ജോബ് കുരുവിള കാഞ്ഞിരപ്പള്ളി ജോബ് കുരുവിള കാഞ്ഞിരപ്പള്ളി 

ശുദ്ധസംഗീതത്തിന്‍റെ വഴികളിൽ... ജോബ് കുരുവിള കാഞ്ഞിരപ്പള്ളി

വയലിനിസ്റ്റ് ജോബ് കുരുവിളയുടെ ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജോബ് കുരുവിളയുടെ ഗാനങ്ങൾ


1. കാഞ്ഞിരപ്പള്ളിയുടെ  ഒരു ബാലപ്രതിഭ
കാഞ്ഞിരപ്പിള്ളി കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ കെ. വി. കുരുവിളയുടെയും ട്രീസയുടെയും പുത്രൻ ജോബ് കുരുവിള 10-Ɔ൦ വയസ്സിൽ വയലിൽ വായിക്കുവാൻ തുടങ്ങിയ ഒരു ബാലപ്രതിഭയായിരുന്നു. പിന്നീട് കേശവൻ ഭാഗവതർ, ഹരിപ്പാട് രാമകൃഷ്ണപിള്ള എന്നിവരിൽനിന്നും ശാസ്ത്രീയമായി വയലിൻ അഭ്യസിച്ചു.

2. തമിഴ്നാട്ടിലെ സംഗീതജീവിതം
നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്നും 1975-ൽ സംഗീതത്തിൽ ബി.എ. ബിരുദം കരസ്ഥമാക്കി. തുടർന്ന് ചെന്നൈയിൽ അടയാർ മ്യൂസിക് കോളെജിൽനിന്നും വായ്പ്പാട്ടിൽ സംഗീതവിദ്വാൻ പട്ടവും, വയലിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. തമിഴകത്തെ വയലിൻ വിദ്വാന്മാരും അറിയപ്പെട്ട സംഗീതജ്ഞരുമായ ടി. എൻ. കൃഷ്ണൻ, പ്രഫസർ എം. എസ്. അനന്തരാമൻ എന്നിവരിൽനിന്നും ഇക്കാലയളവിൽ വയലിൻ അഭ്യസിച്ച ജോബ് പ്രഗത്ഭരുടെ ശിക്ഷണത്തിൽ അതിവേഗം ഉന്നതനിലവാരം ആർജ്ജിച്ചെടുത്തു.

1984-ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും സംഗീതത്തിൽ ബിരുദാനന്തര ബിരുദം ഉന്നതനിലവാരത്തിൽ പൂർത്തിയാക്കി. തുടർന്ന് കിട്ടിയ നിയമനത്തിൽ തമിഴ്നാട് ഗവൺമെന്‍റ് മ്യൂസിക് കോളെജിൽ ജോബ് കുരുവിള സംഗീതാദ്ധ്യാപകനായി മൂന്നുവർഷക്കാലം ജോലിചെയ്തു.

3. അരങ്ങുകളിൽ കച്ചേരി
മദ്രാസിലെ വിഖ്യാതമായ മ്യൂസിക്ക്അക്കാഡമി, ഭാരതീയ വിദ്യാഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഗാനസഭകളിലും ഇന്ത്യയുടെ പല നഗരങ്ങളിലും ജോബ് വയലിൻ കച്ചേരികൾ നടത്തിയിട്ടുണ്ട്. കൂടാതെ പല തവണയായി നടത്തിയ വിദേശയാത്രകളിൽ ശ്രീലങ്ക, ജർമ്മനി, സ്വിറ്റിസർലൻറ്, ഫ്രാൻസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും... അമേരിക്കയിൽ വാഷിംഗ്ടൺ, ന്യൂയോർക്ക്, ബോസ്റ്റൺ, സാൻ ഫ്രാൻസിസ്കൊ തുടങ്ങിയ സിറ്റികളിൽ കച്ചേരികൾ നടത്തിയിട്ടുണ്ട്.

4. കുറച്ചു ഭക്തിഗാനങ്ങളും
അധികം സിനിമാ റെക്കോർഡിങ്ങുകളും

ആബ്ബാ പിതാവേ, വചനസ്വരം, അൽഫോൻസാമ്മ എന്നീ കസെറ്റുകൾ കൂടാതെ ഏതാനും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ short-play records-ഉം ജോബിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. 30വർഷക്കാലം സകുടുംബം മദ്രാസിലെ സംഗീതലോകത്തു പാർത്തിട്ട് 1998-ൽ നാട്ടിലേയ്ക്കു മടങ്ങിയപ്പോഴും ദേവാരാജൻ, കണ്ണൂർരാജൻ, ജോൺസൺ, രാജാമണി എന്നീ പ്രഗത്ഭർക്കൊപ്പവും, തുടർന്ന് എം.എസ് വിശ്വനാഥൻ, ഇളയരാജ, കീരപാണി, എസ്.പി. വെങ്കിടേഷ് തുടങ്ങിയ പ്രശസ്തർക്കൊപ്പവും രണ്ടു പതിറ്റാണ്ടിൽ അധികം വയലിനിസ്റ്റായി ജോലിചെയ്യുവാൻ സാധിച്ചത് ജോബ് കുരുവിള ഇന്നും ചാരിതാർത്ഥ്യത്തോടെ അനുസ്മരിക്കുന്നു.

5. ഗാനങ്ങള്‍
a) തപസ്സകറ്റാൻ...

മഞ്ജരിയിലെ ആദ്യഗാനം കെസ്റ്ററും സംഘവം ആലപിച്ചതാണ്. ബ്രദർ സണ്ണിയുടെ വരികൾക്ക് ജോബ് കുരുവിളയുടെ സംഗീതം.

b) കരുണാവാരിധേ...
അടുത്ത ഗാനം ജോർജ്ജ് ജോസഫ് ചെന്നൈ രചിച്ച് ജോബ് കുരുവിള ഈണംപകർന്നതാണ്. ആലാപനം വാണിജയറാം.

c) ഗഗനപഥങ്ങളിൽ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ജോജോ മാത്യു ആലപിച്ചതാണ്. മഹാകവി ഫാദർ ചെറിയാൻ കുനിയന്തോടത്തിന്‍റെ വരികൾക്ക് ഈണംനല്കിയത് ജോബ് കുരുവിള.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ജോബ് കുരുവിള കാഞ്ഞിരപ്പിള്ളി ഈണംപകർന്ന ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2021, 13:44