2020.05.07 la speranza, la virtù più piccola ma la più forte 2020.05.07 la speranza, la virtù più piccola ma la più forte 

ആത്മീയ വിമോചനത്തിന്‍റെ കഥപറയുന്ന സങ്കീര്‍ത്തനം

സങ്കീര്‍ത്തനം - 30. ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം മൂന്നാംഭാഗം : ശബ്ദരേഖയോടെ....

-  ഫാദര്‍ വില്യം  നെല്ലിക്കല്‍ 

30–Ɔο സങ്കീര്‍ത്തനപഠനം - ഭാഗം മൂന്ന്


1. ഗീതത്തിന്‍റെ ആത്മീയവിചിന്തനം 
30–Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാമിന്നു കടക്കുന്നത്. ദാവീദു രാജാവിന്‍റെ പേരില്‍ സമര്‍പ്പിതമായിട്ടുള്ള ഗീതമാണ് ഇതെന്നും  ദേവാലയ സമര്‍പ്പണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായി ഏതു ദേവാലയ സമര്‍പ്പണ കാലത്താണ് ഗീതം രചിക്കപ്പെട്ടതെന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. 

നമ്മുടെ ഗ്രാമത്തിലോ നഗരത്തിലോ ഒരു ദേവാലയം പണിതീര്‍ത്ത് അതിന്‍റെ പ്രതിഷ്ഠാപനം നടത്തുന്ന സമയത്തെക്കുറിച്ചു നമുക്ക് അനുമാനിക്കാവുന്നതാണ്. അതൊരു ഉത്സവമാണ്, മഹോത്സവമാണ്! കാരണം ജനങ്ങള്‍ അത്രത്തോളം അതിന്‍റെ നിര്‍മ്മാണത്തിലും പൂര്‍ത്തീകരണത്തിലും ഭാഗഭാക്കുകളാണ്. മാത്രവുമല്ല, കര്‍ത്താവിന്‍റെ ആലയം തങ്ങളുടെ ജീവിതചുറ്റുപാടില്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അനുഗ്രഹപ്രദീപമാണ് ജനങ്ങള്‍ക്ക്. ഒരു ദേവാലയവും അതിന്‍റെ പ്രതിഷ്ഠയും നന്ദിയുടെയും ആനന്ദത്തിന്‍റെയും വികാരമാണ് മനുഷ്യമനസ്സുകളില്‍ ഉയര്‍ത്തുന്നത്.. അതിനാല്‍ ജനഹൃദയങ്ങളില്‍ ഉയരുന്ന നന്ദിയുടെയും സന്തോഷത്തിന്‍റെയും വികാരത്തോടെയാണ് സങ്കീര്‍ത്തകന്‍ ഈ ഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ആദ്യത്തെ നാലുവരികള്‍ വ്യക്തമാക്കുന്നു.

Recitation of Ps. 30 verses 1-4.
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും അവിടുന്ന് എന്നെ രക്ഷിച്ചു,
ശത്രുക്കള്‍ എന്‍റെമേല്‍ വിജയമാഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല.
എന്‍റെ ദൈവമേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
അവിടുന്ന് എന്നെ പാതാളത്തില്‍നിന്നു കരകയറ്റി
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന് എന്നെ ജീവനിലേയ്ക്ക് ആനയിച്ചു.
ആകയാല്‍, കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നന്ദിയര്‍പ്പിക്കുവിന്‍.

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷനല്കി. (2).

2. ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ ഗീതം
നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 30 ഏതു കാലഘട്ടത്തിലാണ് രചിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും ക്രിസ്തുവിനുമുന്‍പു 164-ല്‍ സീറിയന്‍ അധിനിവേശത്തോടെ തകര്‍ന്നതും അശുദ്ധമാക്കപ്പെട്ടതുമായ ജരൂസലേം ദേവാലയം ഇസ്രായേല്‍ ജനം പുനരുദ്ധരിച്ച്, ശുദ്ധികലശംചെയ്ത് ദൈവത്തെ പാടിസ്തുതിക്കുന്നതാണ് ഈ ഗീതമെന്ന അഭിപ്രായം ആധുനിക കാലത്തെ പണ്ഡിതന്മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അറിവ് കാലഘട്ടത്തെ വെളിപ്പെടുത്തുക മാത്രമല്ല, ഗീതത്തിന്‍റെ ആത്മീയവിചിന്തനത്തെ സഹായിക്കുന്നതുമാണ്. ദൈവം തന്‍റെ ജനതയുടെ ചരിത്രത്തില്‍ അവര്‍ക്കായ് നല്കിയ രക്ഷയുടെയും മോചനത്തിന്‍റെയും അനുഭവവും വികാരവും ഭക്തിയുടെയും ദൈവസ്നേഹത്തിന്‍റെയും ആത്മീയ വരികളായും ഈണമായും ഗായകന്‍ പ്രതിഫലിപ്പിക്കുന്നതാണ് സങ്കീര്‍ത്തനം 30-തെന്ന് നമുക്കു പ്രസ്താവിക്കാം.

3. ദൈവം തരുന്ന വിമോചനത്തിന്‍റെ കഥ
ദൈവം എന്നെ സ്നേഹിച്ചു. അവിടുന്നെന്നെ രക്ഷിച്ചു. നിലവിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നെന്നെ കരകയറ്റി, എന്നെ സുഖപ്പെടുത്തി. ജീവനിലേയ്ക്ക് അവിടുന്നെന്നെ ആനയിച്ചു.
ഇതാണ് നാം ഇന്നു ധ്യാനിക്കുന്ന ആദ്യത്തെ നാലു വരികളുടെ പൊരുള്‍.
ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും കാണുന്നത് സ്വാഭാവികമാണ്. ഒരു വേളയില്‍ നാം മാനസികമായും ആന്തിരകമായും ജീവിതത്തില്‍ ഉയര്‍ന്നിരിക്കാം. നല്ലൊരു മാനിസികാവസ്ഥയില്‍ ഏറെ സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ നാം മുന്നോട്ടുപോകുന്നത് സ്വാഭാവികമാണ്, അത് എളുപ്പവുമാണ്.

എന്നാല്‍ ചെറിയൊരു പ്രശ്നം മതി, നാം പെട്ടന്ന് താണുപോകുന്നു, തകര്‍ന്നുപോകുന്നു. മുകളില്‍ സ്വര്‍ഗ്ഗവും താഴെ നരകവും എന്നതു വളരെ സാധാരണമായൊരു ചിന്തയാണ്. അതുപോലെയാണ് ജീവിതത്തിന്‍റെ ഉയര്‍ച്ചയും താഴ്ചയുമെന്നു സാധാരണ നാം ചിന്തിക്കുന്നു. ആനന്ദത്തിന്‍റെയും സംതൃപ്തിയുടെയും ഉയര്‍ന്ന അവസ്ഥയും, ക്ലേശങ്ങളുടെയും ദുഃഖങ്ങളുടെയും താഴ്ന്ന അവസ്ഥയും...! എന്നാല്‍ സങ്കീര്‍ത്തകന്‍ പറയുന്ന ദൈവം നമ്മെ രക്ഷിച്ചു, അവടുന്നു നമ്മെ സുഖപ്പെടുത്തി, നമ്മെ പാതാളത്തില്‍നിന്നു കരകയറ്റി, ജീവനിലേയ്ക്ക് ആനിയിച്ചു. ഇത്, സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നതുപോലെ ക്ലേശങ്ങളുടെ പടുകുഴിയില്‍നിന്നും സന്തോഷത്തിന്‍റെ ഉന്നതിയിലേയ്ക്കുള്ള ഒരു ആത്മീയ കരകയറ്റമാണ്, മോചനവും ആത്മീയ സ്വാതന്ത്ര്യലബ്ദിയുമാണ്.

Musical Version : Psalm 30 Unit One
1 എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
എന്‍റെ ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

4. ഗീതത്തിലെ പ്രവാചകശബ്ദം
ഈ കൃതജ്ഞതാഗീതത്തിന്‍റെ, സങ്കീര്‍ത്തനം 30-ന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ ആദ്യഭാഗത്ത് ജെറെമിയ പ്രവാചകന്‍റെ വാക്കുകള്‍ പ്രചോദനാത്മകമാണ്, പ്രസക്തമാണ്. ശത്രുക്കള്‍ എനിക്കായ് കുഴികുഴിച്ചു. എന്‍റെ കാലുകള്‍ക്ക് അവര്‍ കെണിവച്ചു എന്നെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി (ജെറമി. 18, 23). എന്നിട്ടും ദൈവം എന്നെ മോചിച്ചു, രക്ഷിച്ചു. സൗഖ്യപ്പെടുത്തി, എന്നാണ് പ്രവാചകന്‍ സാക്ഷ്യപ്പെടുത്തുന്നത്. സങ്കീര്‍ത്തനം 30-ന്‍റെ മൂന്നാമത്തെ വരി പ്രവാചകവാക്യത്തിനു സമാന്തരമാണെന്നു തോന്നിപ്പോകും :

Recitation of Ps. 30, verse 3.
കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍നിന്നു കരകയറ്റി
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെ ഇടയില്‍നിന്ന്
അവിടുന്നെന്നെ ജീവനിലേയ്ക്ക് ആനയിച്ചു.

5. ക്രിസ്തു നേടിത്തന്ന ആത്മീയവിമോചനം

ഇനി, പുതിയ നിയമത്തില്‍ യേശുവിനെ സംബന്ധിച്ചും, മനുഷ്യന്‍റെ രോഗത്തിന് ശാരീരികമെന്നോ മാനസികമെന്നോ ഉള്ള വ്യത്യാസം ഇല്ലായിരുന്നെന്ന് നമുക്കു കാണാം. തളര്‍വാദരോഗിയോട് അവിടുന്നു പറഞ്ഞത്, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നുവെന്നായിരുന്നു. എഴുന്നേറ്റ് കിടക്കയും എടുത്ത് വീട്ടില്‍ പോവുക എന്നായിരുന്നു (മര്‍ക്കോസ് 2, 10-11). ദൈവം വിമോചകനും രക്ഷകനും സൗഖ്യദാതാവുമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ “ശസ്ത്രക്രിയയുടെ പിതാവെ”ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഫ്രഞ്ച് ഡോക്ടര്‍, അംബ്രോയിസി പരേ വലിയ ശസ്ത്രക്രിയകള്‍ വിജയപ്രദമായി പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍, പലരും അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അദ്ദേഹം നല്കിയിരുന്ന മറുപടി ശ്രദ്ധേയമാണ് : “ഞാന്‍ രോഗിയുടെ മുറിവുകള്‍ വച്ചുകെട്ടി, പരിചരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ദൈവം അയാളെ സുഖപ്പെടുത്തി,” എന്നാണ്. സങ്കീര്‍ത്തനത്തിന്‍റെ രണ്ടാമത്തെ വരിയും ഇതേ ആശയം പ്രതിഫലിപ്പിക്കുന്നു.

Recitation of Ps. 30, verse 2.
“ഞാന്‍ നിലവിളിച്ചപ്പോള്‍ കര്‍ത്താവെന്നെ സുഖപ്പെടുത്തി...”
ആകയാല്‍ ദൈവത്തിന്‍റെ വിശുദ്ധരേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍

6. വിശ്വസ്തമായ ദൈവസ്നേഹത്തിന്‍റെ ഗീതം
ഇവിടെ സങ്കീര്‍ത്തന വരിയിലുള്ള “കര്‍ത്താവിന്‍റെ വിശുദ്ധര്‍…” എന്ന പ്രയോഗത്തിന് ഹെബ്രായഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന മൂലപദം “ഹെസെദ്”ആണ് (Hesed). അതിനാല്‍ ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നത് മനുഷ്യന്‍റെ രക്ഷയ്ക്ക് നിദാനമാകുന്നത് ദൈവത്തോടുള്ള വിശ്വസ്തമായ സ്നേഹമാണ്, the loyal love towards God! ദൈവത്തോടു സ്നേഹവും വിശ്വസ്തതയുമുള്ളവരാണ് അവിടുത്തെ വിശുദ്ധര്‍. അങ്ങനെ വിശ്വസ്തമായ സ്നേഹത്തോടെയും ജീവിതവിശുദ്ധിയോടെയും ദൈവത്തെ സ്തുതിക്കുവാനുള്ള ആത്മീയ ആഹ്വാനമാണ് സങ്കീര്‍ത്തനം 30-ന്‍റെ ആദ്യത്തെ 4 വരികളിലൂടെ നമുക്ക് ഇന്നും ഗായകന്‍ നല്കുന്നത്.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും.  ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version : Psalm 30 Unit Two
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധ നാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ  കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടായിരുന്നുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. അടുത്തയാഴ്ചയിലും 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം തുടരും (ഭാഗം നാല്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2020, 11:46