2020.10.02 PO VALLE Laudato si project 2020.10.02 PO VALLE Laudato si project 

‘പോ’ നദീ തീരത്ത് “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഉദ്യാനം

“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഉദ്യാനവും കപ്പേളയും ഉദ്ഘാടനം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പോ നദീതട പാരിസ്ഥിതിക ഉദ്യാനവും കപ്പേളയും
വടക്കെ ഇറ്റലിയിലെ ‘പോ’ നദീ തീരത്ത് “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഉദ്യാനത്തിന്‍റെയും കപ്പേളയുടെയും, ഡെല്‍റ്റാ പ്രദേശത്തിന്‍റെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണ പദ്ധതിക്ക് ഒക്ടോബര്‍ 4-ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍സണ്‍ തുടക്കം കുറിക്കും. പദ്ധതി പ്രദേശത്തെ 8 നഗരസഭകളുടെ പിന്‍തുണയോടെയാണ് ഈ വന്‍പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് ആരംഭമാകുന്നത്.

2. എട്ടു നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി പ്രദേശം
ഇറ്റലിയിലെ ഏറ്റവും നീളമേറിയ നദിയായ പോ ആല്‍പ്സ് പര്‍വ്വത തീരങ്ങളില്‍ ഉത്ഭവിച്ച് വടക്കന്‍ ഇറ്റലിയിലൂടെ കിഴക്കോട്ട് ഒഴുകുന്നു. ചരിത്ര പ്രാധാന്യവും ജൈവവൈവിധ്യവുംകൊണ്ട് ശ്രദ്ധേയമായ ഈ നദീതടം ഭൂമിശാസ്ത്രപരമായി വെനീസ് പ്രവിശ്യയാണ്. ഇവിടെയുള്ള 8 നഗരങ്ങളാണ് - റൊസൊലീന, അരിയാനോ-പൊളെസീന്‍, കൊര്‍ബോള, ലൂരെയോ, പോര്‍ത്തോ വീരോ, പോര്‍ത്തോ തോളെ, താലിയോ ദി പോ – ഈ വന്‍ പാരിസ്ഥിതിക പദ്ധതിയുടെ പ്രയോക്താക്കള്‍. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യെന്ന പാരിസ്ഥിതിക സാമൂഹിക ചാക്രിക ലേഖനത്തിന്‍റെ
5-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടും, അതിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ടുമാണ് പോ നദീപ്രദേശത്തെ ഈ നഗരങ്ങളുടെ ഉല്പാദനം, സമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ വിഭാഗങ്ങള്‍ കൂട്ടുചേര്‍ന്ന് ഡല്‍റ്റാ പ്രദേശത്തിന്‍റെയും ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണ പദ്ധതി ഒരുക്കിയിരിക്കുന്നത്.

3. ഉദ്യാനത്തിന്‍റെയും  കപ്പേളയുടെയും ഉദ്ഘാടനം
പദ്ധതിയുടെ ഭാഗമായിട്ടാണ് ആദ്യം, ഇവിടെ റൊസൊലീന നഗരപ്രാന്തത്തില്‍ പോ നദിയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന ഉദ്യാനത്തിന്‍റെയും, അവിടെ തയ്യാറാക്കിയിരിക്കുന്ന “ലൗദാത്തോ സീ കപ്പേള”-യുടെയും ഉദ്ഘാടനം  കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് നിര്‍വ്വഹിക്കുന്നത്. മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തി ഡല്‍റ്റാ പ്രദേശത്തെ തുടര്‍ന്നും സജീവമാക്കുവാനും, ഒപ്പം അവിടുത്തെ പ്രകൃതിയെ സംരക്ഷിക്കുവാനും സമുദ്ധരിക്കുവാനുമാണ് പോ ഡെല്‍റ്റാ പ്രവിശ്യകളിലെ നഗരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇടവകകള്‍, പൗരസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍, യുവജന പ്രസ്ഥാനങ്ങള്‍ എന്നിവ കൂട്ടുചേര്‍ന്നാണ് ആദ്യഘട്ടം പരിപാടികള്‍ക്ക് ശനിയാഴ്ച, ഒക്ടോബര്‍ 4-ന് തുടക്കം കുറിക്കുന്നത്.

4. വത്തിക്കാന്‍റെ പിന്‍തുണ
പരിസ്ഥിതി ശാസ്ത്രജ്ഞനും സലീഷ്യന്‍ സഭാംഗവുമായ ഡോ. ജോഷ്ട്രോം ഐസക് കുരീത്തടം നേതൃത്വംനല്കുന്ന സൃഷ്ടിയുടെ സംരക്ഷണത്തിനുള്ള വത്തിക്കാന്‍ വിഭാഗവുമായി കക്ഷിചേര്‍ന്നാണ് പോ ഡെല്‍റ്റാ താഴ്വാര പദ്ധതിക്ക് തുടക്കമാകുന്നത്. ഓരോ മനുഷ്യനും സഹോദരന്‍റെയും കാവല്‍ക്കാരനാണെന്ന് സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം പഠിപ്പിക്കുമ്പോള്‍ (ഉല്പത്തി 4, 9), തീര്‍ച്ചയായും മനുഷ്യര്‍ വസിക്കുന്ന പൊതുഭവനമായ ഭൂമിയുടെയും സംരക്ഷകരാകുവാനും ഭൂമുഖത്തു വസിക്കുന്ന ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു.

5. കലാസാംസ്കാരിക പരിപാടികള്‍
പാരിസ്ഥിതിക കപ്പേളയുടെയും പോ ഡെല്‍റ്റ ഉദ്യാനത്തിന്‍റെയും ഉദ്ഘാടനത്തെ തുടര്‍ന്ന് പ്രശസ്തരായ ഇറ്റാലിയന്‍ കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികളും പോ നദിയില്‍ സജ്ജമാക്കിയിട്ടുള്ള “ഒഴുകുന്ന താല്ക്കാലിക വേദി”യില്‍ (float) അരങ്ങേറുമെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം സെപ്തംബര്‍ 28-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2020, 09:29