പ്രാർത്ഥനയുടെ  ശരണപൂക്കൾ പ്രാർത്ഥനയുടെ ശരണപൂക്കൾ  

ദൈവത്തിൽ ശരണപ്പെടുന്ന മനുഷ്യന്‍റെ പ്രാർത്ഥന

25-ാം സങ്കീർത്തനം – ഒരു ഗീതത്തിന്‍റെ സംക്ഷിപ്ത പഠനവും ഗാനരൂപവും – ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ 

ഒരു ശരണഗീതത്തിന്‍റെ പഠനം


1. മനുഷ്യരുടെ ശരണംവിളികൾ

25-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനം ശ്രവിക്കാമിന്ന്. ഇതൊരു ശരണ ഗീതമാണ്. ശരണ കീര്‍ത്തനങ്ങള്‍ വ്യക്തിയുടേതാകാം അല്ലെങ്കിൽ സമൂഹത്തിന്‍റേതാകാം. എന്നാല്‍ ഇത് വ്യക്തിയുടേതാണെന്ന് ഘടനയില്‍നിന്നും പദങ്ങളില്‍നിന്നും സുവ്യക്തമാണ്- “എന്നാത്മാവിനെ ഞാനങ്ങേ സന്നിധി തന്നിലുയര്‍ത്തുന്നു.” ജീവിതവ്യഥകളില്‍ ഉൾപ്പെടുന്ന മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെടുന്ന ഹൃദസ്പര്‍ശിയായ ഗീതമാണിത്. സാഹിത്യഘടനയില്‍ പ്രാര്‍ത്ഥനയുടെ ആര്‍ദ്രമായ ഭാവവും ഭാവപ്രകടനവുമാണ് ശരണം. ഒന്നോര്‍ത്തു നോക്കൂ... ഈ തപസ്സുകലാത്ത് മലയാറ്റൂര്‍ മലകയറുന്ന ഭക്തരുടെയും, മകരമാസത്തിൽ ശബരിമലയേറുന്ന സ്വാമികളുടേയും ശരണംവിളികള്‍...! ശരണംവിളി വ്യക്തിയുടേതാണെങ്കില്‍ ഇതൊരു വ്യക്തിഗത ശരണഗീതമെന്നും, സമൂഹത്തിന്‍റേതാണെങ്കില്‍ സമൂഹ ശരണഗീതമെന്നും രണ്ടായി തരം തിരിക്കപ്പെട്ടിരിക്കാറുണ്ട്.

ഇസ്രായേലിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, ആരാധനയ്ക്ക് ഏറെ ഉപയോഗിക്കുന്നതുമായ വിഭാഗമാണ് ശരണഗീതങ്ങള്‍. പിന്നെ 25-ാം സങ്കീര്‍ത്തനത്തെ ഒരു വിലാപഗീതമായി തരംതിരിക്കുന്ന ബൈബിൾ പടുക്കളുമുണ്ട്. എന്നാല്‍ പദങ്ങളുടെ അര്‍ത്ഥം പരിശോധിക്കുമ്പോള്‍ ശരണവും വിലാപവും വളരെ അടുത്ത ഭാവവും വികാരവുമാകയാല്‍, രണ്ടിനും അവയുടേതായ തനിമയുണ്ട്, പരസ്പര വ്യത്യാസങ്ങളുമുണ്ട്. സങ്കീർത്തനത്തിന്‍റെ ഗാനരൂപം ശ്രവിച്ചുകൊണ്ടു നമുക്കീ ഈ ശരണഗീതത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും സങ്കീര്‍ത്തകനോടൊപ്പം ഈ മഹാവ്യാധിയുടെ കാലത്ത് നമുക്കു ദൈവത്തില്‍ കൂടുതൽ ശരണപ്പെടുകയും ചെയ്യാം.

25-ാം സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം – ഗാഗുല്‍ ജോസഫും സംഘവും...

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.

a) കർത്താവേ, അങ്ങേ മാർഗ്ഗങ്ങൾ എനിക്കു മനസ്സിലാക്കി തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരേണമേ.
-എന്നാത്മാവിനെ...

b) കർത്താവേ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം
അങ്ങേയ്ക്കുവേണ്ടി ദിവസം മുഴുവൻ ഞാൻ കാത്തിരിക്കുന്നു.
അങ്ങേ മാർഗ്ഗങ്ങൾ എനിക്കു മനസ്സിലാക്കി തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ.
-എന്നാത്മാവിനെ...

2. ശരണം – ദൈവത്തിലുള്ള വിശ്വാസപ്രകരണം
ഗീതത്തിന്‍റെ ഘടനയെക്കുറിച്ച് അല്പം നാം ചിന്തിക്കുന്നത് നന്നായിരിക്കും. ഒരാമുഖം, പിന്നെ പ്രധാനഭാഗം അല്ലെങ്കില്‍ the Body of the Psalm, ഉപസംഹാരം എന്നിങ്ങനെ പൊതുവെ മൂന്ന് ഭാഗങ്ങളാണ് ശരണഗീതങ്ങള്‍ക്കുള്ളതെന്ന് പണ്ഡിതന്മാര്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.
ആമുഖത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തിലോ, യാചനാരൂപത്തിലോ, ആവലാതി അല്ലെങ്കില്‍ പരാതിയായിട്ടോ പ്രത്യക്ഷപ്പെടാം. അതിന്‍റെ ആവര്‍ത്തനങ്ങളും ശരണ സങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയായി മനസ്സിലാക്കേണ്ടതാണ്. ഇതുവഴി ദൈവത്തില്‍ ശരണപ്പെടുന്ന വ്യക്തി തന്‍റെ ജീവിതത്തില്‍ അവിടുത്തേയ്ക്കുള്ള വലിയ സ്ഥാനവും, പ്രാധാന്യവും, അവിടുന്നിലുള്ള വലിയ വിശ്വാസവുമാണ് വരികളില്‍ പ്രകടമാക്കുന്നത്. “ദൈവത്തില്‍ ശരണപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍,” എന്ന് ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. കര്‍ത്താവില്‍ ശരണപ്പെടുന്നവര്‍…, അവർ ആരുതന്നെയായാലും അതവരുടെ ആഴമായ വിശ്വാസപ്രകടനവും പ്രകരണവുമാണ്. വ്യക്തിയുടെ വേദനയും വിഷമവുമെല്ലാം ദൈവസന്നിധിയിലാണ് വാക്കുകളിലും വരികളിലും, ഈണത്തിലും താളത്തിലും സമര്‍പ്പിക്കപ്പെടുകയാണിവിടെ.

3. ഹെബ്രായ കവിതകളുടെ
അതിമനോഹരമായ സാഹിത്യഘടന

ഗീതത്തിന്‍റെ ഘടനയെക്കുറിച്ച് അല്പം മനസ്സിലാക്കാം. ഹീബ്രു ഭാഷയിലുള്ള മൂലകൃതി രചിക്കപ്പെട്ടിട്ടുള്ളത് അക്ഷര പ്രാസത്തിലാണെന്നതാണ് ഗീതത്തിന്‍റെ ആദ്യത്തെ പ്രത്യേകത. എന്നാല്‍ പരിഭാഷയില്‍ പ്രാസം, പ്രത്യേകിച്ച് മൂലത്തിലേതുപോലുള്ള ആദ്യാക്ഷരപ്രാസം കൊണ്ടുവരിക, ആയാസകരമെന്നു മാത്രമല്ല, ചിലപ്പോള്‍ അസാദ്ധ്യവുമായിരിക്കും. മാത്രമല്ല മലയാള പരിഭാഷയിൽ അതിനു ശ്രമിച്ചിട്ടുമില്ല. സങ്കീര്‍ത്തനം, മൂലകൃതിയില്‍ സുന്ദരമായ പദപ്രയോഗങ്ങളും ഭാഷാമേന്മയുമുള്ള അതിമനോഹരവും അർത്ഥഗർഭവുമായ പ്രാസപ്രയോഗങ്ങളുള്ള കവിതയുമാണ്. അക്ഷരപ്രാസം, പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ഹീബ്രുവിലുളള അക്ഷരമാല ക്രമത്തിലാണ് പുരോഗമിക്കുന്നത് എന്നതും ആശ്ചര്യപ്പെടുത്തുന്നൊരു വസ്തുതയാണ്. മലയാളത്തില്‍ ആദ്യാക്ഷര പ്രാസമെന്നും, ഇംഗ്ലിഷില്‍ അതിനെ acrostic or alphabetic construction എന്നുമാണ് സാഹിത്യകാരന്മാര്‍ വിളിക്കുന്നത്. അങ്ങനെ ആശയപരമായി ഘടനയില്‍ ഭംഗിയുള്ള വരികളും അവയ്ക്കൊപ്പം അക്ഷരപ്രാസവും കോര്‍ത്തിണക്കിയിരിക്കുന്നതിനാല്‍ വിശുദ്ധഗ്രന്ഥത്തിലെ ശ്രദ്ധേയമായൊരു ഗീതമായി മാറിയിട്ടുണ്ട് 25-ാം ശരണസങ്കീര്‍ത്തനം. മുൻപാപ്പാ ബെനഡിക്ട് 16-ാമൻ ഒരിക്കൽ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനിടെ പറഞ്ഞത്, സങ്കീർത്തനങ്ങൾ അതിമനോഹരമായ ഹെബ്രായ കവിതകളാണ്. അതിനാൽ അവ ചൊല്ലുവാനുള്ളതല്ല ആലപിക്കുവാനുള്ളതാണെന്നായിരുന്നു. അടുക്കും ചിട്ടയുമുള്ള ഈ ഹെബ്രായ ഗീതം ആദിമസഭയില്‍ പിതാക്കന്മാര്‍ ധാരാളം ഉപയോഗിച്ചിരുന്നതായി നിരൂപകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഘടനയുടെ സവിശേഷതയും ഉള്ളടക്കത്തിന്‍റെ ഹൃദ്യമായ യാചനാഭാവവുമായിരിക്കണം ഈ ഗീതം സമൂഹപ്രാര്‍ത്ഥനകളി‍ല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുവാനും ഉപയോഗിക്കുവാനും കാരണമാകുന്നതെന്നും വേണം വിചാരിക്കുവാന്‍.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.

c) കർത്താവേ, അങ്ങു നല്ലവനും നീതിമാനുമാകുന്നു
പാപികൾക്കെന്നും അവിടുന്ന് നേർവഴി കാട്ടുന്നു
എളിയവരെ അവിടുന്നെന്നും നീതിമാർഗ്ഗത്തിൽ നയിക്കുന്നു
വിനീതരെ തന്‍റെ വഴി അവിടുന്നു പഠിപ്പിക്കുന്നു.
-എന്നാത്മാവിനെ...

d) കർത്താവേ, അങ്ങേ ഉടമ്പടിയും പ്രമാണങ്ങളും
പാലിക്കുന്നവരെ അങ്ങു കാക്കണമേ
അങ്ങേ വഴികൾ സത്യവും സ്നേഹവുമാണ്
കർത്താവിന്‍റെ വഴി അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാകുനന്നു
അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കുന്നു.
- എന്നാത്മാവിനെ

4. പീഡിതനും നിന്ദിതനുമായ വ്യക്തിയുടെ യാചന
പദങ്ങളുടെ സൂക്ഷ്മമായ പരിശോധനയില്‍നിന്നും ഗീതത്തിലെ യാചനകളും ശരണപ്രഖ്യാപനങ്ങളും പ്രബോധനപരമായ സന്ദേശങ്ങളും പാപമോചനത്തിനായുള്ള അപേക്ഷയും നമുക്ക് വ്യക്തമായി കാണാം. സങ്കീര്‍ത്തകന്‍ അല്ലെങ്കില്‍ ഗായകന്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയും, തെറ്റായി കുറ്റും ആരോപിക്കപ്പെടുകയും ചെയ്യുന്നതുപോലെയാണു പ്രയോഗം. കൂടാതെ, സാഹിത്യഗുണങ്ങളും പ്രാര്‍ത്ഥനാശൈലികളും വിജ്ഞാന ചിന്തകളും നിറഞ്ഞതാണ് ഈ സങ്കീര്‍ത്തനമെന്നും നമുക്കു പദങ്ങളുടെ പഠനത്തില്‍നിന്നും മനസ്സിലാക്കാം.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.

a) കർത്താവേ, അങ്ങേ മാർഗ്ഗങ്ങൾ എനിക്കു മനസ്സിലാക്കി തരണമേ
അങ്ങെ വഴികളെന്നെ പഠിപ്പിക്കേണമേ
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരേണമേ.
-എന്നാത്മാവിനെ...

വത്തിക്കാൻ വാർത്താ വിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര- സങ്കീർത്തനം 25-ന്‍റെ സംക്ഷിപ്ത പഠനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2021, 14:54