സ്വിസ്സ് ചിത്രകാരൻ  യൂജിൻ ബെർനാന്‍റ് 1898 - യോഹന്നാനും പത്രോസും യേശുവിന്‍റെ കല്ലറയിലേയ്ക്ക്... സ്വിസ്സ് ചിത്രകാരൻ യൂജിൻ ബെർനാന്‍റ് 1898 - യോഹന്നാനും പത്രോസും യേശുവിന്‍റെ കല്ലറയിലേയ്ക്ക്...  

അനുതാപത്തോടും ക്ഷമയോടും കൂടെ... ഉത്ഥിതനെ തേടുന്നവർ

പെസഹാക്കാലം മൂന്നാംവാരം ഞായര്‍ - ലൂക്കാ 24, 35-48 സുവിശേഷചിന്തകൾ - ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക്ക് നെയ്യാറ്റിൻകര

പെസഹാക്കാലം 3-ാം വാരം സുവിശേഷചിന്തകൾ


1. അനുതാപത്തിലേയ്ക്കും
സാക്ഷ്യം നൽകലിലേയ്ക്കുമുള്ള വിളി
ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരുടെ ഇടയിൽ പ്രത്യക്ഷനാകുന്ന യേശു അവരുടെ സംശയങ്ങളെല്ലാം ദുരീകരിച്ചതിനുശേഷം, അവരെ ഈ ലോകം മുഴുവനെയും അനുതാപത്തിലേയ്ക്ക് ക്ഷണിക്കുവാനും, ഉത്ഥിതനായ ക്രിസ്തുവിനു സാക്ഷികളാകുവാനുംവേണ്ടി ഒരുക്കുകയാണ്. യേശുവിനാൽ ഭരമേല്പിക്കപ്പെട്ട ഈ ദൗത്യം വിശുദ്ധ പത്രോസ് തന്‍റെ  പ്രസംഗത്തിൽ നിർവഹിക്കുന്നത് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. അഥവാ നാം പാപം ചെയ്യുകയാണെങ്കിൽ പിതാവിന്‍റെ മുമ്പിൽ നീതിമാനായ ക്രിസ്തു മദ്ധ്യസ്ഥനായുണ്ടെന്ന് രണ്ടാം വായന വിവരിക്കുന്നു. കൊറോണാ മഹാമാരി ലോകത്തിൽ ആകുലതയും അശാന്തിയും പരത്തുമ്പോൾ ലോകത്തിനുവേണ്ടി ദൈവകരുണയ്ക്കായി പ്രാർത്ഥിക്കുവാനുള്ള ഉത്തരവാദിത്വം ക്രിസ്തു അനുയായികളായ നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുവാനുള്ള അവസരമായി ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ലോകം മുഴുവനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

2.  മൂന്നു  ചോദ്യങ്ങൾക്ക് ഉത്തരം:
പെസഹാ കാലത്തിലെ ഈ മൂന്നാം ഞായറാഴ്ച മാത്രമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം വിചിന്തനത്തിനായി തിരുസഭ നമുക്ക് തരുന്നത്. മറ്റുള്ള ഞായറാഴ്ചകളിലെല്ലാം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷമാണ് നാം ശ്രവിക്കുന്നത്. തിരുസഭ വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിലെ അവസാന തിരുവചനങ്ങൾ നമുക്കായി നൽകിക്കൊണ്ട് ആദിമ ക്രൈസ്തവരുടെ ഇടയിൽ നിലനിന്നിരുന്ന, എന്നാൽ ഇന്ന് നമ്മുടെ ഉള്ളിലും നിലനിൽക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
ഒന്നാമത്തെ ചോദ്യം : എങ്ങനെയാണ് ക്രൂശിതനായവൻ "മിശിഹാ" എന്ന രക്ഷകനാകുന്നത്?
രണ്ടാമത്തെ ചോദ്യം : ഉത്ഥാനം യാഥാർഥ്യമാണോ? അതോ ശിഷ്യന്മാരുടെ ഭാവനയിൽ തെളിഞ്ഞ ആശയം മാത്രമാണോ?
മൂന്നാമത്തെ ചോദ്യം : എങ്ങനെയാണ് തിരുവെഴുത്തുകളിലൂടെ യേശുവിന്‍റെ മരണത്തെ മനസിലാക്കാൻ സാധിക്കുന്നത്?

3. രക്ഷകനായ ക്രിസ്തു:
എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ജറുസലേമിലേയ്ക്ക് മടങ്ങിവന്ന് അവർക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റു ശിഷ്യന്മാരോട് സംസാരിക്കുന്ന വേളയിൽതന്നെ അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി യേശു അവരെ ധൈര്യപ്പെടുത്തുന്നു. തന്‍റെ കൈകളും കാലുകളും കാണിച്ചുകൊണ്ടും, അവയിൽ സ്പർശിച്ചുനോക്കാൻ അവരെ ക്ഷണിച്ചുകൊണ്ടും താൻ അരൂപിയല്ലെന്നും മറിച്ച് അസ്ഥിയും മാംസവുമുള്ള ജീവിക്കുന്ന യേശുവാണെന്ന് വ്യക്തമാക്കുന്നു. എന്തിനേറെ, അവരിൽനിന്നു ഭക്ഷണം ചോദിച്ചുവാങ്ങി ഭക്ഷിച്ചുകൊണ്ട് അവരുടെ സംശയത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു. പരാജയത്തിന്‍റെ നിമിഷങ്ങളിൽ, എമ്മാവൂസിലേക്കുള്ള യാത്രയിൽ സഹയാത്രികനായി കൂടെ കൂടിയവൻ ഭക്ഷണ മേശയിൽ അപ്പമെടുത്തു വാഴ്ത്തി മുറിച്ച് അവർക്ക് നൽകുന്നു. നോക്കുക, ഇങ്ങനെയൊക്കെയാണ് ദൈവത്തിന്‍റെ ഇടപെടൽ. വെളിച്ചമായിരുന്ന സൂര്യൻ നിരാശയുടെ വർണ്ണങ്ങൾ വിതറി അസ്തമിക്കാനൊരുങ്ങുമ്പോഴായിരിക്കാം ദൈവചൈതന്യമുള്ള ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുക.

4. മുറിച്ചു നല്കൽ:
മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീർത്തനത്തിലും (പഴയ നിയമത്തിൽ) യേശുവിനെക്കുറിച്ച് പറയപ്പെട്ടവയെല്ലാം വീണ്ടും വിശദീകരിച്ചുകൊണ്ട് ക്രൂശിതനായ താൻ തന്നെയാണ് രക്ഷകനായ ക്രിസ്തു എന്ന് വ്യക്തമാക്കുന്നു. ഓർക്കുക, ചില കാര്യങ്ങൾ കാണണമെങ്കിൽ കാഴ്ചപ്പാട് മാറണം. കൂടെ നടന്നവൻ ഹൃദയം ജ്വലിപ്പിച്ചവനാണ്, എന്നിട്ടും അവനെ തിരിച്ചറിയുന്നതിന് അപ്പം മുറിക്കലിന്‍റെ നേരത്ത് മാത്രം. മുറിവേറ്റവൻ ഭക്ഷണമേശയിൽ അപ്പമെടുത്തു മുറിച്ചു നൽകിയപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കപ്പെട്ടതെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. അതായത്, കൂടെയുള്ളവരുടെ കണ്ണുകൾ തുറക്കണമെങ്കിൽ സ്വന്തമായുള്ളത് തന്നെ മുറിച്ചു നൽകണമെന്ന് സാരം. ചുരുക്കത്തിൽ, മുറിച്ചു നൽകിയാൽ മാത്രമേ എന്നെയും നിന്നെയും തിരിച്ചറിയാൻ കൂടെയുള്ളവർക്ക് സാധിക്കൂ. അല്ലാത്തപക്ഷം, നീയും ഞാനും ഒരു സഹചാരിയായിരിക്കാം, ഹൃദയം ജ്വലിപ്പിക്കുന്നവനായിരിക്കാം, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നവനായിരിക്കാം പക്ഷെ, അപ്പോഴെല്ലാം വെറും ഒരു അപരിചിതൻ മാത്രമായിരിക്കും - ഉത്ഥിതനല്ല.

5. ദൗത്യം നൽകുന്നു:
യേശു താൻ ഉത്ഥിതനായ, ജീവിക്കുന്ന ക്രിസ്തുവാണെന്ന് ശിഷ്യന്മാർക്ക് വെളിപ്പെടുത്തിക്കൊണ്ട് അവർക്ക് യേശു ദൗത്യം ഏൽപ്പിക്കുന്നു. പാപമോചനത്തിനുള്ള അനുതാപം യേശുവിന്‍റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കുവാൻ പറയുന്നു. ഉത്ഥാനത്തിനു മുൻപ് ഗലീലിയായിലും യൂദയായിലും ജറുസലേമിലും മാത്രം മുഴങ്ങിക്കേട്ട യേശുവിന്‍റെ വചനം ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരിലൂടെ ജനതകളുടെ ഇടയിലേക്ക്, ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുകയാണ്. അക്കാരണത്താലാണ്, ഒന്നാം വായനയിൽ വിശുദ്ധ പത്രോസ് തന്‍റെ പ്രസംഗത്തിൽ 'യേശുവിനെതിരെ യഹൂദർ ചെയ്ത പ്രവർത്തി അജ്ഞതമൂലമാണെന്നും, അതിനാൽ പാപങ്ങൾ മായിച്ചു കളയാൻ പശ്ചാത്തപിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിയുവാനും' ആഹ്വാനം ചെയ്യുന്നത്. അനുതാപത്തിലൂടെയും ക്ഷമയിലൂടെയും മാത്രമേ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ.

5. കൈമാറ്റത്തിന്‍റെ സാക്ഷികളാവുക:
യേശു പറയുന്നു: "നിങ്ങൾ ഇവയ്ക്ക് സാക്ഷികളാണ്" എന്നാണ്. ശിഷ്യന്മാർ മാത്രമല്ല, യേശുവിന്‍റെ ശരീരം സ്പർശിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും ഇതിന് സാക്ഷികളാണ്. കായിക ലോകത്തെ ദീപശിഖാ പ്രയാണം പോലെയാണ് സാക്ഷ്യവും - ഒരു വ്യക്തിയിൽനിന്ന് തീ അണയാതെ മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. അത് സ്വീകരിച്ചവൻ താൻ സ്വീകരിച്ച അഗ്നിയുമായി പ്രയാണം തുടരുന്നു. ക്രൈസ്തവ വിശ്വാസസാക്ഷ്യവും ഇതുപോലെയാണ്. നമ്മുടെ കൈകളിൽനിന്ന് തീ അണയാതെ പുതിയ തലമുറയിലേയ്ക്കു കൈമാറ്റംചെയ്യപ്പെടണം.

6. ഉപസംഹാരം:
ഉത്ഥിതനെക്കുറിച്ചുള്ള സ്നേഹം ഹൃദയത്തിൽ നിറവാകുമ്പോൾ യുക്തിക്കതീതമായത് ദർശനമാകും. ആ സ്നേഹം അനിർവചനീയമായ അനുഭവമായതു കൊണ്ടുതന്നെ അലസരായി നില്ക്കാൻ സാധിക്കില്ല. നമ്മൾ സാക്ഷികളായി മാറും. അങ്ങനെ, ജെറുസലേമിൽനിന്ന് ആരംഭിച്ച്‌ എല്ലാ ജനതകളോടും ദൈവസ്നേഹത്തിന്‍റേയും പാപമോചനത്തിനത്തിന്‍റേയും പ്രഘോഷണവുമായി ശിഷ്യന്മാർ ഇറങ്ങിത്തിരിച്ചതുപോലെ നമ്മുടെ ജീവിതവും പ്രഘോഷണവും സാക്ഷ്യമായി രൂപപ്പെടും. ആമേൻ.

ഗാനമാലപിച്ചത് പ. ഉണ്ണികൃഷ്ണൻ, രചന അലക്സ് ഫെര്‍ണാണ്ടസ് ആലപ്പുഴ, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2021, 13:37