US-FIRES US-FIRES 

നന്ദിയോടെ ഈശ്വരനിലേയ്ക്കു തിരിയേണ്ട മര്‍ത്യജീവിതങ്ങള്‍

30–Ɔο സങ്കീര്‍ത്തനം ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം ആറാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

30-Ɔο സങ്കീര്‍ത്തനം - നന്ദിയുടെ സ്തുതിപ്പ്


1. നന്ദിയുടെ സ്തുതിപ്പ്
സങ്കീര്‍ത്തനം 30-ന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ അവസാനത്തെ ഭാഗമാണിന്ന്. കഴിഞ്ഞ ആഴ്ചകളിലായി ഈ കൃതഞ്ജതാഗീതത്തിന്‍റെ 1-മുതല്‍ 9-വരെയുള്ള വരികളുടെ വ്യാഖ്യാനം പഠിക്കുകയുണ്ടായി. ആദ്യഘട്ടം 4 വരികള്‍ രക്ഷകനായ ദൈവത്തിന് നന്ദിപറഞ്ഞ് അവിടുത്തെ സ്തുതിക്കുകയാണ്. തന്നെയും തന്‍റെ ജനത്തെയും രക്ഷിച്ചതിന് ദൈവത്തെ പാടിസ്തുതിക്കുകയാണ് ഗായകന്‍.  ശത്രുക്കള്‍ തന്‍റെമേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കാതിരുന്നതിന് അവിടുത്തേയ്ക്ക് സങ്കീര്‍ത്തനം നന്ദിപറയുന്നു. അതുപോലെ പാതാളത്തില്‍നിന്ന് തന്നെ കരേറ്റി രക്ഷിച്ചതിനും മരണ ഗര്‍ത്തത്തില്‍നിന്നും ജീവനിലേയ്ക്കു നയിച്ചതിനും അവിടുത്തേയ്ക്ക് കൃതജ്ഞതപറയുന്നു. ദൈവത്തെ സ്തുതിക്കുന്ന ജനത്തെ കര്‍ത്താവിന്‍റെ വിശുദ്ധരേ... എന്ന് ഭവ്യതയോടെ ഗായകന്‍ അഭിസംബോധനചെയ്യുന്നു. പാതാളത്തില്‍നിന്നു തന്നെ കരേറ്റി രക്ഷിച്ചതിനും മരണഗര്‍ത്തത്തില്‍നിന്നു ജീവനിലേയ്ക്കു നയിച്ചതിനും ഗായകന്‍ അവിടുത്തേയ്ക്കു കൃതജ്ഞതനേരുന്നു (സങ്കീ. 30, 4-5).

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷ നല്കി. (2).

2. അസ്തിത്വം നല്കിയ ദൈവം
ഗീതത്തിന്‍റെ രണ്ടാംഘട്ടംത്തില്‍ ദൈവം കാരുണ്യവാനാണെന്ന് പ്രകീര്‍ത്തിക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു, ദൈവത്തിന്‍റെ പരിശുദ്ധ നാമത്തിനു നാം നന്ദിയര്‍പ്പിക്കുവിന്‍. കാരണം അവിടുത്തെ പ്രസാദം നമ്മുടെമേല്‍ ആജീവനാന്തം നിലനില്ക്കുന്നതാണ്. ഒരു ദിവസത്തില്‍ ചില യാമങ്ങള്‍ യാതനാപൂര്‍ണ്ണമാകാമെങ്കിലും, ഓരോ പ്രഭാതത്തിലും ദൈവം നമുക്ക് സന്തോഷവും പ്രത്യാശയും നല്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുകയും പ്രത്യാശ പകരുകയും ചെയ്യുന്നു. ഗീതത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ഗായകന്‍ വീണ്ടും പര്‍വ്വതംപോലെ തന്നെ ഉറപ്പിച്ചു സ്ഥാപിച്ച ദൈവത്തെ സ്തുതിക്കുന്നു. കാരണം നല്ലകാലത്ത് താന്‍ തന്നില്‍തന്നെ മുഴുകി ജീവിച്ചു, ദൈവത്തെ മറന്നു. എന്നാല്‍ ദൈവമാണ് തനിക്ക് അസ്തിത്വം നല്കിയതും, പര്‍വ്വതംപോലെ തന്നെ ഉറപ്പിച്ചതുമെന്ന് സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു.

3. ദൈവത്തില്‍നിന്നും അകന്നുപോകുന്ന മനുഷ്യന്‍
ദൈവം എപ്പോള്‍ തന്നില്‍നിന്നും മറഞ്ഞിരിക്കുന്നുവോ ആ നിമിഷം ജീവിതം അര്‍ത്ഥശൂന്യമാകും. മനുഷ്യന്‍റെ നിലനില്പ് ഇല്ലാതാകും. അപ്പോള്‍ താന്‍ പരിഭ്രാന്തനാകും. നിലവിളിക്കും. ദൈവത്തോടു യാചിക്കും. ദൈവമേ, താന്‍ ഇല്ലാതായാല്‍ അങ്ങേയ്ക്ക് എന്തു ഫലം? താന്‍ മണ്ണോടു മണ്ണടഞ്ഞാല്‍ ഇല്ലായ്മയില്‍ ദൈവത്തെ സ്തുതിക്കുവാന്‍ കെല്പില്ലാത്തവാനായി മാറുമല്ലോ? മരണഗര്‍ത്തത്തില്‍നിന്നും ഒരുവന്‍ ദൈവത്തെ സ്തുതിക്കാന്‍ കെല്പില്ലാത്തവനായി മാറും. കാരണം പാതാളം ദൈവത്തെ സ്തുതിക്കുന്നില്ല. മരണം ജീവിതത്തെ നിഷ്പ്രഭമാക്കുന്നു. പൂഴിയിലേയ്ക്കു മടങ്ങുന്ന മനുഷ്യശരീരം ദൈവത്തെ സ്തുതിക്കാന്‍ കെല്പില്ലാത്ത അവസ്ഥ പ്രാപിക്കുമെന്ന് സങ്കീര്‍ത്തകന്‍ എളിമയോടെ വിലപിക്കുന്നു. അയാള്‍ ദൈവത്തിന്‍റെ കാരുണ്യാതിരേകത്തെ സ്തിക്കുകയും, തനിക്ക് ജീവനും അസ്ഥിത്വവും നല്കിയ ദൈവം അനശ്വരനാണെന്ന് പ്രകീര്‍ത്തിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.

Musical Version : Psalm 30 Unit One

എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍
അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

5. ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടാം
നാലാംഘട്ടം, സങ്കീര്‍ത്തനം 30-ന്‍റെ
10-മുതല്‍ 12-വരെയുള്ള വരികളാണ്തുടര്‍ന്നും വിചിന്തനം ചെയ്യുന്നത്.

Recitation of Ps. 30 verses 10-12.
കര്‍ത്താവേ, എന്‍റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ?
കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ!
അവിടുന്ന് എന്‍റെ വിലാപത്തെ ആനന്ദനൃത്തമായ് മാറ്റി,
അവിടുന്ന് എന്‍റെ ചാക്കു വസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു.
ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും
ദൈവമായ കര്‍ത്തവേ, ഞാനങ്ങേയ്ക്ക് എന്നും നന്ദിപറയും!
തന്‍റെ വിനാശത്തിന്‍റെയും മരണത്തിന്‍റെയും നാളുകളെ ഓര്‍ത്ത് പരിഭ്രാന്തനായ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി കേഴുന്ന ഒരു യാചനാഭാഗമാണ് നാലാം ഘട്ടമെന്നത് സുവ്യക്തമാണ് :
ദൈവമേ,  ഞങ്ങളെ ശ്രവിക്കണമേ,
എന്നെ സഹായിക്കാന്‍ വേഗം വരേണമേ.

6. നന്ദിയര്‍പ്പിക്കുന്ന മനുഷ്യന്‍
ദേവാലയത്തില്‍ ദൈവത്തെ സ്തുതിച്ചു നന്ദിപറയാന്‍ എത്തിയ ഗായകന്‍ അവിടെ, ജരൂസലേം ദേവാലയത്തിന്‍റെ പുനരുത്ഥരിക്കപ്പെട്ട സാമൂഹ്യപശ്ചാത്തലത്തില്‍ എല്ലാ വ്യഥകളും മറന്ന് പാടുന്നു. തന്‍റെയും തന്‍റെ ജനത്തിന്‍റെയും ജീവിത ദുഃഖത്തെയും വിലാപത്തെയും എല്ലാം മാറ്റിവച്ചത് ദൈവിക സാന്നിദ്ധ്യമാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. സ്രഷ്ടാവും രക്ഷകനുമായ അവിടുത്തെ തിരുമുന്‍പില്‍ നൃത്തംചവിട്ടാന്‍ ദൈവം തന്നെ അനുവദിക്കുന്നുവെന്നത് സങ്കീര്‍ത്തകന്‍റെ ബോധ്യമാണ്. അങ്ങനെ ദൈവസന്നിധിയില്‍ തന്‍റെ ജീവിതം ഒരു ആനന്ദനൃത്തമായി പരിണമിച്ചുവെന്ന് ഗായകന്‍ ഏറ്റുപറയുകയും വരികളില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കാരണം ജനം അവരുടെ വിഴ്ചകള്‍ക്ക് ചാക്കുവസ്ത്രമണിഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നെന്നു വരികള്‍ വ്യക്തമാക്കുന്നു (11b).

ശരീരത്തെ പീഡിപ്പിച്ച് പരിഹാരംചെയ്യുന്ന പഴയ രീതിയാണ് ചാക്കുവസ്ത്രമണിയല്‍. ആന്തരീകമായ അനുതാപം അല്ലെങ്കില്‍ ഉള്‍ത്താപത്തോടൊപ്പം, ചാക്കുവസ്ത്രം അനുതാപത്തിന്‍റെ പരസ്യമായ പ്രഖ്യാപനമാണ്. ‍താന്‍ പാപിയാകയാല്‍ തന്‍റെ പാപങ്ങള്‍ക്കു ദൈവത്തോടു മാപ്പപേക്ഷിക്കുകയാണ് പരിഹാരപ്രവൃത്തിയിലൂടെയെന്ന് പരസ്യമായി ഏറ്റുപറയുകയാണ് ഇവിടെ.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം രമേഷ് മുരളിയും സംഘവും.


Musical Version : Psalm 30 Unit Two

കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

7. തിരിച്ചുവരവിന്‍റെയും നന്ദിയുടെയും ആനന്ദം
മനുഷ്യന്‍ ബലഹീനനാണെങ്കിലും, ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ പാറപോലെ, പര്‍വ്വതംപോലെ ഉറച്ചരൂപമാണെന്ന് സങ്കീര്‍ത്തകന്‍ വിവരിക്കുന്നു. മനുഷ്യന്‍ നശിച്ചുപോകേണ്ടവനല്ല, തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ അനുതാപത്തോടെ ദൈവത്തിങ്കലേയ്ക്ക് തിരിച്ചുചെല്ലേണ്ടതാണെന്ന് സങ്കീര്‍ത്തകന്‍ ഓര്‍പ്പിക്കുന്നു. അതിനാല്‍ തിരിച്ചുവരവിന്‍റെ ആനന്ദം, നന്ദിയുടെ ആനന്ദമായി വരികളില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും നമുക്കു വ്യാഖ്യാനിക്കാവുന്നതാണ്, കണ്ടെത്താവുന്നതാണ്. അങ്ങനെ ദൈവം ഇസ്രായേലിന്‍റെ കരച്ചില്‍ കേട്ടു. അവരുടെ അനുതാപത്തിന്‍റെ കരച്ചില്‍ അവിടുന്ന് ആനന്ദമായും, ആനന്ദനൃത്തമായും മാറ്റിയിരിക്കുന്നു എന്നാണ് സങ്കീര്‍ത്തനം രേഖപ്പെടുത്തുന്നത്.

Recitation of Ps. 30, verse 12.

ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും
ദൈവമായ കര്‍ത്തവേ, ഞാനങ്ങേയ്ക്ക് എന്നും നന്ദിയര്‍പ്പിക്കും!

8. ഈശ്വരനിലേയ്ക്കു തിരിയേണ്ട ജീവിതങ്ങള്‍

ഏതു മതസ്ഥരായിരുന്നാലും പ്രാര്‍ത്ഥന ജീവിതത്തില്‍ നല്ലതാണെന്നു മാത്രമല്ല, ആവശ്യമാണ്. കുടുംബങ്ങളില്‍ വെളുപ്പിന് ഒരു പ്രഭാതപ്രാര്‍ത്ഥന. സന്ധ്യയ്ക്ക് ഒരു സന്ധ്യാപ്രാര്‍ത്ഥന. അപ്പോള്‍ ആ ദിവസം ഒരു ആനന്ദനൃത്തമായ് ഭവിക്കും എന്നാണ് പറയുന്നത്. കാരണം ഈശ്വരനില്‍നിന്നും ആരംഭിക്കുന്ന ജീവിതങ്ങള്‍ അവിടുന്നില്‍ ലയിക്കുന്നതാണ് പൂര്‍ണ്ണതയെന്ന് ഈ വരികള്‍ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ദൈവത്തെ സ്തുതിച്ചു പാടിക്കൊണ്ട് ആരംഭിച്ച ഗീതം, ഒരു വിലാപത്തിലൂടെ അവസാനം നന്ദിയുടെ പ്രഘോഷണമായിട്ടാണ് അവസാനിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ട് നമുക്കീ ആത്മീയവിചിന്തനം ഉപസംഹരിക്കാം

Musical Version : Psalm 30 Unit Three
3. കര്‍ത്താവേ, എന്‍റെ യാചന കേട്ടു കരുണതോന്നണേ
അവിടുന്നെന്നെ സഹായിക്കേണമേ
ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്കെന്നും
നന്ദിയര്‍പ്പിക്കുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

അടുത്തയാഴ്ചയില്‍ 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ പൊതുവായ ഒരവലോകനം ശ്രവിക്കാം (ഭാഗം ഏഴ്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2020, 13:18