ഉത്ഥാനത്തിന്‍റെ 50-ാം നാൾ - ദൈവാരൂപിയുടെ ആഗമനം ഉത്ഥാനത്തിന്‍റെ 50-ാം നാൾ - ദൈവാരൂപിയുടെ ആഗമനം 

നാം ആവാഹിക്കുന്ന ജീവചൈതന്യമായ ദൈവാരൂപി

പെന്തക്കൂസ്തമഹോത്സവത്തിലെ സുവിശേഷചിന്തകൾ. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 19-23. ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

പെന്തക്കോസ്തയുടെ വചനചിന്തകൾ


1. ആമുഖം:
പെന്തക്കോസ്ത തിരുനാളോടുകൂടി പെസഹാക്കാലം അതിന്‍റെ പരിപൂർണ്ണതയിലൽ എത്തുകയാണ്.  യേശു വാഗ്ദാനംചെയ്ത സഹായകൻ ഈ ലോകത്തിലേയ്ക്ക് വരുന്നു. ഗുരുസന്നിധിയിൽനിന്നുള്ള വാമൊഴികൾ ഇനിയില്ല. ഇനിയുള്ളത് നിശബ്ദതയിലെ ദൈവിക മർമ്മരങ്ങൾ മാത്രം. അത് പരിശുദ്ധാത്മാവിന്‍റെ പ്രവർത്തിയാണ്. ഉള്ളുണർവുള്ളവർ അത് ശ്രവിക്കും. അവരെ സത്യത്തിന്‍റെ പൂർണ്ണതയിലേക്ക് അവൻ നയിക്കുകയും ചെയ്യും. ഈ അനുഭവത്തിലാണ് ശിഷ്യത്വത്തിന്‍റെ പൂർണ്ണത. ക്രൈസ്തവികത എന്നത് യേശുവിനെക്കുറിച്ചുള്ള അറിവു മാത്രമല്ല, അതിലുപരി അവൻ അയക്കുന്ന സത്യത്മാവിനെ അനുഭവിക്കുന്നതും കൂടിയാണ്. കാരണം സത്യാത്മാവ് ഒരു അനുഭവമാകുമ്പോഴാണ് ക്രിസ്താനുഭവത്തിനു പൂർണ്ണതയുണ്ടാകുന്നത്. പെന്തക്കോസ്ത ഈ ഒരു ദിവസത്തെ തിരുനാൾ മാത്രമല്ല, മറിച്ച് ദൈവാത്മാവിനുവേണ്ടി ദാഹിക്കുന്ന വിശ്വാസിയുടെ ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്നതാണ്.

2. പെന്തക്കൊസ്ത ചരിത്രത്തിൽ:
പെന്തക്കൊസ്ത ദിനം യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരുനാളായിരുന്നു. ദൈവം സീനായ് മലയിൽവച്ച് ഇസ്രായേൽ ജനത്തിന് പത്തുകല്പനകൾ നൽകി അവരുമായുള്ള ഉടമ്പടി ഉറപ്പിക്കുന്നതിന്‍റെ അനുസ്മരണമാണിത്. അന്നേദിനം തന്നെ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ അഗ്നിജ്വാലയുടെ രൂപത്തിൽ ഇറങ്ങി വന്ന് അവരെ "വരങ്ങളും ദാനങ്ങളും"കൊണ്ട് നിറച്ച് "തിരുസഭയുടെ കാലം" ലോക ചരിത്രത്തിൽ ആരംഭിക്കുകയുണ്ടായി.

3. അടച്ചിരുന്ന 50 ദിനങ്ങളിൽ സംഭവിച്ചത്:
അമ്പതു ദിനങ്ങൾ അടച്ചിരിപ്പിന്‍റെ നാളുകളായിരുന്നു. ആ ദിനങ്ങളിലാണ് ശിഷ്യൻമാർ സത്യാത്മാവിനെ സ്വീകരിക്കാൻ ഒരുങ്ങിയത്. ഉള്ളുർണവിന്‍റെ ദിനങ്ങളായിരുന്നു അത്. പ്രഘോഷണം പ്രഥമ കടമയായി ലഭിച്ചിരിക്കുന്നവർക്ക് അടച്ചിരുപ്പ് ഒരു ഭൂഷണമല്ല. പക്ഷേ അടച്ചിരിപ്പിൽ ആത്മാവിന്‍റെ മർമ്മരങ്ങൾ ശ്രവിക്കാൻ സാധിക്കും. ഇന്ദ്രിയങ്ങൾ നിശ്ശബ്ദമാകുമ്പോൾ ആത്മാവ് ഉണരും. പ്രാർത്ഥനകൾ നിശബ്ദ ധ്യാനങ്ങളാകും. ആ ധ്യാനത്തിൽ എല്ലാ കണ്ണീരുകളും ഭയവിഹ്വലതകളും ഒരു യാചനയായി മുകളിലേക്ക് ഉയരും. അപ്പോൾ ദൈവാത്മാവിന് മാറി നിൽക്കാൻ സാധിക്കില്ല. അവിടുന്ന് ഇറങ്ങിവരും. ചിലപ്പോൾ തീയായും കാറ്റായും അനുഭവങ്ങളായും, മറ്റു ചിലപ്പോൾ ഒരു ഇളം തെന്നലിന്‍റെ തഴുകലായും. ഏതായാലും ഒരു കാര്യം വ്യക്തമാണ്; ലാളിത്യമായിരിക്കും ദൈവാത്മാവിനെ പ്രാർത്ഥനയിലൂടെ അനുഭവിച്ചറിയുന്നവരുടെ ആദ്യലക്ഷണം.

4. പെന്തക്കൊസ്ത ദിനത്തിലെ അത്ഭുതം:
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും അദ്ദേഹം തന്നെ എഴുതിയ അപ്പോസ്തോല പ്രവർത്തനത്തിലും ആദ്യം യേശുവും പിന്നീട് ശിഷ്യന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിൽ സാമ്യതകളുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ജോർദ്ദാനിൽനിന്ന് സ്നാനം സ്വീകരിച്ച യേശു അതിനുശേഷം സ്വന്തം ഗ്രാമമായ നസ്രത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു. അപ്പോസ്തല പ്രവർത്തനത്തിൽ ജറുസലേമിലായിരുന്നുകൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാർ അവിടെ കൂടിയിരുന്ന ജനങ്ങളോട് ദൈവരാജ്യം പ്രഘോഷിക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പോസ്തലന്മാർ വിവിധ ഭാഷകൾ സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ അവരവരുടെ മാതൃഭാഷകളിൽ അതെല്ലാം ശ്രവിച്ചതും പെന്തക്കൊസ്ത ദിനത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്.

5. ബാബേൽ എന്ന അടയാളം:
വിവിധ ഭാഷകളെ പ്രതിപാദിക്കുന്നതുകൊണ്ട് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഉത്പത്തി പുസ്തകത്തിലെ ബാബേൽ ഗോപുരത്തിന്‍റെ നിർമ്മാണമാണ്. ബാബേൽ ഗോപുരം നിർമ്മാണ വേളയിൽ അവർ ഓരോ ഭാഷ സംസാരിച്ചിട്ടും അവർക്ക് പരസ്പരം മനസ്സിലാകുന്നില്ല. എന്നാൽ പെന്തക്കുസ്ത ദിനത്തിൽ അപ്പോസ്തലന്മാർ വിവിധ ഭാഷകളിൽ സംസാരിച്ചിട്ടും എല്ലാവർക്കും അവരവരുടെ മാതൃഭാഷകളിൽ മനസ്സിലാകുന്നു. ബാബേൽ ഗോപുര നിർമ്മാണത്തിൽ അവർ ശ്രദ്ധിച്ചത് അവരവരുടെ സ്വന്തം നാമത്തിന് പേരും, പ്രശസ്തിയും, മഹത്വവും ഉണ്ടാകുവാൻ വേണ്ടിയാണ്. എന്നാൽ പെന്തക്കുസ്ത ദിനത്തിൽ ശിഷ്യന്മാർ ദൈവത്തിന്‍റെ വലിയ പ്രവൃത്തികൾ ജനത്തോട് പ്രഘോഷിച്ച് ദൈവത്തിന് മഹത്വം നല്കുന്നു.

ബാബേൽ ഗോപുരം മനുഷ്യനെ ചിതറിക്കുന്നു. എന്നാൽ പെന്തക്കുസ്ത ലോകം മുഴുവനെയും ഒരുമിച്ചുകൂട്ടുന്നു. ബാബേൽ ഗോപുരം അഹന്തയുടേയും ഭിന്നിപ്പിന്‍റേയും പ്രതീകമാണെങ്കിൽ, പെന്തക്കുസ്ത ഒരുമയുടേയും ഐക്യത്തിന്‍റെയും അടയാളമാണ്. എല്ലാവർക്കും മനസ്സിലാകുന്ന പരിശുദ്ധാത്മാവിന്‍റെ ഭാഷ സ്നേഹത്തിന്‍റേയും, കരുണയുടേയും, പരസ്പരം മനസ്സിലാക്കുന്നതിന്റെയും ഭാഷയാണ്. നമ്മുടെ ജീവിതവും, ഭാഷയും, പ്രവൃത്തികളും, ബന്ധങ്ങളും ഒന്നുകിൽ ബാബേൽ ഗോപുരമാക്കി മാറ്റാം അല്ലങ്കിൽ പെന്തക്കുസ്ത അനുഭവമാക്കി മാറ്റാം.

6. ഉപസംഹാരം:
പെന്തക്കൊസ്ത അഥവാ അമ്പതാംനാൾ, ആഴ്ചവട്ടങ്ങളുടെ തിരുനാൾ, കതിരുകളുടെ തിരുനാൾ, വിളവെടുപ്പിന്‍റെ തിരുനാൾ; അങ്ങനെ വ്യത്യസ്തനാമങ്ങളുള്ള ഒരു തിരുനാൾ ദിനം. നിലത്തുവീണലിഞ്ഞ യേശുവെന്ന വിത്ത് നൂറുമേനി വിളവു നൽകിയിരിക്കുന്നു. ഇനി വേണ്ടത് വിളവെടുപ്പാണ്. ആ വിളവ് സ്വർഗ്ഗത്തിന്‍റെ ദാനമാണ്. നന്ദി അർപ്പിക്കേണ്ടത് ദൈവത്തിനുമാണ്. നമുക്കറിയാം, ദുഃഖവെള്ളി ദിനത്തിലാണ് ആ വിത്ത് നിലത്തുവീണതെന്ന്. എല്ലാം അവസാനിച്ചു എന്ന പ്രതീതി നൽകിയ ദിനമായിരുന്നു അത്. അങ്ങനെയാണ് ആരോടൊ ഉള്ള ഭയം നിമിത്തം ശിഷ്യർ കതകടച്ചിരുന്നത്. പക്ഷേ മൂന്നാംദിനം ആ വിത്ത് കിളിർത്തു. അങ്ങനെ ഗുരുനാഥൻ അവരുടെ മധ്യേ പ്രത്യക്ഷപ്പെട്ടു. ഭയം, അത് ഏതു തരത്തിലുള്ളതാണെങ്കിലും ശരി, നമ്മെ അത് മരവിപ്പിക്കും. പ്രാർത്ഥിക്കണം, കാത്തിരിക്കണം ആ സമയത്തിനു വേണ്ടി. ഒറ്റയ്ക്കല്ല, ഒന്നിച്ച് അവിടുത്തെ അമ്മയോടൊപ്പം. ആമേൻ.

ഗാനമാലപിച്ചത് കെസ്റ്ററും സംഘവുമാണ്. രചന നെൽസൺ ഫെർണാണ്ടസ് കൊച്ചി, സംഗീതം ജെറി അമൽദേവ്.
.
 പെന്തക്കോസ്ത മഹോത്സവത്തിലെ സുവിശേഷചിന്തകൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2021, 15:33