ഫാദർ ജോഷ്ട്രോം ഐസക്, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിലെ  പാരിസ്ഥിതി ശാസ്ത്രജ്ഞൻ ഫാദർ ജോഷ്ട്രോം ഐസക്, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിലെ പാരിസ്ഥിതി ശാസ്ത്രജ്ഞൻ 

ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം

ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും...

- ഫാദർ വില്യം  നെല്ലിക്കൽ

1. യുവജനങ്ങളെ ലക്ഷ്യമാക്കി പാരിസ്ഥിതിക പരിപാടി
ഇറ്റലിയിലെ വെനീസ്, വെറോണ നഗരങ്ങളിലുള്ള യേഷ്വേ സലീഷ്യൻ യൂണിവേഴ്സിറ്റികളാണ് (IUSVE) പൊതുഭവനത്തിന്‍റെ പരിപാലനം എന്ന പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 22, 23 തിയതികളിലായി വിദ്യാർത്ഥികളെ ഓൺലൈനിൽ അഭിസംബോധനചെയ്യവെയാണ് ഭാവിയെക്കരുതി നവമായ തീരുമാനങ്ങളും ജീവിതശൈലിയും ഉൾക്കൊള്ളണമെന്ന് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞൻ, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. അഭിപ്രായപ്പെട്ടത്. 

മെയ്  24-ന് വത്തിക്കാൻ ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായ് തുടക്കമിടുവാൻ പോകുന്ന ഏഴു വർഷക്കാലം നീണ്ടുനില്ക്കുന്ന ഭൂമിയുടെ പരിപാലനം സംബന്ധിച്ച കർമ്മപദ്ധതികളുടെ ഭാഗമായിട്ടാണ് “യേഷ്വേ” Iusve സലീഷ്യൻ യൂണിവേഴ്സിറ്റികൾക്കായി ഇറ്റലിയിൽ ഓൺലൈൻ പാരിസ്ഥിതിക സമ്മേളനം സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിനുവേണ്ടി ഫാദർ ജോഷ്ട്രോം സംഘടിപ്പിച്ചത്. സലീഷ്യൻ സഭാംഗമായ ഫാദർ ജോഷ്ട്രോം ഐസക്കിനോടൊപ്പം യുഎന്നിന്‍റെ വികസന കാര്യാലയത്തിൽനിന്നുള്ള (UNDP) മിഷേൽ കാൻഡോട്ടിയും പാരിസ്ഥിതിക സംരക്ഷണത്തിനായി യുവജനങ്ങളെ പ്രചോദിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു. ഏപ്രിൽ 23 യുഎൻ ആചരിച്ച “ലോക ഭൗമദിന”ത്തോട് അനുബന്ധിച്ചുകൂടിയായിരുന്നു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പാപ്പാ ഫ്രാൻസിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ…” എന്ന ചാക്രിക ലേഖനത്തെ അധികരിച്ചു പാരിസ്ഥിതിക സമ്മേളനം സംഘടിപ്പിച്ചത്.

2. കരയറ്റം (Land’s end) :
പൊതുഭവനത്തിന്‍റെ പാരിലാളനത്തിന്...

മേൽ പ്രമേയത്തോടെയാണ് യേഷ്വേ സലേഷ്യൻ യൂണിവേഴ്സിറ്റി സ്ഥാപനങ്ങൾ പാപ്പാ ഫ്രാൻസിസിന്‍റെ  "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,"  എന്ന ചാക്രിക ലേഖനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് രണ്ടുദിവസം നീണ്ട യുവജനങ്ങളുടെ സംഗമം പുരോഗമിച്ചത്. വെറോണയിലേയും വെനീസിലേയും യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ സമ്മേളനത്തിൽ മുന്നോട്ടുവെച്ച സംയോജിത പരിസ്ഥിതി പദ്ധതി ശാസ്ത്രത്തേയും പുതിയ ജീവിത ശൈലിയേയും കുറിച്ചുള്ള മാതൃകാ രൂപരേഖയിൽ അവസരങ്ങൾ, തീരുമാനങ്ങളും അനുദിന തെരഞ്ഞെടുപ്പുകളും, ഭൂമിയിലെ നിവാസം എന്നീ വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്.

ക്രിസ്തു സംസാരിച്ച അറമായ  ഭാഷയിൽ യേഷ്വേ എന്ന വാക്കിന് ജീസസ്, യേശു എന്നാണ് അർത്ഥം. Land’s End, കരയറ്റം എന്നാൽ അറ്റ്ലാൻറിക്ക് സമുദ്രത്തിൽ അവസാനിക്കുന്ന താമസ ഭൂമിയുടെ അവസാനത്തെ അറ്റം എന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. ലോകത്ത് എവിടെയും ഇതുപോലുള്ള കരയറ്റങ്ങൾ രാജ്യങ്ങളുടേയും കരകളുടേയും അതിരുകളിലുണ്ട്. ഈ ഗ്രഹത്തിന്‍റേയും മാനവരാശിയുടേയും അന്ത്യത്തെ അത് സൂചിപ്പിക്കുന്നു. മാനവരാശിക്ക് അനുഭവിക്കാൻ വരദാനമായി ഈശ്വരനിൽനിന്നും ലഭിച്ച പൊതുഭവനത്തിന്‍റെ പരിപാലനത്തെക്കുറിച്ച് ധ്യാനിക്കാതെ ലോകത്തിന്‍റെ ഭാവിയും മാനവരാശിയുടെ മുൻഗതിയും നിർണ്ണയിക്കാനാവില്ലെന്ന് ഫാദർ ജോഷ്ട്രോം സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

3. ഭൂമിയുടേയും പാവങ്ങളുടേയും നിലവിളി
ഇനി തിരിച്ചുപോക്കില്ലാത്തവിധം നഷ്ടമാകുന്ന ധ്രൂവപ്രദേശത്തിന്‍റേയും പവിഴപ്പുറ്റുകളുടേയും ആമസോൺ കാടുകളുടേയും ദീനരോദനമാണ് ശാസ്ത്ര സമൂഹത്തിൽനിന്ന് നാം കേൾക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായിട്ടുള്ള കെടുതികൾ അനുദിന ജീവിതത്തിൽ നാം സാരമായി അനുഭവിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയില്ലായ്മ, കൃഷിനാശം, പ്രളയങ്ങൾ,  ജൈവ വൈവിധ്യങ്ങളുടെ നാശനഷ്ടങ്ങൾ എന്നിവ പ്രതിസന്ധിയിലാക്കുന്ന "ഭൂമിയമ്മ" കേഴുകയാണെന്ന് ഫാദർ ജോഷ്ട്രോം ഐസക് യുവജനങ്ങളോട് ഖേദപൂർവ്വം വിവരിച്ചു.
സംയോജിത മാനവിക വികസനം പ്രചരിപ്പിക്കുന്നതിനുള്ള വത്തിക്കാൻ സംഘത്തിൽ സൃഷ്ടിയുടേയും പരിസ്ഥിതിയുടേയും കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഫാദർ ജോഷ്ട്രോം ഐസക് കുരീത്തടമാണ് സമ്മേളനത്തിലെ ചർച്ചകൾ ഏകോപിപ്പിച്ചത്. ഭൂമിയുടെ നിലവിളി പാവങ്ങളുടേയും നിലവിളിയാണെന്ന് “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ, എന്ന ചാക്രിക ലേഖനത്തിൽ പാപ്പാ ഫ്രാൻസിസ് പ്രസ്താവിക്കുന്നത്, അദ്ദേഹം ആവർത്തിച്ചു.

4. വത്തിക്കാൻ നേതൃത്വം നല്കുന്ന
ഏഴുവർഷം നീളുന്ന കർമ്മപദ്ധതി

ഉയരുന്ന ആഗോള താപനത്തിലൂടെ ഭൂമിയിൽ വർദ്ധിച്ചുവരുന്ന ഉഷ്ണത്തിന്‍റെയും, അതുമായി ബന്ധപ്പെട്ട മറ്റ് അപജയങ്ങളുടേയും പശ്ചാത്തലത്തിൽ നിശ്ചയദാർഢ്യമുള്ള ഒരു ജനതയായി മാറി എല്ലാം പുനരാരംഭിക്കുവാനും പുനഃസൃഷ്ടിക്കുവാനും നമുക്കു കഴിയും എന്നതാണ് ആശാവഹമായ കാര്യമെന്ന് ഫാദർ കുരീത്തടം വിശദമാക്കി. ദൈവവുമായും ഭൂമിയിലുള്ള മറ്റുള്ളവരുമായുമുള്ള നമ്മുടെ ബന്ധം പുനർനിർവ്വചിക്കുന്ന ഒരു പുതിയ ജീവിതശൈലി ഇതിന് ആവശ്യമാണെന്ന് ഫാദർ ജോഷ്ട്രോം യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. കുടുംബങ്ങളേയും ഇടവകകളേയും രൂപതകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സംഘടനകളേയും ഇതിനു സജ്ജരാക്കുന്നതിനുള്ള 7 വർഷക്കാലത്തെ ദൈർഘ്യമുള്ള കർമ്മപദ്ധതിയാണ് മെയ് 24-ന് വത്തിക്കാൻ പ്രഖ്യാപിക്കുവാനിരിക്കുന്നതെന്നും ഫാദർ ജോഷ്ട്രോം യുവജനങ്ങളെ അനുസ്മരിപ്പിച്ചു....

5. ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
ഒരു വശത്ത് ഗ്രഹത്തിന്‍റെ അവസ്ഥയും മറുവശത്ത് മഹാവ്യാഥിയുടെ ഇനിയും ഒടുങ്ങാത്ത അടിയന്തിര സാഹചര്യവും ഭൂമിയുടെ അന്ത്യം ഒഴിവാക്കുവാനുള്ള ഉപായങ്ങൾ കണ്ടെത്താൻ നമ്മെ നിർബന്ധിതരാക്കുന്നു. ന്യൂയോർക്കിൽനിന്ന് ചർച്ചയിൽ പങ്കെടുത്ത് ഐക്യരാഷ്ട്ര സഭയുടെ വികസന പരിപാടിയിലെ മിഷേൻ കാൻഡോട്ടിയുടെ അഭിപ്രായം ഇതായിരുന്നു.  ആരോഗ്യപ്രശ്നങ്ങൾ മുതൽ സാമ്പത്തിക മാന്ദ്യംവരെ, യുവജനനൈരാശ്യം മുതൽ  രാഷ്ട്രങ്ങളുടെ അന്തച്ഛിദ്രംവരെ കോവിഡ്-19 ഉയർത്തുന്ന ആഗോള വെല്ലുവിളികളെ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമാക്കുന്നതാണ് പാരിസ്ഥിതികമായ പ്രതിസന്ധി.

6. സൃഷ്ടിയെക്കുറിച്ചുള്ള
അവബോധത്തിന്‍റെ ധാർമ്മിക ഉടയാട

സാമ്പത്തിക അസമത്വത്തിനും സാമൂഹിക ഉച്ചനീചത്വത്തിനുമെതിരെ തുടരുന്ന നിർജീവത, മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും, ജൈവവൈവിധ്യ ശോഷണത്തിനും ആക്കംകൂട്ടുന്ന അപകടവും സൂക്ഷിക്കേണ്ടിയിരിക്കുന്നു. കോവിഡ് അടിയന്തിര പ്രതിസന്ധിയിൽനിന്ന് എങ്ങനെ മുക്തിനേടാമെന്നു സർക്കാരുകളും പരിക്ഷീണമായ സമ്പദ് വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് കമ്പനികളും ചിന്തിക്കുമ്പോൾ, ചെലവുചെയ്യപ്പെടുന്ന പണത്തിന്‍റെ 18% മാത്രമാണ് സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദപരവുമായി വിനിമയം ചെയ്യപ്പെടുന്നുള്ളുവെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം, വനശോഷണം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാതെ ലോകത്തിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല.

7. സുസ്ഥിരതയുടെ കണ്ണുകളിലൂടെ നാളയെ നോക്കുക
ശുഭാപ്തി വിശ്വാസത്തോടെ നാളയെ അഭിമുഖീകരിക്കണമെങ്കിൽ സുസ്ഥിരതയിൽ ഊന്നിയ ഒരു ഉപഭോഗ സംസ്കാരവും ജീവിതശൈലിയും രൂപംകൊള്ളേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയും സാങ്കേതികാധിപത്യവും തമ്മിലുള്ള വ്യത്യാസം, പാഴാക്കൽ സംസ്കാരം, ഉത്തരവാദിത്വത്തോടെയുള്ള വാങ്ങൽശീലവും ഉപയോഗക്രമവും തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ ഈ രണ്ടു ദിവസങ്ങളിലെ ചർച്ചകളിൽ സ്ഥാനം പിടിച്ചിരുന്നു. സൃഷ്ടിയേയും സ്രഷ്ടാവിനേയും മാനിച്ചുകൊണ്ടും ഭൂമി നമ്മുടെ ഓരേയൊരു പൊതുഭവനമാണെന്ന തിരിച്ചറിവോടെയും മാനവരാശി ജീവിക്കാൻ പഠിക്കുന്നതാണ് പ്രതിസന്ധിയെ മറികടക്കുവാനുള്ള പരിഹാര മാര്‍ഗ്ഗമെന്ന നിഗമനം സമ്മേളനം സ്വീകരിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2021, 11:33