ശാഖകളുടെ ഫലപ്രാപ്തി... ശാഖകളുടെ ഫലപ്രാപ്തി... 

ക്രിസ്തുവിൽ ഫലമണിയുന്ന വിശ്വാസം

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 15, 1-8 - പെസഹാക്കാലം 5-ാം വാരം ഞായർ സുവിശേഷചിന്തകൾ - ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

പെസഹാക്കാലം 5-ാംവാരം സുവിശേഷചിന്തകൾ


1. ആമുഖം:
യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവി‌ടുന്നുമായി നിരന്തര ബന്ധം പുലർത്തി അവിടുന്നിൽ നിലനിൽക്കേണ്ടതിന്‍റെ ആവശ്യകത ഇന്നത്തെ സുവിശേഷത്തിൻ യേശു എടുത്തുപറയുന്നു. ദൈവപിതാവ് കൃഷിക്കാരനും, യേശു മുന്തിരിച്ചെടിയും, നാം ഓരോരുത്തരും അതിലെ ശാഖകളുമാണെന്ന് പറഞ്ഞുകൊണ്ട്, നാമും ദൈവവും തമ്മിൽ യേശുവിലൂടെ ഉടലെടുത്ത ആഴമേറിയ ബന്ധം ഇന്നത്തെ തിരുവചനം തുറന്ന് കാട്ടുകയാണ്. ദൈവവുമായുള്ള ബന്ധത്തിന്‍റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ് നാം അർപ്പിക്കുന്ന ദിവ്യബലി. നാമും ദൈവവുമായുള്ള ബന്ധം എപ്രകാരമുള്ളതാണെന്നു പരിശോധിച്ചുകൊണ്ടായിരിക്കണം നമ്മുടെ ദിവ്യബലിയർപ്പണമെന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് സുവിശേഷം. കൊറോണാ മഹാമാരിയിൽ ഉലഞ്ഞുപോകാതെ ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയോ‌ടു ചേർന്നുനിന്ന് ശക്തിപ്രാപിച്ച് മുന്നോട്ട് പോകുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

2. മുന്തിരിച്ചെടിയെന്ന പ്രതിബിംബം പഴയനിയമത്തിൽ:
പഴയനിയമ പുസ്തകത്തിലുടനീളം മുന്തിരിച്ചെടിയും മുന്തിരിത്തോപ്പും ഇസ്രായേൽ ജനതയുടെയോ ഒരു കൂട്ടായ്മയുടെയോ പ്രതീകമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. ഉദാഹരണമായി ദൈവത്തെ കൃഷിക്കാരനായും ഇസ്രായേലിനെ മുന്തിരിച്ചെടിയായും ഉപമിക്കുന്നത് പഴയ നിയമത്തിൽ പ്രവാചകന്മാരുടെ പുസ്തകത്തിൽ (ഏശയ്യാ 5:1) വ്യക്തമായി നാം കാണുന്നുണ്ട്. എന്നാൽ ഇന്ന് യേശു ആ പ്രതീകത്തെ തന്‍റെ സ്വത്വത്തോട് ചേർത്തുവയ്ക്കുകയാണ്. അതായത്, ഇന്നലെവരെ ദൈവ-മനുഷ്യ ബന്ധത്തിന്‍റേയും കണക്കെടുപ്പിന്‍റേയും പ്രതീകമായിരുന്ന മുന്തിരിച്ചെടിയുടെ ബന്ധത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു എന്നർത്ഥം.

3. ദൈവത്തിന് കൃഷിക്കാരന്‍റെ മുഖം:
വിശുദ്ധ ഗ്രന്ഥത്തിൽ ദൈവത്തിനെപ്പോഴും ഒരു കൃഷിക്കാരന്‍റെ മുഖമാണ്. നടുന്നവൻ, വളർത്തുന്നവൻ, പരിചരിക്കുന്നവൻ, അദ്ധ്വാനിക്കുന്നവൻ. ചെങ്കോലുള്ള ഒരു രാജാവല്ല ഈ ദൈവം. എന്നെ വെട്ടിയൊരുക്കുന്ന, രൂപീകരിക്കുന്ന, ഫലങ്ങൾ നൽകാൻ സഹായിക്കുന്ന ഒരു ദൈവം. നോക്കൂ, ഈ ദൈവത്തിന്‍റെ മുന്നിലെ ഞാനും നിങ്ങളും യേശുവെന്ന മുന്തിരിച്ചെടിയിലെ ശാഖയാണ്. ഞാൻ എന്ന വ്യക്തിയുടെ നിലനിൽപ്പ് യേശുവുമായുള്ള ബന്ധത്തിലധിഷ്ടിതമാണ്, നമ്മളും ആ മുന്തിരിച്ചെടിയുടെ ഭാഗമാണ് എന്ന് വ്യക്തം.

ഇന്നത്തെ സുവിശേഷത്തിൽ, തന്‍റെ രണ്ടാം വിടവാങ്ങൽ പ്രസംഗത്തിൽ യേശു താൻ മുന്തിരിച്ചെടിയും ദൈവപിതാവ് കൃഷിക്കാരനുമാണെന്ന് പറയുന്നു. യേശു പഴയനിയമത്തിലെ ഇസ്രായേലിന്‍റെ സ്ഥാനത്താണെന്നും, അങ്ങനെ യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും പുതിയ ഇസ്രായേലിലെ അംഗങ്ങളാണെന്നും സുവിശേഷകൻ വ്യക്തമാക്കുകയാണ്. AD 70-ൽ ദേവാലയത്തിന്‍റെ നാശത്തിന്ശേഷം യഹൂദർ പുതിയ രീതിയിൽ സംഘടിക്കപ്പെടുകയും പല യഹൂദരും ക്രിസ്ത്യാനികളാക്കുകയും ചെയ്ത അവസരത്തിൽ, യേശുവിൽ വിശ്വസിക്കുന്നവൻ ആരാണെന്ന ചോദ്യത്തിന് ഒരു ക്രിസ്ത്യാനി പുതിയ ഇസ്രായേലിലെ അംഗമാണെന്ന് വിശുദ്ധ യോഹന്നാൻ വ്യക്തമാക്കുന്നു. അതായത്, ഞാനും യേശുവും ഒരേ ചെടി; എനിക്കും യേശുവിനും ഒരേ ജീവൻ, ഒരേ വേരുകൾ, ഒരേ ഇല, ഒരേ ഫലം. അവൻ എന്നിലും ഞാൻ അവനിലും. ചുരുക്കത്തിൽ, അമ്മയുടെ ഉദരത്തിൽ വളരുന്ന ഗർഭസ്ഥശിശുവിനെപോലെ, യേശുവിൽ വിരിയുന്ന സ്വത്വ നിർമ്മിതിയാണ് ഞാൻ.

4. ഫലം പുറപ്പെടുവിക്കുന്ന ബന്ധം:
സുവിശേഷത്തിൽ നാം ശ്രവിച്ച രണ്ട് പ്രധാന പദങ്ങളാണ്: (1) ഫലം പുറപ്പെടുവിക്കുക, (2) എന്നിൽ വസിക്കുക. ഇതുരണ്ടും ഒന്നിടവിട്ടുള്ള യാഥാർത്ഥ്യങ്ങളല്ല മറിച്ച് ഒരേ സമയം സംഭവിക്കുന്നതാണ്. "ഫലം പുറപ്പെടുവിക്കുക" എന്നത് കൊണ്ട് ഭൗതീകമായ ജീവിത വിജയം മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സ്വർഗ്ഗരാജ്യം പ്രാപ്യമാക്കുന്ന തരത്തിൽ ഒരു ക്രിസ്ത്യാനി പുറപ്പെടുവിക്കുന്ന ആത്മീയഫലങ്ങളാണ്. "വസിക്കുക" എന്നു പറഞ്ഞാൽ യേശുവുമായി പുലർത്തുന്ന ഗാഡമായ ബന്ധമാണ്. ഈ ബന്ധം നിലനിർത്തുന്നവൻ ജീവിതത്തിൽ നിർജീവനാകുന്നില്ല മറിച്ച് സജീവനാകുന്നു. ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുന്നതിനുവേണ്ടി ഈ യാഥാർത്ഥ്യത്തെ ഒരു പരിധിവരെ വൈദ്യുതിയോടോ, ഇന്റർനെറ്റിനോടോ ഉപമിക്കാവുന്നതാണ്. അതായത് വൈദ്യുതിയുമായുള്ള ബന്ധം നിലനിർത്തുമ്പോൾ അവ സ്വീകരിക്കുന്ന ഉപകരണങ്ങൾ ജീവസുറ്റതാകുന്നു, ബന്ധം നഷ്ടപ്പെടുമ്പോൾ ആ ഉപകരണങ്ങൾ നിശ്ചലമാകുന്നു, ക്രമേണ ഉപയോഗശ്യൂന്യമാകുന്നു.

5. യേശുവിനോട് ചേർന്ന് നിൽക്കാം:
നാം എങ്ങനെയാണ് ഫലം പുറപ്പെടുവിക്കേണ്ടതെന്നും, എങ്ങനെയാണ് യേശുവിൽ നിലനിൽക്കേണ്ടതെന്നും ഇന്നത്തെ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്‍റെ ഫലങ്ങൾ നാം കാണിക്കേണ്ടത് വാക്കിലും സംസാരത്തിലുമല്ല മറിച്ച് പ്രവൃത്തിയിലും സത്യത്തിലുമാണെന്നും. ദൈവത്തിൽ നാം വസിക്കുന്നത് ദൈവത്തിന്‍റെ കല്പനകൾ പാലിച്ചുകൊണ്ടാണെന്നും ഇന്നത്തെ രണ്ടാം വായനയിൽ നാം ശ്രവിച്ചു. ക്രിസ്തുവാകുന്ന ചെടിയോട് ചേർന്നു നില്ക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ ഫലം തരുന്നതിനെ കൂടുതൽ കായ്ക്കുവാനായി സഹനത്തിലൂടെ വെട്ടിയൊരുക്കുന്ന കർത്തവ്യം ദൈവത്തിൽ നിക്ഷിപ്തമാണ്. തന്നിൽനിന്ന് അകന്നു നിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് യേശു ശക്തമായ മുന്നറിയിപ്പ് നൽകുന്നു: "എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാനാകില്ല". ചെടിയോടു ചേർന്നുനിന്ന് വളർന്ന് ശക്തിപ്രാപിച്ചു കഴിയുമ്പോൾ തനിക്കു തായ്ത്തണ്ടിനെ ആശ്രയിക്കാതെ തന്നെ ജീവിക്കുവാൻ സാധിക്കുമെന്ന് കരുതി തായ്ത്തണ്ടിൽനിന്നു വേർപെടുന്ന ശാഖയുടെ അവസ്ഥ നമുക്കെല്ലാവർക്കും അറിയാം. ആദ്യത്തെ മൂന്ന് നാല് ദിവസം ആ ശാഖ തന്നിലെ ജീവന്‍റെ പച്ചപ്പു സൂക്ഷിക്കുന്നു, എന്നാൽ ക്രമേണ വാടി നശിക്കുന്നു. യേശുവിൽ നിന്നകലുമ്പോൾ നമുക്കും സംഭവിക്കുന്നത് ഇതു തന്നെയാണ്. ആദ്യം കുറച്ചു കാലം യേശുവിൽനിന്നു സ്വീകരിച്ച ആത്മീയ അനുഗ്രഹത്തിന്‍റെ പച്ചപ്പ് നമ്മിൽ നിലനില്ക്കും അപ്പോൾ നമുക്കു തോന്നും ഒന്നും സംഭവിച്ചിട്ടില്ലെന്ന്, എന്നാൽ കുറച്ചുകാലം കഴിയുമ്പോൾ നമ്മുടെ ജീവിതവും വാടിക്കരിഞ്ഞ് ഉപയോഗശൂന്യമാകും.

6. ഉപസംഹാരം:
അസ്വസ്ഥതയും, അനൈക്യവും, കൊഴിഞ്ഞുപോകലും, സംശയവും, യേശുവിനെ കൂടാതെ ജീവിക്കുവാൻ സാധിക്കും എന്ന് അഹങ്കരിക്കുകയും ചെയ്തിരുന്ന ആദിമ സഭയിലെ ഒരു വിശ്വാസ സമൂഹത്തിന് മുന്നറിയിപ്പും ആശ്വാസവുമായിട്ടാണ് വിശുദ്ധ യോഹന്നാനിലൂടെ ഈ തിരുവചനങ്ങൾ രചിക്കപ്പെട്ടത്. നമ്മുടെ ആത്മീയ ജീവിതത്തിലും, ഇടവകയിലും, സഭയിലും തത്തുല്യമായ പ്രശ്നങ്ങൾ നേരിടുമ്പോൾ ഈ സുവിശേഷം നമുക്കൊരു വഴികാട്ടിയാണ്. മുന്തിരിച്ചെടിയും ശാഖയും തമ്മിലുള്ള ബന്ധത്തെ സുവിശേഷം വ്യക്തമാക്കുന്നത് "വാസം" എന്ന പദത്തിലൂടെയാണ്. സ്നേഹമുള്ളിടത്ത് മാത്രം സാധ്യമാകുന്ന യാഥാർഥ്യമാണിത്. അതുകൊണ്ടാണ് തകർന്ന ജീവിതങ്ങൾ യേശുവിനോട് ചേരുമ്പോൾ തളിർക്കുകയും പൂവിടുകയും കായ്ക്കുകയുമൊക്കെ ചെയ്യുന്നത്. ക്രിസ്തുവിനോട് ചേർന്നു നിൽക്കുന്നവർക്കു മാത്രം ലഭിക്കുന്ന നന്മയാണിത്. ഓർക്കുക, ജീവന്‍റെ വാഹകർ നൊമ്പരങ്ങളുടെ മുന്നിൽ തളരില്ല. കാരണം, ദൈവം എന്ന കർഷകൻ അറിയാതെ ഒരു വേദനയും കടന്നുവരുന്നില്ല. യേശുവിൽ വസിക്കുന്നവന് എല്ലാം നൊമ്പരങ്ങളും ഏറെ ഫലം പുറപ്പെടുവിക്കുന്നതിനുവേണ്ടിയുള്ള വെട്ടിയൊരുക്കലുകളാണെന്ന ആഴമായ ബോധ്യത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി നിരന്തരം പ്രാർത്ഥിക്കാം.  ആമേൻ

ഗാനമാലപിച്ചത് സി.എ.സി. Cochin Arts & Communications……ഗായകസംഘമാണ്.. രചന ഫാദർ വില്യം നെല്ലിക്കൽ, സംഗീതം ഗോഡ്വിൻ ഫിഗരേദോ.

പെസഹാക്കാലം അഞ്ചാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകൾ

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2021, 12:29