ടുവാൻ തൊണ്ണൂറ്റിയൊന്നാം  സങ്കീർത്തനത്തിന് കഴിയുന്നുണ്ട്. ഏതൊരു മനസ്സിലും ദൈവികകരുതലിന്റെ ആനന്ദം പകരുവാൻ ഈ സങ്കീർത്തനത്തിന് കഴിയുമെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ നമ്മിൽ പലരുടെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സങ്കീർത്തനമാണിത്.

ദൈവത്തിന്റെ ശക്തമായ സംരക്ഷണത്തെക്കുറിച്ചുള്ള ഉറപ്പ്

ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ ദൈവത്തിന്റെ കരുത്തേറിയ സംരക്ഷണത്തെയാണ് സങ്കീർത്തകൻ വർണ്ണിക്കുന്നത്. ഈ സംരക്ഷണം പക്ഷെ അവകാശപ്പെടാനാകുന്നത് ദൈവത്തോട് ചേർന്ന്, അവന്റെ തണലിൽ വസിക്കുന്നവന് മാത്രമാണ്. വളരെ ചേർന്ന് നടക്കുന്നവന് മാത്രമാണ് അപരന്റെ തണലിൽ നടക്കാനാകുക. എല്ലാവരും മനസ്സിലാക്കുന്നതുപോലെ തന്നെ, വിശുദ്ധഗ്രന്ഥത്തിന്റെ താളുകളിലും തണൽ എന്ന ഒരു സങ്കേതം, സംരക്ഷണത്തിന്റെ മറ്റൊരു മുഖമാണ്. നമ്മെ വീഴിക്കുവാനും ഇല്ലാതാക്കുവാനും കഴിവുള്ള ഒരു ശക്തിയിൽനിന്നാണ് തണൽ സംരക്ഷണമേകുക. അവനാകുന്നു പാറയുടെ കീഴിൽ, അവന്റെ ചിറകിൻകീഴിൽ, എന്നിങ്ങനെ സംരക്ഷണം നൽകുന്ന ശക്തമായ ഒരു ഇടമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം. സ്വയം വെയിലേറ്റാണ് മറ്റൊരുവന് തണലാകാനാകുക. അത് ദൈവികമായൊരു പ്രവർത്തിയുമാണ്. പഴയനിയമ വിശ്വാസിയിൽ യഹോവയെന്നൊരു ദൈവം, വിശ്വസനീയമായ ഒരു സങ്കേതവും, ശക്തമായ കോട്ടയുമാണ്. ദൈവത്തോട് സ്നേഹവും അടുപ്പവും ഏറെയുള്ള ഒരു വിശ്വാസിക്കാണ്, രണ്ടാം വാക്യത്തിലേതുപോലെ, നീ "ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവമാണ്" എന്ന് ആത്മാർത്ഥമായി പറയാനാകുക.

ദൈവികസംരക്ഷണത്തിന്റെ പല മുഖങ്ങൾ.

ആദ്യ രണ്ടു വാക്യങ്ങളിലായി ദൈവിക സംരക്ഷണമെന്ന, വിശ്വാസിക്ക് ധൈര്യം പകരുന്ന ചിന്തയെ നമുക്ക് മുന്നിൽ വച്ചതിനുശേഷം,, ദൈവം എപ്രകാരമൊക്കെയാണ് നമ്മെ കാക്കുക എന്നാണ് അടുത്ത രണ്ടു വാക്യങ്ങളിലായി സങ്കീർത്തകൻ വിവരിക്കുക. സ്വതന്ത്രമായി പാറിനടക്കുന്ന കിളികളെ പിടിച്ചെടുക്കുന്നതുപോലെയും, കൂടെയുള്ള സ്വജനത്തിൽനിന്ന് ഒരുവനെ അടർത്തിയെടുക്കുന്നതുപോലെയും, ദൈവത്തിൽനിന്ന് ദൈവജനത്തെ അകറ്റാനും, അവരുടെ ജീവിതത്തെ ഇല്ലാതാക്കാനും ഒരു വേടനെപ്പോലെ ശത്രു തയാറാക്കി വച്ചിരിക്കുന്ന കെണിയിൽനിന്ന് മനുഷ്യനെ രക്ഷിക്കുന്നത് ദൈവംതന്നെയാണ്. ബുദ്ധിമാനായ ഒരു വേടനെയെന്നതുപോലെ തിന്‍മയുടെ ശക്തിയും പുതിയ രീതികളും വഴികളും ഉപയോഗിച്ച് ഇരയ്ക്കായി കാത്തിരിപ്പുണ്ട്.

ശാരീരികമായ എല്ലാ രോഗങ്ങളിൽനിന്നും അത്ഭുതകരമായി എല്ലാവരെയും രക്ഷിക്കുക എന്നതിനേക്കാൾ, മാരകമായ മഹാമാരിയിൽനിന്ന്, പലവിധ അപകടങ്ങളിൽനിന്ന് തങ്ങളെ പലകുറി രക്ഷിച്ച ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് സങ്കീർത്തകൻ ആവർത്തിക്കുന്നത്. ദൈവത്തിന്റെ സങ്കേതത്തിൽ കഴിയുന്ന മനുഷ്യന്റെ ആത്മാവിനെ മാരകമായ മഹാമാരി ബാധിക്കില്ലെന്ന്, ദൈവം അവന്റെ സംരക്ഷണമായി എന്നുമുണ്ടാകുമെന്ന് സങ്കീർത്തകൻ ഉറപ്പു തരുന്നു. മനുഷ്യന്റെ നാശം കാത്തിരിക്കുന്ന തിന്മയുടെ ശക്തിയിൽനിന്നുള്ള സംരക്ഷണമാണ് സങ്കീർത്തകൻ ഇവിടെ ഉദ്ദേശിക്കുന്നത്.

അറുപത്തിയൊന്നാം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിലെ പ്രാർത്ഥന പോലെ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിലും തന്റെ തൂവലുകൾ കൊണ്ട് വിശ്വാസിയെ സംരക്ഷിക്കുന്ന ദൈവത്തെയാണ് സങ്കീർത്തകൻ വർണ്ണിക്കുന്നത്. “പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു” എന്ന് ജറുസലേമിനേക്കുറിച്ചു വിലപിക്കുന്ന ക്രിസ്തുവിനെ മത്തായിയുടെ സുവിശേഷത്തിന്റെ ഇരുപത്തിമൂന്നാം അധ്യായത്തിന്റെ മുപ്പത്തിയേഴാം വാക്യത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. “അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും” എന്ന  സങ്കീർത്തനഭാഗം ഇതിനോട് ചേർത്തുവായിക്കുമ്പോൾ, ദൈവത്തിന് നമ്മോടുള്ളത് ഒരമ്മപ്പക്ഷിയുടെ ചിറകിൻകീഴിലെ ഊഷ്മളതയും മൃദുലതയും, ശക്‌തമായ കോട്ടയുടെയും പരിചയുടെയും ശക്തിയും ഒത്തുചേർന്ന സംരക്ഷണവും കരുതലുമാണെന്ന് കാണാം.

ദൈവികസംരക്ഷണത്തിന്റെ ഫലങ്ങൾ

"അഞ്ചും ആറും വാക്യങ്ങളിൽ നാം ഇങ്ങനെയാണ് വായിക്കുക. “രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ട. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട". ദൈവം അഭയസ്ഥാനവും കോട്ടയുമായുള്ള ദൈവജനത്തിന് ഭയപ്പെടേണ്ട ആവശ്യമില്ല. സംരക്ഷകനും, ആശ്വാസദായകനുമായ ദൈവത്തിലുള്ള വിശ്വാസവും ശരണവും ഇല്ലാതാകുമ്പോഴാണ് ദൈവജനം ഭയത്തിന്റെ പിടിയിൽപ്പെടുന്നത്. ഭയപ്പെടേണ്ട എന്ന ഒരു വാക്കുതന്നെ അവർണ്ണനീയമായ ഒരനുഗ്രഹമാണ്. സ്വപുത്രനിലെന്നതുപോലെ തന്റെ ജനത്തിന്റെ ജീവിതത്തിലും ദൈവം അനുവദിക്കുന്ന വേദനകളുണ്ടാകാം, പക്ഷെ ഒരു ശക്തിയും ദൈവത്തിന്റെ നിയന്ത്രണത്തിന് ഉപരിയല്ലെന്ന് ദൈവജനം അറിയേണ്ടതുണ്ട്.

എല്ലാ രീതിയിലുമുള്ള തിന്മകളെയും സാഹചര്യങ്ങളെയും കുറിച്ച് സങ്കീർത്തകൻ ഇവിടെ പറയുന്നുണ്ട്.  രാത്രിയും പകലും, ഇരുട്ടിലും നട്ടുച്ചയ്ക്കും, ഭീതിയായോ, അസ്ത്രമായോ, മഹാമാരിയായോ, നാശമായോ, തിന്മ വന്നേക്കാം. എന്നാൽ ദൈവത്തിൽ ശരണപ്പെടുന്ന ജനം അവയെയൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല. ഭയപ്പെടേണ്ട എന്ന് ദൈവം നൽകുന്ന ഉറപ്പുതന്നെയാണ് വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

വിശ്വാസിക്കുന്നവന് ലഭിക്കുന്ന വാഗ്ദാനം

"നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും നിനക്ക് ഒരനർത്ഥവും സംഭവിക്കുകയില്ല". എല്ലാ സാഹചര്യങ്ങളെയും, എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ദൈവികസംരക്ഷണം എത്രമാത്രം ശക്‌തമാണെന്ന് മനസ്സിലാക്കിത്തരുന്ന ഒരു വാക്യമാണിത്. തന്റെ വിശ്വാസിയെ പതിനായിരങ്ങളിൽനിന്ന് പോലും, തിരിച്ചറിയുകയും, വേർതിരിച്ചു മാറ്റി നിറുത്തി അപകടത്തിൽനിന്ന് കാത്തുരക്ഷിക്കുകയും ചെയ്യുന്ന, കരുതലുള്ള ദൈവമാണ് ഇസ്രായേലിന്റെ ദൈവം.

തിരഞ്ഞെടുക്കപ്പെട്ടവരുടെ സംരക്ഷണത്തിനൊപ്പം, “ദുഷ്ടരുടെ പ്രതിഫലം നീ കാണും” എന്ന സങ്കീർത്തകന്റെ വാക്കുകൾക്ക് രണ്ട് മാനങ്ങളുണ്ട്. ഒന്നാമതായി ദുഷ്ടന് അവനർഹിക്കുന്ന പ്രതിഫലം ഉണ്ടെന്നതുതന്നെയാണ്. രണ്ടാമതായി ഈ സത്യത്തിൽനിന്ന് പാഠമുൾക്കൊണ്ട് ദൈവജനം നന്മയെ തിരഞ്ഞെടുക്കാൻ പരിശ്രമിക്കണം എന്നൊരു മുന്നറിയിപ്പും. ദൈവത്തെ അറിഞ്ഞ മനുഷ്യന് അറിഞ്ഞുകൊണ്ട് തിന്മയിൽ ജീവിക്കാനാകുകയില്ലല്ലോ.

 

ധ്യാനചിന്തയെ സഹായിക്കുന്ന ഒരു ഗാനത്തിന്റെ ഏതാനും ഈരടികൾ നമുക്ക് ശ്രവിക്കാം. ആർ എസ് വിജയരാജ് രചനയും സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ. എസ്. ചിത്ര.

ആരാധ്യൻ യേശുപര....

 

വീണ്ടും ആവർത്തിക്കപ്പെടുന്ന ദൈവാനുഗ്രഹത്തിന്റെ ഉറപ്പ്

തിന്മകളിൽനിന്ന് മോചനവും വിജയത്തിന്റെ ഉറപ്പുമാണ് ഒമ്പതുമുതലുള്ള വാക്യങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നത്.കർത്താവിൽ ആശ്രയിക്കുകയും അവനിൽ വാസമുറപ്പിക്കുകയും ചെയ്ത വിശ്വാസിക്ക് അനർത്ഥങ്ങൾ ഒന്നും വരില്ലെന്ന് സങ്കീർത്തകൻ ഉറപ്പു നൽകുകയാണ്, എന്നാൽ അത് അവന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ കൂടിയാണ്. പത്തു മുതൽ അവസാനത്തെ വാക്യമായ പതിനാറു വരെയുള്ള വാക്യങ്ങൾ ദൈവത്തിൽ ശരണപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളവയാണ്. ദൈവമാണ് അവരുടെ ജീവനും ഉറച്ച ശിലയും.

ഒരനർത്ഥവും നിന്റെ കൂടാരത്തെ സമീപിക്കയില്ല എന്ന പത്താം വാക്യം നമ്മൾ മുൻപ് കണ്ട അഞ്ചു മുതൽ എട്ടുവരെയുള്ള വാക്യങ്ങളുടെ പുതിയൊരു വായനയാണ്. വിശ്വാസിയുടെ ജീവിതത്തിൽ ഒരിക്കലും ഒരപകടവും ഉണ്ടാകില്ല എന്നല്ല സങ്കീർത്തകൻ വിവക്ഷിക്കുന്നത്, മറിച്ച് സങ്കീർത്തകന് ദൈവത്തിലുള്ള വിശ്വാസവും, തന്റെ ജനത്തെ, ഒരമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിലെന്നതു പോലെ, കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സംരക്ഷണത്തെയും, അവന്റെ തണലിലെ കനിവിന്റെ സ്നേഹത്തെയും ഏറ്റുപറയുകയാണ് സങ്കീർത്തകൻ.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ നാലാം അദ്ധ്യായം ആറാം വാക്യത്തിൽ നമ്മൾ കാണുന്നതുപോലെ, സാത്താൻ പോലും ഏറ്റെടുത്തുപയോഗിച്ചവയാണ്, “നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും” എന്ന് തുടങ്ങുന്ന സങ്കീർത്തനത്തിന്റെ പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ. വിശ്വാസിയെ ധൈര്യപ്പെടുത്താൻ എഴുതപ്പെട്ട ഈ സങ്കീർത്തനവാക്കുകൾ പക്ഷെ, ക്രിസ്തുവിനെ കെണിയിൽ വീഴ്ത്താനുള്ള ഒരു വിഫലപരിശ്രമത്തിനായാണ് തിന്മയുടെ ശക്തി ഉപയോഗിക്കുന്നത്. സുവിശേഷത്തിൽ നാം കാണുന്ന ഈ വാക്കുകൾ പക്ഷെ സങ്കീർത്തനത്തിന്റെ വരികൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. സാത്താൻ പറയുന്നതുപോലെ ഏത് അപകടങ്ങളിൽനിന്നുമുള്ള സംരക്ഷണമല്ല, മറിച്ച് ക്രിസ്തുവിന്റെ പ്രലോഭനങ്ങളിൽ അവന്, ദൈവേഷ്ടം തിരഞ്ഞെടുത്ത് മുന്നോട്ടു പോകാൻ സഹായമായതുപോലെ, ദൈവത്തെ പിഞ്ചെന്നുള്ള വഴികളിൽ, അവനെന്ന നന്മയെ തിരഞ്ഞെടുക്കാൻ വിശ്വാസിയെ സഹായിക്കുകയാണ് യഥാർത്ഥത്തിൽ ദൈവദൂതന്മാർ ചെയ്യുന്നത്.

ദൈവികസംരക്ഷണമെന്നത്, സിംഹത്തെയും വിഷമേറിയ പാമ്പിനെയും പോലെ ശക്തമായ തിന്മകളിൽനിന്നു പോലും വിജയം നൽകുകയാണെന്ന് തുടർന്ന് വരുന്ന വാക്യങ്ങളിൽ നാം കാണുന്നു. ബുദ്ധിമുട്ടുകളെ അതിജീവിക്കുക മാത്രമല്ല, അവയുടെമേൽ വിജയം വരിക്കാനും വിശ്വാസിക്ക് ദൈവം അനുഗ്രഹം നൽകുന്നുണ്ട്.

ദൈവത്തെ സ്നേഹിക്കുന്നവർക്കുള്ള അനുഗ്രഹവും വാഗ്ദാനവും.

സങ്കീർത്തനത്തിന്റെ പതിനാലാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്. "അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും". ദൈവം തന്റെ ജനത്തിന് മേൽ അനുഗ്രഹം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് ഈ വാക്യത്തിന്റെ ഘടന. "അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ" എന്ന മനോഹരമായ വാക്കുകൾ ദൈവജനം ഏറ്റു പറയുന്നവയല്ല, മറിച്ച്‌ ദൈവം തന്റെ ജനത്തോട് പറയുന്നവയാണ്. എന്നാൽ മനുഷ്യൻ ഏറ്റെടുക്കുന്ന ഒരു പ്രതിബദ്ധതയെക്കൂടിയാണ് സങ്കീർത്തകൻ ഇവിടെ വിവക്ഷിക്കുന്നത്. സംഭവിച്ചുപോകുന്ന ഒന്നല്ല, മറിച്ച് അറിഞ്ഞു തിരഞ്ഞെടുക്കുന്ന ഒന്നാണ് ദൈവത്തോട് വിശ്വസിക്കുള്ള ഹൃദയത്തോട് ഒട്ടിനിൽക്കുന്ന ഈ സ്നേഹം. ദൈവത്തോടൊപ്പം ആയിരുന്നും, അവന്റെ വാക്കുകൾ ശ്രവിച്ചും, അവനോട് തന്റെ ഹൃദയവിചാരങ്ങൾ പങ്കിട്ടും, ദൈവത്തെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയുമാണ് ദൈവസ്നേഹം ജീവിക്കേണ്ടത്.

“അവന്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്ന് നിൽക്കും, ഞാൻ അവനെ മോചിപ്പിക്കും, അവനെ മഹത്വപ്പെടുത്തും, അവനു ദീർഘായുസ്സ് നൽകി സംതൃപ്തനാക്കും, എന്റെ രക്ഷ അവനു ഞാൻ കാണിച്ചു കൊടുക്കും” ഇങ്ങനെ, തന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യന്റെമേൽ വ്യക്തിപരവും, അതിശയകരവുമായ അനുഗ്രഹങ്ങളാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ ദൈവം വാഗ്ദാനം ചെയ്യുന്നത്.

യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിന്റെ ഇരുപതാം വാക്യത്തിൽ ക്രിസ്തുവിന്റെ വക്ഷസിൽ ചാരിക്കിടക്കുന്ന യോഹന്നാനെപ്പോലെ ദൈവത്തോട് ഒട്ടിച്ചേർന്ന്, അവനിൽ വിശ്വാസമർപ്പിച്ച് ജീവിക്കാൻ, തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം നമുക്ക് ഒരു പ്രേരണയാകട്ടെ. “സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും” എന്ന ദൈവവചസ്സുകൾ നമ്മുടെ ചെവികളിലും ദൈവം സ്നേഹത്തോടെ മന്ത്രിക്കട്ടെ. ദൈവത്തിന്റെ ശക്തമായ സംരക്ഷണത്തിലും, അവന്റെ സ്നേഹത്തിന്റെ തണലിലും ജീവിച്ചുമുന്നേറാൻ ദൈവം നമ്മിൽ കനിവാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2021, 11:18