പ്രത്യാശയുടെ  പ്രഭാതകിരണങ്ങള്‍ പ്രത്യാശയുടെ പ്രഭാതകിരണങ്ങള്‍  

പ്രതിസന്ധികളില്‍ പ്രത്യാശപകരുന്ന സങ്കീര്‍ത്തനം

63–Ɔο സങ്കീര്‍ത്തനം ഒരു വ്യക്തിഗത വിലാപഗീതത്തിന്‍റെ പഠനം അഞ്ചാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

63-Ɔο സങ്കീര്‍ത്തനപഠനം - ഭാഗം അഞ്ച്


1. പ്രതിസന്ധിയില്‍ ദൈവത്തിങ്കലേയ്ക്കു തിരിയുന്ന മനുഷ്യന്‍ 
സങ്കീര്‍ത്തനം 63-ന്‍റെ ആത്മീയവിചിന്തനം നാം തുടരുകയാണ്. പ്രതിസന്ധിയുടെ പരിമുറുക്കത്തില്‍ ദൈവത്തിങ്കലേയ്ക്ക് വിലാപത്തോടെ തിരിയുന്ന ഒരു മനുഷ്യന്‍റെ വികാരങ്ങളാണ് സങ്കീര്‍ത്തന വരികളില്‍ നാം കണ്ടത്. ദാവീദു രാജാവിന്‍റേതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ ഗീതം, ജീവിതത്തിന്‍റെ ക്ലേശങ്ങളുടെയും മാനസിക പിരിമുറുക്കത്തിന്‍റെയും നിമിഷങ്ങളി‍ല്‍ കണ്ണീരോടും വിലാപത്തോടുംകൂടെ ദൈവത്തിങ്കലേയ്ക്കു തിരിയുന്ന രംഗം വാക്കുകളില്‍ വരച്ചുകാട്ടുന്ന ഗീതമാണ് സങ്കീര്‍ത്തനം 63. ജീവിത സംഘര്‍ഷങ്ങളുടെ വികാരങ്ങള്‍ ഏറെ കൂടുതല്‍ അനുഭവിച്ച ഇസ്രായേലിന്‍റെ രാജാവാണ് ദാവീദ്. അദ്ദേഹത്തിന്‍റെ ഭരണകാലത്തു തന്നെ, മകന്‍ ആബ്സലോം രാജ്യത്ത് പിതാവിന് എതിരെ ഒരു കലാപം നയിച്ചു. രാജാവ് ഭയന്ന്, വിശ്വസ്തരായ ഏതാനും ഭൃത്യന്മാരുടെ അകമ്പടിയോടെ ജീവരക്ഷാര്‍ത്ഥം ഓടിയൊളിച്ചു (2 സാമു. 15, 13-17).

യൂദയാ  മരുപ്രദേശത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗത്ത് ഏതാനും ദിവസങ്ങള്‍ ദാവീദുരാജാവും അനുചരന്മാരും ഒളിവില്‍ കഴിഞ്ഞു. ആ വരണ്ട ഭൂമിയില്‍ അപമാനിതനായും പരിത്യക്തനായും ഹൃദയത്തില്‍ തിങ്ങിനിന്ന വേദനയോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നതിന് ഇടയില്‍ രചിച്ചതാണ് സങ്കീര്‍ത്തനം 63 എന്നാണ് ഒരു കൂട്ടം നിരൂപകന്മാര്‍ വാദിക്കുന്നത്. ജീവിതപ്രതിസന്ധിയുടെ പിരിമുറുക്കത്തില്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദത്തില്‍ ദൈവസന്നിധിയിലേയ്ക്കു തിരിയുകയും, അവിടുത്തെ സന്നിധിയില്‍ വിലപിക്കുകയുംചെയ്യുന്ന മനുഷ്യന്‍റെ വാക്കുകളാണ് ഈ സങ്കീര്‍ത്തന വരികളില്‍ നാം ശ്രവിക്കുന്നത്.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം അനൂപും സംഘവും.


Musical Versio of Ps. 63 – Unit One :
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.
- ആത്മാവെന്നും...

2. സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന നാം
നിങ്ങളും ഞാനും ഭാഗമായ ആനുകാലിക സമൂഹത്തെ വിവരിക്കുവാന്‍ ഉചിതമായൊരു വാക്കു തിരഞ്ഞെടുത്താല്‍, അത് ‘സമ്മര്‍ദ്ദ’മായിരിക്കാം, നമ്മെ കീഴടക്കി ഭരിക്കുന്ന ഒരു പിരിമുറുക്കത്തിന്‍റെ കാലഘട്ടമാണിത്. ഉദാരഹണത്തിന്, ഇന്ന് 5 വയസ്സ് എത്തുംമുന്നേ നാം കൂട്ടികളെ നിര്‍ബന്ധിച്ച് നഴ്സറിസ്കൂളില്‍ വിടുന്നു. തുടര്‍ന്ന് പരീക്ഷയില്‍ ഗ്രേഡു വാങ്ങാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ അവരില്‍ സമ്മര്‍ദ്ദംചെലുത്തുന്നു. അവരെ കലാ-കായിക മത്സരങ്ങളില്‍, അല്ലെങ്കില്‍ പ്രദര്‍ശനപരിപാടികളില്‍ ചേര്‍ത്തിട്ട് വീണ്ടും മറ്റൊരുതലത്തില്‍ പ്രകടനത്തിനും, പേരെടുക്കുവാനും, സമ്മാനം നേടാനുമുള്ള സമ്മര്‍ദ്ദം ആരംഭിക്കുന്നു. കോളെജില്‍ എത്തിയാല്‍... പിന്നെ അത് പൂര്‍ത്തീകരിക്കുവാനുള്ള സമ്മര്‍ദ്ദമാണ്. തുടര്‍ന്ന് ജോലിയെക്കുറിച്ചുള്ള പിരിമുറുക്കമായി. ജോലിയില്‍ പ്രവേശിച്ചാല്‍പ്പിന്നെ അതിന്‍റെ ആശങ്കകളാണ് - തൊഴില്‍മേഖലയിലെ പ്രശ്നങ്ങളും പ്രയാസങ്ങളും അതില്‍ കയറ്റം കിട്ടാനുള്ള നീക്കങ്ങള്‍... എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി ഒടുങ്ങാത്ത പ്രശ്നങ്ങളാണ്. കുടുംബ ജീവിതത്തിലേയ്ക്കു കടന്നാലും പ്രശ്നങ്ങള്‍ കുറയുകയല്ല, കൂടുകയാണ്. ഒരു കുടുംബത്തിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലുമുള്ള പ്രശ്നങ്ങളും സമ്മര്‍ദ്ദവും നിരവധിയാണ്. പിന്നെ കുട്ടികള്‍ ജനിച്ചാല്‍ ഉടനെ അവരെ വളര്‍ത്തുന്നതിലുള്ള സമ്മര്‍ദ്ദവും നീണ്ടുനില്ക്കുന്നതാണ്.

3. ക്ലേശങ്ങളിലും മറക്കാനാവാത്ത മൂല്യങ്ങള്‍
അതിനാല്‍ ഓര്‍ക്കേണ്ടത് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വ്യക്തിജീവിതത്തില്‍ എടുക്കുന്ന മുന്‍തൂക്കങ്ങളാണ്. ജീവിതത്തിന്‍റെ മുന്‍തൂക്കങ്ങള്‍, priorities ആണ് നമ്മെ നയിക്കേണ്ടത്. ജീവിതത്തിന്‍റെ മുന്‍ഗണനകളാണ് സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുവാനും സന്തുലനംചെയ്യുവാന്‍ നമ്മെ തുണയ്ക്കേണ്ടതും, നമുക്ക് മാനദണ്ഡമാകേണ്ടതും. ജീവിതയാത്രയില്‍ സമര്‍ദ്ദങ്ങളുണ്ടാകുമ്പോള്‍, പ്രത്യേകിച്ച് അവയുടെ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ ദൈവത്തിങ്കലേയ്ക്കു തിരിയാമെന്നും, ദൈവസഹായം തേടാമെന്നുമാണ് സങ്കീര്‍ത്തനം 63 നമ്മെ പഠിപ്പിക്കുന്നത്.

Musical Version : Psalm 63 Unit Two verses 3-4
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ
നാമം വിളിച്ചപേക്ഷിക്കും.

4. ദൈവസന്നിധിയില്‍ ആയിരിക്കുവാനുള്ള ആഗ്രഹം
സങ്കീര്‍ത്തകന്‍ ദൈവത്തോട് അപേക്ഷിക്കുന്നത് ആവശ്യങ്ങള്‍വേണ്ടിയല്ലെന്ന കാര്യം വരികളില്‍നിന്നും വ്യക്തമാണ്. ഈ ഗീതത്തില്‍ നാം കാണുന്നത് അര്‍ത്ഥനയല്ല, യാചനയല്ല, മറിച്ച് ദൈവിക സാന്നിദ്ധ്യത്തിനായുള്ള വിലാപവും, ദൈവസന്നിധിയില്‍ ആയിരിക്കുവാനുള്ള തീവ്രമായ ആഗ്രഹവുമാണ്. ദൈവത്തെ സ്തുതിക്കുന്നതിലും അവിടുന്നില്‍ ആനന്ദിക്കുന്നതിലും അവിടുത്തോടു കൂടെയായിരിക്കുന്നതിലുമുള്ള ആത്മവിശ്വാസവും സങ്കീര്‍ത്തനവരികള്‍ വെളിപ്പെടുന്നുണ്ട്. തന്‍റെ പുത്രനെ ഭയന്ന് സ്വന്തം രാജ്യത്തില്‍നിന്നും ഓടി ഒളിക്കേണ്ടി വന്ന ദാവീദു രാജാവിന്‍റെ വിലാപമായിട്ട് ഈ സങ്കീര്‍ത്തനത്തെ നാം കണക്കാക്കിയാലും, ദൈവത്തിന്‍റെ രക്ഷയിലുള്ള പ്രത്യാശയോടെയാണ് രാജാവ് വിലപിക്കുന്നത്, എന്ന വസ്തുതയാണ് ഈ ആത്മീയ വിചിന്തനത്തില്‍ നാം പാഠമാക്കേണ്ടത്. പഴയ നിയമത്തില്‍ ജോബിന്‍റെ പുസ്തകത്തില്‍നിന്നും വ്യക്തമാകുന്നൊരു കാര്യം, ജീവിതത്തില്‍ വന്‍തകര്‍ച്ചകള്‍ ഉണ്ടായപ്പോഴും ജോബ് ദൈവത്തെ കൈവെടിയുന്നില്ലെന്ന സത്യമാണ്. മറിച്ച് പ്രത്യാശയോടെ ദൈവത്തെ സ്തുതിക്കുകയാണു ചെയ്തത്.

Recitation - Book of Job 19, 23-26.
“എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നൂ...
അവസാനം അവിടുന്നു തനിക്കുവേണ്ടി
നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു.
എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു,
ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു.
എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും
എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ കാണും,
ഞാന്‍ അവിടുത്തെ ദര്‍ശിക്കും...”

5. രക്ഷകനായ ദൈവം ജീവിക്കുന്നു!
തന്നെ അധിക്ഷേപിക്കുവാനും ദൈവത്തില്‍നിന്ന് അകറ്റുവാനും വന്ന സ്നേഹിതരെ സമാശ്വാസിപ്പിച്ചതും, ജോബ് പറഞ്ഞയച്ചതും ഇപ്രകാരമാണ്. ദൈവമാണ് തന്‍റെ രക്ഷകന്‍, ജീവിതത്തില്‍ ന്യായം നടത്തിത്തരുന്നവന്‍ ദൈവമാണ്. തന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നു. അതിനാല്‍ രോഗത്തിന്‍റെ പിടിയില്‍, തന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും, ബാക്കി ശരീരത്തില്‍നിന്നുകൊണ്ടു താന്‍ ദൈവത്തെ ദര്‍ശിക്കും, ദൈവത്തെ പ്രഘോഷിക്കുമെന്നാണ് ജോബ് ബോധ്യത്തോടും വിശ്വാസത്തോടുംകൂടെ പ്രസ്താവിച്ചതും നമ്മെ പഠിപ്പിക്കുന്നതും... സങ്കീര്‍ത്തന വരികളിലും മറഞ്ഞുകിടക്കുന്നതു കാണാം. അനുദിന ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങളിലും രോഗങ്ങളിലും വലിയ ക്ലേശങ്ങളിലും, ഒരു മഹാദുരന്തത്തില്‍പ്പോലും സ്രഷ്ടാവും രക്ഷകനുമായ ദൈവം നമ്മെ കൈവെടിയുകയില്ലെന്ന് ഈ ഗീതം നമ്മെ പഠിപ്പിക്കുന്നു.

6. പ്രത്യാശ പകരുന്ന സങ്കീര്‍ത്തനം
പ്രത്യാശ കൈവെടിയരുത്. അതൊരു സമ്മാനമാണെന്നും, നാം യാചിക്കേണ്ട സമ്മാനമാണെന്നും ഈ ഗീതം പഠിപ്പിക്കുന്നുണ്ട്. ജീവിത പ്രതിസന്ധികളുടേയും പ്രയാസത്തിന്‍റേയും ഇക്കാലയളവില്‍, “ദൈവമേ, എനിക്കു പ്രത്യാശ തരണമേ...!” എന്നു നമുക്ക് ആത്മാര്‍ത്ഥമായി യാചിക്കാം, പ്രാര്‍ത്ഥിക്കാം. നമ്മെ നിരാശയിലും ദുഃഖത്തിലും വേദനയിലും ആഴ്ത്തുന്ന സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്. എങ്കിലും പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല. മറിച്ച്, അതു ജീവിതത്തിന് അര്‍ത്ഥംപകരുന്നു. പ്രത്യാശയില്‍ മരണാനന്തര ജീവിതം നാം കാണുന്നില്ല, എന്നാല്‍ അത് ദൈവം തരുന്ന ദാനമാണെന്നു മനസ്സിലാക്കിയാല്‍ മനുഷ്യന്‍ അര്‍ഹിക്കാത്ത ദാനവുമാണ് പ്രത്യാശ. അത് ദൈവകൃപ തന്നെയാണ്. പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കില്ല. അത് നമ്മെ നയിക്കുകയും ജീവിതത്തിന് അര്‍ത്ഥം തരികയുംചെയ്യും.

Musical Version : Psalm 63 Unit Three verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 

അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം തുടര്‍ന്നും ശ്രവിക്കാം. (ഭാഗം ആറ്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2020, 12:47