വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ തിരുപ്പിറവി ചിത്രീകരണം... വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ തിരുപ്പിറവി ചിത്രീകരണം... 

വത്തിക്കാനില്‍ തിരുപ്പിറവിയുടെ നവീന ദൃശ്യാവിഷ്ക്കരണം

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രിബ്ബിന്‍റെ വിശദാംശങ്ങള്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ആര്‍ട്സ് കോളെജ് വിദ്യാര്‍ത്ഥികളുടെ സൃഷ്ടി
ഇത്തവണ മദ്ധ്യഇറ്റലിയിലെ കസ്തേലി എന്ന സ്ഥലത്തെ പരമ്പരാഗത മണ്‍പാത്രനിര്‍മ്മാണ പ്രദേശത്തെ എഫ്. എ. ഗ്രൂവെ ആര്‍ട്ട്സ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ 1965-1975 കാലയളവില്‍ നിര്‍മ്മിച്ച സിറാമിക് ബിംബങ്ങളുടെ പുല്‍ക്കൂടാണ് ഡിസംബര്‍ 11, ന് വെള്ളിയാഴ്ച തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വത്തിക്കാനില്‍  തുറന്നത്. ആടുമാടുകളും പക്ഷിമൃഗാദികളും ഒഴിച്ചാല്‍ ഒത്തയാള്‍ വലുപ്പമുള്ള വെളുത്ത കളിമണ്ണില്‍ (ceramic) മെനഞ്ഞ ഉരുണ്ട ആകാരഭംഗിയും, തുറന്നു മിഴിച്ച കണ്ണുകളുമുള്ള ഈ സിറാമിക് രൂപങ്ങള്‍  ആകാരഭംഗിയെക്കാള്‍ ആശയപ്രകാശനത്തിന് ഊന്നല്‍ നല്കിയാണ്  ആവിഷ്ക്കരിച്ചിരിക്കുന്നത്.

2. കസ്തേലിയുടെ സാംസ്കാരിക പൈതൃകം
മണ്‍പാത്ര നിര്‍മ്മാണം, പ്രതിമകള്‍, കൗതുകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണ പാരമ്പര്യമുള്ള  മദ്ധ്യ ഇറ്റലിയിലെ   കസ്തേലി പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണ് 50-ല്‍ അധികം സിറാമിക് രൂപങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് 2020-ലെ വത്തിക്കാനിലെ ക്രിബ്ബിനെക്കുറിച്ച് പൊതുവെ അഭിപ്രായം ഉയരുന്നത്. നിര്‍മ്മാണ വസ്തുവായ സിറാമിക്ക്, അല്ലെങ്കില്‍ വെളുത്ത കളിമണ്ണാണ് കലകാരന്മാരായ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത വിഷയമായ പുല്‍ക്കൂടിന്‍റെ സ്വഭാവത്തെ വെല്ലുന്ന ഏറെ ക്രിയാത്മകവും, അത്യുക്തി കലര്‍ന്നതുമായ ബിംബങ്ങളാണ് ഇത്തവണത്തെ വത്തിക്കാന്‍ ചത്വരത്തിലെ തിരുപ്പിറവി ചിത്രീകരണത്തില്‍ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നത്.

3. ആധുനിക ശൈലിയും അവതരണവും
ബിംബങ്ങളില്‍ പൊതുവെ കാണുന്ന വൃത്താകാരവും, മിഴിച്ച കണ്ണുകളും, ലാളിത്യമാര്‍ന്ന നിറക്കൂട്ടും സിറാമിക് മീഡിയത്തിന്‍റെ സ്വഭാവം ഉള്‍ക്കൊണ്ട് കസ്തേലി ആര്‍ട്ട്സ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ വളരെ സ്വാതന്ത്ര്യത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നത് പഴമക്കാര്‍ക്കും, ചിലപ്പോള്‍ പരമ്പരാഗത പുല്‍ക്കൂടുകള്‍ കണ്ടു ശീലിച്ച വിശ്വാസികള്‍ക്കും ഈ നവീന ആവിഷ്ക്കാരം ഉള്‍ക്കൊള്ളുവാന്‍ വിസമ്മതം തോന്നിയേക്കാം.. പുല്‍ക്കൂട്ടില്‍ പതിവുള്ള മേരിയും ജോസഫും ആട്ടിടയന്മാരും, ബെതലഹേം പരിസരത്തെ പാവപ്പെട്ടവരും, ആടുമാടുകളും, പൂജരാജാക്കളും ചേര്‍ന്ന്  ചെറുതും വലുതുമായ 57 വെളുത്ത കളിമണ്‍ പ്രതിമകളാണ് ഫാബ്രിക്കേറ്റു ചെയ്ത സുതാര്യമായ ഫൈബര്‍ കുടക്കീഴില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

4. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ട പാരമ്പര്യം
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഒരു വലിയ ക്രിബ്ബ് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി നിര്‍മ്മിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹമായിരുന്നു. സാധാരണ നാം ക്രിബ്ബുകള്‍ തീര്‍ക്കുന്നത്  ക്രിസ്തുമസ് രാത്രിയോടെയാണെങ്കില്‍, വത്തിക്കാനില്‍ ആഗമനകാലത്ത്, അമലോത്ഭവ തിരുനാളോടെ വലിയ ക്രിബ്ബും ക്രിസ്തുമസ് മരവും സജ്ജമാക്കുന്നത് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വരുന്ന തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയാണ്.

5. സ്ലൊവേനിയന്‍ ക്രിസ്തുമസ് മരം
2020ലെ ക്രിബ്ബ് കസ്തോലിയിലെ ജനങ്ങളുടെ വകയാണെങ്കില്‍, അതിനിണങ്ങുന്ന വിധത്തില്‍ വലിയ ചത്വരത്തില്‍ ഉയര്‍ത്തിയ ഭീമന്‍ ക്രിസ്തുമസ്മരം കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയുടെ വകയായിരുന്നു. അവിടത്തെ കൊച്ചേവെ.. സംരക്ഷിത വനാന്തരങ്ങളില്‍നിന്നും വെട്ടിയെടുത്ത സ്പ്രൂസ് ഇനത്തില്‍പ്പെട്ട 65  അടിയോളം ഉയരമുള്ള മരമാണ് സ്ലൊവേനിയക്കാര്‍ ഇക്കുറി പാപ്പായ്ക്ക് സമ്മാനമായി വത്തിക്കാനില്‍ എത്തിച്ചുകൊടുത്തത്.
ഈ മരം അലങ്കരിച്ച് തെളിയിച്ചത് വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2020, 08:59