arcivescovo Ivan Jurkovic arcivescovo Ivan Jurkovic 

ബൗദ്ധിക പകര്‍പ്പവകാശനിയമം മതിലുകള്‍ സൃഷ്ടിക്കരുത്

ജനീവയിലെ യുഎന്‍ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍റെ അഭിപ്രായ പ്രകടനം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അവകാശപത്രിക  പൊതുനന്മയ്ക്ക്
ബൗദ്ധിക പകര്‍പ്പവകാശവും ഉല്പന്നങ്ങളുടെ അവകാശപത്രികയും ഒരിക്കലും സമൂഹത്തില്‍ മതിലുകള്‍ സൃഷ്ടിക്കുവാനുള്ളതല്ലെന്ന്, മനുഷ്യാവകാശത്തിനായുള്ള യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച്ച് അഭിപ്രായപ്പെട്ടു. പകര്‍പ്പവകാശ നിയമം സംബന്ധിച്ച് ചേര്‍ന്ന 61-Ɔമത് രാജ്യാന്തര സമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്.

മനുഷ്യന്‍റെ അടിസ്ഥാന അവകാശമായ ചികിത്സ, രോഗശമനത്തിനുള്ള ഔഷധങ്ങള്‍, മരുന്നുവിതരണം, ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ എന്നീ കാര്യങ്ങളില്‍ ബൗദ്ധിക പകര്‍പ്പവകാശ നിയമം ഒരു രാജ്യത്തിനോ, ജനതയ്ക്കോവേണ്ടി മാത്രം സംവരണംചെയ്യാതെ, മാനവരാശിയുടെ പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ടത് ബൗദ്ധിക പകര്‍പ്പ് അവകാശ നിയമത്തിന്‍റെ ഭാഗമായിരിക്കണമെന്ന് സെപ്തംബര്‍ 21-ന് ജനീവ ആസ്ഥാനത്തു ചേര്‍ന്ന ബൗദ്ധിക പകര്‍പ്പവകാശം സംബന്ധിച്ച സംഗമത്തില്‍ (Wipo Assembly) വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് അഭ്യര്‍ത്ഥിച്ചു.

2. കോവിഡ്-19 പ്രതിരോധമരുന്ന് ആരും കുത്തകയാക്കരുത്
ഉദാഹരണത്തിന് കോവി‍ഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പു മരുന്നു കണ്ടുപടിക്കുന്നത് ഏതാനും രാഷ്ട്രങ്ങളുടെ കുത്തകയാക്കി സൂക്ഷിക്കാതെ ആഗോള വ്യാപകമായി അത് മാനവകുലത്തിന് ലഭ്യമാക്കാനാണു പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് പ്രബന്ധത്തിലൂടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ബൗദ്ധിക പകര്‍പ്പവകാശ നിയമത്തിലൂടെ വികസനവും വളര്‍ച്ചയും ലോകത്ത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നവസാങ്കേതികതയുടെയും കണ്ടുപിടുത്തങ്ങളുടെയും കൈമാറ്റവും വിതരണവും ആഗോളതലത്തില്‍ അനിവാര്യമാണെന്നും ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു.

3. കാലാവസ്ഥ വ്യതിയാനത്തോട് യുഎന്‍ പ്രതികരിക്കണം
അതുപോലെ ഇന്ന് ലോകത്ത് എവിടെയും വിവിധ തരത്തിലുള്ള കെടുതികള്‍ക്ക് കാരണമാക്കുന്ന കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസത്തെ നേരിടുവാന്‍ ആഗോളതലത്തിലും ദീര്‍ഘകാല വീക്ഷണത്തോടെയുമുള്ള പ്രതിവിധികള്‍ ലഭ്യമാക്കിക്കൊണ്ട് മാനവികതയുടെ സുസ്ഥിതിയും വികസനവും യാഥാര്‍ത്ഥ്യമാക്കാന്‍ യുഎന്‍ മുന്‍കൈ എടുക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.

സാമ്പത്തിക വളര്‍ച്ചയും സുസ്ഥിതി വികസനവും ലോകത്ത് ഉണ്ടാകണമെങ്കില്‍ കാലവാസ്ഥ വ്യതിയാനത്തോട് കാലികമായ  പ്രതികരണം ആവശ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ലോകത്ത് എവിടെയും ഇന്നു തലപൊക്കുന്ന വന്‍കാലാവസ്ഥ ദുരന്തങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തണമെങ്കില്‍ പൊതുവായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കും ഉപരി, വ്യക്തികളുടെ ഭാവിയും, യുവജനങ്ങളുടെയും പാവങ്ങളുടെയും ഭാവിയും ഉറപ്പുവരുത്തുന്ന രീതിയില്‍ സൂക്ഷ്മതയുള്ള പരിഹാരമാര്‍ഗ്ഗങ്ങളിലേയ്ക്കു ഐക്യരാഷ്ട്ര സഭ കടക്കണമെന്ന അഭിപ്രായത്തോടെയാണ്  ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2020, 07:41