Tedros Adhanom Gabresus, Secretary General of World Health Organization Tedros Adhanom Gabresus, Secretary General of World Health Organization 

കോവിഡ് കുത്തിവെയ്പിന്‍റെ ദേശീയ സങ്കുചിതത്ത്വം ഉപേക്ഷിക്കണം

ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി സെക്രട്ടറി ജനറലിന്‍റെ അഭ്യര്‍ത്ഥന

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദേശീയ തലത്തില്‍ തലപൊക്കുന്ന സ്വാര്‍ത്ഥത
കോവിഡ് 19-ന് എതിരായ കുത്തിവയ്പ്പു സംബന്ധിച്ച ദേശീയ സങ്കുചിതത്ത്വം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, തെദ്രോസ് ആദനോം ഗബ്രേസൂസ് അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 19-ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവ കേന്ദ്രത്തില്‍നിന്നും ഇറക്കിയ പ്രസ്താവനയിലൂടെയാണ് കോവിഡ് 19-നുള്ള പ്രതിരോധകുത്തിവെയ്പ്പു സംബന്ധിച്ച് ലോകത്തിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ദേശീയ സങ്കുചിതത്ത്വം അവസാനിപ്പിച്ച് മാനവികതയുടെ നന്മയ്ക്കായി ചിന്തിക്കുകയും ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് ഗബ്രേസൂസ് അഭ്യര്‍ത്ഥിച്ചത്. ആഗോളവ്യാപകമായി കാണുന്ന ഈ സങ്കുചിത മനഃസ്ഥിതികൊണ്ട് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യസംഘടന ചെയ്യുന്ന മരുന്നുകളുടെയും മാസ്ക്പോലുള്ള ചികിത്സാസാമഗ്രികളുടെയും കൈമാറ്റത്തിനും ഗതാഗതത്തിനും എതിരായ വെല്ലുവിളികള്‍ രാജ്യാതിര്‍ത്തികളില്‍ നേരിടുണ്ടെന്ന് ഗബ്രേസൂസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

2. അതിരുകള്‍ കടന്നു സഹായിക്കണം
ഏറെ വര്‍ദ്ധിച്ച സങ്കുചിത ദേശീയചിന്താഗതിയും മരുന്നു കമ്പനികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളും മഹാമാരിക്കെതിരായ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും സഹായഹസ്തങ്ങളെയും മരവിപ്പിച്ചിരിക്കുകയാണ് ഇതുമൂലം ചെയ്യുന്നതെന്ന് ഗബ്രേസൂസ് ഖേദപൂര്‍വ്വം അറിയിച്ചു. തങ്ങളുടെ ജനങ്ങളെ രക്ഷിക്കാനുള്ള രാഷ്ട്രത്തലവന്മാരുടെ ആവേശം നല്ലതാണെങ്കിലും, ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ ഇല്ലാതാക്കാന്‍ രാഷ്ട്രങ്ങള്‍ സംഘടിതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചില രാജ്യങ്ങളെ സഹായിക്കുന്നതിനു പകരം, ആവശ്യത്തിലായിരിക്കുന്നവരെയും രോഗബാധയുടെ തീവ്രത അധികമുള്ള ജനങ്ങളെയും അതിരുകള്‍ക്കപ്പുറം ചെന്നു സഹായിക്കണം;  വിശിഷ്യാ പാവങ്ങള്‍ക്കും  മരുന്നു ലഭ്യമാക്കി  അവരെയും രക്ഷപ്പെടുത്തിയെങ്കിലേ ഈ വൈറസ് ബാധയെ ഇല്ലാതാക്കുവാനും, ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഭദ്രമാക്കുവാനും, ജീവിതം സാധാരണഗതിയിലേയ്ക്ക് തിരിച്ചെത്തിക്കുവാനും സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ലോകാരോഗ്യ സംഘടനയിലെ  തന്‍റെ നീണ്ടകാല  അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അഭിപ്രായപ്പെട്ടു.

3. രാഷ്ട്രങ്ങള്‍ ഒത്തുചേരണം
കോവിഡ് 19-ന്‍റെ പ്രതിരോധകുത്തിവെയ്പിനെ സംബന്ധിച്ച സ്വാര്‍ത്ഥവും സങ്കുചിതവുമായ ദേശീയത വെടിഞ്ഞ്, പങ്കാളികളും കൂട്ടാളികളുമായ എല്ലാ രാജ്യങ്ങളുമായി മരുന്ന് കൈമാറ്റം ചെയ്യണമെന്നും, എന്നാല്‍ അതിന്‍റെ കാര്യക്ഷമതയും, പാര്‍ശ്വഫലങ്ങളും കഴിയുന്നത്ര പരീക്ഷിച്ചും പഠിച്ചും ഇല്ലാതാക്കിവേണം അവ ലഭ്യമാക്കുവാനെന്നും ഗബ്രേസൂസ് അഭിപ്രായപ്പെട്ടു. അതിനാല്‍ ശാസ്ത്രീയ ഗവേണങ്ങളും സാങ്കേതികതയും വൈദ്യശാസ്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമ്പോഴും മനുഷ്യകുലത്തെ രക്ഷിക്കണമെങ്കില്‍ മരുന്നിന്‍റെ കാര്യത്തില്‍ സത്യസന്ധതയും സുതാര്യതും, സേവനമനഃസ്ഥിതിയും ഐക്യദാര്‍ഢ്യവും അനിവാര്യമാണെന്നും അദ്ദേഹം താക്കീതു നല്കി. അതിനാല്‍ കൂട്ടായ്മയും സാഹോദര്യവുമാണ് ഈ മഹാമാരിയെ നേരിടാന്‍ അനിവാര്യമായ അടിസ്ഥാനമനോഭാവം എന്ന ചിന്തയോടെയാണ് ഗബ്രേസൂസ്  പ്രസ്താവന ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2020, 07:33