US-WEATHER-BEACH-HEAT- 23 august 2020 US-WEATHER-BEACH-HEAT- 23 august 2020 

ചരിത്രത്തില്‍ കിനിഞ്ഞിറങ്ങിയ ദൈവസ്നേഹത്തിന്‍റെ ഗീതം

30–Ɔο സങ്കീര്‍ത്തനം ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം നാലാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

30-Ɔο സങ്കീര്‍ത്തനം - ആത്മീയവിചിന്തനം


1. ആത്മീയ വിചിന്തനം 
30-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം നാലാം ഭാഗത്ത് നാമിന്ന് ഗീതത്തിന്‍റെ 4, 5 വരികളുടെ ആത്മീയവിചിന്തനമാണ് വിശകലനം ചെയ്യുന്നത്. അതിനുമുന്‍പായി കഴിഞ്ഞ ഭാഗത്തെ ചിന്തകള്‍ പുനര്‍വിചിന്തനം ചെയ്യുന്നത് സഹായമാകുമെന്നു കരുതുന്നു. ദൈവസന്നിധിയില്‍ എത്തി അവിടുത്തെ നന്മകള്‍ പ്രകീര്‍ത്തിക്കുന്നതിലുള്ള ആനന്ദലഹരിയാണ് ആദ്യത്തെ നാലു വരികളില്‍ നാം കണ്ടത്. ഈ സങ്കീര്‍ത്തനത്തിന്‍റെ ഉള്‍ക്കാമ്പുതന്നെ നന്ദിയുടെ വികാരമാണല്ലോ. അതിനാല്‍ നന്ദിയുടെ സ്തുതിപ്പായി ഇതിനെ വകഭേദം ചെയ്തിരിക്കുന്നു. രക്ഷകനായ ദൈവത്തെ ഗായകന്‍ പാടിസ്തുതിക്കുന്നു. മരണഗര്‍ത്തത്തില്‍ നിപതിക്കാന്‍ ഇടയാക്കാതെ തന്നെ പരിലാളിക്കുകയും, ശത്രുക്കള്‍ തന്‍റെമേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കാതെ സംരക്ഷിക്കുകയും ചെയ്ത ദൈവത്തെ സങ്കീര്‍ത്തകന്‍ നന്ദിയോടെ സ്തുതിക്കുന്നത് നാം ആദ്യവരികളുടെ വിചിന്തനത്തില്‍ കാണുകയുണ്ടായി.

ഇസ്രായേലിന്‍റെ ചരിത്ര പശ്ചാത്തലങ്ങളിലെ സംഭവ വികാസങ്ങളിലൂടെ ദൈവികസ്നേഹവും സാന്നിദ്ധ്യവും ജനത്തിന് വെളിപ്പെട്ടുകിട്ടുന്നതും ഗീതത്തിന്‍റെ വരികളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ജനത്തിന്‍റെ വീഴ്ചകള്‍ മൂലം ശത്രുക്കള്‍ അല്ലെങ്കില്‍ അന്യദേശക്കാര്‍ വന്ന് ജരൂസലേം പട്ടണവും ദേവാലയവും ആക്രമിച്ചു കീഴടക്കുവാനും, ജനത്തെ വിപ്രവാസത്തിലാക്കുവാനും ഇടയാക്കിയെങ്കിലും ദൈവം ജീവനിലേക്ക് തന്‍റെ ജനത്തെ കരകയറ്റിയെന്ന് സങ്കീര്‍ത്തകന്‍ നന്ദിയോടെ അനുസ്മരിക്കുകയും, രക്ഷകനായ ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യത്തെ നാലുവരികളുടെ ആത്മീയ വിചിന്തനത്തില്‍ ദൈവം ഇസ്രായേലിനു നല്കിയ പുനര്‍ജനിക്കും, നവജീവനും സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ പരിശുദ്ധനാമത്തെ നന്ദിയോടെ പ്രകീര്‍ത്തിക്കുന്നതാണ് സങ്കീര്‍ത്തനം 30-ന്‍റെ ഉള്‍പ്പൊരുള്‍ (സങ്കീ. 30, 1-4).

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷനല്കി. (2).

2. ദൈവത്തിന്‍റെ വിശ്വസ്തമായ സ്നേഹം
ഇന്ന്, ആത്മീയവിചിന്തനത്തിന്‍റെ രണ്ടാംഭാഗത്ത്, ഒരു ജനത്തിന് അവരുടെ രക്ഷകനും നാഥനുമായ ദൈവത്തോടുള്ള വിശ്വസ്തമായ സ്നേഹമാണ് നാം വരികളില്‍ പ്രതിഫലിച്ചു കാണുന്നത്. ദൈവത്തിന്‍റെ “വിശുദ്ധജന”മെന്ന് സങ്കീര്‍ത്തകന്‍ ജനത്തെ വിശേഷിപ്പിക്കുന്നു. ദൈവത്തിന് ജനത്തോടുള്ള “വിശ്വസ്തമായ സ്നേഹം” (ഹെബ്രായ മൂലരചനയില്‍ Hesed എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലിഷില്‍ നമുക്ക് loyal love എന്നു വിശേഷിപ്പിക്കാം). നാം ഇന്ന് വിശകലനം ചെയ്യുന്ന ഗീതത്തിലെ 4, 5 വരികള്‍ ശ്രവിച്ചുകൊണ്ട് വരികളുടെ ആത്മീയ വിചിന്തനത്തില്‍ ദൈവത്തിന് തന്‍റെ ജനത്തോടുള്ള അവികലമായ സ്നേഹത്തെ കുറെക്കൂടെ മനസ്സിലാക്കാന്‍ ശ്രമിക്കാം.

Recitation of Ps. 30 verses 4 & 5.
4 കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5 എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേയുള്ളൂ,
അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു.
രാത്രിയില്‍ വിലാപമുണ്ടായേക്കാം
എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വരവായി.

സങ്കീര്‍ത്തകന്‍ പറയുന്ന “ദൈവത്തിന്‍റെ വിശുദ്ധര്‍” എന്ന പ്രയോഗം - അതായത് ദൈവത്തോടു വിശ്വസ്തരായി അവിടുത്തെ സ്നേഹത്തില്‍ ജീവിക്കുന്നവരും, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരുമാണെന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. “ദൈവത്തിന്‍റെ വിശുദ്ധരെ”ന്ന വിശേഷണത്തിന് ഗീതത്തില്‍ അവരാണ് യോഗ്യരാകുന്നതെന്ന് നമുക്കു മനസ്സിലാക്കാം. അവര്‍ എന്നും ദൈവത്തെ പാടിസ്തുതിക്കുകയും അവിടുത്തെ വിശുദ്ധ നാമത്തിനു നന്ദിയര്‍പ്പിക്കയും ചെയ്യുന്നു. ദൈവത്തിന്‍റെ വിശുദ്ധനാമം എന്നാല്‍ ഇസ്രായേലിനെ സംബന്ധിച്ച് ദൈവം അവര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത നാമമാണ് – അത് യാവേ... എന്നുതന്നെയാണ്.

Musical Version : Psalm 30 Unit One
എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

3. ഏകനാമം സനാതനനാമം ദൈവനാമം
മോശയിലൂടെ ദൈവം തന്നെത്തന്നെയും തന്‍റെ നാമവും ജനത്തിന് വെളിപ്പെടുത്തിക്കൊടുത്തു എന്നു പുറപ്പാടു ഗ്രന്ഥത്തില്‍ വ്യക്തമായി വായിക്കുന്നുണ്ട്. “ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്”. ഈ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയിരിക്കുന്ന പുറപ്പാടിന്‍റെ മൂലരചനയില്‍ ദൈവത്തിന് “യാവേ” (Yahweh) എന്ന ഹെബ്രായ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (പുറപ്പാട് 6, 2-8). ദൈവനാമം, അവിടുത്തെ വിശുദ്ധനാമം, ഏകനാമം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഇസ്രായേലിന്‍റെ ചരിത്രസംഭവങ്ങളിലൂടെ ദൈവം തന്നെത്തന്നെ ജനത്തിന് വെളിപ്പെടുത്തിക്കൊടുത്ത അവസരങ്ങളിലാണെന്ന് സങ്കീര്‍ത്തനവരികളില്‍നിന്നു നമുക്കു മനസ്സിലാക്കാം.

4. വെളിപ്പെടുത്തുന്ന സ്നേഹസാന്നിദ്ധ്യം
പുറപ്പാടു ഗ്രന്ഥത്തിന്‍റെ 6-Ɔο അദ്ധ്യായത്തിലെ വളരെ മനോഹരമായ പ്രയോഗങ്ങളില്‍ കാണുന്ന ആ ചരിത്രസംഭവങ്ങളുടെ രേഖപ്പെടുത്തലില്‍ ദൈവനാമം പ്രഘോഷിക്കപ്പെടുന്നത് ഈ സങ്കീര്‍ത്തനപഠനത്തിന്‍റെ വെളിച്ചത്തില്‍ നമുക്കു മനസ്സിലാക്കാം. ഒരു ജനത്തിന്‍റെ ചരിത്ര സംഭവങ്ങളിലൂടെയാണ് മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി കൊടുത്തത്. ജനം അത് തങ്ങളുടെ ജീവിതത്തില്‍ ആവര്‍ത്തിച്ച് ഓര്‍ക്കുന്നത് നമുക്ക് ഒന്നൊന്നായി ശ്രദ്ധിക്കാം :

a)  തന്‍റെ ദാസരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും
ദൈവം വാഗ്ദാനങ്ങള്‍ നല്കി.

b) അവിടുന്ന് അവരുമായി ഉടമ്പടിയുണ്ടാക്കി.

c) തന്‍റെ ഉടമ്പടി അവരെ അവിടുന്ന് നിരന്തരമായി അനുസ്മരിപ്പിച്ചു.

d) അവര്‍ക്കായി അവിടുന്നൊരു ഭൂമി വാഗ്ദാനംചെയ്തു.

e) അവരെ അവിടുന്ന് ഈജിപ്തിലെ അടിമത്വത്തില്‍നിന്നും മോചിച്ചു.

f) അവിടുന്ന് ഇസ്രായേല്‍ ജനത്തെ തന്‍റെ ജനമായി സ്വീകരിച്ചു.

g) ഇവ്വിധം, “ആയിരിക്കുന്നവനെ അവര്‍ അറിഞ്ഞു” – അതായത്
ഇപ്രകാരം ദൈവത്തെ ജനം മെല്ലെ മെല്ലെ അറിഞ്ഞു.

h) ജനത്തിന്‍റെ “നാഥനായി” അവിടുന്ന് സ്വയം വെളിപ്പെടുത്തി.

5. രക്ഷകനും നാഥനുമായ ദൈവം
ദൈവം നാഥനും കര്‍ത്താവുമാണെന്നു പറയുമ്പോള്‍ അതില്‍ സര്‍വ്വതും ഉള്‍ക്കൊള്ളുന്നുണ്ട്. ഗതകാല സ്മരണയില്‍ - നന്മകളുടെ കാലത്തെന്നപോലെ ക്ലേശങ്ങളിലും, ഒരു മഹാമാരിയുടെ കെടുതിയിലും ദൈവത്തെ ഓര്‍ക്കുവാനും അവിടുത്തെ അനന്തമായ സ്നേഹത്തിലും കാരുണ്യത്തിലും പ്രത്യാശയര്‍പ്പിച്ചു മുന്നേറുവാനുമുള്ള ആഹ്വാനമാണ് സങ്കീര്‍ത്തനം 30 നല്കുന്നതെന്നു നമുക്കു മനസ്സിലാക്കാം.  അതുകൊണ്ട് സങ്കീര്‍ത്തകന്‍ പാടുന്നു,  “ദൈവത്തിന്‍റെ വിശുദ്ധരേ, വിശുദ്ധ ജനമേ, അവിടുത്തെ പരിശുദ്ധനാമത്തിന് നന്ദിയര്‍പ്പിക്കുവിന്‍…!” ഇങ്ങനെ ഒറ്റവരിയില്‍ ഗായകന്‍ പാടുമ്പോള്‍, മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ നന്ദിയോടെ നാം ദൈവത്തെ സ്തുതിക്കണം, ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കണമെന്ന് അനുസ്മരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഈ ഗീതം നാം അവര്‍ത്തിച്ച് കേള്‍ക്കുകയും, ആരാധനയില്‍ ഉപയോഗിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഇസ്രായേലിന്‍റെ വികാരം നമുക്കും സ്വാംശീകരിക്കാനാകുമെന്നു കരുതുകയാണ്. അങ്ങനെയെങ്കില്‍ ഇന്നിന്‍റെ ജീവിതക്ലേശങ്ങളിലും പ്രതിസന്ധികളിലും രക്ഷകനായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് നമുക്കും മുന്നേറാനാകും.

6. അസ്തമിക്കാത്ത സ്നേഹം
ഗീതത്തിലെ 5-Ɔമത്തെ വരിയില്‍ നാം ശ്രവിക്കുന്നു, “അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടായിരിക്കുകയുള്ളൂ...” A flalsh is the anger of God. “എന്നാല്‍ അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു.” and that there is life in His acceptance. സങ്കീര്‍ത്തനവരികള്‍ വാച്യാര്‍ത്ഥത്തില്‍ എടുത്താല്‍പ്പോലും കേള്‍വിക്കാരന് ഈ വചനം ആശ്വാസവും പ്രത്യാശയും പകരുന്നു. നമ്മുടെ മാനുഷികമായ വീഴ്ചകള്‍ കാരണമാക്കുന്ന ജീവിതദുഃഖവും വിലാപവും ഒരു രാത്രിയുടെ യാമംകൊണ്ടു തീര്‍ന്നുപോകുമെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. പ്രഭാതം പൊട്ടിവരിയുന്നതോടെ നമ്മുടെ മനസ്സില്‍ ആനന്ദം ഉതിര്‍ക്കുള്ളുന്ന വിധത്തില്‍  അത്രപെട്ടന്നാണ് ദൈവസ്നേഹം നമ്മിലേയ്ക്കു കിനിഞ്ഞിറങ്ങുന്നത് എന്ന ഉറപ്പാണ് ഈ ഗീതം നല്കുന്നത്. അതിനാല്‍ നാം അറിയുകയും, വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന ദൈവം രക്ഷകനായ നാഥനാണെന്ന് സമര്‍ത്ഥിക്കുന്ന പ്രത്യാശയുടെ ഗീതമാണ് സങ്കീര്‍ത്തനം 30-തെന്ന് ആത്മീയ വിചിന്തനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ നമുക്കു സ്ഥാപിക്കാം.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version : Psalm 30 Unit Two
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. അടുത്തയാഴ്ചയിലും 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം തുടരും  (ഭാഗം അഞ്ച്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2020, 12:18