സൂര്യോദയം  ജപ്പാന്‍റെ  തീരങ്ങളിൽ സൂര്യോദയം ജപ്പാന്‍റെ തീരങ്ങളിൽ 

ജീവിത നൊമ്പരങ്ങളെ അന്തർധാരയാക്കിയ ദൈവസ്തുതി

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പരയിൽ സങ്കീര്‍ത്തനം 41-ന്‍റെ സംക്ഷിപ്തപഠനം - ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

സങ്കീർത്തനം 41-ന്‍റെ സംക്ഷിപ്ത പഠനം


1. ഒരു വ്യക്തിഗത കൃതജ്ഞതാഗീതം
സങ്കീര്‍ത്തനം 41-ന്‍റെ സംക്ഷിപ്ത പഠനമാണിത്. വ്യക്തിയുടെ കൃതജ്ഞതാഗീതമായിട്ടാണ് സാഹിത്യ ഘടനയില്‍ ഈ സങ്കീർത്തനം തരം തിരിച്ചിരിക്കുന്നത്. കൃതജ്ഞതാ ഗീതങ്ങള്‍ വ്യക്തിയുടേതാവാം, അല്ലെങ്കില്‍ സമൂഹത്തിന്‍റേതാവാം. എന്നാൽ ബൈബിളിലെ 41-Ɔമത്തെ ഗീതം വ്യക്തിഗത കൃതജ്ഞതാഗീതമാണ്. ശ്രദ്ധേയമായൊരു വികാരവും പ്രാര്‍ത്ഥനയുമാണ് വ്യക്തിയുടെ ഈ നന്ദിപറച്ചില്‍, അല്ലെങ്കില്‍ കൃതജ്ഞതാ പ്രകടനം. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍, അവിടുത്തെ സഹായത്തിന് നാം നന്ദിപറയുന്നു. അവിടുന്നു കാണിച്ച ഔദാര്യത്തിന് സന്തോഷത്തിന്‍റെ വികാരത്തോടെയുള്ള ഒരു പ്രകടനമാണ് ഈ ഗാനത്തിൽ നന്ദിയായി മുഴങ്ങി കേള്‍ക്കുന്നത്. അങ്ങനെ ഗായകന്‍ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളും അപദാനങ്ങളുമാണ് ഇവിടെ പ്രകീര്‍ത്തിക്കുന്നത്. ഈ നന്ദിപറച്ചിലിലൂടെ ദൈവമാണ് ജീവിതത്തിലെ നന്മയെല്ലാം നല്കിയത്, നമുക്കായി നന്മകൾ പ്രവൃത്തിച്ചതെന്ന് അംഗീകരിക്കുകയും ഏറ്റുപറയുകയുമാണ് സങ്കീര്‍ത്തകന്‍ ചെയ്യുന്നത്. എല്ലാ നന്മകളുടെയും ദാതാവായ ദൈവത്തിന് വ്യക്തി നന്ദിയര്‍പ്പിക്കുകയാണ് ഈ ഗീതത്തിന്‍റെ ഓരോ വരിയിലും.

2. നന്ദിപറയലും ദൈവസ്തുതിയും
ഇനി, വേറൊരു വിധത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍ ദൈവത്തെ സ്തുതിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് നന്ദിപറച്ചിലെന്നും നമുക്കു പറയാം. പണ്ഡിതന്മാര്‍ പറയുന്നത് നന്ദിയെന്നുള്ള ആശയത്തിന് കൃത്യമായൊരു വാക്ക് ഹെബ്രായ ഭാഷയില്‍ ഇല്ലെന്നാണ്. എന്നാല്‍ പകരം, ‘സ്തുതിപ്പ്’ എന്ന പ്രയോഗമാണ് നന്ദി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നത്.

ആയുസ്സും ജീവനും നല്കിയ ദൈവമാണ് പിന്നെയും നമ്മുടെ ജീവിതത്തിന്‍റെ എല്ലാ ചലനങ്ങളിലും ചെയ്തികളിലും പ്രവര്‍ത്തിക്കുന്നതെന്നു നാം മനസ്സിലാക്കേണ്ടതാണ്.  അവിടുന്നാണ് നമ്മെ അനുദിനം നയിക്കുന്നത്. ഈ വിശ്വാസബോധ്യമാണ് നന്ദിയായി പരിണമിക്കുന്നത്, പരിണമിക്കേണ്ടത്. ദൈവം അറിയാതെ നമ്മില്‍ ഒന്നും സംഭവിക്കുന്നില്ല. അപ്പോള്‍ ആ ദൈവത്തോട് നന്ദിയുള്ളവരായി നമുക്കെന്നും ജീവിക്കാം. ഇനി ഈ വ്യക്തിഗത കൃതജ്ഞതാഗീതത്തിന്‍റെ, സങ്കീര്‍ത്തനം  41-ന്‍റെ സംഗീതരൂപം ശ്രവിക്കാം.

3. ഗീതത്തിന്‍റെ ഗാനരൂപം
സങ്കീര്‍ത്തനം 41 ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ഇത് ആലപിച്ചത് സെബി തുരുത്തിപ്പുറവും സംഘവുമാണ്.

Musical Version : Psalm 41

പ്രഭണിതം 
എന്നാത്മാവിനു സൗഖ്യംനല്കണേ, കര്‍ത്താവേ
അങ്ങേവം പോക്കണേ, പാപങ്ങള്‍ കരുണാമയാ!

a)  ദരിദ്രരോടു ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍
കഷ്ടതളുടെ നാളുകളില്‍ കര്‍ത്താവവനെ രക്ഷിക്കും.
കര്‍ത്താവവനെ പരിപാലിക്കും അവന്‍റെ ജീവനവിടുന്നു പരിരക്ഷിക്കും.
അവന്‍ ഭൂമിയില്‍ അനുഗ്രഹീതനാകും.

b)  കർത്താവവനു രോഗശയ്യയിൽ ആശ്വാസംപകരും
അവിടുന്നവന് രോഗശാന്തി നല്കും
കർത്താവേ, എന്നോടു കൃപതോന്നണേ
എന്‍റെ പാപങ്ങളവിടുന്നു ക്ഷമിക്കണേ.

4. സങ്കീർത്തനത്തിന്‍റെ 5 പുസ്തകങ്ങൾ
വരികളുടെ വിശദീകരണത്തിലൂടെ ഈ ഗീതത്തിന്‍റെ പഠനം നമുക്കു തുടരാം. സങ്കീര്‍ത്തന ശേഖരത്തില്‍ ആകെ 5 പുസ്തകങ്ങള്‍ അല്ലെങ്കില്‍ 5 ഭാഗങ്ങള്‍ ഉള്ളതില്‍ ആദ്യത്തെ പുസ്തകത്തിലെ അവസാനത്തെ ഗീതമാണിത്. അതായത് 1-മുതല്‍ 41-വരെയുള്ള ഗീതങ്ങളാണ് ആദ്യത്തെ പുസ്തകമെങ്കില്‍ അതില്‍ അവസാനത്തേതാണ് നാം പഠനവിഷമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 41. സങ്കീര്‍ത്തന ശേഖരത്തിലെ മറ്റു നാലു ഭാഗങ്ങള്‍... രണ്ടാംഭാഗം സങ്കീര്‍ത്തനം 42-മുതല്‍ 72-വരെയും... മൂന്നാംഭാഗം 73-മുതല്‍ 89-വരെയും, നാലാംഭാഗം 90-മുതല്‍ 106-വരെയും, പിന്നെ അഞ്ചാം ഭാഗം 107-മുതല്‍ 150-വരെയും സങ്കീര്‍ത്തനങ്ങളാണ്.

ഈ വിഭജനം ശാസ്ത്രീയമോ സാങ്കേതികമോ എന്നതിനെക്കാല്‍ ഹെബ്രായ പാരമ്പര്യത്തിലും സൗകര്യാര്‍ത്ഥവുമുള്ള ഒരു വിഭജനമെന്നേ പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായമുള്ളൂ. എന്നാല്‍ പഴയ നിയമകാലം മുതല്‍ പരമ്പരാഗതമായി നിലിവിലുള്ളതും ഇന്നും മാനിക്കപ്പെടുന്നതുമായ ഒരു സൗകര്യാര്‍ത്ഥമുള്ള വിഭജനമായി ഇതിനെ ബൈബിള്‍ പടുക്കള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

വ്യക്തിയുടെ നന്ദിപറച്ചിലാണ് വ്യക്തമായും ഈ ഗീതത്തിന്‍റെ ഉള്ളടക്കമെങ്കിലും, രോഗശാന്തിയുടെ പശ്ചാത്തലത്തിലാണു സങ്കീര്‍ത്തനം രചിക്കപ്പെട്ടിരിക്കുന്നതെന്ന് പദങ്ങളില്‍നിന്നും മനസ്സിലാക്കാം.
അതോടൊപ്പം വഞ്ചകരും കാപട്യം നിറഞ്ഞവരുമായ സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങളിലുള്ള ദുഃഖത്തില്‍ എളിയവരോടു കാരുണ്യം കാട്ടുന്നവര്‍ക്കു ദൈവാനുഗ്രഹം വാഗ്ദാനംചെയ്തുകൊണ്ടാണ് സങ്കീര്‍ത്തനം ആരംഭിക്കുന്നത് നമുക്കു വരികളില്‍നിന്നു മനസ്സിലാക്കാം!

Musical Version : Psalm 41
പ്രഭണിതം
എന്നാത്മാവിനു സൗഖ്യംനല്കണേ, കര്‍ത്താവേ
അങ്ങേവം പോക്കണേ, പാപങ്ങള്‍ കരുണാമയാ!

c)  എന്‍റെ നിഷ്ക്കളങ്കത നിമിത്തം അവിടുന്നെന്നെ നയിക്കുന്നു
അങ്ങേ സന്നിധിയിൽ അവിടുന്നെന്നെ കാത്തുപാലിക്കുന്നു
ഇസ്രായേലിന്‍റെ ദൈവമായ കർത്താവേ, അങ്ങെന്നേയ്ക്കും വാഴ്ത്തപ്പെട്ടവനാകുന്നു
അങ്ങു സദാകാലം മഹത്വപൂർണ്ണനാകുന്നു.

5. ഒരിക്കലും കൈവെടിയാത്ത ദൈവികകാരുണ്യം
പാവപ്പെട്ടവരോടു അനുഭാവപൂര്‍വ്വം പെരുമാറിയ സങ്കീര്‍ത്തകനോട് തന്‍റെ ഉറ്റമിത്രങ്ങള്‍പോലും വഞ്ചനയോടും, ദ്രോഹബുദ്ധിയോടും കൂടെയാണ് രോഗാവസ്ഥയില്‍ പെരുമാറിയത്. അതിനാല്‍ ശത്രുക്കളുടെമേല്‍ ശിക്ഷയുണ്ടാകട്ടെയെന്ന് ഗായകന്‍ വാക്കുകളില്‍ വേദനയോടെ അപേക്ഷിക്കുന്നത് വരികളിൽ ശ്രവിക്കാം. അപ്പോള്‍ മനുഷ്യന്‍റെ കാരുണ്യമില്ലായ്മയുടെയും വഞ്ചനയുടെയും നിമിഷങ്ങളില്‍ ദൈവത്തിന്‍റെ കരുണയും സത്യവുമാണ് നല്ല മനുഷ്യര്‍ക്ക് പിന്‍തുണയും സമാശ്വാസവുമായി മാറുന്നത്. അതാണ് സങ്കീര്‍ത്തകന്‍ വരികളില്‍ നന്ദിയുടെ വികാരമായി വ്യക്തമാക്കുന്നത്. മനുഷ്യർ കൈവെടിയുമ്പോഴും തള്ളിക്കളയുമ്പോഴും ദൈവം ചേർത്തുപിടിക്കുന്നു, കൈപിടിച്ചുയർത്തുന്നു, കൂടെ നടക്കുന്നു. തന്‍റെ രോഗശൈയ്യയില്‍ ശത്രുക്കള്‍ ക്രൂരമായി പെരുമാറുകയും നിന്ദയുടെ വാക്കുകള്‍ തനിക്കെതിരായി ഉപയോഗിക്കുകയും പിറുപിറുക്കുകയും ചെയ്യുമ്പോള്‍  ദൈവം കാരുണ്യത്തോടും ഔദാര്യത്തോടുംകൂടെ വ്യക്തിയെ  കടാക്ഷിക്കുന്ന രീതി വരികളില്‍ സങ്കീർത്തകൻ വിവരിക്കുന്നത് ഏറെ ഹൃദയസ്പര്‍ശിയാണ്.

6. ജീവിതവ്യഥകൾ പച്ചയായി പറയുന്ന രചനാശൈലി
ദൈവത്തോടു നന്ദിയുള്ളൊരു ഹൃദയത്തോടെയും, അവിടുന്നുമായുള്ള ഐക്യത്തിലും, തന്‍റെ രോഗാവസ്ഥയിലും ജീവിത ക്ലേശത്തിലും മാനസിക വ്യഥയിലും സങ്കീര്‍ത്തകന്‍ ഭൗമികമായതില്‍ ഒന്നിലും ആശ്രയിക്കാതെ, ദൈവത്തോടുള്ള നന്ദിയുടെ വികാരത്താല്‍ നിറഞ്ഞ്, അവിടുന്നില്‍ മാത്രം ശരണപ്പെട്ടു മുന്നേറുന്നു. ഇങ്ങനെ ദൈവത്തിനു നന്ദിപറയാന്‍വേണ്ടി, തന്‍റെ ക്ലേശപൂർണ്ണമായ ജീവിത സാഹചര്യങ്ങള്‍ പച്ചയായി വിവരിക്കുന്നൊരു പ്രത്യേക രചനാശൈലിയാണ് സങ്കീര്‍ത്തനം 41-ന്‍റെ സൃഷ്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്, അവലംബിച്ചിരിക്കുന്നതെന്നു പറഞ്ഞുകൊണ്ട് ഈ സംക്ഷിപ്ത പഠനം ഉപസംഹരിക്കുന്നു.

Musical Version : Psalm 41
പ്രഭണിതം 
എന്നാത്മാവിനു സൗഖ്യംനല്കണേ, കര്‍ത്താവേ
അങ്ങേവം പോക്കണേ, പാപങ്ങള്‍ കരുണാമയാ!

a)  ദരിദ്രരോടു ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍
കഷ്ടതളുടെ നാളുകളില്‍ കര്‍ത്താവവനെ രക്ഷിക്കും.
കര്‍ത്താവവനെ പരിപാലിക്കും അവന്‍റെ ജീവനവിടുന്നു പരിരക്ഷിക്കും.
അവന്‍ ഭൂമിയില്‍ അനുഗ്രഹീതനാകും.

b)  കർത്താവവനു രോഗശയ്യയിൽ ആശ്വാസംപകരും
അവിടുന്നവന് രോഗശാന്തി നല്കും
കർത്താവേ, എന്നോടു കൃപതോന്നണേ
എന്‍റെ പാപങ്ങളവിടുന്നു ക്ഷമിക്കണേ.

c)  എന്‍റെ നിഷ്ക്കളങ്കത നിമിത്തം അവിടുന്നെന്നെ നയിക്കുന്നു
അങ്ങേ സന്നിധിയിൽ അവിടുന്നെന്നെ കാത്തുപാലിക്കുന്നു
ഇസ്രായേലിന്‍റെ ദൈവമായ കർത്താവേ, അങ്ങെന്നേയ്ക്കും വാഴ്ത്തപ്പെട്ടവനാകുന്നു
അങ്ങു സദാകാലം മഹത്വപൂർണ്ണനാകുന്നു.

വത്തിക്കാൻ വാർത്താവിഭാഗത്തിന്‍റെ വചനവീഥിയെന്ന ബൈബിൾ പഠനപരമ്പരയിൽ സങ്കീർത്തനം 41-ന്‍റെ സംക്ഷിപ്ത പഠനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2021, 12:51