2020.10.08 LAUDATO SI GIARDINO IN PO DELTA,  inaugurato Po Delat Laudato Si' Giardino - news dicastero per lo sviluppo umano integrale 2020.10.08 LAUDATO SI GIARDINO IN PO DELTA, inaugurato Po Delat Laudato Si' Giardino - news dicastero per lo sviluppo umano integrale 

പാരിസ്ഥിതിക വികസനത്തിനു മാതൃക : “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” ഉദ്യാനം

ഇറ്റലിയിലെ ‘പോ’ നദീതടത്തില്‍ 7 മുനിസിപ്പാലിറ്റികള്‍ ചേര്‍ന്നുള്ള സംരംഭം കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ഉദ്ഘാടനംചെയ്തു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  “പോ” നദീതടത്തിലെ പരിസ്ഥിതി സംരക്ഷണപദ്ധതി
ഒക്ടോബര്‍ 4-ന് ഞായറാഴ്ച പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്സിന്‍റെ തിരുനാളി‍ല്‍ വടക്കെ ഇറ്റലിയിലെ ‘പോ’ നദീതട പ്രദേശത്തെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,” “ലൗദാത്തോ സീ” ഉദ്യാനത്തിന്‍റെ ഉദ്ഘാടനത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയിലാണ് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെനീസ് പ്രവിശ്യയിലെ 7 മുനിസിപ്പാലിറ്റികള്‍ കൂട്ടംചേര്‍ന്നാണ് ‘പോ’ നദീത‌ട ഡെല്‍റ്റപ്രദേശത്തിന്‍റെയും കൃഷിയിടങ്ങളുടെയും ജൈവവൈവിദ്ധ്യങ്ങളുടെയും സംരക്ഷണം യാഥാര്‍ത്ഥ്യമാക്കത്തക്കവിധം ഒരു വിസ്തൃതമായ ഉദ്യാനം ആ പ്രദേശത്ത് പണിതീര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

2. ജനകീയ  സംരംഭം
റൊസലീന, അരിയാനോ നെല്‍ പോളെസീന്‍, കൊര്‍ബോള, ലൊറെയോ, പോര്‍ത്തോ വീരോ, പോര്‍ത്തോ തോളെ, താളിയോ ദി പോ എന്നിങ്ങനെ ഏഴു മുനിസിപ്പാലിറ്റികളുടെ കൂട്ടായ്മയിലാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ" (Laudato Si') എന്ന ചാക്രിക ലേഖനത്തിന്‍റെ പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് ഡെല്‍റ്റാ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങള്‍ സന്നദ്ധരായതെന്ന് ഫാദര്‍ ജോഷ്ട്രോം വിശദീകരിച്ചു. വെനീസ് പ്രവിശ്യ ഭരണസമിതിയോടും, കാര്‍ഷിക വകുപ്പിനോടും, വത്തിക്കാന്‍റെ സമഗ്രമാനവ പുരോഗതിക്കായുള്ള സംഘം കൈകോര്‍ത്താണ് ‘പോ’ നദീതട ഉദ്യാനത്തിനും, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കും ഞായറാഴ്ച തുടക്കമായത്.

3. വത്തിക്കാന്‍റെ പിന്‍തുണ
ഓക്ടോബര്‍ 4-ന് ഉദ്യാനത്തിലെ താല്ക്കാലിക വേദിയില്‍ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ഉദ്യാനത്തിന്‍റെ ഉദ്ഘാടനം നടന്നത്.  തുടര്‍ന്നു നടന്ന പരിസ്ഥിതി ചര്‍ച്ചാ സമ്മേളനത്തില്‍ പോ നദീതട  പ്രദേശത്തെ ജനങ്ങള്‍ സജീവമായി പങ്കെടുത്തു. പ്രാര്‍ത്ഥനയും സംഗീതവും കലയും പ്രകൃതിയും സംഗമിച്ച ഉദ്യാനവേദിയില്‍ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഫാദര്‍ ജോഷ്ട്രോം ഐസക് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണകള്‍ നല്കി. ജൈവവൈവിധ്യങ്ങളുടെ ഭണ്ഡാരപ്പുരയും, സമ്പന്നമായ കൃഷിയിടവും അതിമനോഹരമായ പ്രകൃതിയുമുള്ള പോ ഡെല്‍റ്റാ പ്രദേശത്തെ സംരക്ഷിക്കാനുള്ള മാതൃകാപരമായ നീക്കത്തില്‍ കൂട്ടുചേര്‍ന്ന സ്ഥലത്തെ പൗരസമൂഹത്തിനും, ഭരണകര്‍ത്താക്കള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, സംഘടനകള്‍ക്കും, യുവജനങ്ങളുടെ കൂട്ടായ്മയ്ക്കും വത്തിക്കാന്‍റെ പ്രതിനിധി, ഫാദര്‍ ജോഷ്ട്രോം നന്ദിയര്‍പ്പിച്ചു. ‌

4. നദീതീരത്തെ സാന്ദ്രമാക്കിയ സംഗീതനിശ
സംഗീതജ്ഞന്‍ ദിയേഗോ ബാസ്സോ നയിച്ച, ഇറ്റലിയുടെ വിഖ്യാതനായ ടെനര്‍ ഗായകന്‍ ഫ്രാന്‍ചേസ്കോ ഗ്രോലോയുടെ അതിമനോഹരവും സാന്ദ്രവുമായ സംഗീതനിശയോടെയാണ് പോ ഡെല്‍റ്റാ തീരത്തെ “ലൗദാത്തോ സീ” ഉദ്യാനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെയും ഉദ്ഘോടനത്തിന് പരിസമാപ്തിയായത്.  പാപ്പാ ഫ്രാന്‍സിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”  (Laudato Si') എന്ന വിഖ്യാതമായ പാരിസ്ഥിതിക ചാക്രികലേഖനത്തിന്‍റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് വടക്കെ ഇറ്റലിയിലെ ജനങ്ങള്‍ ഈ പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടതെന്നും  ഫാദര്‍ ജോഷ്ട്രോം അറിയിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2020, 14:13