പീച്ചിൻ പൂക്കൾ - പ്രത്യാശയുടെ പ്രതീകം പീച്ചിൻ പൂക്കൾ - പ്രത്യാശയുടെ പ്രതീകം 

ക്ലേശകാലത്ത് പ്രത്യാശപകരുന്ന സങ്കീര്‍ത്തനം

146-Ɔο സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്തപഠനം – ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

146-Ɔο സങ്കീര്‍ത്തനം സംക്ഷിപ്തരൂപം


1. ബൈബിളിലെ മനോഹരമായ സ്തുതിപ്പ്
ബൈബിളിലെ മനോഹരമായ സ്തുതിപ്പുകളില്‍ ഒന്നായിട്ടാണ് പൊതുവെ സങ്കീർത്തനം 146 ഗണിക്കപ്പെട്ടിരിക്കുന്നത്. സമൂഹമായി ആലപിക്കത്തക്ക വിധത്തിലാണ് ഇത് ഘടനചെയ്തിരിക്കുന്നത്. എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍... എന്നാണ് സങ്കീര്‍ത്തനത്തിന്‍റെ പ്രഥമ വരി. അതായത് ഞാന്‍ എന്നോടു തന്നെ ദൈവത്തെ സ്തുതിക്കുവാന്‍ പറയുന്നതിന്‍റെ അര്‍ത്ഥം എനിക്ക് അസ്തിത്വമുള്ളിടത്തോളം കാലം, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവത്തിന് സ്തോത്രം ആലപിക്കണം എന്നാണ്. അങ്ങനെ വ്യക്തിയുടെ ജീവിതത്തിലും സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയിലും ഒരുപോലെ പ്രസക്തിയുള്ള സങ്കീര്‍ത്തനമാണിതെന്നു നമുക്കു പറയാം.

ഈ സങ്കീര്‍ത്തനം പ്രായോഗികമായിട്ട് ഇപ്പോള്‍ ഉപയോഗിക്കുന്നത് അധികവും യാമപ്രാര്‍ത്ഥനകളിലാണെങ്കിലും, ആരാധനക്രമത്തിലും ഉപയോഗിക്കുന്നുണ്ട്. ആരാധനക്രമത്തില്‍ ഉപയോഗിക്കുവാനുള്ള ലക്ഷ്യത്തോടെ ഏശയാ പ്രവാചകന്‍റെ രക്ഷയുടെ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനം പ്രഭണിതമായി കൂട്ടിയിണക്കിക്കൊണ്ടാണ് ഈ സങ്കീര്‍ത്തനം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സങ്കീർത്തനം 146-ന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് നമുക്ക് പഠനം തുടരാം. ഇത് ചിട്ടപ്പെടുത്തിയത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.

2. സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരം
Musical Version of Psalm 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നമ്മെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.”
-ഏശയ്യാ പ്രവാചന്‍ 35, 4.

a) കര്‍ത്താവെന്നും വിശ്വസ്തനാണ്
മര്‍ദ്ദിതര്‍ക്കവിടുന്ന് നീതി നടപ്പാക്കിക്കൊടുക്കുന്നു
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു.
കര്‍ത്താവു ബന്ധനസ്തരെ മോചിക്കുന്നു.

b) കര്‍ത്താവന്ധരുടെ കണ്ണുകള്‍ തുറക്കുന്നു
നിലംപറ്റിയവരെ അവിടുന്ന് എഴുന്നേല്പിക്കുന്നു
കര്‍ത്താവു നീതിമാന്മാരെ സ്നേഹിക്കുന്നു
അവിടുന്നു പരദേശികളെ പാലിക്കുന്നു.

c) കര്‍ത്താവു വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു,
എന്നാല്‍ ദുഷ്ടരുടെവഴി അവിടുന്ന് തികടം മറിക്കുന്നു.
കര്‍ത്താവെന്നും എന്നേയ്ക്കും രാജാവായ് വാഴുന്നു
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.

3. ആയുഷ്ക്കാലം മുഴുവന്‍ ദൈവത്തെ സ്തുതിക്കേണ്ടവര്‍
ഒരു മഹാമാരിയാല്‍ ലോകം ക്ലേശിക്കുന്ന ഇക്കാലത്ത് ഏറെ പ്രത്യാശപകരുന്ന സമ്പൂര്‍ണ്ണമായ സ്തുതിപ്പാണ് ഇന്നു നാം പഠന വിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 146. വളരെ വ്യക്തിപരമായ ആലാപന ശൈലിയിലാണ് മൂലരചനയിൽ കാണുന്നത്. സാഹിത്യപരമായി ഇതൊരു സ്തുതിപ്പാണെങ്കിലും, ഗ്രീക്ക് തര്‍ജ്ജിമയില്‍ ഇതിനെ സഖറിയായുടെ ഗീതമായിട്ടാണ് ഗണിച്ചിരിക്കുന്നത് (Song of Zachariah). അതുകൊണ്ടുതന്നെ ആരാധനക്രമ മുഹൂര്‍ത്തങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ഇത് ധാരാളമായി ഇടംപിടിച്ചിട്ടുണ്ട്.

4. സങ്കീർത്തനത്തിന്‍റെ ഘടന
ദൈവത്തെ സ്തുതിക്കുവാന്‍ തന്നോടുതന്നെ സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്ന വരികളാണ് ആദ്യത്തേത്. ‘കര്‍ത്താവിനെ സ്തുതിക്കുവിന്‍, എന്‍റെ ആത്മാവേ,... കര്‍ത്താവിനെ സ്തുതിക്കുവിന്‍...’ എന്നാണ് ആരംഭിക്കുന്നത്. കൃതജഞതയും സ്തുതിയും ജീവിതകാലം മുഴുവന്‍ തുടരേണ്ടതാണ്. അതിനാല്‍ സങ്കീര്‍ത്തകന്‍ പറയുന്നു, ‘ആയുഷ്ക്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും, ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിന് കീര്‍ത്തനം പാടും.’ കൃതജ്ഞതാ ഗാനങ്ങളില്‍ കാണുന്നൊരു ശൈലിയാണ് രണ്ടാമത്തെ വരയില്‍ പ്രകടമാകുന്നത്. ‘കര്‍ത്താവിന് സ്തോത്രം ആലപിക്കേണ്ടത് ഒരാഴ്ചയോ, ഒരു മാസമോ അല്ല, അല്ലെങ്കില്‍ ആവശ്യനേരത്തു മാത്രമല്ല, ജീവിതകാലം മുഴുവനുമാണെന്ന് വരികള്‍ വ്യക്തമാക്കുന്നു. ഇത് മനുഷ്യനെ തരംതാഴ്ത്തുവാനല്ല.. മറിച്ച് മനുഷ്യന്‍ സ്വഭാവത്തിലും അസ്തിത്വത്തിലും സ്രഷ്ടാവായ ദൈവത്തെ അനുദിനം സ്തുതിക്കേണ്ടവനാണ് എന്ന് അനുസ്മരിപ്പിക്കുവാനാണ് ‘ജീവിതകാലം മുഴുവന്‍’ എന്ന് എടുത്തു പറയുന്നത്.

5. പ്രാഭവവാനായ ദൈവത്തില്‍ ആശ്രയിക്കാം
സാധാരണമായി സങ്കീര്‍ത്തനങ്ങളില്‍ കാണുന്നപോലെയുള്ള പ്രബോധനവും ഉപദേശവും ഇതിലും കാണുന്നുണ്ട്. ബഹുമാന്യരായവരെയും, പ്രതാപികളെയും, സമ്പന്നരായവരെയും, ആധിപത്യമുള്ളവരെയും‍ അശ്രയിക്കുവാനാണ് സാധാരണ ഗതിയിയില്‍ മനുഷ്യനു - നമുക്കൊക്കെ താല്പര്യം. എന്നാല്‍ സങ്കീര്‍ത്തകന്‍ പറയുന്നു, മനുഷ്യര്‍തന്നെ പ്രതാപികളും ശക്തന്മാരുമാണെങ്കിലും, അവര്‍ ബലഹീനരാകയാല്‍ നമ്മെ പിന്‍തുണയ്ക്കാന്‍ കെല്പില്ലാത്തവരാണവര്‍. എത്ര ശക്തരാണെങ്കിലും അവര്‍ മരണവിധേയരാണ്. ഈ ഭൂമിയില്‍നിന്നും കടന്നുപോകേണ്ടവരാണ്.  എല്ലാ മനുഷ്യരെയും പോലെ അവര്‍ മണ്ണിലേയ്ക്ക് മടങ്ങും. അതുപോലെ അവരുടെ ഭാവനാസങ്കല്പനങ്ങളും കെട്ടടങ്ങും. ദൈവം മാത്രമാണ് എന്നും നിലനില്ക്കുന്നവന്‍, അചഞ്ചലനായവന്‍, അനശ്വരനായവന്‍. അതിനാല്‍, ‘നമ്മെ സഹായിക്കാന്‍ കെല്പില്ലാത്ത രാജാക്കന്മാരില്‍, പ്രതാപികളില്‍ ആശ്രയിക്കരുത്. അവർ മണ്ണിലേയ്ക്കു മടങ്ങും. അവരുടെ പദ്ധതികളും മണ്ണടിയും’, എന്ന് സങ്കീര്‍ത്തകന്‍ വരികളിലൂടെ അനുസ്മരിപ്പിക്കുന്നു.

എന്നാല്‍ ‘യാക്കോബിന്‍റെ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്‍ ഭാഗ്യവാനാണെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു.  കാരണം, അവിടുന്നാണ് ജരൂസലേത്തു വസിക്കുന്ന ഇസ്രായേലിന്‍റെ രക്ഷകനായ ദൈവം. ശക്തനും കൃപാലുവുമായ അവിടുന്നു സ്രഷ്ടാവാണ്. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും നമുക്കായി സൃഷ്ടിച്ചത്, അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.’  ‘അവിടുന്ന് മര്‍ദ്ദിതര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കുന്നു.  വിശക്കുന്നവര്‍ക്ക്  ഭക്ഷണം നല്കുന്നു. കര്‍ത്താവ് ബന്ധനസ്തരെ സ്വതന്ത്രരാക്കുന്നു.’

6. നീതിയുള്ളവരുടെ സംരക്ഷകന്‍
സങ്കീര്‍ത്തകന്‍ പറയുന്നു, ദരിദ്രരുടെയും തടവറക്കാരുടെയും മോചകന്‍ കര്‍ത്താവാണ്. അവിടുന്ന് ആത്മീയവും ശാരീരികവുമായ എല്ലാ രോഗങ്ങളില്‍നിന്നും നമ്മെ സുഖപ്പെടുത്തുന്നു, കാത്തുപാലിക്കുന്നു. സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവന്‍ കര്‍ത്താവാണ്. ദുഷ്ടര്‍ക്കെതിരായ പോരാട്ടത്തില്‍ അവിടുന്നാണ് നീതിമാന്മാര്‍ക്ക് അഭയവും ശക്തിയും നല്ക്കുന്നത്. എന്നിട്ട് നന്മയുള്ളവര്‍ക്ക് അവിടുന്ന് നീതി നടപ്പാക്കിക്കൊടുക്കുന്നു. സൃഷ്ടിയും രക്ഷാകര പ്രവര്‍ത്തനങ്ങളും ദൈവരാജ്യത്തിന്‍റെ അടയാളങ്ങളാണ്. അതിനാല്‍ അവിടുന്ന് എന്നെന്നും മഹത്ത്വപൂര്‍ണ്ണനായി വാഴുന്നവനാണെന്നും, അതിനാല്‍ കര്‍ത്താവില്‍ എന്നും വിശ്വാസമര്‍പ്പിക്കുവാന്‍ സങ്കീര്‍ത്തകന്‍ നമ്മോട് ആഹ്വാനംചെയ്യുന്നു.

Musical Version of Psalm 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.”

കര്‍ത്താവു വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു,
എന്നാല്‍ ദുഷ്ടരുടെവഴി അവിടുന്ന് തികടം മറിക്കുന്നു.
കര്‍ത്താവെന്നും എന്നേയ്ക്കും രാജാവായ് വാഴുന്നു
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.

7. ദൈവം പ്രപഞ്ചദാതാവ്
അവസാനത്തെ പദങ്ങളില്‍, സര്‍വ്വശക്തനായ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഭാഗ്യന്മാരെന്ന് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നു. ദൈവമഹത്വം വാക്കിലോ വരിയിലോ വിവരിക്കാന്‍ സാധ്യമല്ല.
യാതൊന്നിനും ഒരു കേടും ഭവിക്കാതെ സൂര്യനു ചുറ്റും സൗരയൂഥത്തെയും ക്ഷീരപഥങ്ങളെയും ദൈവം ക്രമീകരിക്കുന്നു. അവിടുന്ന് അവയെ കാത്തുപാലിക്കുന്നു.
ദൈവത്തിന്‍റെ മഹത്ത്വപൂര്‍ണ്ണമായ പരിപൂര്‍ണ്ണത വിളിച്ചോതുകയാണ് നാം ജീവിക്കുന്ന പ്രപഞ്ചം മുഴുവനും. സങ്കീര്‍ത്തകന്‍ പ്രപഞ്ച മഹത്വം പ്രകീര്‍ത്തിക്കുമ്പോള്‍ ദൈവത്തോട് നന്ദിയുള്ളവനായി ദൈവത്തോടു ചേര്‍ന്നും സഹോദരങ്ങളെ സ്നേഹിച്ചും സഹായിച്ചും സമാധാനപൂര്‍ണ്ണമായി വസിക്കാം, പാപ്പാ ഫ്രാൻസിസിന്‍റെ ചിന്തയിൽ പറഞ്ഞാൽ പൊതുഭവനമായ ഈ ഭൂമിയില്‍ നാം സാഹോദര്യത്തോടും ഐക്യദാർഢ്യത്തോടും കൂടെ വസിക്കണമെന്നും ഈ ഗീതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. കാരണം ദൈവം പ്രപഞ്ച സ്രഷ്ടാവാണ്, അവിടുന്ന് എന്നേയ്ക്കും ഇതിന്‍റെ രാജാവായി വാഴുന്നു.

Musical Version of Psalm 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നമ്മെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.”

a) കര്‍ത്താവെന്നും വിശ്വസ്തനാണ്
മര്‍ദ്ദിതര്‍ക്കവിടുന്ന് നീതി നടപ്പാക്കിക്കൊടുക്കുന്നു
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു.
കര്‍ത്താവു ബന്ധനസ്തരെ മോചിക്കുന്നു.

b) കര്‍ത്താവന്ധരുടെ കണ്ണുകള്‍ തുറക്കുന്നു
നിലംപറ്റിയവരെ അവിടുനന് എഴുന്നേല്പിക്കുന്നു
കര്‍ത്താവു നീതിമാന്മാരെ സ്നേഹിക്കുന്നു
അവിടുന്നു പരദേശികളെ പാലിക്കുന്നു.

c) കര്‍ത്താവു വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു,
എന്നാല്‍ ദുഷ്ടരുടെവഴി അവിടുന്ന് തികടം മറിക്കുന്നു.
കര്‍ത്താവെന്നും എന്നേയ്ക്കും രാജാവായ് വാഴുന്നു
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.

വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടി. 146-Ɔο സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്തരൂപം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2021, 09:53