2020.02.15 CRISTO MOSAICO di RUPNIK sj 2020.02.15 CRISTO MOSAICO di RUPNIK sj  

ദൈവരാജ്യത്തിന്‍റെ കഥകളില്‍ ക്രിസ്തു അനര്‍ഘസമ്പത്ത്

ആണ്ടുവട്ടം 17-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ - വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 44-52. - ശബ്ദരേഖയോടെ....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ക്രിസ്തു പറഞ്ഞ കഥകളുടെ ധ്യാനം - 17-Ɔο വാരം ഞായര്‍

1.   കാലത്തെ വെല്ലുന്ന കഥകള്‍
വിശുദ്ധ മത്തായിയുടെ സുവിശേഷം 13-Ɔο അദ്ധ്യായം അവസാനിക്കുന്നത് ഈശോ പറഞ്ഞ ദൈവരാജ്യത്തിന്‍റെ മൂന്നു കഥകളോടെയാണ് – അവ നിധിയുടെയും രത്നത്തിന്‍റെയും വലയുടെയും കഥകളാണ്. ഈശോ പറഞ്ഞ കൊച്ചുകൊച്ചു കഥകള്‍ ആഗോളവ്യാപ്തിയുള്ളതും കാലത്തെ അതിജീവിക്കുന്നതുമാണ്. മാത്രമല്ല അവ ദൃശ്യഭാവനയെ ഉണര്‍ത്തുകയും ചിന്തയിലെ വിശകലനത്തിലൂടെ ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ കഥകള്‍ ജീവിതാനുഭവത്തിന്‍റെ പാഠങ്ങളാണ് പറഞ്ഞുതരുന്നത്. അവ പ്രചോദനാത്മകവും അമൂല്യവുമാണ്.

2. ദൈവരാജ്യത്തിന്‍റെ അമൂല്യനിധി
ഈശോ പറഞ്ഞ കഥകളില്‍ വയലില്‍ കണ്ടെത്തിയ നിധിയുടെയും, വ്യാപാരി കണ്ടെത്തിയ അമൂല്യമായ രത്നത്തിന്‍റെയും കഥകള്‍ അത്യുല്‍കൃഷ്ടമാണ്. വയല്‍ കിളയ്ക്കുന്നതിനിടയില്‍ പെട്ടന്ന് അമൂല്യമായൊരു നിധി കണ്ടെത്തുന്നതുപോലെയാണ് ദൈവരാജ്യത്തിന്‍റെ കണ്ടെത്തലെന്ന് ആദ്യകഥ പഠിപ്പിക്കുന്നു. പവിഴം തേടിനടന്നൊരു വ്യാപാരി കണ്ടെത്തിയ അമൂല്യമായ രത്നക്കല്ലുപോലെയാണ് ദൈവരാജ്യം എന്നത് രണ്ടാമത്തെ കഥാസാരമാണ്.. അമൂല്യമായ നിധിയും രത്നവും കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്ന ആനന്ദം അപാരമാണ്. കാരണം ഇന്നുവരെയ്ക്കും കണ്ടിട്ടില്ലാത്ത വിലമതിപ്പുള്ള നിധിയും രത്നവുമാണ് അവര്‍ കണ്ടെത്തിയത്.
അതുകൊണ്ട് കര്‍ഷകന്‍ തനിക്കുള്ളതെല്ലാം വിറ്റ് നിധിയുള്ള ആ നിലം വാങ്ങുന്നു. അതുപോലെ തന്‍റെ മറ്റു വിലപിടിപ്പുള്ളതെല്ലാം വിറ്റുപെറുക്കി വ്യാപാരി അമൂല്യമായ ആ രത്നം മേടിക്കുന്നു. നല്ലതു കണ്ടെത്തുകയും, നന്മ തിരിച്ചറിയുകയും ചെയ്താല്‍, പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് സമയം തള്ളിനീക്കുന്ന യുക്തിഭദ്രതയ്ക്ക് യാതൊരു പ്രസക്തിയുമില്ല. നന്മയുടെ അതുല്യമായ മൂല്യം തിരിച്ചറിയുന്നവര്‍ അത് ഉടനെ കൈക്കലാക്കുന്നു. അതില്‍ അവര്‍ സര്‍വ്വം സമര്‍പ്പിക്കുന്നു. അതിനായി സര്‍വ്വവും ത്യജിക്കുന്നു.

3. യേശുവില്‍ കണ്ടെത്തേണ്ട ദൈവരാജ്യം
ദൈവരാജ്യത്തിന്‍റെ അനുഭവം ഇപ്രകാരമാണ് – അത് കണ്ടെത്തുന്നവര്‍, സംശയമെന്ന്യേ തങ്ങള്‍ തേടിയിരുന്നതും അമൂല്യവുമായ നിധിയും പവിഴവും ഇതുതന്നെയാണെന്ന് സമ്മതിക്കുന്നു. മനുഷ്യ മനസ്സുകളുടെ യഥാര്‍ത്ഥമായ ആശകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണമായി കണ്ടെത്തിയ നിധിയും രത്നവുമാണ് ക്രിസ്തു! അവര്‍ അങ്ങനെ ആ ദിവ്യസമ്പത്തു കണ്ടെത്തുമ്പോള്‍ അതില്‍ ആകൃഷ്ടരാവുകയും അവിടുത്തെ പ്രബോധനങ്ങളുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കുകയും, അതില്‍ ആനന്ദവും, സംതൃപ്തിയും കണ്ടെത്തുകയും ചെയ്യുന്നു. അവിടുന്നിലെ നന്മയും സത്യവും മനോഹാരിതയും, എളിമയും ലാളിത്യവും ആരെയും പൂര്‍ണ്ണമായി ആകര്‍ഷിക്കുന്നതാണ്. അതിനാല്‍ നാം എന്നും ക്രിസ്തുവിനെ തേടുകയും കണ്ടെത്തുകയും വേണം. എന്തെന്നാല്‍ അവിടുന്ന് ജീവിതത്തിന്‍റെ മഹത്തരവും അമൂല്യവുമായ നിധിയാണ്, ദൈവരാജ്യത്തിന്‍റെ നിധിയാണ്.

4. നിധി കണ്ടെത്തിയവര്‍
ചരിത്രത്തില്‍ എത്രപേരാണ്, എത്രയെത്ര വിശുദ്ധാത്മാക്കളാണ് തുറവോടെ സുവിശേഷം വായിച്ചതുവഴി ക്രിസ്തുവിനെ കണ്ടെത്തിയിട്ടുള്ളത്!? അവിടുത്തെ കണ്ടെത്തുക മാത്രമല്ല, അവിടുത്തെ ദൈവിക സ്പര്‍ശനത്തില്‍ അമര്‍ന്ന് അവര്‍ മാനസാന്തരപ്പെടുകയും പൂര്‍ണ്ണമായും നവീകൃതരാവുകയും ചെയ്യുന്നു. അസ്സീസിയിലെ ഫ്രാന്‍സിസ് – ക്രിസ്ത്യാനിയായിരുന്നെങ്കിലും "പേരിനുമാത്രം ക്രിസ്ത്യാനി"യായിരുന്നു. തന്‍റെ യുവത്വത്തിന്‍റെ നിര്‍ണ്ണായകമായൊരു ഘട്ടത്തിലാണ് അദ്ദേഹം ദിവ്യസമ്പത്തായ യേശുവിനെ കണ്ടെത്തിയത്. പട്ടുവ്യാപാരിയുടെ മകന്‍ ഫ്രാന്‍സിസ് സുഖലോലുപതയില്‍ ജീവിക്കുകയും, പ്രഭുകുടുംബത്തിന്‍റെ കുലീനതയും പ്രൗഢിയും നിലനിര്‍ത്തുവാന്‍ ഒരു യോദ്ധാവും യുദ്ധവീരനുമായി ജീവിതം ആരംഭിച്ചു. ഇതിനിടെ പെട്ടന്നുണ്ടായ ഒരു പരാജയത്തിന്‍റെ വക്കിലാണ് ഫ്രാന്‍സിസ് ക്രിസ്തുവിനെ തിരിച്ചറിഞ്ഞത്. അതോടെ അയാളുടെ സകല ലൗകിക മോഹങ്ങളുടെയും ആര്‍ഭാടങ്ങളുടെയും സ്വപ്നങ്ങള്‍ വലിച്ചെറിഞ്ഞ് ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും ആശ്ലേഷിച്ചു. പിന്നീട് ഫ്രാന്‍സിസ് ഒരിക്കലും പിന്‍തിരിഞ്ഞു നോക്കിയിട്ടില്ല.

5. സുവിശേഷത്തിന്‍റെ ഏടുകളിലെ യേശു
സുവിശേഷം അറിയുന്നവര്‍ ക്രിസ്തുവിനെ അറിയുന്നു. കാരണം വചനത്തിന്‍റെ ഏടുകളിലാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാകുന്നത്. ജീവിക്കുന്ന ക്രിസ്തുവിനെ നാം സുവിശേഷങ്ങളില്‍ കാണുന്നു. അവിടുത്തെ ജനനവും ബാല്യവും കൗമാരവും അതിലുണ്ട്. അവിടുത്തെ പരസ്യജീവിതവും, അവിടുന്നു നല്കിയ സൗഖ്യദാനത്തിന്‍റെ സംഭവങ്ങളും, പാപികളോടു കാണിച്ച അതിരറ്റ കാരുണ്യവും അതിലുണ്ട്. എളിയവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ രക്ഷയ്ക്കായി അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതങ്ങളും അതില്‍ നമുക്കു കാണാം. അവസാനം അവിടുത്തെ പീഡകളും കുരിശിലെ സ്വയാര്‍പ്പണവുമെല്ലാം അവിടുത്തെ രക്ഷണീയ പദ്ധതിയുടെ വെളിപ്പെടുത്തലാണെന്നും സുവിശേഷം വ്യക്തമാക്കുന്നു. മനുഷ്യഹൃദയത്തോടു സംസാരിക്കുന്ന ദൈവവചനവും ക്രിസ്തുവിലുള്ള ദൈവിക വെളിപ്പെടുത്തലുകളുമാണ് സുവിശേഷങ്ങള്‍. അങ്ങനെ സുവിശേഷങ്ങള്‍ ജീവിക്കുന്ന ക്രിസ്തുവിനെ ലോകത്തിനു കാണിച്ചുതരുന്നു. അതു നമ്മുടെ ഹൃദയത്തോടു സംസാരിക്കുകയും ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു. പഴയ ജീവിതവഴികള്‍ പാടെ ഉപേക്ഷിച്ച് യേശുവില്‍  നവജീവന്‍ പ്രാപിക്കുന്നതിനുള്ള സാധ്യത ആര്‍ക്കും ലഭ്യമാക്കുവാന്‍ സുവിശേഷത്തിന് കരുത്തുണ്ട്.

6. യേശുവില്‍ പ്രഭാപൂരിതമാകുന്ന ജീവിതങ്ങള്‍
നമ്മുടെ ജീവിതശൈലിയെ ഫലപ്രദമായും സുവിശേഷാധിഷ്ഠിതമായും പരിവര്‍ത്തനംചെയ്തുക്കൊണ്ടാണ് നാം ക്രൈസ്തവ ജീവിതസമര്‍പ്പണത്തില്‍ മുന്നേറേണ്ടത്. എന്നാല്‍ യേശുവില്‍ നവീകൃതരാകണമെങ്കില്‍ നാം മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. എന്താണ് ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം തരുന്നതെന്ന് നാം വിവേചിച്ചറിയേണ്ടിയിരിക്കുന്നു. ജീവിതം പ്രകാശപൂര്‍ണ്ണമാക്കുന്നതിനായി അദ്ധ്വാനിക്കുവാനും, ത്യാഗപൂര്‍വ്വം ജീവിതം സമര്‍പ്പിക്കുവാനും, വേണ്ടിവന്നാല്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാനും, അവസാനം ജീവാര്‍പ്പിതരാകുവാനും സന്നദ്ധരാകുന്നത് ക്രിസ്തുവുമായൊരു കൂടിക്കാഴ്ച സാദ്ധ്യമാകുമ്പോഴാണെന്ന് ഓര്‍ക്കണം.

7. പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രായോഗിക നിര്‍ദ്ദേശം
വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കാറുണ്ട്, കഴിയുന്നത്ര സുവിശേഷത്തിലെ ചെറിയൊരു ഭാഗം എല്ലാദിവസവും വായിക്കണമെന്ന്. അതിന് ഒരു സൂത്രം പാപ്പാ നിര്‍ദ്ദേശിക്കുന്നത്, സുവിശേഷത്തിന്‍റെ ഒരു pocket edition – ഒരു ചെറിയ പതിപ്പ് കീശയിലോ ബാഗിലോ എപ്പോഴും സൂക്ഷിക്കുവാനാണ്. സൗകര്യാര്‍ത്ഥം യാത്രയിലും മറ്റ് ഒഴിവുവേളകളിലും ഏതാനും വരികള്‍ വായിക്കുന്നത് ശീലമാക്കിയാല്‍ യേശു നമ്മില്‍ വസിക്കുമെന്നും വളരുമെന്നുമാണ് പാപ്പാ പ്രബോധിപ്പിക്കുന്നത്. സുവിശേഷത്തിലെ ഏതു ചെറിയ ഭാഗം വായിച്ചാലും അവിടെ യേശുവിനെ നമുക്കു കണ്ടെത്തുവാനാകും.

8. നമ്മില്‍ വസിക്കുന്ന ദൈവം

സുവിശേഷത്തിലൂടെ അനുദിന ജീവിതവഴികളില്‍ ക്രിസ്തുവിനെ കണ്ടെത്താനായാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും. അതാണ് ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യം. അവിടെ ദൈവം നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമായി മാറുന്നു. അവിടുന്നു ജീവിതത്തില്‍ വന്നു വാഴുന്നു. സ്നേഹവും സമാധാനവും ആനന്ദവുമായി ദൈവം നമ്മില്‍ വസിക്കുന്നു. ഈ ദൈവരാജ്യസാന്നിദ്ധ്യമാണ് ഓരോ മനുഷ്യനിലും ദൈവം പ്രതീക്ഷിക്കുന്നത്. അതിനാണ് അവിടുന്ന് കുരിശുമരണം വരിച്ചത്. പാപികളും ബലഹീനരുമായവരെ തിന്മയുടെ ഇരുട്ടില്‍നിന്നു ദൈവരാജ്യത്തിന്‍റെ പ്രകാശത്തിലേയ്ക്കും ജീവനിലേയ്ക്കും ആനയിക്കുവാന്‍, അതിനാല്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു കരുത്തുണ്ട്. അത് ജീവിതത്തിന് ആനന്ദം പകരുന്നു. ഈ ആനന്ദം ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവു നല്കുന്ന ആനന്ദമാണ്. അവിടുത്തെ കണ്ടെത്തുന്നതില്‍ ലഭിക്കുന്ന ആനന്ദം ഒളിച്ചുവയ്ക്കാവുന്നതല്ല. അത് നന്മയുടെ പ്രകാശമായി ചുറ്റും പ്രസരിക്കേണ്ടതാണ്. അത് വ്യക്തിയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം. ദൈവസ്നേഹം പ്രകാശമായും നന്മയായും പ്രസരിക്കണം.

9. പ്രാര്‍ത്ഥന
ലോകം ക്ലേശങ്ങളുടെ ഇരുട്ടില്‍ വലയുന്ന ഒരു വലിയവസന്തയുടെ ഇക്കാലഘട്ടത്തില്‍ ദൈവരാജ്യത്തിന്‍റെ നീതിയും സമാധാനവും സ്നേഹവും ലോകത്തു വളര്‍ത്തണമേയെന്നു പ്രാര്‍ത്ഥിക്കാം. ദൈവമേ, ക്രിസ്തു വെളിപ്പെടുത്തിയ ദൈവരാജ്യത്തിന്‍റെ അനുഭവം ജീവിതപരിസരങ്ങളില്‍ സാഹോദര്യവും കൂട്ടായ്മയും പങ്കുവയ്ക്കലുമായി യാഥാര്‍ത്ഥ്യമാക്കാന്‍ ദിവ്യസമ്പത്തായ യേശുവിന്‍റെ സ്നേഹപ്രഭ, അവിടുത്തെ സുവിശേഷ പ്രഭ ഞങ്ങളില്‍ തെളിയിക്കണമേ! ഇരുളുമൂടിയ ഞങ്ങളുടെ ജീവിതതാഴ്വാരത്ത് അങ്ങു ഞങ്ങള്‍ക്കു വെളിച്ചമാകണമേ!!

ഗാനമാലപിച്ചത് കെ. എസ്. ചിത്രയും സംഘവുമാണ്. ഈ പരമ്പരാഗതപ്രാര്‍ത്ഥനാവരികള്‍ ചിട്ടപ്പെടുത്തിയത് ജെറി അമല്‍ദേവ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2020, 12:52